ഒരു ഗള്‍ഫു വീട്ടമ്മയുടെ ഡയറികുറിപ്പില്‍നിന്നും..

983

pravasam

സ്നേഹം നിറഞ്ഞ കൂട്ടുകാരിക്ക് !!

പടച്ചവന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന “ഗള്‍ഫില്‍” സുഖമായെത്തി, ,,വിമാനത്താവളത്തിലും ,വിമാനത്തിലും ചില എടങ്ങേറ് ഒക്കെ ഉണ്ടായിരുന്നെങ്കിലും യാത്ര യൊക്കെ നല്ല സുഗമായിരുന്നു !! കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇക്കാക്കും എനിക്കും രണ്ടു കൊല്ലത്തിനു വേണ്ട എല്ലാ സാധങ്ങളും കുത്തി നിറച്ച “അഞ്ചു ,പെട്ടി”യും അവര് കയ്യില്‍ നിന്നും വാങ്ങി ഒരു ഓട്ടയില്‍ കൂടി അങ്ങട്ട് വിട്ടപ്പം ന്റെ അടിവയറ്റിലൊന്നു കാളി ,അതില് ഏതേലൊന്നു പോയാല് എന്തിനു നന്നും !! നബീസു പോരണന്നു നാല് പെട്ടീം കൊണ്ടാ പോന്നത്‌ ,അതാ ഞാന്‍ അഞ്ചെണ്ണം തന്നെ വേണംന്നു വാശി പിടിച്ചത് !!

ഞാന്‍ ഓളെക്കാളും അത്ര മോശമാകാന്‍ പാടില്ലല്ലോ ..എന്നാലും അവര് അതീന്നു കുറെ സാദനം ഒക്കെ ഒഴിവാക്കി അതാ സങ്കടം ,,ഒരു കണക്കിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യല്ല, പുഴമീന് വാങ്ങുംമ്പം തന്നെ കുറച്ചു ചീഞീരുന്നു ,അത് പൊരിച്ചു കൊണ്ടുവരാം ന്നു പറഞ്ഞിട്ടു ഇക്കാക്ക് പറ്റില്ല ,,ഇക്ക നമ്മളെ പുഴ കണ്ടിട്ട് കാലം കുറെ ആയില്ലേ ,അത് കൊണ്ടാ പുഴകൊണ്ട് വരാന്‍ പറ്റാത്തതു കൊണ്ട് പുഴമീന്‍ “ലൈവ് ആയി” കൊണ്ട് വരാന്‍ പറഞ്ഞത്‌ ,,സംഗതി കുഴപ്പം ഒന്നും ഇല്ലായിരുന്നു ,പക്ഷേ ഞമ്മളെ എയര്‍ഇന്ധ്യ അല്ല്ലേ ,,”വെറും പതിനൊന്നു” മണിക്കൂറേ വൈകീട്ടുള്ളൂ ,,കുറച്ചു കഴിഞ്ഞപ്പം തന്നെ ഒരു ചീഞ്ഞ മീന്‍ മണമെനിക്ക് ഫീലിയിരുന്നു !! ,,ബോര്‍ഡിങ്ങില്‍ എത്തിയപ്പോള്‍ വല്ലാത്ത നാറ്റം ,,അത് എന്റെ ലഗേജില്‍ന്നാന്നു അവര്‍ക്ക് മനസ്സിലായതുകൊണ്ട് കൊണ്ട് ബോര്‍ഡിംഗ് പാസ്‌ വേഗം കിട്ടി ,, !!

ഏതായാലും ആ മീന്റെ കബറടക്കാനുള്ള യോഗ ഭാഗ്യം എയര്‍പോര്‍ട്ടിലെ കുപ്പ തൊട്ടിക്കാന്നു കൂട്ട്യാല്‍ മതി !!,വേറയും കുറേ ചിരട്ടയും ചേരിയും വരിക്കച്ചക്കന്റെ ചുളയും മാങ്ങയും തേങ്ങയും വിളഞ്ഞിയും ഒക്കെ ആ ‘പഹയന്മാര് ‘ വലിച്ചെറിഞ്ഞു!! ഒണക്കമത്തി അവര് കണ്ടില്ല അത് ഇക്കാക്ക് ഞാന്‍ പ്രത്യേകം വാങ്ങിയ “അടല്‍സ്ഒണ്‍ലി” ഷര്‍ട്ടില്‍ പൊതിഞതു കൊണ്ട് ഭാഗ്യം !! ഇക്കാക്ക് മണ്ണിന്റെ രുചിയുള്ള കറിവെക്കാന്‍ കൊണ്ടോന്ന മണ്‍ചട്ടിയുടെ വക്ക് ഒന്നും പൊട്ടീല്ലങ്കിലും അടീയില്‍ ഒരു ചെറിയ ഓട്ടവീണു ,, വേറെ പരിക്കൊന്നുമില്ല!!

