പത്തുകോടിയുടെ പള്ളിയും സംഭവനകൊടുത്തു മുടിഞ്ഞ പൊറിഞ്ചുമാരും

0
442

എഴുതിയത് : Ct Thankachan

8 കോടി രൂപക്ക് പള്ളി പണിയാൻ വികാരിക്ക്‌ തോന്നി. അതിനായി വെള്ള കുപ്പായത്തിനുള്ളിലെ ദേഹം വിയർത്തില്ല, മനസ്സ് പതറിയില്ല, എങ്ങനെ പണിയുമെന്ന് ചിന്തിച്ച് രാപകൽ അധ്വാനിച്ചില്ല.

കാരണം മണ്ടന്മാരായ ഭക്തര്‍ ഉണ്ടല്ലോ വിയർക്കാനും അധ്വാനിക്കാനും പണം കൊണ്ട് വരാനും.

Ct Thankachan
Ct Thankachan

പിറ്റേ ഞായറാഴ്ച കുർബാനയുടെ ഇടയ്ക്ക് അച്ചൻ പറഞ്ഞു. നമ്മുക്ക് പള്ളിയൊന്ന് പുതുക്കി പണിയണം. അപ്പുറത്തെ പള്ളി നോക്ക് 5 കോടിക്കാ പണിതത്. നമുക്ക് ഒരു 8 കോടിയെങ്കിലും മുടക്കി പണിയണം.

8 കോടിയുടെ പള്ളി പണിതാൽ തനിക്ക് കിട്ടുന്ന പേരും പെരുമയും കമ്മീഷനും ഓർത്ത് വികാരി പുളകം കൊണ്ടു.

അങ്ങനെ പള്ളി പണിയാനായി അടുത്ത ദിവസം കമ്മിറ്റി കൂടി. ചിലർ വലിയ പ്രോജക്ടിനേ എതിർത്തു. ചിലർ അനുകൂലിച്ചു. അനുകൂലിച്ചവർ 50 ലക്ഷം കത്തിപോയാലും സാരമില്ലെന്ന് ചിന്തിക്കുന്ന വ്യവസായികൾ.

അവസാനം പള്ളി പണിക്ക് തീരുമാനമായി. അങ്ങനെ അച്ചനും കമ്മിറ്റിയും കൂടി ഓരോ കുടുംബ ത്തിനും തുക നിശ്ചയിച്ചു .

ഏറ്റവും കുറഞ്ഞത് 25000 രൂപ.

ഇടവക അംഗമായ പൊറുഞ്ചുവാണ് സഭയിലെ ഏറ്റവും പാവപ്പെട്ട വിശ്വാസി. താമസം കനാലിന്റെ പുറത്ത് പുറമ്പോക്കിൽ. ജോലി ഒരു പലചരക്ക് കടയിൽ നിൽക്കുന്നു. നടുവിന് പ്രശ്നമുണ്ട്. രണ്ട് പെൺമക്കൾ.

കനാലിന്റെ പുറത്ത് താമസിക്കുന്ന പൊറുഞ്ചുവിൻെറ ഷീറ്റിട്ട ചെറിയ വീട്ടിൽ അച്ചനും കമ്മിറ്റി പരിവാരങ്ങളും വന്നു. അച്ചൻ ആദ്യമായാണ് ഇടവക അംഗമായ പൊറുഞ്ചുവിൻെറ വീട്ടിൽ വരുന്നത്.

വന്നതും ഒരു രസീത് കൊടുത്തിട്ട് പറഞ്ഞു. 25000 രൂപ പള്ളിപണിക്ക് അഞ്ച് തവണയായി പള്ളിയിൽ അടയ്ക്കണം.

അയ്യോ അച്ചാ, അത്രയും തരാൻ ഉണ്ടാവില്ല.ആകെ ബുദ്ധിമുട്ടാണ്. ഒന്നിനും തികയുന്നില്ല. ഇൗ വീട് പൊളിച്ച് മാറ്റേണ്ടി വരും. കുറച്ച് എന്തെങ്കിലും തരാം.

അതൊന്നും പറ്റില്ല. ഏറ്റവും കുറവ് ഇവിടെയാണ്. ഒരുമിച്ച് വേണ്ട. അഞ്ച് തവണയായി അടയ്ക്കണം.

ഇല്ലാത്തത് കൊണ്ടാണ് അച്ചോ.

അതേ, പൊരുഞ്ചുവിന്റെ മക്കൾ വളർന്നു വരുന്നു. ആദ്യ കുർബാന, പിന്നെ കല്ല്യാണം ആവശ്യങ്ങൾ ഒത്തിരി വരും. പള്ളി പണിക്ക് തന്നിലേൽ ഇതൊന്നും ചെയ്ത് തരില്ല എന്ന് പറഞ്ഞ് അച്ചൻ പോയി.

പാവം പൊറുഞ്ചു, ആകെ വെട്ടിലായി. ഭാര്യയുടെ കാതിൽ കിടന്ന നാല് ഗ്രാം കമ്മൽ കൊണ്ട് പോയി പണയം വെച്ചു. മാലയൊക്കെ മുക്കാണ്. 10,000 രൂപ കിട്ടി. അത് കൊണ്ട് പോയി അടച്ചു. അങ്ങനെ ഓരോ പാവങ്ങളും ഉള്ളത് പോലെ അടച്ചു കൊണ്ടിരുന്നു.

അവസാനം പള്ളി പണി കഴിഞ്ഞു. 8 കോടി എന്നത് പത്തായി. വീണ്ടും 2000 കൊടുക്കാൻ പൊറുഞ്ചുവിനോട് പറഞ്ഞു. പാവം അതും കൊടുത്തു.

