അന്ന് ആ തീവണ്ടിയാത്രയില് കണ്ട മകളും അഛനും – രഘുനാഥ് പാലേരി
അപ്പോഴാണ് അധികം യാത്രക്കാരില്ലാത്ത തീവണ്ടി മുറിയിലെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ യുവതിയായ ഒരു മകൾ അഛന്റെ മടിയിൽ തലവെച്ചു കൈ രണ്ടും കൂട്ടിപ്പിടിച്ചു ചരിഞ്ഞു കിടക്കുന്നത് കണ്ടത്. കണ്ണടച്ചു കിടക്കുന്ന മകളുടെ നെറ്റിയിൽ ഇടം കൈ വിരലുകളാൽ അഛൻ പതിയെ തടവിക്കൊണ്ടിരിക്കുന്നു.
160 total views

ഇന്നത്തെ തീവണ്ടിയാത്രയിൽ പാതിയിലേറെ ദൂരവും ഞാൻ എന്നിൽ തന്നെ തനിച്ചായിരുന്നു. എനിക്ക്പോലും എന്നെ പരിചയമില്ലാത്ത ഒരവസ്ഥ. ഞങ്ങൾ പരസ്പരം മനോമനം നോക്കി ദഹിച്ചതല്ലാതെ മറ്റൊരു നീരോട്ടവും ഉണ്ടായില്ല. മനസ്സിന്റെ തടവറയിൽ ശരീരം വീഴുന്ന ചില ഘട്ടങ്ങളുണ്ട്. മനസ്സിന്റെ ഇടി കിട്ടി ശരീരം നുറുങ്ങി വീഴും. ടിഷും..ടിഷും.. ഡിഷും ഡിഷും.. വയ്യാത്ത നായകന്റെ ഊതി വീർപ്പിച്ച കരുത്തിൽ, വെടി കൊണ്ടാൽപോലും രോമം കരിയാത്ത വില്ലൻ തെറിക്കുന്നപോലെ, ആ നേരം ശരീരം വിറകൊള്ളും. ചുട്ടുപൊള്ളും. അവിടെ വില്ലനാണ് മനസ്സ്. നായകൻ ശരീരവും. നായികയാവട്ടെ, മനസ്സിനും ശരീരത്തിനും ഇടയിൽ, വസന്ത ഹേമന്ത ശിശിര പഞ്ചമ ഋതുക്കളായ് മാറുന്ന, ചിന്തകളെന്ന ആകാശവും. ഒടുക്കം, ശരീരമെന്ന നായകൻ ക്ഷീണിതനാകുവേ മനസ്സായ വില്ലനും തളർന്നു. ശത്രു ഇല്ലാത്ത ലോകത്ത് ആയുധം ജനിക്കുന്നു പോലുമില്ല.
അപ്പോഴാണ് അധികം യാത്രക്കാരില്ലാത്ത തീവണ്ടി മുറിയിലെ ഒഴിഞ്ഞ ഇരിപ്പിടത്തിൽ യുവതിയായ ഒരു മകൾ അഛന്റെ മടിയിൽ തലവെച്ചു കൈ രണ്ടും കൂട്ടിപ്പിടിച്ചു ചരിഞ്ഞു കിടക്കുന്നത് കണ്ടത്. കണ്ണടച്ചു കിടക്കുന്ന മകളുടെ നെറ്റിയിൽ ഇടം കൈ വിരലുകളാൽ അഛൻ പതിയെ തടവിക്കൊണ്ടിരിക്കുന്നു. വലം കൈ ജാലകപ്പടിയിൽ വെച്ച് പുറത്തേക്കും നോക്കി ഇരിക്കുന്ന ആ അഛന്റെയും മനസ്സും ശരീരവും പരസ്പരം എന്തോ യുദ്ധത്തിലാണെന്ന് എനിക്കു തോന്നി. വേഗതയിൽ ഓടുന്ന തീവണ്ടിക്കകത്ത് ആ മനസ്സും ഇല്ല. ശരീരവും ഇല്ല. ഒരേ ഇരുപ്പ്. ഒരേ മൌനം.
