Cricket
250 വിക്കറ്റുകൾ പലരും നേടിയിട്ടുണ്ടെങ്കിലും കെമർ റോച്ചിന്റെ നേട്ടം എടുത്തുപറയാൻ കാരണമുണ്ട്

പ്രതാപം ക്ഷയിച്ച തറവാട്ടിലെ പോരാളി
സിറിൾ വാഴൂർ
ലോകക്രിക്കറ്റിൽ അധികം ചർച്ച ചെയ്യപ്പെടാത്ത പേരുകളിൽ ഒന്നായ കെമർ റോച് കഴിഞ്ഞ ദിവസം ബംഗ്ലാദേശിന് എതിരെ നടന്ന ടെസ്റ്റിൽ 250 വിക്കറ്റ് എന്ന നേട്ടം പൂർത്തിയാക്കി. ഒന്നര നൂറ്റാണ്ട് പാരമ്പര്യം ഉള്ള ടെസ്റ്റ് ക്രിക്കറ്റിൽ ഇതൊരു നാഴികക്കല്ലേ അല്ല.റോചിന് മുന്നേ നാല്പതിൽ അധികം താരങ്ങൾ ഈ നേട്ടം മറികടന്നവർ ആണ്. ടെസ്റ്റിൽ ആദ്യമായി അഞ്ഞുറ് വിക്കറ്റ് തികച്ച മുൻഗാമി വാൽഷ് പോലും കളിച്ചത് ഇതെ ടീമിൽ ആണെന്ന് ഓർക്കുമ്പോൾ ഈ നേട്ടത്തിന് എന്താണ് ഇത്ര പ്രത്യേകത??
എന്നാൽ ഒരു കാലത്ത് ലോക ക്രിക്കറ്റിന്റെ അവസാനവാക്കായിരുന്ന വിൻഡീസ് ക്രിക്കറ്റിനെ പറ്റി ഒന്ന് പരിശോധിച്ചാൽ മനസ്സിലാവും ഈ നേട്ടം ചെറുതല്ല എന്ന്. 1900-99 വരെ ഉള്ള കാലഘട്ടം എടുത്താൽ 40 താരങ്ങൾ ആണ് ടെസ്റ്റിൽ 200 വിക്കറ്റ് നേട്ടം പിന്നിട്ടത്. അതിൽ 8 പേര് വിൻഡീസ് താരങ്ങൾ ആയിരുന്നു. 10 പേര് ഈ നേട്ടം പിന്നിട്ട ഓസിസ് മാത്രം ആയിരുന്നു ഇവരുടെ മുന്നിൽ. ആ നൂറ്റാണ്ടിൽ വിൻഡീസ് താരങ്ങൾ ആയ വാൽഷും അംബ്രോസും 500ഉം, 400ഉം വിക്കറ്റ് നേടിയിരുന്നു.
എന്നാൽ പുതിയ നൂറ്റാണ്ട് പിറന്നതോടെ ക്രിക്കറ്റ് തന്നെ മാറി.വിൻഡീസ് ബോർഡിൽ നിരന്തരം കരാർ പ്രശ്നങ്ങൾ ഉയർന്നു, താരങ്ങൾ പലരും കുട്ടി ക്രിക്കറ്റിലേക്ക് കൂടുമാറി . ടെസ്റ്റ് ക്രിക്കറ്റിൽ വിൻഡീസ് ഒന്നുമല്ലതായ രണ്ട് പതിറ്റാണ്ട് കഴിഞ്ഞു പോയി. അവിടെ ആണ് റോച് കൈവരിച്ച ഈ നേട്ടത്തിന്റെ പ്രാധാന്യം.
