ദത്തുപുത്രന്‍(ത്രി) – കഥ

163

”നിങ്ങള്‍ പറയുന്നത് എനിക്കു മനസ്സിലാവുന്നില്ല…!!”

”എന്റെ പൂച്ചയെ കഴിഞ്ഞ രണ്ടു ദിവസമായി കാണുന്നില്ല എന്നാണു ഞാന്‍ പറഞ്ഞത്….”

”അതെനിക്ക് മനസ്സിലായി പക്ഷേ അതിനെന്തിനാണ് നിങ്ങളീ പോലീസ് സ്റ്റേഷനില്‍ വന്നു പറയുന്നത്..??…”

”ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ളതാണ് പോലീസ് എന്നല്ലേ……… ??”

”തീര്‍ച്ചയായും…”

”എന്റെ ഒരേയൊരു സ്വത്തായിരുന്നു ആ പൂച്ച…..”

”ഓഹോ…അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കാണാതെ പോയ പൂച്ചയെ പിടിക്കാന്‍ പോലീസിനോട് പറയുകയാണോ ??..”

”അതേ…എനിക്കു വേറെ എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ല….കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആ പൂച്ചയായിരുന്നു എനിക്കു കൂട്ട്….എന്റെ ഭാര്യ മരിച്ചശേഷം മക്കളൊന്നും എന്റെ അടുത്തേക്ക്‌ വന്നിട്ടില്ല…അവള്‍ മരിച്ചു കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് എനിക്കാ പൂച്ചക്കുഞ്ഞിനെ കിട്ടുന്നത്….ആദ്യം എനിക്കതിനെ ഇഷ്ടമല്ലായിരുന്നു…എങ്കിലും വിശന്നു തളര്‍ന്ന അതിനു ഞാന്‍ കുറച്ചു ഭക്ഷണം കൊടുത്തു….അപ്പോഴത് തന്റെ കുഞ്ഞിക്കണ്ണുകള്‍ ചിമ്മി നന്ദി പ്രകടിപ്പിച്ചിരുന്നു….പിന്നെയും എന്റെ ശ്രദ്ധ പിടിച്ച് പറ്റാനായി അതു ഓരോരോ കുസൃതികള്‍ കാണിച്ചു കൊണ്ടിരുന്നു…..ഞാനതിനോട് പറഞ്ഞതാണ്….ഞാന്‍ ഏകനാണ് എന്റെ എകാന്തയില്‍ ആരും കൂട്ടില്ലാത്തതാണ് എനിക്കിഷ്ടം എന്ന്…പക്ഷെ അതു പോയില്ല…പിന്നെയത് പതിയെ എന്റെ സ്നേഹം പിടിച്ച് പറ്റി….മറ്റു വലിയ പൂച്ചകളെ കാണുമ്പോള്‍ അത് പേടിയോടെ എന്റെ മറവില്‍ വന്നൊളിക്കുമായിരുന്നു….പതുക്കെ ഞാനും അതിനെ സ്നേഹിച്ചു തുടങ്ങി….. എന്റെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്കു കൊടുത്തായിരുന്നു ഞാനതിനെ വളര്‍ത്തിയത് ..എന്റെ കിടക്കയില്‍ തന്നെയായിരുന്നു അതും ഉറങ്ങിയിരുന്നത്….അതിന്റെ കൂടെയിരിക്കുമ്പോള്‍ ഒറ്റപ്പെടലിന്റെ വേദന ഞാന്‍ അറിഞ്ഞിരുന്നില്ല……”

”നിങ്ങളുടെ മക്കളൊക്കെ ഇപ്പോള്‍ എവിടെയാണ്..??”

”ഒരുപാടു കാലം ഞാന്‍ വിദേശത്തായിരുന്നു….നല്ല വിദ്യാഭ്യാസവും പരിചരണവും കൊടുത്തായിരുന്നു ഞങ്ങള്‍ മക്കളെ വളര്‍ത്തിയിരുന്നത്…പക്ഷെ ചിറകുകള്‍ വച്ചപ്പോള്‍ അവര്‍ കൂട് വിട്ടു പറന്നു പോയി……”

”നിങ്ങളുടെ ഭാര്യ മരിച്ചപ്പോള്‍ അവരാരും വന്നില്ലേ??”

”ഒരാള്‍ മാത്രം വന്നു..ചടങ്ങുകള്‍ക്ക് കാത്തുനില്‍ക്കാതെ പോകുകയും ചെയ്തു….മറ്റുള്ളവരെല്ലാം ശവസംസ്കാരത്തിന്റെയന്നു ഓരോ വലിയ കുല വെള്ളപ്പൂക്കള്‍ അയച്ചിരുന്നു…….”

”താങ്കള്‍ ചെറുതായി വിറയ്ക്കുന്നുണ്ടല്ലോ അസുഖം വല്ലതും..??”

”അസുഖങ്ങളൊക്കെ പിടികൂടിയിട്ട്‌ നാളേറെയായി…വേദനയില്ലാതെ മരിക്കാനുള്ള ഒരു വഴി ആലോചിച്ചിരിക്കുമ്പോഴാണ് ആ പൂച്ചക്കുഞ്ഞ് എന്റെ അടുത്തേക്ക്‌ വരുന്നത്….പിന്നെ മരണത്തിന്റെ വഴി തേടിയ രാത്രികളിലെല്ലാം അത് കരഞ്ഞു ബഹളം വച്ചുകൊണ്ടിരുന്നു…..പതുക്കെ ഞാന്‍ മരണത്തെ കുറിച്ച് മറന്നു തുടങ്ങി…….സ്നേഹിക്കാന്‍ ആരെങ്കിലുമുള്ളപ്പോള്‍ എങ്ങിനെയാണ് മരിക്കുക എന്ന് കരുതിയാവണം ഞാനന്ന് മരിക്കാതിരുന്നത്………”

”അപ്പോള്‍ താങ്കള്‍ ജീവിച്ചിരിക്കുന്നത്‌ ആ പൂച്ചക്കുട്ടിക്കു വേണ്ടി മാത്രമാണെന്നാണോ പറയുന്നത്..!!!??..”

”തീര്‍ച്ചയായും..ഞാന്‍ എപ്പോഴും ജീവിച്ചിരുന്നത് എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രമായിരുന്നു…..സ്നേഹമില്ലാത്തിടത്ത് മരണമേ കൂട്ടിനുള്ളൂവെന്നായിരുന്നു എന്റെ വിശ്വാസം….എന്റെ ഭാര്യ എന്നെ സ്നേഹിച്ചിരുന്നു….മക്കള്‍ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിരുന്നോ എന്നെനിക്കറിയില്ല…..ഏറ്റവുമൊടുവില്‍ ഞാന്‍ സ്നേഹിച്ചത് ആ പൂച്ചയെയായിരുന്നു…..”

”അപ്പോള്‍ ആ പൂച്ചയെ കിട്ടിയില്ലെങ്കില്‍ ??… ”

”അതേ…താങ്കള്‍ ചിന്തിക്കുന്നത് സത്യമാണ് …….ഞാന്‍ ഇപ്പോള്‍ വ്യാകുലപ്പെടുന്നത് ആ പൂച്ചയ്ക്ക് എന്തെങ്കിലും അപകടം പിണഞ്ഞിട്ടുണ്ടാവുമോ എന്ന് കരുതി മാത്രമാണ്….”

”ഒരു പക്ഷെ അതു താങ്കളെ വിട്ടു പോയതാണെങ്കിലോ ??….”

”…………………”

”താങ്കള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ട്‌….അല്‍പ്പം വെള്ളം കുടിച്ചോളൂ….”

”ചിലപ്പോള്‍ അതും എന്നെ മടുത്തിട്ട് പോയതായിരിക്കും…അല്ലെങ്കില്‍ അതിനും ഒരിണയെ കിട്ടിയപ്പോള്‍ എന്നെ മറന്നിട്ടുണ്ടാവും…എന്തായാലും അതിനെ കുറിച്ച് അന്വേഷിക്കുക എന്നത് എന്റെ കടമയാണ്….അതു കുഞ്ഞായിരുന്നപ്പോള്‍ എന്നെ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു….അപ്പോളഴതിനു സ്നേഹം പ്രകടിപ്പിക്കാന്‍ അറിയുമായിരുന്നു…വലുതായപ്പോള്‍ എന്നെക്കുറിച്ച്‌ അതു കൂടുതല്‍ മനസ്സിലാക്കിയിട്ടുണ്ടാകും…തിരിച്ചറിവുകള്‍ വരുമ്പോഴല്ലേ എല്ലാ ജീവജാലങ്ങളും സ്വത്വം മനസ്സിലാക്കുന്നത്………”

”താങ്കളുടെ വാക്കുകള്‍ എന്നെയും വല്ലാതെ ചിന്തിപ്പിക്കുന്നു….എന്റെ മക്കളെ ഏറെ സ്നേഹിക്കുന്നുണ്ട് എന്ന് കരുതിയിരുന്ന ഒരാളായിരുന്നു ഞാന്‍………..”

”കടമകള്‍ ഒരിക്കലും തീരുന്നില്ല….അതു ചെയ്തു തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ജീവിതം…തിരിച്ചു പ്രതീക്ഷിക്കുകയുമരുത്…….”

”പോലീസ് സ്റ്റേഷനില്‍ വന്നു പൂച്ചയെകുറിച്ചന്വേഷിക്കാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് ബുദ്ധി ഭ്രമമുണ്ടെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്‌….പക്ഷെ…..”……….

”ആ പൂച്ചയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ ഒന്നറിയിക്കാന്‍ അപേക്ഷിക്കുന്നു….ഒരാഴ്ച കൂടി മാത്രമേ ഞാനിവിടെ ഉണ്ടാവുകയുള്ളൂ……….”

”ഒരാഴ്ച…??……..”

”അതേ..ഒരാഴ്ച……എല്ലാം ക്ഷമയോടെ കേട്ടതില്‍ ഒരുപാടു നന്ദിയുണ്ട്…..ഞാന്‍ ഇപ്പോള്‍ പോകട്ടെ…….ആ പൂച്ച പോയപ്പോള്‍ എന്റെ കിടക്ക വലിച്ചു കീറിയിട്ടാണ് പോയത്……..”

”അപ്പോള്‍ ??!!!!……..”

”സാരമില്ല കുറച്ചു ദിവസത്തെ പ്രശ്നമല്ലേയുള്ളൂ……..ശരി……..ഞാനിറങ്ങുന്നു…………”

”………………!!!!!”

0

(സമര്‍പ്പണം : മക്കളെ സ്നേഹിച്ചു തളര്‍ന്ന അച്ഛന്‍മാര്‍ക്ക് …….)

Advertisements