Web
ഡാര്‍ക്ക് നെറ്റ് : ഇന്റര്‍നെറ്റിലെ രഹസ്യലോകം
കണ്‍വെട്ടത്ത് ഉണ്ടായിരിക്കുകയും എന്നാല്‍ അതേസമയം നമ്മുക്ക് അദൃശ്യമായിരിക്കുകയും ചെയ്യുന്ന ഡാര്‍ക്ക് നെറ്റിന്റെ വിശേഷങ്ങള്‍ അറിയാം.
377 total views, 1 views today

മലയാള മനോരമയില്‍ ‘ഇന്റര്‍നെറ്റ് അധോലോകം ഭരിക്കുന്ന മലയാളി ചെറുപ്പക്കാര്‍’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം ഈയിടെ വായിക്കുവാന്‍ ഇടയായി. ആളുകളെ കരിവാരിത്തേയ്ക്കുവാനും അസഭ്യം പറയുവാനും ലഹരിമരുന്ന് കച്ചവടം ചെയ്യുവാനും ക്വട്ടേഷന്‍ ഏല്‍പ്പിക്കുവാനും സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നു എന്ന് പറയപ്പെടുന്ന ഈ ശൃംഖലയ്ക്ക് ‘ബി-വേള്‍ഡ്’ എന്നൊരു ഓമനപ്പേരും മനോരമ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒന്നാലോചിച്ചാല്‍ ഇന്റര്‍നെറ്റ് വരുന്നതിനും മുന്നേതന്നെ പ്രചാരത്തില്‍ ഇരുന്ന ചില ഏര്പ്പടുകളെ അത്യാവശ്യം കമ്പ്യൂട്ടര്‍ അറിയാവുന്നവര്‍ ഇത്തിരി എളുപ്പത്തില്‍ ആക്കി എന്നതൊഴിച്ചാല്‍ ഈ പറയുന്ന അധോലോകം ഒക്കെ വെറും ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന് മനസിലാകും.
അല്ലെങ്കില്‍ തന്നെ നാട്ടില്‍ നടക്കുന്ന ഏത് കൊള്ളരുതായ്മയ്ക്കും ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയകളെയും കുറ്റം പറയുന്ന സാധാരണക്കാരനെ അമ്പരപ്പിക്കാന്‍ ഇത്തരമൊരു വാര്‍ത്തകൊണ്ട് കഴിഞ്ഞേക്കും. എന്നാല്‍, വെറുതെ ഇന്റര്‍നെറ്റ് അധോലോകം, ഓണലൈന് രഹസ്യഇടങ്ങള് എന്നൊക്കെ പറഞ്ഞ് ഇത്തരം അപ്രസക്തങ്ങളായ കാര്യങ്ങളെ ഊതിപ്പെരുപ്പിക്കുമ്പോള്‍ സത്യത്തില്‍ ഇന്റര്‍നെറ്റില്‍ നമ്മളില്‍ പലരും ഇതുവരെ കേട്ടിട്ടുപോലും ഇല്ലാത്ത ഒരു വലിയ ‘അധോലോകം’ ഉണ്ടെന്ന വസ്തുതയാണ് വിസ്മരിക്കപ്പെടുന്നത്.
ഇന്റര്‍നെറ്റിലെ യഥാര്‍ത്ഥ ‘രഹസ്യ’ലോകം
ഡാര്‍ക്ക് നെറ്റ് എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഡീപ്പ് വെബ് എന്നോ? ഇന്റര്‍നെറ്റിലെ രഹസ്യഇടങ്ങളെന്നാല് മയക്കുമരുന്ന് വില്‍ക്കുകയും ക്വട്ടേഷന്‍ എടുക്കുകയും ചെയ്യുന്ന ഇടങ്ങള്‍ എന്നാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ ധാരണ. അല്ലെങ്കില്‍, അങ്ങനെയാണ് നമ്മുടെ മാധ്യമങ്ങള്‍ നമ്മുക്ക് പറഞ്ഞുതരുന്നത്. ഈ ഏര്‍പ്പാടുകള്‍ ഒക്കെ ഇന്റര്‍നെറ്റില്‍ ഉണ്ട്. എപ്പോഴും ഉണ്ടാവുകയും ചെയ്യും. എന്നാല്‍, സേര്‍ച്ച് എന്‍ജിനുകള്‍ക്ക് പിടിതരാത്ത, തേടിയെത്തുന്ന ആളിന്റെ ഐ.പി. വിലാസം എന്‍ക്രിപ്റ്റ് ചെയ്ത് പൂര്‍ണമായും അനോണിമിറ്റി ഉറപ്പുനല്‍കുന്ന ഒരു ‘അദൃശ്യ’ ഇന്റര്‍നെറ്റ് ആണ് ഡാര്‍ക്ക് നെറ്റ്. കൊമേഴ്സ്യല്‍ സേര്‍ച്ച് എന്‍ജിനുകള്‍ക്ക് പിടിതരാത്ത ഓണലൈന് ഇടങ്ങളെ ഒന്നായി വിളിക്കുന്നത് ഡീപ്പ് വെബ് എന്നും. ഡാര്‍ക്ക് നെറ്റിലും ഉണ്ട് മയക്കുമരുന്നും ആയുധവില്‍പ്പനയും ഹാക്കിങ്ങും ക്വട്ടെഷനും എല്ലാം. എന്നാല്‍, ഇവ എല്ലാത്തിനും മേലെ ഉപയോഗിക്കുന്ന ആളുകളുടെ അനോണിമിറ്റി സംരക്ഷിക്കുന്നു എന്ന ഒറ്റക്കാരണമാണ് ഡാര്‍ക്ക് നെറ്റിനെ ഇത്രമേല്‍ ജനപ്രിയമാക്കുന്നത്.
