മണിച്ചേട്ടൻ ഒരു സംഭവമാണ്

28

Cspradeep Mala

ഇയാൾ ഒരു സിനിമാ നടനോ പരസ്യ മോഡലോ അല്ല. മാളയ്ക്കടുത്തുള്ള വലിയപറമ്പിലെ തികച്ചും സാധാരണക്കാരനായ ,എന്നാൽ കുറെ അസാധാരണത്വങ്ങളുള്ള ഒരു മനുഷ്യൻ .തീർച്ചയായും ഏത് താരങ്ങൾക്കും കിട്ടുന്നതു പോലെ ഇയാളിലും ഒരു ലൈംലൈറ്റ് പ്രകാശിക്കേണ്ടതുണ്ട്.ഒരേ സമയം പാട്ടുകാരനും ,മിമിക്രി കലാകാരനും ,ഫുട്ബോളറും ,ബോഡി ബിൽഡറും അത് ലറ്റുമാണിയാൾ. പെയിൻ്റിങ്ങ് ജോലി ചെയ്യുന്ന അമ്പത്തിരണ്ടുകാരനായ കുടുംബനാഥൻ. മികച്ച ഫുട്ബോൾ കളിക്കാർ കൂടിയായ രണ്ട് ആൺകുട്ടികളുടെ പിതാവ്. മണി എന്നു പേരുള്ള ഞങ്ങളുടെ മണിച്ചേട്ടൻ .

കഴിഞ്ഞ നാല്പത് വർഷമായി മണി ഫുട്ബോൾ പ്ലേയറാണ്. തുണികൊണ്ട് തുന്നിയ പന്തുമായാണ് അയാൾ ആദ്യമായി ഗ്രൗണ്ടിലേക്കിറങ്ങുന്നത് തന്നെ. കഴിഞ്ഞ വർഷമാണ് തൃശ്ശൂർ ജിംഖാന ടൂർണമെൻറിൽ വെറ്ററൻസിനു വേണ്ടി ഫുട്‌ബോൾ കളിച്ച് കപ്പ് നേടിയ ടീമിൻ്റെ ഭാഗമാകുന്നത്. 2013 ൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ Mr. കേരളയാവുന്നു. പിന്നിട് 2019 ൽ അതേ വിഭാഗത്തിൽ Mr. തൃശൂരും .

നാല്പത്തഞ്ചു വയസ്സിനു ശേഷം 2019 ൽ നടന്ന നാഷണൽ മീറ്റിൽ മണി സ്വർണമെഡലുകൾ നേടി. പിന്നീട് 2020ൽ നടന്ന സ്റ്റേറ്റ് മീറ്റിൽ ഹൈജമ്പ് ,ലോങ്ങ് ജമ്പ് ,100 മീറ്റർ അങ്ങനെ മൂന്നിനങ്ങളിൽ മൂന്ന് സ്വർണ മെഡലുകൾ ! ഈ വർഷം തന്നെ മാസ്‌റ്റേഴ്സിനായി നടന്ന നാഷണൽ മീറ്റിൽ അഞ്ചു സ്വർണമെഡലുകൾ !!! പിന്നീട് ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര സ്പോർട്സ് മീറ്റിൽ പങ്കെടുത്തു.

സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മണി തൻ്റെ കായിക ജീവിതം മുന്നോട്ടു നയിക്കുന്നത്. അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന അന്താരാഷ്ട്ര മീറ്റിൽ പങ്കെടുക്കണമെന്നാഗ്രഹിക്കുന്നു.ഒരു പക്ഷേ ഒരേ സമയം ബോഡി ബിൽഡറും കായിക താരവുമായ ഒരാൾ …, അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കുമത്. പാട്ടു പാടുകയും മിമിക്രി കാണിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന ഒരാൾ…പത്തോളം മലയാളം സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഒരാൾ …ഇതൊക്കെ മതിയില്ലേ ഒരാൾ അംഗീകരിക്കപ്പെടാൻ ….? എങ്കിൽ വരൂ,അയാളിവിടെ നിശ്ശബ്ദനായി കാത്തിരിക്കുന്നുണ്ട്.