” ഞാൻ കണ്ട പുരുഷൻമാർക്കെല്ലാം ഒരേ മുഖമായിരുന്നു, ആക്രമിക്കുന്ന മുഖം.പക്ഷെ ഡേവിഡിൽ നിന്നു ഞാനത് പ്രതീക്ഷിച്ചില്ല.”
Sanjeev S Menon
അതെ, വീട്ടിലെ ഭാരം ഒഴിക്കാൻ സുന്ദരിയായ അനുജത്തിക്കുവേണ്ടി ചേട്ടൻ കണ്ടെത്തിയ വരൻ ഒരു വയസനായിരുന്നു. കോടീശ്വരനായ ആ കച്ചവടക്കാരനെ കിട്ടിയാലുള്ള ലാഭമായിരുന്നു ആ ചേട്ടന്റെ മനസിൽ. അങ്ങേരെ കെട്ടാൻ നാട്ടിലെ പെൺകുട്ടികൾ ക്യു നിൽക്കുകയാണത്രേ. എതിർത്തിട്ടു കാര്യമില്ലാത്തതിനാൽ വിവാഹം നടന്നു. ആദ്യരാത്രിയിൽ മണിയറയിലെത്തിയപ്പോൾ ഭർത്താവ് അവളെ പൊന്ന് കൊണ്ട് പൊതിയുന്നു.അതു വരെയുണ്ടായിരുന്ന ഈർഷ്യ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതെയായി. അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. അവളുടെ കാല്പാദം എടുത്തുയർത്തി, സ്വർണ്ണപാദസരം അണിയിക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു, കാലിൽ സ്വർണ്ണം പാടില്ല എന്ന്. “സ്വർണ്ണം കൊണ്ട് ഞാൻ രാമായണമെഴുതും, എന്നേക്കൊണ്ട് ഇതൊക്കെയല്ലേ കഴിയൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ആ വാക്കുകളിൽ അവൾ കോൾമയിർ കൊണ്ടു. തന്റെ ഉയർച്ചക്ക് കാരണക്കാരനായ ബിസിനസ് പങ്കാളിക്ക് മാത്രമായി പ്രത്യേകമൊരുക്കിയ വിരുന്ന് നടക്കുന്ന ഹാളിലേക്ക് ആനയിച്ച് അദ്ദേഹം തന്റെ ബിസിനസ് പങ്കാളിയെ പരിചയപ്പെടുത്തിയിട്ട്, “നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ ഇപ്പോൾ വരാം” എന്നു പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴും അവൾ തെറ്റായൊന്നും കണ്ടില്ല.എന്നാൽ തൊട്ടുപിറകെ അയാൾ അവളെ കയറിപ്പിടിച്ചപ്പോൾ അവൾ അലറിക്കരഞ്ഞു. പക്ഷെ അയാൾ കൈ ചൂണ്ടിയ ഭാഗത്തേക്കു നോക്കിയ അവൾ ഞെട്ടി. തന്റെ ഭർത്താവ് എതിർദിശയിലേക്ക് തല തിരിച്ച് ഉറങ്ങുന്നു. അയാളിൽ നിന്നുയർന്ന അടുത്ത വാക്കുകൾ അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. “ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം അഭിനയിക്കുന്നവരെയോ ?”….
അത് ഒരു തുടക്കമായിരുന്നു.പിന്നെ എത്രയോ പങ്കാളികൾ! താൻ ഒരു അമ്മയാകുന്നുവെന്ന വാർത്ത കേട്ടെങ്കിലും ഭർത്താവിന് മാറ്റം വരുമെന്നു കരുതിയ അവൾക്കു തെറ്റി. “നീ അമ്മയാണെന്നതു ശരിതന്നെ, പക്ഷെ അച്ഛൻ ആരാ ? വയസായ എനിക്ക് കുട്ടികളുണ്ടാവില്ലെന്ന് എനിക്കറിയാം. അപ്പോൾ നമ്മുക്കിത് വേണ്ട” എന്ന വാക്കുകൾ കേട്ടതോടെ അവളുടെ സർവ്വപ്രതീക്ഷയും അസ്തമിച്ചു.അതുകൊണ്ടും തീർന്നില്ല, അവളുടെ ഗർഭപാത്രം മരുഭൂമിയാക്കിയതോടെ അവൾ അവളല്ലാതായി.ഇപ്പോൾ സുഖിച്ചു ജീവിക്കാനുള്ളതെല്ലാമുണ്ട്.കൂട്ടിന് ആനിയും അവളുടെ കുഞ്ഞുമുണ്ട്. ആനി അവളുടെ കൂടെ കൂടിയതും യാദൃശ്ചികമായാണ്. ആത്മഹത്യക്കൊരുങ്ങി നിന്ന ആനിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് തന്റെ അനുജത്തിയേപ്പോലെ കൂടെ കൂട്ടി. അവൾ ഒരു കുഞ്ഞിന് ജന്മം നല്കിയതോടെ അവർ മൂന്നു പേരുടെ ലോകമായി ആ വീട്. അവിടേക്കാണ് ഡേവിഡ് കടന്നു വരുന്നത്. നിഗൂഢ്തകൾ ഒളിഞ്ഞിരിക്കുന്ന മനസുമായെത്തുന്ന ഡേവിഡ് ആനിയേപ്പോലെ മാഡത്തിന്റെ ഒരു അഭയാർത്ഥിയാകുന്നു. പക്ഷെ….