പാലക്കാട് ഇറങ്ങി, പുറത്ത് ഓട്ടോ കാത്തു നിൽക്കേ, അഛന്റെ ചുമൽ തല ചായ്ക്കാനുള്ള ഭൂമിയാക്കി മാറ്റി ആ മകളും അഛനും ഒരു വാഹനത്തിലേക്ക് സാവകാശം കയറുന്നത് ഞാൻ കണ്ടു. അവർക്കരികിൽ നിന്നും വാതിൽ അടച്ച് മാറുന്ന മറ്റൊരാൾ സെൽഫോണിൽ ആരോടോ ഉച്ചത്തിൽ സംസാരിച്ചുകൊണ്ട് എനിക്കരികിലൂടെ സാവകാശം കടന്നു മാറി. ഞാനാ വാക്കുകൾ പെറുക്കിയെടുത്തു.
ഇതാ… വണ്ടി ഇപ്പം എത്തീട്ടേ ഉള്ളു ….
കൊച്ചപ്പൻ കുട്ട്യേം കൊണ്ട് ഇവിടെ ഇറങ്ങി….
അമ്മാമേ കണ്ടിട്ടേ.. സുരഭി കേജിക്ക് പോണുള്ളൂ….
അതെ കണ്ടോട്ടെ…. ആഗ്രഹല്ലേ..
ഓപ്പറേഷന് കഴിഞ്ഞാലും ചാൻസ് പത്ത് ശതമാനംന്നല്ലേ….
പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടും, അഛനും മകളും യാത്രയാകുന്ന കാറിന്നു നേരെ തിരിഞ്ഞു നോക്കിക്കൊണ്ടും, അയാളും ഒപ്പം ചെവിയിലെ സെൽഫോണും മറ്റൊരു വാഹനത്തിലേക്ക് നുഴയുമ്പോഴേക്കും അവിടം മഴ വീണ് ഭൂമി നനഞ്ഞു.
‘കെജി’, കോയമ്പത്തൂരിലെ ഒരു വലിയ ആശുപത്രിയാണ്. അടുത്ത ഏതോ ദിവസം ആ മകൾക്ക് അവിടെ എന്തോ ഓപ്പറേഷൻ ഉണ്ട്. അതിന്റെ വിജയ ശതമാനം വളരെ തുച്ചമാണ്. എങ്കിലും ആ തുച്ചം മതി അഛന്. കാലവും ശാംസ്ത്രവും നീട്ടിത്തരുന്ന ഒരു കച്ചിത്തുരുമ്പാണത് . ആ പ്രതീക്ഷയിലെ തിരയിളക്കങ്ങളാവാം തീവണ്ടി ജാലകത്തിന്നരികിൽ ആ അഛനെ അഛനിൽ നിന്നും തനിച്ചാക്കിയത്.
ശബ്ദവും അയാളും സുരഭിയും എല്ലാം അകന്നിട്ടും ഇതെഴുതുമ്പോൾ ഞാൻ കരയുന്നു. ആ പത്ത് ശതമാനം….. അതാ മകൾക്ക് കൈനീട്ടമാകണേ.. ശാസ്ത്രം ജയിക്കണേ..
ആരെഴുതുന്ന ഏത് തിരക്കഥയും ജീവിതമെന്ന സത്യത്തിന്നു മുന്നിൽ എന്നും പകച്ചു നിൽക്കുന്നതേ ഞാൻ കണ്ടിട്ടുള്ളൂ. അതുപോലെ ചില നേരം ഞാനും പകച്ചു നിൽക്കുന്നു.
(ഇന്ന് ഈ താളിൽ ഞാൻ എഴുതാൻ തീരുമാനിച്ചത് ഈ കുറിപ്പായിരുന്നില്ല. ആ മകളും അഛനും എന്നിൽ നിന്നും ആ അക്ഷരങ്ങളത്രയും മായ്ച്ചു കളഞ്ഞു.. )
161 total views, 1 views today
