എങ്ങനെ ആണ് സൈബർ സെല്ലിലേക്ക് നിയമനം ലഭിക്കുന്നത് ?
അറിവ് തേടുന്ന പാവം പ്രവാസി
👉കേരള സർക്കാർ തലത്തിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുവാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾ ആണ് പി എസ് സി പരീക്ഷകൾ. അതിലൊരു പരീക്ഷയാണ് സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പരീക്ഷ. കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനസേനയാണ് പോലീസ് വിഭാഗം. സംസ്ഥാന തലത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത്, പരിശീലനം നൽകി സ്വന്തം ജന്മദേശത്തോ, കേരളത്തിലെവിടെയെങ്കിലും നിയമിച്ചു കൊണ്ടുള്ള സംവിധാനം ആണ് നിലവിലുള്ളത്. പോലീസ് വകുപ്പിൽ തന്നെ 12 ഉപവകുപ്പുകളും, 8 പ്രത്യേക സേനകളും ഉണ്ട്. അതിലെ ഒരു ഉപവകുപ്പ് ആണ് സൈബർസെൽ.
സൈബർ ക്രൈം സേനയും ഉണ്ട്.പി എസ് സി നടത്തുന്ന OMR പരീക്ഷ കൂടാതെ ഈ തസ്തികയ്ക്ക് കായികക്ഷമതാ പരീക്ഷ കൂടി ജയിക്കണം. എങ്കിൽ മാത്രമേ ഈ ഉദ്യോഗത്തിന് അർഹത നേടുകയുള്ളൂ.ആദ്യം പി എസ് സി ഒരു OMR പരീക്ഷ (ഒബ്ജെക്റ്റീവ് രീതിയിൽ – 100 മാർക്കിന്റെ ) ഉദ്യോഗാർഥികൾക്ക് വേണ്ടി നടത്തുന്നു. അതിൽ തെറ്റായ ഉത്തരത്തിന് 1/3 മാർക്ക് കുറക്കുകയും ചെയ്യും. ഒരു നിശ്ചിത മാർക്ക് കരസ്ഥമാക്കിയവരുടെ ചുരുക്കലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, അവരെ കായികക്ഷമത പരീക്ഷയ്ക്ക് ഹാജരാവാൻ ക്ഷണിക്കുകയും ചെയ്യും.
കൂടാതെ കാഴ്ച്ച ശക്തി പരിശോധനയും, മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കേറ്റ് കൂടെ ഹാജരാക്കുകയും വേണം. 8 കായിക ഇനത്തിൽ 5 എണ്ണത്തിൽ നിർബന്ധമായും കായികക്ഷമത തെളിയിച്ചാൽ മാത്രമേ ഉദ്യോഗാർത്ഥികളെ ഫൈനൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുള്ളൂ. ഈ രണ്ട് ഘട്ടം കഴിഞ്ഞു മെയിൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഉദ്യോഗാർത്ഥികളെ 1 വർഷത്തെ ട്രെയിനിംഗിന് തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
ഒരു വർഷത്തെ വിജയകരമായ ട്രെയിനിംഗ് പൂർത്തിയാക്കുന്നവരെ സിവിൽ പോലീസ് ഓഫീസർ ആയി നിയമിക്കുന്നു. അവരുടെ പ്രൊബേഷൻ ഡിക്ലറേഷൻ കഴിഞ്ഞാൽ BTECH, MCA, BCA, Diploma തുടങ്ങീ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ ഡിപ്പാർട്മെന്റ് തല പരീക്ഷയ്ക്ക് ക്ഷണിച്ച് സൈബർസെല്ലിലേക്ക് നിയമനം നടത്തുന്നു.ഡിപാർട്മെന്റ് തല പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ അവർക്ക് പ്രത്യേക സൈബർ വൈദഗ്ധ്യ കോഴ്സ് പരിശീലനം നൽകി സൈബർ സെല്ലിലേക്ക് തിരഞ്ഞെടുക്കുന്നു.