കോവിഡ് കാലം ഉണര്‍ത്തുന്ന ചിന്തകള്‍

32

കോവിഡ് കാലം ഉണര്‍ത്തുന്ന ചിന്തകള്‍

സി.ടി. അബ്ദുറഹീം

കോവിഡ് എന്ന ഭീകരദുരന്തം ലോകസമൂഹത്തെ പലതലങ്ങളില്‍ ബോധവാന്മാരാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ലോകവ്യാപകമായ ആലോചനയും പാഠങ്ങളും അത് ഉല്‍പാദിപ്പിക്കുന്നു. ഈ ഉണര്‍വ്വുകള്‍ താല്‍ക്കാലികമായ ബോധോദയമായി അവസാനിക്കാന്‍ ഇടയില്ല. നിരന്തരമായ പുനഃചിന്തയുടെ രചനാത്മകവഴികള്‍ തുറക്കപ്പെടാന്‍ അത് കാരണമായേക്കും. ഇങ്ങനെ പല രാഷ്ട്രങ്ങളും പല ജനവിഭാഗങ്ങളും പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായും തൊഴില്‍ സംബന്ധമായും സാമൂഹികമായും രാഷ്ട്രീയമായുമൊക്കെയുള്ള ആലോചനകള്‍. ജീവിക്കുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആലോചനകള്‍ മുഖ്യമായും നടക്കുന്നത്. ഇത്തരം ആലോചനകൾ മുന്നോട്ടു വെക്കാൻ കഴിവുള്ള ലോകനേതൃത്വത്തിന്റെ അഭാവമാണ് നാം നേരിടുന്ന ഒരു വലിയ പരിമിതി.

ഇന്ത്യയിലും പുനരാലോചനയുടെ മുഖങ്ങള്‍ പ്രകടമാണ്. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്നിങ്ങനെ ഖണ്ഡങ്ങള്‍ അടിസ്ഥാനമാക്കി, വടക്കുപടിഞ്ഞാറ് വടക്കുകിഴക്ക് എന്നിങ്ങനെ ദിശകള്‍ അടിസ്ഥാനത്തില്‍ മലനാട്, ഇടനാട്, തീരപ്രദേശം, കാര്‍ഷികം, വ്യാവസായികം, ജാതി, സമുദായം തൊഴില്‍ എന്നിങ്ങനെയുള്ള എല്ലാ ഘടകങ്ങളും മുന്‍നിര്‍ത്തി നടക്കുന്ന ആലോചനകള്‍ പ്രധാനമായി കണ്ടുവരുന്നു. രാഷ്ട്രീയ അവബോധം എല്ലാറ്റിനും പിന്നില്‍ ശക്തമായ അടിയൊഴുക്കായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വശങ്ങള്‍ സമഗ്രമായ പഠനവിഷയമാക്കേണ്ട സന്ദര്‍ഭമാണിത്. ഈ മേഖലകളിലൊക്കെ കാര്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളില്‍നിന്ന് നിഷ്പക്ഷമായ പഠനനിലപാട് രൂപപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഭാവി ഇന്ത്യക്ക് ഏറെ ഗുണകരമാവും.
പാരസ്പര്യത്തിന്റെ ഭാഷ ഇതിൽ പ്രധാനമാണ്, അദ്ധ്വാനത്തിന്റെ വിലയും മനുഷ്യന്റെ കഷ്ടപ്പാടുകളും വേദനയും ആശങ്കയും മനസ്സിലാക്കുന്നതിൽ ഭരണകൂടങ്ങൾക്കു സംഭവിച്ച ഗുരുതരമായ വീഴ്‌ചയാണ് കോറോണക്കാലത്ത് തൊഴിലാളികളുടെ അവസ്ഥ ദുരിതപൂർണമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒന്നുകിൽ ദരിദ്രരോടുള്ള കുറ്റകരമായ അലംഭാവം, അല്ലെങ്കിൽ ലോക്ക് ഡൗൺ കഴിഞ്ഞാൽ പട്ടിണിപ്പാവങ്ങളെ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യിപ്പിച്ച് മുതലാളിമാർക്ക് ലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതിനുള്ള അശ്രദ്ധ – എന്താണ് ഇന്ത്യയിലെ സർക്കാരുകളെ കുടിയേറ്റ തൊഴിലാളികളോട് ഈ മട്ടിൽ അന്യായമായി പെരുമാറുവാൻ പ്രേരിപ്പിച്ചതെന്നറിയില്ല. ഏതായാലും മനുഷ്യത്തരഹിതമായ ഇത്തരം അനാസ്ഥകൾ രാജ്യത്തിന്റെ ഫെഡറലിസത്തെ എങ്ങിനെ ബാധിക്കുമെന്ന് ഗൗരവമായി ആലോചിക്കേണ്ടതാണ്.

