ദലിത് മുന്നേറ്റം ലക്ഷ്യം കാണുമോ?

224

jignesh-mevani-1472224483

ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും ഒഴിച്ച് നിര്‍ത്തപ്പെട്ട ദലിത് പിന്നാക്ക വിഭാഗങ്ങള്‍, തങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കും കൊടിയ പീഡനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിരോധനിരയുമായി രംഗത്തു വന്നത് പുതിയൊരു ചരിത്രത്തിന്‍റെ തുടക്കമാവുകയാണ്.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം തങ്ങളുടെ അജണ്ടകള്‍ നിലനിര്‍ത്താനുള്ള വോട്ടു ബാങ്കുകളായും ഏറ്റവും താഴ്ന്ന ജോലികള്‍ ചെയ്യിപ്പിക്കുവാനുമുള്ള ഉപകരണങ്ങളായി നിലനിര്ത്തുകയാണെന്ന യാഥാര്ത്ഥ്യം മനസ്സിലാക്കിയ ദലിതര്‍, അഡ്വ. ജിഗ്നേഷ് മവാനിയുടെ നേതൃത്വത്തില്‍ നടത്തിയ ഗുജറാത്തിനെ ഇളക്കി മറിച്ച ‘അസ്മിത റാലി’ നവജാകരണത്തിന്റെയും വിമോചനത്തിന്റെയും നിദര്‍ശനമായിട്ടാണ് വിലയിരുത്തുന്നത്.

സവര്‍ണ്ണ മേധാവിത്വത്തിന്റെയും സംഘപരിവാര്‍ കുടുംബങ്ങളുടെയും പരീക്ഷണശാലയായ ഗുജറാത്തില്‍ നിന്നും തന്നെയാണ് അവിടെത്തെ ഏറ്റവും താഴ്ന്ന ജോലിചെയ്ത് മൃഗങ്ങളിലേറെ കഷ്ടപ്പാടില്‍ ജീവിതം തള്ളി നീക്കുന്ന ദളിത് പിന്നാക്ക വിഭാഗങ്ങള്‍ തങ്ങള്‍ പരമ്പരാഗതമായി ചെയ്തുകൊണ്ടിരിക്കുന്ന തോട്ടിപ്പണിയും ചത്തുപോയ ഗോമാതാക്കളുടെ തോലുരിഞ്ഞു സംസ്കരിക്കുക തുടങ്ങിയ ജോലികളൊന്നും ഇനി മുതല്‍ ചെയ്യില്ലെന്ന് പ്രതിജ്ഞയും ധീരമായ മുന്നേറ്റത്തിന്റെ തുടക്കമാണ്.

എന്നാല്‍ ഹൈദരാബാദ്‌ യുണിവേര്‍സിറ്റി വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളും ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ഥി സമരത്തെ നേരിട്ട രീതിയും കഴിഞ്ഞ ദിവസം അഡ്വ. ജിഗ്നേഷ് മവാനിയുടെ അകാരണമായി കസ്റ്റഡിയില്‍ വെച്ചതും ദളിത് പിന്നാക്ക മുന്നേറ്റങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നതിന്‍റെ ഉദാഹരണങ്ങളാണ്. അതേപോലെ തന്നെ കാലങ്ങളായി സവര്‍ണ മേധാവിത്വം അരങ്ങു വാഴുന്ന പരമ്പരാഗത രാഷ്ട്രീയ തമ്പുരാക്കന്മാരുടെ ഇരട്ടത്താപ്പുകള്‍ പുറത്തുവരുന്നതും വോട്ടുബാങ്കുകള്‍ നഷ്ടപ്പെടുന്നതും തടയിടുന്നതിന് വേണ്ടി ഇടതു വലതു മുന്നണികള്‍ സര്‍വ്വ തന്ത്രങ്ങളും പയറ്റുന്നതില്‍ ഐക്യത്തിലായിരിക്കും.

സംഘടനകളിൽ ഭിന്നിപ്പ് ഉണ്ടാക്കിയും നേതാക്കന്മാരെ ചാക്കിട്ട് പിടിച്ചും പ്രീണിപ്പിച്ചും മോഹന വാഗ്ദാനങ്ങൾ നല്കിയും വഴങ്ങാത്തവരെ പീഢിപ്പിച്ചുമൊക്കെ പിന്നാക്ക മുന്നണി കൂട്ടായ്മകളെ തകർക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. ഇത്തരം പ്രതിസന്ധികളെ തരണം ചെയത് മുന്നോട്ട് പോകാൻ ദലിത് പിന്നാക്ക വിഭാഗങ്ങളെ സഹായിക്കാൻ സമാനമനസ്കരായ സമുദായങ്ങളും സംഘടനകളും മുന്നോട്ട് വരേണ്ടതുണ്ട്.

അവര്‍ണ്ണന് അധികാരം പീഡിതന് മോചനം’ എന്ന മുദ്രാവാക്യവുമായി രംഗത്ത്‌ വന്നതാണ്‌ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ഇത്രയും കാലം ജയില്‍ പീഡനം അനുഭവിക്കേണ്ടിവരുന്നതിന്‍റെ യഥാര്‍ത്ഥ കാരണം എന്നത് കൂടി ചേര്‍ത്ത് വായിക്കുക.

Advertisements