ഡാര്‍ക്ക് നെറ്റ് രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നത് എങ്ങനെ?
ഇന്റര്‍നെറ്റില്‍ നാം ചെല്ലുന്ന ഇടങ്ങള്‍ എല്ലാം നമ്മുടെ സര്‍വീസ് പ്രൊവൈഡര്‍ രേഖപ്പെടുത്തി വെയ്ക്കാറുണ്ട്. നമ്മുടെ ഐ.പി.അഡ്രസ് ഉപയോഗിച്ചാണ് ഇത് സാധ്യമാവുക. ഇതില്‍ നിന്നും രക്ഷപെടാനുള്ള ഒരു വഴിയാണ് ഡാര്‍ക്ക് നെറ്റ്. ഫെയ്സ്ബുക്കും യൂട്യൂബും ഒന്നും ഉപയോഗിക്കുന്നത് ആരെങ്കിലും അറിഞ്ഞാലും നമ്മുക്ക് പ്രശ്നമില്ലല്ലോ. അതുകൊണ്ട് തന്നെ, ഡാര്‍ക്ക് നെറ്റില്‍ ലഭ്യമാകുന്ന സൈറ്റുകള്‍ പലതും സാധാരണ കാര്യങ്ങള്‍ക്ക് നാം ഉപയോഗിക്കുന്നവയല്ല. എല്ലാ വിവരങ്ങളും എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കും ഡാര്‍ക്ക് നെറ്റില്‍. നമ്മുടെ സാധാരണ വെബ് ബ്രൌസറുകള്‍ ഉപയോഗിച്ച് ഇവിടെ എത്താന്‍ ആവില്ല. അതിനു ചില പ്രത്യേക സന്നാഹങ്ങള്‍ ആവശ്യമാണ്. പലവിധത്തിലുള്ള മാര്‍ഗങ്ങള്‍ ഇതിനായി ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അവയില്‍ ഏറ്റവും ജനപ്രിയമായ ഒന്ന്! ഇവിടെ പരിചയപ്പെടുത്താം.
ടോര്‍ ബ്രൌസര്‍ : ഡാര്‍ക്ക് നെറ്റിലേയ്ക്കുള്ള പ്രവേശനകവാടം
ഡാര്‍ക്ക് നെറ്റില്‍ എത്താന്‍ ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ആണ് ടോര്‍. ഇത് ഒരു വെബ് ബ്രൌസര്‍ തന്നെയാണ്. വേറെ ഏതൊരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യുന്നതുപോലെ എളുപ്പത്തില്‍ ടോര്‍ ബ്രൌസറും നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ടോര്‍(TOR) എന്നത് The Onion Router എന്നതിന്റെ ചുരുക്കെഴുത്താണ്. Onion നമ്മുടെ സ്വന്തം സവാള തന്നെ. സവാളയുടെ തോടുകള്‍ പോലെ പല പടലങ്ങളില്‍ കൂടി നമ്മുടെ ഐഡെന്റ്റിറ്റി ഒളിപ്പിക്കുന്നത് കൊണ്ടാണ് ഈ പേര് തിരഞ്ഞെടുത്തത്.
ടോര്‍ ഉപയോഗിച്ച് ഒരു വെബ് സൈറ്റില്‍ നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സര്‍വീസ് ദാതാവിന് നിങ്ങളെ ഇതു സൈറ്റില്‍ ആണ് പ്രവേശിച്ചതെന്ന് കാണാന്‍ കഴിയില്ല. അതുപോലെതന്നെ, നിങ്ങള്‍ കയറുന്ന വെബ്സൈറ്റ് ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടെങ്കില്‍, കേരളത്തില്‍ ഇരിക്കുന്ന നിങ്ങള്‍ ചിലപ്പോള്‍ അമേരിക്കയിലെയോ ചൈനയിലെയോ ആണെന്നാവും കാണാന്‍ കഴിയുക. ടോര്‍ സോഫ്റ്റ്വെയര് ഉപയോഗിക്കുന്ന അനേകം ആളുകളുടെ ഐ.പി. കളില്‍ ഒന്നാവും നിങ്ങള്‍ക്ക് അപ്പോള്‍ ഉണ്ടാവുക.