കോവിഡ്കാലം കേരളത്തെ കൃത്യമായി പഠിപ്പിച്ച വസ്തുത സ്വയം പര്യാപ്തതയുടെ അനിവാര്യതയാണ്. മൂലധന സംസ്‌കാരത്തിന്റെ ആര്‍ഭാടജീവിതം ഇത്രമേല്‍ കീഴടക്കിയ ഒരു ജനത വേറെയുണ്ടാവില്ല. സ്വയം പര്യാപ്തമായിരുന്ന ഗ്രാമീണമായ പഴയ ജീവിതത്തിന്റെ പഴയ തലമുറകളിപ്പോഴും വേരറ്റിട്ടില്ലെന്ന അടിസ്ഥാനത്തിലാണ് ഈ തറപ്പിച്ചുപറയല്‍ സത്യമാകുന്നത്. വിദ്യുച്ഛക്തിയോ, പൊതുവാഹനങ്ങളോ, വന്‍ വ്യവസായ സങ്കേതങ്ങളോ കൂടാതെ സ്വന്തം ജീവിതനിവൃത്തി മാര്‍ഗങ്ങളെ ശുദ്ധമായ ഉല്‍പാദന രീതിയോടെ സമ്പന്നമാക്കിയ സമൂഹം ഇന്നും ഓര്‍മ്മയുടെ അടയാളങ്ങളായി ബാക്കിയുണ്ട്. അതിന് അവരെ സഹായിച്ചത് ഞാറ്റുവേലകളും കയ്യേറ്റത്തിന് വിധേയമാകാതിരുന്ന പ്രകൃതിയുടെ ശുദ്ധഭാവവുമായിരുന്നു. സാമ്പത്തിക സാമ്രാജ്യത്വം ഉല്‍പാദനത്തിന്റെയും കമ്പോളത്തിന്റെയും ചുമതല ഏറ്റെടുത്തതിലെ വഞ്ചന കര്‍ഷകന്‍ അറിയാതെ പോയി. ഭരിക്കുന്നവര്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു. നമ്മുടെ ഭൂമി വിഷമയമാവാന്‍ തുടങ്ങിയ കാലം നമുക്കോര്‍മയുണ്ട്. രാസവളം മണ്ണിലല്ല ആദ്യം ചേര്‍ക്കപ്പെട്ടത്.
ഭരണവര്‍ഗത്തിന്റെയും വ്യവസായ പ്രമുഖരുടെയും മനസ്സിലാണ്. അങ്ങനെ നമ്മുടെ മണ്ണും ആരോഗ്യവും മൂലധനമുതലാളിത്തത്തിന് അടിമപ്പെട്ടു. ഇന്ന് കേരളം ദുഃഖത്തോടെ മനസ്സിലാക്കുന്ന നീണ്ട കഥയാണിത്. പക്ഷെ, മടക്കയാത്ര ഇപ്പോഴും അകലെയാണ്. ഇത് സാധ്യമാവണമെങ്കില്‍ അധികാരി വര്‍ഗത്തിനും രാഷ്ട്രീയ വിഭാഗത്തിനും ആത്മാര്‍ത്ഥമായ ജനപ്രതിബദ്ധതയും ധീരമായ നിലപാടും വേണം.

ഏതായാലും ഉപ്പ് തൊട്ട് കര്‍പ്പൂരംവരെയുള്ള ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെയും രാജ്യങ്ങളെയും ആശ്രയിക്കാതെ ജീവിക്കാനാവാത്ത സാഹചര്യമാണ് കേരളത്തില്‍. അതെക്കുറിച്ച് ചില ബോധ്യങ്ങള്‍ വളരുന്നതായി ഇപ്പോള്‍ കാണുന്നു. എല്ലാ അര്‍ത്ഥത്തിലും കേരളം സ്വയംപര്യാപ്തമാവണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ആ അവസ്ഥ വീണ്ടെടുക്കണം. ആരോഗ്യചികിത്സാരംഗങ്ങളില്‍ ഇടക്കാലത്തുണ്ടായ ഭീകരാവസ്ഥ നാം ഗൗരവത്തോടെ കാണാതെ വയ്യ. ആവശ്യവും അത്യാവശ്യവും മനസ്സിലാക്കി പ്രകൃതിക്കൊപ്പം ജീവിച്ചിരുന്ന ദൈവത്തിന്റെ ഈ നാട് ക്യാന്‍സറിന്റെയും മാറാവ്യാധിയുടെയും ശവ ഭൂമിയാക്കിയതാരാണ്? അസ്തമിക്കാത്ത അഹന്തയുടെയും വന്‍രാഷ്ട്രങ്ങളോടുള്ള അടിമത്തമനോഭാവത്തിനും അവരുടെ കച്ചവടപരമായ ആകര്‍ഷണ ചാതുര്യത്തിനും അതില്‍ എത്രമാത്രം പങ്കുണ്ടെന്ന് നമുക്ക് നന്നായറിയാം.

