ഉയരത്തിൽ പറന്ന കരീബിയൻ കഴുകൻ

സിറിൾ വാഴൂർ

ബിഗ് ബേർഡ് അതായിരിന്നു ജോയൽ ഗാർണറുടെ കളിക്കളത്തിലെ വിളിപ്പേര്. ജമൈക്കയുടെ ദേശിയ പക്ഷിയായ ഡോക്ടർ ബേർഡിന്റെ പിൻതൂവലുകളോട് സാമ്യമുള്ള നീളൻ കാലുകൾ ആയിരുന്നു അദ്ദേഹത്തിന് ആ പേര് നൽകിയിരുന്നത്. എന്നാൽ ഒരു കാലത്തും അത് ഡോക്ടർ ബേർഡിന്റെ ഭാവം ആയിരുന്നില്ല ഒരുകാലത്തും ഗാർണർക്ക്.അതാവട്ടെ എക്കാലവും തന്റെ ഇരകളെ നിർദ്ദക്ഷണ്യം റാഞ്ചി എടുത്തു പറക്കുന്ന കഴുകനു സാമാനം ആയിരുന്നു. കാരണം ഓരോ തവണയും ഈ കരീബിയൻ ക്രീസിൽ പറന്ന് ഇറങ്ങുമ്പോഴും റാഞ്ചി എടുത്തിരുന്നത് എതിർ ടീമിന്റെ പ്രതീക്ഷകൾ തന്നെ ആയിരുന്നു.

വർഷം 1979-പ്രൂഡെൻഷ്യൽ വേൾഡ് കപ്പ്‌ ഫൈനൽ. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിരയുടെ നട്ടെല്ലോടിച്ച വിവിയൻ റിച്ചാർഡ്സിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ വിൻഡിസ് 286 റൺസ് എന്ന മികച്ച സ്കോർ നേടുന്നു. മറുപടി ബാറ്റിംങ് ഇറങ്ങിയ ഇംഗ്ലീഷ് നിര കന്നി കിരീടം നേടുക ലക്ഷ്യത്തോടെ ശ്രദ്ധയോടെ ബാറ്റ് ചെയ്യുന്നു. അൽപ്പം മെല്ലെ ആണെങ്കിലും ഇംഗ്ലണ്ട് 48 ഓവറിൽ 2 വിക്കറ്റിന് 183 റൺസ് എന്ന ഭദ്രമായ നിലയിൽ നില്കുന്നു. 12 ഓവറിൽ 110 റൺസ് നേടുക എന്നത് അവരെ സംബന്ധിച്ച് അപ്രാപ്യമായ ഒരു ലക്ഷ്യമല്ല. 8 വിക്കറ്റുകൾ കൈയിലുണ്ട് എന്നതിനേക്കാൾ അവരിൽ പ്രഗത്ഭരായ ഗ്രഹാം ഗൂച്ചും ,ഗവർ, ബോതം എന്നിവർ ബാക്കിയുണ്ട് എന്നതായിരുന്നു അവരുടെ ആത്മവിശ്വാസം.

കൃത്യതയോടെ പന്ത് എറിയുന്ന ഗാർണറേ പന്ത് ഏല്പിക്കുമ്പോൾ ക്യാപ്റ്റൻ ലോയ്ഡ് പോലും പ്രതീക്ഷിക്കത്ത അത്ഭുതം ആണ് പിന്നീട് ലോർഡ്‌സ് സാക്ഷ്യം വഹിച്ചത്. പന്ത് കയ്യിലെടുത്ത ഗാർനർ അക്ഷരാർത്ഥത്തിൽ ഒരു കഴുകനെ പോലെ ഇംഗ്ലീഷ് നിരയിലേക് പറന്നിറങ്ങുക ആയിരുന്നു. ഗൂച്ച് , ഗവർ, ലാർകിൻസ്, ഓൾഡ് , അവസാനം ടെയ്ലെർ . വിക്കറ്റുകൾ ഓരോന്നായി റാഞ്ചിയപ്പോൾ പിന്നീട് ഉള്ള മൂന്നോവറിൽ ഇംഗ്ലണ്ട് ടീമിന്റെ കിരീട സ്വപ്നം അസ്തമിച്ചു. രണ്ടു തവണ ഹാട്രിക്ന് അടുത്തെത്തിയ പ്രകടനത്തോടെ ഇംഗ്ലീഷ് നിരയെ നിഷ്പ്രഭർ ആക്കിയപ്പോൾ കോളിൻ ക്രോഫ്ട് ഇംഗ്ലീഷ് സ്വപ്നങ്ങൾക്ക് മേൽ അവസാന ആണിയും അടിച്ചു.