പള്ളി ഉത്ഘാടനം ചെയ്യാൻ തിരുമേനിമാർ ബെൻസിലും BMW വിലും വന്നു.

അന്ന് പെയ്ത മഴയിൽ പുറമ്പോക്കിൽ നിന്ന പൊറുഞ്ചുവിന്റെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.
അത് കണ്ട് അയാള് കരഞ്ഞു.
അപ്പോ പള്ളിയിലെ സെൻട്രൽ എസി നല്ല തണുത്ത കാറ്റ് പുറപ്പെടുവിച്ച് കൊണ്ടിരുന്നു. സ്വർണം പൂശിയ കുരിശ് led വെട്ടത്തിൽ തിളങ്ങി കൊണ്ടിരുന്നു.

ഉത്ഘാടനം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് പൊറുഞ്ചു അച്ചനെ കാണാൻ പോയി സങ്കടം പറഞ്ഞു. വീട് ഇടിഞ്ഞ് പോയി. എന്തേലും സഹായം വേണം.

അച്ചൻ പറഞ്ഞു, പള്ളിയുടെ ഏറ്റവും മുകളിൽ വെക്കാൻ പണിത കുരിശ് സ്വർണ്ണം പൂശാൻ കൊടുത്തിരിക്കുന്നത് പറഞ്ഞില്ലേ. അതിന് കൊടുക്കാനുള്ള കാശേ ഉള്ളൂ. സഹായത്തിന് പള്ളിക്ക് കാശില്ല. പൊറുഞ്ചു പോ.

ഇത് പോലെ പള്ളി വക സ്കൂളിൽ/കോളേജിൽ മക്കൾക്ക് അഡ്മിഷൻ കിട്ടാൻ വരുമാനം കുറവുള്ള എന്നാൽ പള്ളി പണിക്ക് പണം കൊടുത്ത പലർക്കും നിരാശയായിരുന്നു ഫലം.

തിരിച്ച് പോരാൻ നേരം അയാൾ, 10 കോടിയുടെ പള്ളിയുടെ മുന്നിൽ നിന്നു നോക്കി. തിരിഞ്ഞ് നടക്കാൻ നേരം ആരോ വിളിക്കുന്ന പോലെ തോന്നി.

തിരിഞ്ഞ് നോക്കി ആരുമില്ല.

തോന്നിയതവും എന്ന് കരുതി പൊറുഞ്ചു നടന്നു.

വീണ്ടും വിളിച്ചു.

ആരാ

ഞാനാണ് ഞാൻ യേശുവാണ്, ശബ്ദം മാത്രം പൊറുഞ്ചു കേട്ടു. ഞെട്ടിയ പൊറുഞ്ചു ചോദിച്ചു. കർത്താവേ അടിയൻ.

ഞാനില്ലാത്ത ഇൗ പള്ളി നിനക്കെന്തിനാണ്? ഇനി നീ ഇവിടെ വരേണ്ടത് ഇല്ല.

അപ്പോ കർത്താവേ, എന്റെ മക്കളുടെ ആദ്യ കുർബാന.

അങ്ങനെ കൊടുക്കാൻ ഞാൻ പറഞ്ഞിട്ടുണ്ടോ?

ഇല്ല.

എങ്കിൽ അത് വേണ്ട.

അപ്പോ കർത്താവേ മക്കളുടെ കല്ല്യാണം.

റെജിസ്റ്റർ ഓഫീസ് ഇല്ലേ?

ഉണ്ട്

അത് ഉപയോഗപ്പെടുത്തുക, ഞാൻ അവരെ അനുഗ്രഹിക്കും.

അപ്പോ മരിച്ചാൽ അടക്കം?

പൊതു സ്മശാനമുണ്ട്, ശരീരം എവിടെ അടക്കിയാൽ എന്ത്. നിന്റെ ആത്മാവിനെ എനിക്ക് മതി.

എന്റെ വീട് ഇടിഞ്ഞ് പോയി കർത്താവേ?

ധൈര്യമായി ചെല്ലു. പരിഹാരം ഞാൻ ചെയ്തിട്ടുണ്ട്.

കർത്താവ് പോയി. അയാൾ, വീട്ടിൽ വന്നപ്പോൾ വില്ലേജിൽ നിന്നുള്ള ഒരു കത്ത് കിട്ടി.

പുറമ്പോക്ക് ഭൂമി ക്കാർക്ക് പഞ്ചായത്ത് സ്ഥലവും വീടും വെച്ച് കൊടുക്കുന്നു. ആറ് മാസത്തിനുള്ളിൽ മാറാം.

പള്ളി പണിക്ക് പാവങ്ങളെ പിഴിയുന്ന പരിപാടി ഇന്നും തുടരുന്നു. പൊറുഞ്ചുമാർ വലയുന്നു.

എട്ട് കോടി രൂപയുടെ കരാറിൽ അച്ചൻ ഒപ്പിക്കുന്ന കമ്മീഷൻ എത്ര ഒപ്പീസ് പാടിയാലാണ് കിട്ടുക ?

മണ്ടന്മാരായ വിശ്വാസികൾ ഉള്ളിടത്തോളം പള്ളി പണി നടന്നു കൊണ്ടിരിക്കും.

ഇതൊരു കഥയല്ല. മറ്റെന്തിനോടെങ്കിലും സാമ്യം തോന്നിയാൽ വെറും യാദ്യശ്ചികം മാത്രം.

Copied & Modified.

Advertisements