വിമാനം ഒരു സംഭവം തന്നെ മോളെ ,,,അതങ്ങട്ട് പൊന്തുംമ്പം നേരെ മഹ്ശറയില്‍  പോവാന്നെന്നെ   ഞാന്‍ വിജാരിച്ചത്!! ഇജി എന്നെങ്കിലും ഇങ്ങട്ട് വരാണെങ്കില് അന്നെ യാത്രയാക്കാന്‍ അയല്‍പക്കക്കാരും ,കുടുംമ്പക്കാരുമൊക്കെ വരും ,അപ്പോള്‍ അവര്‍ക്ക് കഴിക്കാനുണ്ടാക്കുന്ന കോഴിയും പത്തിരിയും ഒക്കെ ഗമകാട്ടി വിമാനത്തില്‍ നിന്നും കിട്ടുംന്നു വിചാരിച്ചു തിന്നാണ്ട് പോരണ്ട ,ഒരു പ്ലേറ്റില്‍ നാല് പിടി ചോറും നാല്പതു സ്പൂണും തരും ,,കത്തിയും മുള്ളും ഒക്കെ ഉപയോഗിച്ചിട്ടാത്രേ അത് തിന്നണ്ടത് ,,ഓരോരുത്തരു അതും വെച്ചു കളിക്കണതു കാണുമ്പോള്‍ ,എനിക്ക് പണ്ട് ഞമ്മളെ കണ്ടന്‍ പൂച്ച കഞ്ഞിക്കലത്തില്‍ തലയിട്ടു കുടുങ്ങിയതാ ഓര്‍മ്മവരണത്, ഞാന്‍ ന്റെ കയ്യോണ്ട് നല്ലോണം കൊയച്ചു അങ്ങട്ടു തിന്നു എനിക്കങ്ങനത്തെ ഗള്‍ഫില്‍ക്കാ പോണത് എന്നുള്ള അഹങ്കാരമൊന്നുമില്ല ,,, വിമാനം പൊങ്ങുംപോഴും താഴുംപോഴും സീറ്റ്‌ ബെല്‍റ്റ്‌ കെട്ടണം ,അത് കെട്ടാന്‍ നല്ല എളുപ്പമാ ,പക്ഷേ അഴിക്കാന്‍ ഇച്ചിരി പാടാ എന്ന് ഐസുമ്മു ഇന്നാളു ഫോണ്‍ വിളിച്ചപ്പം പറഞ്ഞിരുന്നു ,അത് കൊണ്ട് ഞാന്‍ അത് ആ ഓട്ടയില് കുത്താതെ കൈ കൊണ്ട് ആരും കാണാതെ മറച്ചു വെച്ചു പിടിച്ചു ,,!! സംഗതി എന്തൊക്കെയായാലും ,അതിലെ വേലക്കാരികള്‍ ഒക്കെ നല്ല വൃത്തിയും വെടിപ്പും ഉള്ളവരാ ,,ചായയും കാപ്പിയും ഒക്കെ ഇഷ്ടംപോലെ കിട്ടും ,,ഒറ്റ കുഴപ്പമേയുള്ളൂ ,പഞ്ചസാരയും ,ചായപ്പൊടിയും ,പാലും ഒക്കെ നമ്മള് തന്നേ കൂട്ടി ചായ ഉണ്ടാക്കണം ,വീട്ടമ്മമാര്‍ വിമാനത്തിലായാലും സ്വയം ചായയിട്ട് കുടിക്കണം !!

എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയാല്‍ ഇവിടുത്തെപോലീസുകാര്‍ എന്തു ചോയ്ചാലും മാഫി മാഫീ എന്ന് പറഞ്ഞാല്‍ മതി ,ഒരിക്കലും എസ്.എസ് എന്ന് മിണ്ടി പ്പോകരുത്‌ .ഞാന്‍ തന്നേ കുടുങ്ങി പ്പോയതാ ,,എന്നോടവര് ഈ ലഗേജു കണ്ടിട്ട് ,ഇന്‍ത്തി മന്ദൂപ്‌ ഗുമാം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മനസ്സിലായത് പോലെ ഇംഗ്ലീഷില്‍ ,എസ് എസ് എന്ന് പറഞ്ഞു ,അത് കേട്ടപ്പോള്‍ അവര് വല്ലാത്ത ചിരി ,,,അതിന്റെ അര്‍ഥം പിന്നെ ഇക്ക പറഞ്ഞപ്പോഴാ എനിക്കും മനസ്സിലായത്‌ ,,അനക്കു അവിടെ ആക്രി ക്കച്ചവടാണോ ന്നാ അയാള്‍ ചോദിച്ചതത്രേ അതിനു മാത്രം കച്ചറ സാധനങ്ങളല്ലേ അതില് ഉണ്ടായിരുന്നത് !!!

നമ്മളെ നാട്ടിലെ പ്പോലെ ഹലാക്കിന്റെ വീടൊന്നും ഇവിടെ ഇല്ല ,ഒരു കണക്കിന് അത് നല്ലതാ ,,എപ്പോഴും തുടച്ചു വൃത്തിയാക്കണ്ടല്ലോ ,,ആ പണി എളുപ്പമായി ,ടൈല്‍സിനു മുകളില്‍ കൂടി കാര്‍പ്പെറ്റ് ഇട്ടതു കൊണ്ട് അത് ക്ലീന്‍ ചെയ്യുന്ന ജോലി ഇക്ക ഏറ്റെടുത്തു, ആ മെഷീന്‍ ഉപയോഗിക്കുന്നതൊന്നും ഞമ്മക്ക്‌ ഉപയോഗിക്കാന്‍ അറിയാത്ത പോലെ അഭിനയിച്ചാല്‍ മതി ,,നാറ്റം റൂം സ്പ്രയില്‍ നിന്നും “കൈവിട്ടു” പോകുമ്പോള്‍ അതൊക്കെ ഇക്ക താനേ ചെയ്തോളും ,,അടുക്കള രണ്ടു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ആയത് കൊണ്ട് ക്ലീന്‍ ചെയ്യാനും വേഗം കഴിയും !! മാസത്തില്‍ ഒരിക്കല്‍ ഗ്യാസ് വണ്ടി വരുന്നതും കാത്തു ഞമ്മള് രാവിലെ മുതല്‍ വൈകുന്നേരം വരെ റോട്ടില്‍ നില്‍ക്കണ്ട ,,, അതൊക്കെ ഇക്ക തന്നെ കൊണ്ടുവരും !!ഇക്ക ആ കുറ്റിയും താങ്ങി നാലാം തട്ടിലെ ഞങളെ ഫ്ലാറ്റില്‍ക്ക് വരുന്നത് കാണാന്‍ നല്ല ചേലാണ് !! നാട്ടില്‍ വന്നാല് ഗ്യാസ് കുറ്റി അകത്തുവെക്കുന്നത് പോയിട്ട് ,അതൊന്നു വിളിച്ചു ബുക്ക് ചെയ്യാന്‍ പോലും മടിയുള്ള ആള് ആ കുറ്റിയും ഏറ്റി വരുന്നത് കാണുമ്പോള്‍ കുഞ്ഞിക്കൂനനിലെ ദിലീപ് ആണോ ആ വരുന്നത്‌ എന്ന് തോന്നി പ്പോകും !!