കരീബീയൻ അതികായന്മാർ ഒരിക്കൽ കൂടി ലോർഡ്സിൽ ലോക കിരീടം നേടി. തേംസ് നദിക്ക് തീ പിടിപ്പിച്ച റിച്ചാർഡ്സിന്റെ അമാനുഷിക ഇന്നിഗ്‌സിന്‌ മുന്നിൽ അധികം ആരാലും പ്രശംസിക്കപ്പെടാത് പോയൊരു ബൗളിംഗ് പ്രകടനം ആയിരുന്നു അവസാന സ്പെല്ലിൽ കേവലം 4 റൺ വഴങ്ങി 5 വിക്കറ്റ് നേടിയ ഗാർണറുടെത്. ഏതാണ്ട് അതുപോലെ തന്നെ ആയിരുന്നു ഗാർണറുടെ കരിയറും. കാരണം അയാൾക് മത്സരിക്കേണ്ടത് കരീബീയൻ മഹാന്മാരോട് തന്നെ ആയിരുന്നു.

കരിമ്പിൻ തോട്ടങ്ങൾ നിറഞ്ഞ ബാർബഡോസിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഗാർണറുടെ ജനനം. മാതാപിതാക്കൾ ചെറുപ്പത്തിലേ അമേരിക്കയിലേക്ക് കുടിയേറിയതിനാൽ മുത്തച്ഛന്റെ സംരക്ഷണയിൽ ആണ് ഗാർണറും സഹോദരനും കഴിഞ്ഞിരുന്നത്.

തന്റെ സ്കൂൾ കാലഘട്ടത്തിൽ ബാറ്റ് ചെയുന്ന ജോയലിനെ കണ്ട് മുൻ വിൻഡീസ് താരം സൈമർ നേഴ്സ് ഇങ്ങനെ ചോദിച്ചു പോലും “ഇത്രയും ഉയരം ഉള്ള നീ എന്തിനാണ് ബാറ്റ് ചെയ്യുന്നത് അല്ലെങ്കിൽ ബാറ്റ് ചെയ്‌യാൻ ശ്രമിക്കുന്നത്”. ആ ചോദ്യമാവാം പിൽ്കാലത്ത് ഒരുപാട് ബാറ്റർമാരുടെ പേടി സ്വപ്നമായ ഗാർണർ എന്ന പേസറുടെ ഉദയത്തിനു കാരണമായത്. ചെറുപ്രായത്തിൽ ക്രിക്കറ്റിൽ മികവ് പുലർത്തിയ ഗാർണറേ വിൻഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ്, വിൻഡീസ് താരമായിരുന്ന ചാർലി ഗ്രിഫിത്ത് എന്നിവർ ശ്രദ്ധിച്ചു തുടങ്ങി.

സമകാലികരെ അപേക്ഷിച് പന്തുകൾക്ക് വലിയ വേഗമില്ലെങ്കിലും 6 അടി 8 ഇഞ്ചുകാരനായ ജോയലിന്റെ ഹൈ റിലീസ് പോയിന്റും അപ്രതീക്ഷിതമായി ലഭിക്കുന്ന ബൗൺസും നിരീക്ഷിച്ച അവർ അവന്റെ പ്രതിഭയെ തേച്ചു മിനുക്കി എടുക്കാൻ തീരുമാനിച്ചു. ക്രിക്കറ്റിൽ എന്നും വജ്രായുധമായ യോർക്കർ എറിയുവാൻ ഗ്രിഫിത്ത് അവനെ പരിശീലിപ്പിച്ചു . മൂടികെട്ടിയ അന്തരീക്ഷത്തിൽ ഗാർണറുടെ യോർകറുകൾ മേഘങ്ങളിൽ നിന്നും വരുന്ന മിന്നൽ പോലെ ആയിരുന്നു എന്നാണ് അദേഹത്തിന്റെ ക്യാപ്റ്റൻ ആയിരുന്ന ലോയ്ഡ് അനുസ്മരിച്ചിരുന്നത് .

