ആ സ്വത്തിന്റെ ഉറവിടം ഇങ്ങനെയാണ് 

125

D Pradeep Kumar

ആ സ്വത്തിന്റെ ഉറവിടം ഇങ്ങനെയാണ് 

1750 ജനുവരി 17 ലെ തൃപ്പടിദാനത്തിനു ശേഷം, തിരുവിതാംകൂറിന്റെ ട്രഷറിയായിരുന്നു , ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകൾ.കാണിക്കയായി നൽകപ്പെട്ടതും,ചെറുനാട്ടുരാജ്യങ്ങളെ തോല്പിച്ചും,അതിക്രൂരമായ നികുതി സംവിധാനങ്ങളിലൂടെ സമൂഹത്തിന്റെ അടിത്തട്ടിലുള്ള പാവങ്ങളുടെ പണം കൈക്കലാക്കിയും ശേഖരിച്ചതാണ് ഈ സ്വത്ത്. ‘ എ’ നിലവറ അറിയപ്പെട്ടതു തന്നെ ശ്രീപണ്ടാരം (ഭണ്ഡാരം = സംഭരണി = ട്രഷറി ) എന്നു തന്നെയായിരുന്നു. ബഹുഭൂരിപക്ഷവും കൊടും ദാരിദ്ര്യത്തിൽ കഴിയുന്ന കാലത്തെല്ലാം പണ്ടാരവക സ്വത്തുക്കൾ കുടുംബാംഗങ്ങൾ, ബ്രാഹ്മണർ, ആശ്രിതർ തുടങ്ങിയവർക്ക് യഥേഷ്ടം നൽകിയവരാണ് തിരുവിതാംകൂർ രാജാക്കൻമാർ.

ബ്രാഹ്മണരെ തീറ്റിപ്പോറ്റാനായി മുറജപം, നേർച്ചസദ്യ, വാരസദ്യ തുടങ്ങിയവ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ പൊടിപൊടിക്കുന്ന സമയത്ത്, തിരുവിതാംകൂറിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഒരു നേരം കുമ്പിളിൽ പോലും കഞ്ഞികിട്ടിയിരുനില്ലെന്ന് ഇപ്പോഴും ‘വഞ്ചീശമംഗളം’ പാടുന്നവർ ഓർക്കണം.-ഈ സ്വത്തുക്കളെടുത്ത് കെട്ടിപ്പടുത്തതാണ് തിരുവനന്തപുരത്തെ കൊട്ടാരങ്ങളും മണിമാളികകളും. അവയിൽ എത്രയെണ്ണം ജനകീയ ഭരണത്തിൽ സർക്കാരിന്റെ ഉടമസ്ഥതയിലുണ്ട് ?

ഒട്ടേറെ പൊതുസ്ഥാപനങ്ങൾ രാജഭരണ കാലത്തുണ്ടായി എന്നതും ഇവിടെ പ്രത്യേകം പറയേണ്ടതുണ്ട്. പക്ഷേ, ആ നൻമകളുടെ പേരിൽ, തിൻമകളുടെ പരമ്പരയെ ന്യായീകരിക്കാനാകില്ല.രാജഭരണകാലം ഉദാത്തമാണെങ്കിൽ, കേരളത്തിലെ എല്ലാ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളേയും, പുരോഗന , ജനാധിപത്യ മുന്നേറ്റങ്ങളേയും മുൻകാല പ്രാബല്യത്തോടെ അസാധുവാക്കേണ്ടിവരും.
‘ശ്രീപത്മനാഭന്റെ ഒരു തരി മണ്ണു പോലും തങ്ങൾക്കു വേണ്ടെന്നു’ പ്രതിജ്ഞ ചെയ്ത രാജാക്കൻമാരുടെ പിൻതലമുറക്കാർ അതിൽ കൈയിട്ടു വാരാൻ തുടങ്ങിയതോടെയാണ് നിലവറകൾ തുറന്ന് കണക്കെടുത്ത്, സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നതും , നിയമയുദ്ധം തുടങ്ങുന്നതും. പത്മനാഭദാസനായ അച്ഛനെ ശുശ്രൂഷിക്കാൻ സിവിൽ സർവീസിൽ നിന്ന് രാജി വച്ച് , ക്ഷേത്രപരിസരത്ത് തന്നെ താമസമാക്കിയ,1964 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ടി.പി. സുന്ദർരാജൻ എന്ന പരമഭക്തനാണ് കേസുമായി ഉന്നത നീതിപീഠം വരെയെത്തിയതെന്ന് മറക്കരുത്. സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റേയും വിദഗ്ദ്ധ സമിതിയിലെ വിനോദ് റോയിയുടേയും റിപ്പോർട്ടുകൾ ഈ ആശങ്കകൾ ശരിവയ്ക്കുന്നതാണ്.
പൂട്ടിക്കിടക്കുന്ന ബി- നിലവറ തുറന്നാൽ രാജ്യത്തിനു തന്നെ ആ പത്തുണ്ടാകുമെന്ന മുൻ രാജകുടുംബത്തിന്റെ വാദം, ആധുനിക സമൂഹത്തിന് ചേർന്നതല്ല. അതിന്റെ പിന്നിലെ ദുരുദേശ്യം വ്യക്തം.

ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി വിധിയെ വിലയിരുത്തേണ്ടത്. ഭാരത സർക്കാരുമായി മുൻ രാജാവ് ഉണ്ടാക്കിയ ഉടമ്പടി (കേവിയന്റ് ) പ്രകാരം ക്ഷേത്രസ്വത്തിന്റേയും ഉടമസ്ഥതയുടേയും അവകാശം പിൻഗാമികൾക്കും ലഭിക്കുമെന്ന വിധി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്.-പല തലമുറകളുടെ വിയർപ്പാണ് ആ നിലവറകളിലെ നിധികുംഭങ്ങളിലുള്ളത്. അതൊന്നും തിരുവിതാംകൂറിലെ രാജാക്കൻമാരോ, അവരുടെ കുടുംബാംഗങ്ങളോ, ആശ്രിതരോ അദ്ധ്വാനിച്ചുണ്ടാക്കിയതല്ല.