വേറെ ഏറ്റവും വലിയ സുഖം കിണറില്‍ പതിനാറാം പടവു വരെ ബക്കറ്റു താഴ്ത്തണ്ട !! ,പകരം കാശ് കൊടുത്താല്‍ വെള്ളം വാങ്ങാന്‍ കിട്ടും ,,പതിനാറ് ലിറ്ററുള്ള രണ്ടു ബോട്ടില്‍ ഇക്ക രണ്ടു കയ്യിലും തൂക്കി ബാലന്‍സ് കീപ്‌ ചെയ്തു ആടിയാടിയുള്ള ഒരു വരവുണ്ട് , അത് കാണുമ്പോള്‍ നമ്മളെ വേലായുധേട്ടന്‍ പേടങ്ങലില്‍ പോയി അടിച്ചു പാമ്പായി വരുന്നത് പോലെ തന്നെ തോന്നിപ്പോകും !!!, പിന്നെ ഞാന്‍ ഇവിടെ വന്നപ്പോള്‍ എന്നെക്കാണാന്‍ നമ്മുടെ നാട്ടുകാരൊക്കെ വന്നിരുന്നു ,എല്ലാരെയും ഞാന്‍ “കോഴിക്കറി” വെച്ച് സല്‍ക്കരിച്ചു,നാടന്‍ കോഴിയല്ല അഞ്ചു കൊല്ലം മുമ്പ്‌ ബ്രസീലില്‍ നിന്നും പുറപ്പെട്ട കോഴി ,,അതും ഒരു എളുപ്പമാ കോഴീനെ കൊല്ലാന്‍ മുല്ലാക്കാനെ തിരയണ്ട !!

വിരുന്നുകാര് വന്നാല് തൊടി നിറച്ചും ഓടി നടന്നു കോഴിയെ പിടിക്കണ്ട ,,,പ്ലാസ്റ്റിക് ബാഗില്‍ കയ്യും കാലും മടക്കിവെച്ച് സുഗമായുറങ്ങുന്ന ആ കോഴീനെ കാണാന്‍ തന്നെ എന്തൊരു മൊഞ്ജാണെന്നോ !! ഇറച്ചിയും മീനും പിന്നെ പറയും വേണ്ട!! നാട്ടില്‍ ഇസ്മായില്‍ന്റെയും ഉസ്മാന്ക്കന്റെയും മീന്‍ കൊട്ടയും കാത്തു ഒരു ദിവസം അങ്ങനെ പോയിക്കിട്ടും ,,ഇവിടെ അതല്ല സ്ഥിതി ,,അത് ഇക്ക തന്നെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി വെട്ടി വൃത്തിയാക്കി കൊണ്ട് വരും !! എന്ന് വെച്ചിട്ട് എനിക്ക് പണിയില്ലാ എന്ന് നീ കരുതരുത് ,അത് കഴുകി വെച്ചുണ്ടാക്കി വിളമ്പി കൊടുക്കല്‍ ഒരു പണിതന്നെയല്ലേ !!

ഇവിടെ ഞാന്‍ കാണുന്ന വേറൊരു സുഖം അമ്മായിഅമ്മ ,നാത്തൂന്‍ പോര് ഇല്ലേയില്ല !! നാട്ടില്‍ അഞ്ചു മണിക്ക് സുബഹി ബാങ്കിനു എണീറ്റില്ലേല്‍ ഒരു സ്വയ് ര്യവും അമ്മായിമ്മ തരില്ല !! രാവിലെ ബെഡ് കോഫി കിട്ടിയില്ലങ്കില്‍ അപ്പൊ തുടങ്ങും നാത്തുന്‍ പീഡനം!! ഇവടെ സുബഹി എന്നൊരു നിസ്ക്കാരമുള്ള കാര്യം തന്നെ എനിക്കറിയൂല ,, പന്ത്രണ്ടു മണിക്ക് ഇക്ക വന്നു വാതില്‍ക്കല് മുട്ടുമ്പോഴാണ് സമയം എത്രയാണ് എന്ന് അറിയല്‍ തന്നെ !!

വേറെയും എന്തൊക്കെ സുഖം !! വേസ്റ്റ് അടുക്കളയില്‍ തന്നെ ഒരു ബക്കറ്റില്‍ വെച്ചാല്‍ മതി ,,അതും ഇക്ക തന്നെ കൊണ്ട് പോയി തട്ടിക്കോളും,,പീടികയില്‍ പോവലും സാധനം വാങ്ങലും ഒക്കെ ഇക്ക !! അനുഭവിക്കട്ടെ ,,നാട്ടില്‍ ഇതൊക്കെ ഞാന്‍ കുറേ തനിയെ ചെയ്തതല്ലേ ഇവരും അറിയട്ടെ ഇതിന്റെയൊക്കെ ഒരു ബുദ്ധിമുട്ട് !!