രാജ്യത്തെ വീണ്ടെടുക്കേണ്ട പ്രധാന ഉത്തരവാദിത്തം ജനങ്ങളെ അധികാരത്തിന്റെ മുമ്പില്‍ മറന്നുകളഞ്ഞ രാഷ്ട്രീയകക്ഷി നേതൃത്വങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ നമ്മുടെ രാഷ്ട്രീയകക്ഷികള്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഇടത് വലതെന്നോ ഉള്ള വാക്‌യുദ്ധങ്ങള്‍ നടത്തുന്നത് കണ്ട് കൈയ്യടിക്കുന്ന ദുരവസ്ഥക്ക് അറുതി വരുത്താന്‍ വോട്ടര്‍മാരെന്ന നിര്‍ണ്ണായകശക്തിക്ക് കഴിയണം. ഭിന്ന കാഴ്ചപ്പാടുകളാവാം. പക്ഷെ, കേരളത്തിന്റെ പൊതുകാര്യത്തില്‍ ഒന്നിക്കാന്‍ മടിക്കുന്നവരുടെ ജനസേവന താല്‍പര്യം വിലയിരുത്താന്‍ ഈ വോട്ടര്‍മാര്‍ക്ക് കഴിയണം. അത്തരം സാമാന്യ സംസ്‌കാരബോധം സ്വയം ആര്‍ജ്ജിച്ചെടുക്കാന്‍ സാധാരണക്കാരനായ വോട്ടര്‍ക്ക് സാധിക്കണം. ഏത് മലയാളിക്കും അത് തിരിച്ചറിയാനുള്ള വിവേകമുണ്ട്. പോരായ്മയുണ്ടെങ്കില്‍ നികത്താനുള്ള പുതിയ വഴികളും ശ്രമവും രൂപപ്പെടണം. ആവശ്യമാണെങ്കില്‍ മലയാളഭാഷയോടും ജനതയോടും താല്‍പര്യമുള്ള നിഷ്പക്ഷതയുടെ രാഷ്ട്രീയം മുഖ്യമായ ഒരു യുവജനവിഭാഗം ഇവിടെ വളര്‍ന്നുവരണം. അതാവണം ഇനി നാം സാധിക്കേണ്ട രാഷ്ട്രീയബോധം.

നമുക്കാവശ്യമുള്ളത് ഉല്‍പാദിപ്പിക്കാനാവുമോ? ഇറക്കുമതിയെ പരമാവധി കുറക്കാമോ? ആര്‍ഭാടവസ്തുക്കള്‍ക്ക് പകരം അവശ്യവസ്തുക്കളിലേക്ക് നമ്മുടെ ദുരഭിമാനത്തെയും അനുകരണബോധത്തെയും മെരുക്കിയെടുക്കാന്‍ കഴിയുമോ? കമ്യൂണിസ്റ്റുകള്‍പോലും മറക്കുന്ന വിഭവങ്ങളുടെ സാമൂഹിക വിതരണത്തിലേക്ക് ചുവടുവയ്ക്കാന്‍ നമുക്ക് സാധിക്കുമോ? അവശരെ കൂടെ കൊണ്ടുപോവാന്‍ നമുക്ക് കഴിയുമോ?നിരന്തരം ഔദാര്യത്തിനുവേണ്ടി സ്റ്റേറ്റുകള്‍ കേന്ദ്രത്തിന്റെ മുമ്പാകെ കൈനീട്ടുന്നതിന് അറുതി വരുത്താൻ സാധ്യമാണോ? ഇന്ത്യയുടെ ഫെഡറല്‍ സംവിധാനംപോലും അന്വര്‍ത്ഥമാവണമെങ്കില്‍ ഓരോ സ്റ്റേറ്റിനും ഈ ചോദ്യങ്ങള്‍ക്ക് “അതെ” എന്ന് മറുപടി പറയാനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണം.

പ്രാദേശികതലത്തിൽ സാമ്പത്തികവും സാമൂഹ്യവുമായ സ്വയംപര്യാപ്തതയും ദേശീയതലത്തിൽ സാംസ്കാരികമായ പാരസ്പര്യവും ആഗോളാടിസ്ഥാനത്തിൽ പരിസ്ഥിതിയെയും കാലാവസ്ഥയെയും മനുഷ്യരെയും പരിഗണിക്കുന്ന ഒരു ആലോചനാരീതിയും വികസിപ്പിച്ചു കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളു.