രജനി.എസ്.ആനന്ദിന്റെയും രോഹിത് വെമൂലയുടെയും എന്ന പോലെ ദേവികയുടെ ആത്മഹത്യയും ഇൻസ്റ്റീറ്റ്യൂഷണൽ കൊലപാതകമാണ്

ദത്തൻ ചന്ദ്രമതി

ഇൻസ്റ്റീറ്റ്യൂഷണൽ കൊലപാതകം !

ദലിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ഇൻസ്റ്റിറ്റൂഷനൽ കൊലപാതകം.64 ശതമാനം പേർക്കും ഇന്റർനെറ്റ് സംവിധാനം ലഭ്യമല്ലാത്ത, 10 ശതമാനത്തിന് ടെലിവിഷൻ പോലുമില്ലാത്ത (ഇന്റർനെറ്റ് മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ച സംസ്ഥാനത്തിലെ സ്ഥിതി ഇതാണ് ) കേരളത്തിന്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെ പരിഗണിക്കാതെ തിരക്കിട്ട് ആരംഭിച്ച ഓൺലൈൻ പഠന പദ്ധതിയുടെ രക്തസാക്ഷിയാണ് മലപ്പുറം ജില്ലയിലെ മങ്കേരി ദലിത് കോളനിയിലെ ദേവിക. പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിൽ സൗകര്യമില്ലാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയതായാണ് പുറത്തുവന്നിട്ടുള്ള വാർത്ത.ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ട്.

കടുത്ത വരൾച്ച മൂലം മുമ്പൊരിക്കൽ സ്കൂൾ തുറക്കൽ ഒരു മാസം നീട്ടിയതുപോലെ, കൊറോണയുടെ പശ്ചാത്തലത്തിൽ ഈ അദ്ധ്യയന വർഷം ജൂലൈ മാസത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് അതുവരെ ഇത്തരത്തിലുള online ട്രയലുകൾ നടത്തുമെന്നും അതിലെ പങ്കാളിത്തം ഔപചാരിക പഠന പദ്ധതിയിൽ അനിവാര്യമല്ലെന്നും വ്യക്തമാക്കാമായിരുന്നു.എന്നാൽ ഇതൊരു ട്രയൽ മാത്രമാണെന്ന് ഇപ്പോൾ വിശദീകരിക്കുന്ന സർക്കാരിന് അത് മുൻകൂട്ടി ബോധ്യപ്പെടുത്താനായില്ല.ഔപചാരിക വിദ്യാഭ്യാസം ഇനിമേൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണെന്നും അതിന്റെ തുടക്കമാണ് ജൂൺ ഒന്നിനു തന്നെ ആരംഭിക്കുന്നത് എന്നുമുള്ള ധാരണയാണ് സൃഷ്ടിക്കപ്പെട്ടത്. ജൂൺ 1 ലെ മുഖ്യമന്ത്രിയുടെ Fb പോസ്റ്റ് വരെ അത്തരത്തിലുള്ളതായിരുന്നു.

അതാണ് Online പഠനത്തിൽ ഉൾപ്പെടാതെ പോയവരെ ഭീതിയിലാഴ്ത്തിയതു്.ഭൂപരിഷ്കരണത്തിൽ നിന്നും ഒഴിവാക്കപ്പെട്ട പാർശ്വവൽകൃത വിഭാഗങ്ങൾ തന്നെയാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലവും online പഠനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടത് എന്ന യാഥാർത്ഥ്യം എന്നാണ് എന്റെ സഖാക്കൾ തിരിച്ചറിയുക.അദ്ധ്യയന വർഷം ജൂൺ 1 നു തന്നെ തുടങ്ങണമെന്ന വാശിയോ സ്കൂൾ തുറക്കുന്നതു വരെ കുട്ടികളെ പഠനവുമായി ബന്ധപ്പെടുത്തി നിർത്താനുള്ള ശ്രമമോ മാത്രമായി ഈ Online പഠനത്തെ ചുരുക്കി കാണാൻ ആവില്ല. യഥാർത്ഥത്തിൽ ഔപചാരിക വിദ്യാഭ്യാസത്തെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള അജണ്ടയുടെ ഭാഗമായ ട്രയൽ ആണിത് .ഇന്ത്യയിടലക്കം ഡിജിറ്റൽവൽകരണത്തിലൂടെ കൊറോണാനന്തര കാലത്തെ പുന:സംഘടിപ്പിക്കാനാണ് ലോകമെങ്ങും കോർപ്പറേറ്റ് -ഭരണകൂടങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് നിലവിലുള്ള സാമൂഹ്യ സാമ്പത്തിക വിഭജനം കൂടുതൽ വിനാശകരമാക്കുമെന്നതിൽ സംശയമില്ല. ഭരണപരമായ സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ – ചികിത്സ, കച്ചവട – വ്യാപാരാദികൾ, പണമിടപാടുകൾ തുടങ്ങിയ സമ്പദ്ഘടനയുടെ മൂന്നിൽ രണ്ടു ഭാഗം ഉൾക്കൊള്ളുന്ന സേവന മേഖലകൾ ഒട്ടുമിക്കവാറും ഡിജിറ്റൽവൽകരിക്കാമെന്ന വിലയിരുത്തലുകൾ വന്നിട്ടുണ്ട്. കേന്ദ്ര ഭരണവുമായി ബന്ധപ്പെട്ട 80 ശതമാനം തൊഴിലുകൾ വീടുകളിൽ നിന്നാകമെന്ന (home -based) തരത്തിൽ ഇന്ത്യയിൽ ചർച്ചകൾ നടക്കുന്നു. ഭീതിജനകമായ തൊഴിലില്ലായ്മയും കൂലിയിടിക്കലും തൊഴിലവകാശങ്ങളുടെ നിഷേധവുമെല്ലാമായിരിക്കും പ്രത്യാഘാതങ്ങൾ.

ഇത് ഒരിക്കലും പിണറായി ഗവൺമെന്റിന്റെ പദ്ധതിയോ പരിപാടിയൊ അല്ല മറിച്ച് ആഗോള മൂലധന പദ്ധതി ആണെന്നു മനസിലാക്കാൻ മോഡിയുടെ ഡിജിറ്റിൽ ഇന്ത്യയെ ചേർത്ത് നിറുത്തി പരിശോധിച്ചാൽ മതി.ഇത്തരം സന്ദർഭത്തിലാണ് വിദ്യാഭ്യാസവും ഓൺലൈനാക്കാനുള്ള നീക്കങ്ങൾ സജീവമായിട്ടുള്ളത്. രാജ്യത്തെ 27 ശതമാനം ആളുകൾക്കു മാത്രം ഇൻ്റർനെറ്റ് സൗകര്യമുള്ള ഇന്ത്യയിൽ വിദ്യാഭ്യാസത്തിൻ്റെ സമഗ്രമായ വരേണ്യവൽക്കരണമാണ് ഇതിലൂടെ സംഭവിക്കുക.ഇതിനെ മറികടക്കാൻ LDF ന് ആകുമോ എന്നതാണ് പ്രഥാന ചോദ്യവും, പ്രഥമമായ കടമയും മോദി സർക്കാരിൻ്റെ ”ഡിജിറ്റൽ ഇന്ത്യ” പരിപാടി കൊണ്ടു പിടിച്ചു ശ്രമിച്ചിട്ടും രാജ്യത്തെ 30 കോടി പേർക്കു മാത്രമാണ് സ്മാർട്ട് ഫോണുകൾ ഉള്ളത് എന്ന കാര്യം ആരും മറക്കരുത് , പ്രത്യേകിച്ച് എന്റെ സഖാക്കൾ .
മധ്യ വർഗം താരതമ്യേന കൂടുതലുള്ള കേരളത്തിൽ പോലും ഓൺലൈൻ വിദ്യാഭ്യാസവുമായി മുന്നോട്ടു പോകാനുള്ള പിണറായി സർക്കാർ തീരുമാനം ‘കേരള മോഡൽ ‘ മുമ്പേ തന്നെ പുറം തള്ളിയ പാർശ്വവൽകൃതരായ ദളിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും ഭൂരഹിതരും പാർപ്പിട രഹിതരും കോളനി -പുറമ്പോക്കുകളിൽ കഴിയേണ്ടി വരുന്നവരുമായ മുഴുവൻ ജനവിഭാഗങ്ങൾക്കും അങ്ങേയറ്റം വിനാശകരമാകുമെന്നും അതിനെ പരിഹരിക്കേണ്ടത് അടിയന്തിര കടമയായും ഏറ്റെടുക്കേണ്ടത് പ്രഥമമായ കാര്യമാണ്.

ലക്ഷക്കണക്കിനു വരുന്ന താഴ്ന്ന ഇടത്തരം വിഭാഗങ്ങൾക്കു പോലും ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ ഡിജിറ്റൽ സൗകര്യങ്ങൾ (digital tools) ലഭ്യമല്ല. ഭൂമിയിൽ നിന്നും ഉല്പാദനോപാധികളിൽ നിന്നും മുമ്പേ തന്നെ പുറത്താക്കപ്പെട്ട മർദ്ദിത ജനതയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അധികമായിരിക്കും ഈ ആഘാതമെന്ന് പല കോണുകളിൽ നിന്നും ചൂണ്ടികാണിച്ചിട്ടും സർക്കാർ ചെവിക്കൊള്ളാതിരുന്നതിന്റെ പരിണിതി കൂടിയാണ് ദേവികയുടെ മരണം.രജനി.S. ആനന്ദിന്റെയും രോഹിത് വെമൂലയുടെയും എന്ന പോലെ ദേവികയുടെ ആത്മഹത്യയും ഇൻസ്റ്റീറ്റ്യൂഷണൽ കൊലപാതകമാണ്.