വ്യാഴ്ചയായാല്‍ ഞങ്ങള്‍ക്ക് ഒരു കറക്കമുണ്ട് !! അന്നാണ് മോളേ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നതും ഇനി നടക്കാനുള്ള തുമായ എല്ലാ കാര്യങ്ങളും ഞങള്‍ “പാവം ഹൌസ് വൈഫുമാര്‍” പാര്‍ക്കില്‍ ഇരുന്നു ചര്‍ച്ച ചെയ്യാര്‍ !! ഓരോരുത്തര്‍ അമ്മായിഅമ്മ ക്കിട്ടു “താങ്ങിയതും” നാത്തൂന്‍ മാര്‍ക്കിട്ട് “കൊട്ടിയതും” കേള്‍ക്കുമ്പോള്‍ നമ്മള്‍ ചെയ്തത് ഒന്നുമല്ല മോളെ !! അനക്ക് കേള്‍ക്കണോ ന്നെ ഒന്ന് ഇങ്ങോട്ട് കൊണ്ടുവരാന്‍ വേണ്ടി ഇക്ക ഇക്കാന്റെ മ്മാനോട് സങ്കടം അഭിയിച്ചു പറഞ്ഞു “ഉമ്മാ എനിക്ക് അവളില്ലാതെ ഇവിടെ നിക്കാന്‍ കഴിയൂല” ,അപ്പോള്‍ ഉമ്മ പറഞ്ഞു “അത്ര ബുദ്ധി മുട്ടാണങ്കില്‍ മോനെ ഇജി ഗള്‍ഫ്‌ ഒഴിവാക്കി ഇങ്ങോട്ട് പോരാടാ ,ഓള് അങ്ങട്ടു വന്നാല്‍ നിനക്ക് അവളെ മാത്രമേ കാണാനൊക്കൂ ഇജി ഇങ്ങോട്ട് വന്നാല്‍ അനക്ക് എല്ലാരേയും കാണാലോ ,,എന്ന് “അത്രയ്ക്ക് സ്നേഹാ ഉമ്മാക്ക് ഇക്കാനോട് !!

ഞാന്‍ അന്നു പോരുമ്പോള്‍ ഒറ്റ സങ്കടമേ ഉണ്ടായിരുന്നുള്ളൂ ,ഹരച്ചന്ദനം സീരിയലില്‍ ,ഉണ്ണിമായയും ഹരിസാറും എന്താകും എന്ന ഒറ്റ വിഷമം ,ആ മഹാ ദേവനങ്ങാനും ഉണ്ണി മായേ കൊന്നാലോ ? വിമാനത്തില്‍നിന്നും അതൊക്കെ ആലോചിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി ,ഇവടെയെത്തിയപ്പോഴാ സമാധാനമായത് ,,അവിടുത്തെ സീരിയല്‍ ഒക്കെ രണ്ടു ദിവസം കഴിഞ്ഞിട്ടാ ഇവിടെ കിട്ടുന്നത് !! അത് കൊണ്ട് അതൊന്നും മിസ്സായില്ല !! ഇവിടെ എല്ലാ സീരിയലും മുടങ്ങാതെ കാണാം !! നാട്ടിലെ ഒടുക്കത്തെ പവര്‍കട്ട് കാരണം നീ ഏതെങ്കിലും ഭാഗം കാണാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ എന്നോട് പറയണം ,,ഞാന്‍ പറഞുതരുന്നുണ്ട് കഥ !!