സില്‍ക്ക് റോഡ് നല്കിയ പ്രശസ്തി
സില്‍ക്ക് റോഡ് എന്നത് ഒരു ഓണ്‍ലൈന്‍ ബ്ലാക്ക് മാര്‍ക്കറ്റ് ആണ്. എന്നാല്‍, ആദ്യത്തെ ആധുനിക ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റ് എന്ന വിശേഷണം കൂടിയുണ്ട് സില്‍ക്ക് റോഡിന്. പ്രധാനമായും നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ആണ് സില്‍ക്ക് റോഡില്‍ വില്‍പ്പനയ്ക്ക് വയ്ക്കുക. 2011ലാണ് സില്‍ക്ക് റോഡ് പ്രവര്‍ത്തനം ആരംഭിച്ചത്. അധികം താമസിയാതെ തന്നെ സില്‍ക്ക് റോഡ് വളരെ പ്രശസ്തി നേടി.
2013ല്‍ എഫ്.ബി.ഐ. സില്‍ക്ക് റോഡിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സില്‍ക്ക് റോഡിന്റെ സ്ഥാപകനായ വില്ല്യം റോസ് ഉല്ബ്രിച്ചിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ‘ഡ്രഡ് പൈറെറ്റ് റോബര്‍ട്ട്സ്’ എന്ന പേരില്‍ ആണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സില്‍ക്ക് റോഡിന്റെ അഡ്മിന് പാനലില്‍ ഉണ്ടായിരുന്ന ഏതാനും പേര് ചേര്‍ന്ന് സില്‍ക്ക് റോഡ് 2.0 എന്ന പേരില്‍ സൈറ്റ് വീണ്ടും ആരംഭിച്ചു. എന്നാല്‍, വീണ്ടും എഫ്.ബി.ഐ. സൈറ്റ് അടച്ചുപൂട്ടിച്ചു. വില്ല്യം റോസ് ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് അമേരിക്കയില്‍.
ഡാര്‍ക്ക് നെറ്റ് എന്നാല്‍ ബ്ലാക്ക് മാര്‍ക്കറ്റ് മാത്രമല്ല
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് ആളുകള്‍ ചെന്നുകയറാന്‍ ഭയക്കുന്ന ഒരിടമാണ് ഡാര്‍ക്ക് നെറ്റ് എന്ന് ചിന്തിക്കരുത്. ലോകത്ത് എല്ലായിടത്തും ഭരണകൂടങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നവര്‍ അടിച്ചമര്‍ത്തപ്പെടാറുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ തുടച്ചുനീക്കപ്പെടാറുണ്ട്. അവര്‍ക്കൊക്കെ ഒരു അഭയമാണ് ഡാര്‍ക്ക് നെറ്റ്. എഡ്വേര്‍ഡ് സ്നോഡന്റെയും ജൂലിയന്‍ അസാന്‍ജെയുടെയും ഒക്കെ കാര്യം നമ്മുക്കറിയാം. പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെ ഒരുപാട് ആളുകള്‍ ഈ സേവനം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.
ടോര്‍ എന്ന ഉപകാരി
ചൈനയില്‍ ഭരണകൂടം ട്വിറ്റര്‍ നിരോധിച്ചപ്പോഴും അറബ് വിപ്ലവത്തിന്റെ സമയത്തും ഒരുപാട് ആളുകള്‍ ടോര്‍ ബ്രൌസറിന്റെ സഹായം തേടി. ഡാര്‍ക്ക് നെറ്റില്‍ ഉള്‍പ്പെടാത്ത സാധാരണ വെബ് സൈറ്റുകളും ടോര്‍ ഉപയോഗിച്ച് സന്ദര്‍ശിക്കാം എന്നര്‍ത്ഥം. ഉപയോഗിക്കുന്ന ആളുടെ ഐ.പി. വിലാസം വെളിപ്പെടുത്താതെ തന്നെ. ഇന്ത്യയില്‍ പോണ് സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ആണ് ടോര്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത് എന്ന് പറയാം. ഇങ്ങനെ ടോര്‍ ഉപയോഗിക്കുന്നവര്‍ക്ക് പോലും ഇതിലും വലിയ ഒരു രഹസ്യം ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അറിയണമെന്നില്ല.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളിലേയ്ക്ക് ഭരണകൂടങ്ങളും കോര്‍പ്പറേറ്റുകളും ചൂഴ്ന്ന് നോക്കാന്‍ തുടങ്ങുമ്പോള്‍ ആണ് ഇത്തരത്തില്‍ ഉള്ള മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരുന്നത്. വ്യക്തി സ്വാതന്ത്ര്യം ചൂഷണം ചെയ്യപ്പെടുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ മറച്ചുപിടിക്കുക എന്നത് ഒരു ആവശ്യമായി മാറുക തന്നെ ചെയ്യും. ഒപ്പം ആശയങ്ങള്‍ സുരക്ഷിതമായി എത്തിക്കുവാന്‍ കരുത്തുറ്റ ഒരു മാധ്യമത്തിന്റെ പിന്‍ബലവും. ഇനി വിപ്ലവങ്ങള്‍ നടക്കുക ഡാര്‍ക്ക് നെറ്റില്‍ ആയിരിക്കും.
378 total views, 2 views today