ഈ രണ്ട് പതിറ്റാണ്ടിൽ 44 താരങ്ങൾ ആണ് 200ന് മേൽ വിക്കറ്റ് നേട്ടം ടെസ്റ്റിൽ പിന്നിട്ടത്. അതിൽ വിൻഡീസിൽ നിന്ന് റോച് അല്ലാതെ മറ്റൊരു താരം പോലും ഇല്ല. റോചിന്റെ മുൻഗാമികൾക്ക് പരസ്പരം മികച്ച കൂട്ടുകെട്ടുകൾ ലഭിച്ചിരിന്നു .റോബർട്സ് -ഗാർനെർ, ഹോൾഡിങ് -മാർഷൽ, വാൽഷ് -ആംബ്രോസ് തുടങ്ങിയ കൂട്ടുകെട്ടുകൾ ആണ് വിൻഡീസിനെ ആരും ഭയക്കുന്ന പേസ് ബാറ്ററി ആക്കിയിരുന്നത് .
എന്നാൽ പ്രതാപം ക്ഷയിച്ച വിൻഡീസ് നിരയിലേക് കഴിഞ്ഞ പതിറ്റാണ്ടിൽ എത്തിയ റോച്ചിന് നല്ലൊരു പിന്തുണ കൊടുക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല . എഡ്വേർഡ്സ് ഉം ടെയിലറും കുട്ടിക്രിക്കറ്റിന്റെ സാധ്യത തേടി പോയപ്പോൾ ഗബ്രിയേൽ നിരന്തരം പരിക്ക് മൂലം പുറത്താവും .ബോർഡിന്റെ അവഗണന, ടീമിലെ പിന്തുണ ഇല്ലായ്മ ഇവയെ ഓക്കെ മറികടന്നു ഈ നേട്ടത്തിലേക് റോച് എത്തുമ്പോൾ തന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന തങ്കം പോലെ പത്തര മാറ്റ് ഉള്ളതായി മാറുന്നു.
Kemar Roach bowling video
2009 ലെ ബംഗ്ലാദേശ് പര്യടനത്തിൽ പ്രമുഖ താരങ്ങൾ പിന്മാറിയതോടെ ആണ് റോച്ചിന് കരീബിയൻ കുപ്പായത്തിലേക്ക് വിളി വന്നത്. കാലിസിനെയും പോണ്ടിങ്ങിനെയും പോലുള്ള മഹാന്മാരെ വിറപ്പിച്ചു ലോകക്രിക്കറ്റിലെക്ക് തന്റെ വരവ് അറിയിച്ചു. 2011 ല് നടന്ന ഏഷ്യൻ ലോകകപ്പിൽ നെതർലെണ്ടിന് എതിരെ ഹാട്രിക് നേടിയ റോച് ഏകദിനത്തിലും 125 വിക്കറ്റ് നേടിയിട്ടുണ്ട്.
ടെയ്ലർ, എഡ്വേഡ്സ് പോലുള്ള മുൻഗാമികളും, രാം പോൾ , കോട്രൽ പോലുള്ള സമകാലികരും, ഓഷെൻ ,ഓബേഡ് പോലുള്ള പിൻഗാമികളും കുട്ടിക്രിക്കറ്റിന് പ്രാധാന്യം കൊടുത്തു ടെസ്റ്റിൽ നിന്ന് അകലുമ്പോഴാണ് റോച് എന്ന പോരാളി തന്റെ ടീമിന് നഷ്ടപെട്ട പ്രതാപം തിരിച്ചു പിടിക്കാൻ ചുവന്ന പന്തിൽ പോരാടുന്നത്.
തന്നിൽ 3-4 വർഷത്തെ ക്രിക്കറ്റ് ബാക്കിയുണ്ട് എന്ന് പ്രഖ്യാപിച്ച ഈ ബാർബെഡിയൻ കളി അവസാനിപ്പിക്കുമ്പോൾ വാൽഷ്, ആംബ്രോസ്, മാർഷൽ എന്നി കരീബിയൻ അതികായന്മർക് ശേഷം ടെസ്റ്റിൽ ഏറ്റവും വിക്കറ്റ് നേടുന്ന വിൻഡീസ് പേസർ ആകുമെന്ന് പ്രതീക്ഷികാം
792 total views, 4 views today