സോമർസെറ്റിനു വേണ്ടി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ഗാർണർ 1977ൽ ആണ് വിൻഡീസ് ടീമിന്റെ ഭാഗമാകുന്നത്. ക്ലൈവ് ലോയ്ഡ് എന്ന നായകൻ നയിച്ച വിൻഡീസ് സുവർണ്ണ നിരയിലേക് എത്തിയ ഗാർണർ തന്നിൽ അർപ്പിച്ച വിശ്വസം പൂർണമായി കാത്തു. വിക്കറ്റ് വേട്ടയയിൽ തനിക് മത്സരിക്കാൻ ഉണ്ടായിരുന്നത് സമകാലികർ ആയിരുന്ന റോബർട്സ് -ഹോൾഡിങ് -ക്രോഫ്ട് എന്നിവരോട് ആയിരുന്നതിനാൽ തന്നെ വാശിയോടെ വിക്കറ്റ് വീഴ്ത്തുന്നതിൽ ഗാർണർ മുന്നിൽ തന്നെ നിന്നു. പിന്നീട് മാർഷൽ കൂടി എത്തിയതോടെ വിക്കറ്റ് എന്ന ഒറ്റ ലക്ഷ്യത്തോടെ ബൗൾ ചെയുന്ന ഈ നാൽവർ സംഘത്തിനു മുന്നിൽ എതിർ ടീമുകൾക്ക് മുട്ടിടിക്കാൻ തുടങ്ങി.

തന്റെ കളി ജീവിതത്തിലെ ഏറ്റവും വിഷമിപ്പിക്കുന്ന സംഭവം എന്ന് ഗാർണർ തന്നെ വിശേഷിപ്പിച്ച കപിലിന്റെ ചെകുത്താന്മാരോട് പരാജയപ്പെട്ട ലോർഡ്‌സിലെ 83ലെ കിരീട പോരാട്ടത്തിന് ശേഷം ഗാർണർ പരിക്കിന്റെ പിടിയിൽ അകപ്പെട്ടു. തോളിനും മുട്ടിനും ഓക്കെ പരിക്ക് ബാധിച്ച അദ്ദേഹത്തിന് ചില നാളുകൾ കളിക്കളത്തിൽ നഷ്ടമായി. എന്നാൽ തിരിച്ചു വരവിൽ ജോയൽ ഗാർണർ ആ സമയത്ത് വിൻഡീസിലെക് പര്യടനം നടത്തിയ ഓസീസിന്റെ 31 വിക്കറ്റുകൾ ആണ് നാൽവർ സംഘത്തിനോട്‌ മത്സരിച്ചു നേടിയത്. ഈ നേട്ടത്തിന് ശേഷം ‘ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ആണ് താൻ ‘ എന്ന് പറഞ്ഞ ജോയലിന്റെ വാക്കുകളിൽ സ്ഫുരിച്ചത് കരിയറിന്റെ പകുതി എത്തിയിട്ടും ക്രിക്കറ്റിനോടും വിക്കറ്റിനോടും ഉള്ള അടങ്ങാത്ത അഭിനിവേശം ആയിരുന്നു.

