“മുസ്‌ലിം ഒറ്റയ്ക്കല്ലെന്ന് ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് നമ്മൾ മുദ്രാവാക്യം മുഴക്കുക”

505

“മുസ്‌ലിം ഒറ്റയ്ക്കല്ലെന്ന് ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് നമ്മൾ മുദ്രാവാക്യം മുഴക്കുക”
സംയുക്ത സമിതിയുടെ ഹർത്താലിന് പിന്തുണ നൽകി കവി സി എസ് രാജേഷിന്റെ കുറിപ്പ്

ആയിരം പേർ ആക്ടീവായാൽ സംസ്ഥാനത്തൊരു ഹർത്താൽ വിജയിപ്പിക്കാം. അതായത് ഒരു ജില്ലയിൽ 75 ബൈക്കുകാർ തികച്ചുവേണ്ട. അനേകായിരങ്ങൾ രംഗത്തിറങ്ങിയിട്ടല്ല അടുത്ത കാലത്തെ ദളിത് ഹർത്താൽ വിജയമായത്. അത്രവലുതല്ലാത്ത ആൾക്കൂട്ടങ്ങളുടെ അത്യദ്ധ്വാനമാണ് ആ വൻ വിജയത്തിനു പിന്നിൽ. അതും ഏതാണ്ട് അക്രമരഹിതമായ ഒരു മാതൃകാ ഹർത്താൽ. റോഡിലിറക്കുന്ന ബസ്സ് കത്തിക്കും എന്നൊക്കെ പഴയ നക്സൽ രീതിയിൽ തലേന്ന് രാത്രി പ്രഖ്യാപനം നടത്തിയ ചില വ്യക്തികളാകട്ടെ Image result for cs rajesh"രാവിലെ മുക്കിലെത്തും മുമ്പ് അകത്താകുകയും ചെയ്തു. താഴിടൽ ന്യായമാണെന്ന് ബഹുജനത്തിന് ബോധ്യം വരുന്ന മറ്റൊരു ജെനുവിൻ വിഷയമാണ് CAB – പ്രതിഷേധം. അതുകൊണ്ടുതന്നെ 17-ന്റെ സംസ്ഥാനഹർത്താലും 19-ന്റെ ദേശീയ ഹർത്താലും കേരളത്തിൽ വിജയമാകുമെന്ന കാര്യത്തിൽ തർക്കമില്ല.

അനാവശ്യ ഹർത്താലുകളുടെ സ്വന്തം നാടായ കേരളത്തിൽ അടുത്തടുത്ത് രണ്ട് അനിവാര്യ ഹർത്താലുകൾ സംഭവിക്കുന്നത് അത്ര ഗുരുതരമായ ഒരു കുഴപ്പമായി കാണേണ്ട കാര്യമില്ല. അതുകൊണ്ട് 17- ഹർത്താൽ 19- ഹർത്താലിന്റെ കന്യകാത്വം കളയും എന്ന മട്ടിലുള്ള ആശങ്ക അനാവശ്യമാണെന്ന് തോന്നുന്നു. ‘വേണ്ടത്ര കൂടിയാലോചനകളില്ലാത്ത അപക്വഹർത്താൽ’ എന്ന വിലയിരുത്തലൊക്കെ ഇച്ചിരി കടന്ന കൈയ്യായിപ്പോയി. കൂടിയാലോചനയുടെ അപേക്ഷ ആർക്കൊക്കെയാണ് / എവിടെയൊക്കെയാണ് നവരാഷ്ട്രീയ ധാരകൾ സമർപ്പിക്കേണ്ടത് ? നിരവധി സംഘടനകളുടെ സംയുക്ത ആഹ്വാനം എന്നത് തന്നെ അത്തരമൊരാലോചന നടന്നതിന്റെ ലക്ഷണമാണല്ലോ. രണ്ടാമത് വരുന്ന ചുണ്ടൻ വള്ളം ജയിക്കുന്നതിന് ഒന്നാമത് വരുന്ന ചുണ്ടൻ സ്വയം മുക്കി പക്വത കാണിക്കണം എന്നമട്ടിലെ വിചിത്ര വാദങ്ങളല്ല ഇപ്പോൾ ഉയരേണ്ടത്. CAB -ന്റെ നേരിരകളായ മുസ്ലീം ജനതയുടെയും സംഘടനകളുടെയും ഭാഗത്തുനിന്ന് കൂടുതൽ വികാരപരമായ ഒരു സമീപനം സ്വാഭാവികമായും ഇപ്പോഴുണ്ടാകും. ആ മുൻ വിധിയുടെ മറവിൽ ആരുംതന്നെ ‘ബസ്സ് കത്തിക്കുക ‘ പോലെയുള്ള അക്രമ പ്രവർത്തനങ്ങൾ നടത്താതിരിക്കാനുള്ള ജാഗ്രതയാണ് ആ സംഘടനകളുടെ നേതാക്കൾ 17 ന് പുലർത്തേണ്ടത്. അതായത് ആര് അക്രമം നടത്തിയാലുമിപ്പോൾ പഴി മുസ്ലീമിനായിരിക്കും.

ഇതൊക്കെയാണെങ്കിലും, ഹർത്താലല്ല ഒരു സർവ്വ ജനാധിപത്യ കക്ഷി – മനുഷ്യച്ചങ്ങലയാണ് വേണ്ടതെന്ന അഭിപ്രായമാണ് വ്യക്തിപരമായി എനിക്കുള്ളത്. തെരുവ് ശൂന്യമാക്കുകയല്ല നിറയ്ക്കുന്നതാണ് ഇപ്പോൾ ശരിയെന്ന് വിചാരിക്കുന്നു . ഈ രണ്ടു ഹർത്താലുകൾക്കും ശേഷമെങ്കിലും ആ ഐക്യനിര സാധ്യമാകും കേരളത്തിൽ എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരേ രാഷ്ട്രത്തിലെ ജീവികൾ എന്ന നിലയിലുള്ള മുക്കാൽ നൂറ്റാണ്ടിന്റെ പരിചയവും പാരസ്പര്യവും ‘അയലത്തവും’ ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് നമ്മൾ പ്രകടമാക്കുക? മുസ്ലീം ഒറ്റയ്ക്കല്ലെന്ന് ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് നമ്മൾ മുദ്രാവാക്യം മുഴക്കുക ? ഓർക്കണം -കണ്ടുനില്ക്കുകയല്ല ഇടപെടുകയാണ് ഐക്യരാഷ്ട്രസഭപോലും .