ഇന്റര്‍നെറ്റ്‌ വഴി വിളിക്കുമ്പോള്‍ നാട്ടിലെ വെറും ഒരു ഉറു പ്പ്യെ മിനുട്ടിന് വരൂ !! ഒന്നിനും സമയം കിട്ടുന്നില്ല അതാണ്‌ എന്റെ പ്രശനം ,സ്റ്റാര്‍സിങ്ങറിനും ,കുങ്കുമപ്പൂവിനും ഇടക്കുള്ള “വാര്‍ത്ത”ക്കിടയിലാണ് കുക്കിംഗ് ടൈം , ഇന്റെര്‍നെറ്റില്‍ തിരഞ്ഞാല്‍ “വാചകറാണി” ചേച്ചിയുടെ പല തരത്തിലുള്ള കറികളും ഉണ്ടാക്കി പഠിക്കാം ,,ഇത്ര ധൈര്യമായി നമുക്ക് ഇവിടുന്നല്ലേ പരീക്ഷണം നടത്താന്‍ പറ്റൂ !! പക്ഷെ അതിനു ആ കമ്പ്യൂട്ടര്‍ ഒന്ന് ഒഴിഞ്ഞിട്ടു വേണ്ടേ ? ഇക്ക എപ്പോഴും അതിന്‍റെ മുമ്പില്‍ തന്നെ !! എന്തു പറഞ്ഞാലും ഒരു മൂളല് മാത്രം !വല്ലാണ്ട് ചൊറിഞ്ഞപ്പോള്‍ ഇക്ക എനിക്കും വാങ്ങി തന്നു ഒരു കമ്പ്യൂട്ടര്‍, അതു കൊണ്ട് സമയം എളുപ്പം പോകും !!എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഞാന്‍ മെസന്‍ജറില്‍ കേറി ഇക്കാനോട് ചാറ്റും,,അതാകുമ്പോള്‍ എന്താ എന്നറിയില്ല മറുപടി വേഗം കിട്ടുന്നുണ്ട് ,,ഇക്കണക്കിനു പോയാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കിനി മെയില്‍ അയക്കേണ്ടി വരുംന്നാ തോന്നുന്നത്

ഒന്നു പറഞ്ഞാല്‍ ഇവരുടെയൊക്കെ കാര്യം കഷ്ട്ടം തന്നെ ,,ആകെ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന നാല്പതു ദിവസം കുടുംമ്പക്കാരെയും കൂട്ടുകാരെയും സന്തര്‍ശിച്ചു ,,സല്‍ക്കാരവും ടൂറും കഴിഞ്ഞാല്‍ പിന്നെയെവിടയാ നമുക്കൊപ്പം ജീവിക്കാന്‍ സമയം ? അത് കൊണ്ട് ഇതൊക്കെ ഒരു തമാശയായും ഉള്ള സൗകര്യങ്ങല്‍ പരമാവധി അഡ്ജസ്റ്റ് ചെയ്തും ഞാന്‍ ഇവിടെ “ഹാപ്പി വൈഫ്‌” ആയി ജീവിക്കുന്നു ജീവിതത്തിന്റെ നല്ലഭാഗം തനിയെ ജീവിച്ചു ,ജീവിക്കുന്ന ഭൂരിഭാഗം ഗള്‍ഫുകാരെ അപേക്ഷിച്ചു നോക്കുമ്പോള്‍ നമ്മളൊക്കെ എത്രയോ ഭാഗ്യവതികളല്ലേ ? നീ യുംനിന്റെ ഇക്കാനോട് പറഞ്ഞു വേഗം ഒരു വിസ ഒപ്പിച്ചു ഇങ്ങോട്ട് വാ ,,,എന്റെ ഇക്കയുടെതു “ലേബര്‍വിസ” ആയത് കൊണ്ട് പതിനെട്ടായിരം റിയാലെ വിസ്സക്കായുള്ളൂ ,,,നിന്റെ ഇക്കാക്ക് ഇത്രയൊന്നും പണം കൊടുക്കാതെ കിട്ടും എന്ന് എല്ലാരും പറയന്നു ,,എത്രയും വേഗം എനിക്കൊരു കൂട്ടായി നീയും ഇവിടെയെത്തും എന്ന് പ്രതീക്ഷിച്ചു കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു !! അതോടെ നിന്റെ ഇക്കാന്റെ മനസ്സമാധാനം പോയിക്കിട്ടുമല്ലോ ? ബാക്കി നേരില്‍, നിര്‍ത്തുന്നു ,

(സ്നേഹത്തോടെ നിന്റെ  കളിക്കൂട്ടുകാരി ,,)