വിൻഡീസ് പേസ് ബാറ്ററിയോട് തന്നെ മത്സരിച്ചു വിൻഡീസിനായി ആദ്യമായി ടെസ്റ്റിൽ 250 വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളർ എന്ന നേട്ടം ജോയൽ ഗാർണർ സ്വന്തമാക്കി. ഏകദിനത്തിൽ നൂറിൽ അധികം വിക്കറ്റ് നേടിയ ബൗളർമാരിൽ 20ൽ താഴെ ബൗളിംഗ് ശരാശരി ഉള്ള ഏക ഫാസ്റ്റ് ബൗളർ എന്ന ഖ്യാതിയും സ്വന്തമാക്കി. പിൽകാലത്ത് റാഷിദ്‌ ഖാൻ എന്ന അഫ്ഗാൻ സ്പിന്നർ ഈ നേട്ടത്തിൽ എത്തിയില്ലയിരുന്നു എങ്കിൽ ഈ അപൂർവ നേട്ടം ഏകദിനത്തിൽ സ്വന്തമാക്കുന്ന ഏക ബൗൾർ ആയേനെ ഗാർണർ (റാഷിദ്‌ ഖാന് കരിയർ ഇനിയും ബാക്കി ഉണ്ട്.)

സുവർണ്ണ തലമുറ വിൻഡീസ് ടീമിന്റെ അഭിവാജ്യ ഘടകം ആയിരുന്ന ജോയൽ ഗാർണറെ 2010ല് ICC ‘ ഹാൾ ഓഫ് ഫേമിൽ ‘ ഉൾപ്പെടുത്തി ആദരിച്ചു. പിന്നീട് വിൻഡീസ് ടീമിലും മറ്റു ടീമുകളിലേക്കും പല പ്രമുഖരായ പേസർമാർ വന്നെങ്കിലും എഴുപതുകളിലും എൺപതുകളിലും കളിച്ച ഒരുപാട് ബാറ്റർമാർ ഒരുപാട് ബഹുമാനിച്ച ബൗളർ ആയിരുന്നു ഉയരങ്ങളിൽ പറന്ന ഈ കരീബിയൻ കഴുകൻ.
എഴുതിയത് : സിറിൾ വാഴൂർ ????

Leave a Reply
You May Also Like

കളിക്കാരനെ കളിക്കളത്തില്‍ കല്ലെറിഞ്ഞു കൊന്നു : വീഡിയോ

കളിയോട് ആരാധന മൂത്താല്‍ അത് ഭ്രാന്തായി മാറും..!!!

നമ്മൾ കാണുന്ന പല രൂപങ്ങളും പ്രവർത്തിയിൽ വരുമ്പോൾ നമ്മളെ വഞ്ചിക്കുന്നവരാകാം

മറഡോണ മയക്കുമരുന്നിന് അടിമയായി. അഴിമതിയുടെ പേരിൽ പ്ലാറ്റിനിയെ ഫുട്ബോൾ ഭരണത്തിൽ നിന്ന് വിലക്കി. ഒരു വീട്ടുജോലിക്കാരിയുമായുള്ള (1964-ൽ) ബന്ധത്തിൻ്റെ ഫലമായി ജനിച്ച മകളായ സാന്ദ്ര റെജീന അരാൻ്റസിനെ സ്വീകരിക്കാൻ പെലെ വിസമ്മതിച്ചു.

നമ്മള്‍ 2 തവണ നോക്കിപ്പോകുന്ന വിചിത്രമായ ചില സ്പോര്‍ട്സ് ചിത്രങ്ങള്‍

താഴെ കാണുന്നത് നമ്മെ ചിലപ്പോള്‍ ചിരിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന ചില സ്പോര്‍ട്സ് ചിത്രങ്ങളാണ്. ഗെയിമിനിടെ ചില രംഗങ്ങളില്‍ പകര്‍ത്തപ്പെട്ട ഈ രംഗങ്ങള്‍ കണ്ടു ഷെയര്‍ ചെയ്യൂ.

ആന്ദ്രേ എസ്കോബാർ – വർഷം ഇരുപത്തൊമ്പതായിട്ടും താങ്കൾ ഇന്നും മനസ്സിലൊരു നോവാണ്

ആന്ദ്രേ എസ്കോബാർ – വർഷം ഇരുപത്തൊമ്പതായിട്ടും താങ്കൾ ഇന്നും മനസ്സിലൊരു നോവാണ് Suresh Varieth ഗോളടിക്കുന്നവർ…