ബാലചന്ദ്രമേനോൻ ആക്ഷൻ ഹീറോ പരിവേഷത്തിലെത്തിയ ചിത്രമാണ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്. റെയിൽവേ സ്‌റ്റേഷനിലെ പോർട്ടർമാരിൽ മൂന്നു പേർ. ഡേവിഡ്, ജയൻ, ശിവശങ്കരൻ. മൂന്നു പേരും മൂന്നു സാഹചര്യങ്ങളിൽ നിന്നു വന്നവർ.ഏതു ജോലി സ്ഥലത്തായാലും അനേകരിൽ ചിലർ നമ്മുടെ സുഹൃത്തുക്കളാകും. അതുപോലെ വേർപിരിയാനാവാത്ത മൂവർ സംഘം. മൂവരിൽ ഡേവിഡിനു മാത്രം ഒരു പ്രത്യേക കഴിവുണ്ട്. ഒരാളെ നോക്കി, അയാളെ വരക്കാൻ കഴിയുക എന്ന കഴിവ്.ചിലർക്ക് ദൈവികമായ കഴിവുകൾ അനുഗ്രഹമാകാം, മറ്റു ചിലർക്ക് അത് ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ദുരന്തമാകാം. ഡേവിഡിന് രണ്ടാമത്തെ അനുഭവമാണ് ഉണ്ടായത്. റെയിൽവേ സ്‌റ്റേഷനിൽ രണ്ടു വിദേശികളുടെ ചിത്രം വരച്ചുകൊണ്ടിരുന്ന ഡേവിഡ് സിംഗിന്റെ കണ്ണിൽപ്പെടുന്നതോടെ അവർ മൂവരുടേയും അതുവരെയുണ്ടായിരുന്ന ജീവിതം മാറിമറിയുകയാണ്.
ഈ ചിത്രം അധികം ആരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് എനിക്കു തോന്നിയത്. എവിടെയും ഈ ചിത്രത്തിനേപ്പറ്റി പരാമർശിച്ചു കണ്ടിട്ടില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇഷ്ടതാരങ്ങളായ ബാലചന്ദ്രമേനോൻ ,കാർത്തിക, സുമലത, ത്യാഗരാജൻ എന്നിവരേക്കാണാനായി കണ്ട ചിത്രമാണ്. എന്റെ എക്കാലത്തേയും ഇഷ്ട സിനിമകളിൽ ഈ ചിത്രത്തിന് സ്ഥാനമുണ്ട്. ഇന്നത്തെ ചില ആക്ഷൻ ചിത്രങ്ങൾ കാണുമ്പോൾ ഈ ചിത്രം എത്ര മികച്ചത് എന്നു തോന്നാറുണ്ട്. ആക്ഷൻ മാത്രമല്ല, ഒരു കുടുംബചിത്രവും കൂടിയാണിത്.
ബിച്ചു തിരുമല രചിച്ച് രവീന്ദ്രൻ മാഷ് ഊണമിട്ട് ദാസേട്ടനും ചിത്രച്ചേച്ചിയും പാടിയ “കൊഞ്ചി കൊഞ്ചിമൊഴിഞ്ഞതോ…. കാറ്റായിരുന്നു ” എന്ന ഗാനം എന്നും പ്രിയപ്പെട്ടത്. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് മാഡം ആയപ്പോൾ സുമലത അതിസുന്ദരിയായി.
മൂന്നു ഡേവിഡുമാർ കഥാപാത്രങ്ങളാകുന്നതിന് പ്രത്യേക കാരണമുണ്ട്. അത് കാണാത്തവർക്കായി മാറ്റിവെക്കുന്നു. അശോകനും മുരളിയുമാണ് മറ്റു ഡേവിഡുമാർ. ആനിയായി കാർത്തിക മനം കവർന്നു.തിലകൻ, ദേവൻ, അസീസ്, എൻ.എൽ.ബാലകൃഷ്ണൻ, പറവൂർ ഭരതൻ,ത്യാഗരാജൻ, ലിസി…. പിന്നെ തീരെ പ്രതീക്ഷിക്കാത്ത ത്യാഗരാജന്റെ ഗ്യാംഗ് മെമ്പറായി സിദ്ദീഖ്, സുകുമാരി എന്നിവരൊക്കെ അണിനിരന്ന ചിത്രമാണ് ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്. ടൈറ്റിൽ സോംഗിൽ തന്നെ ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് എന്ന പേരു വരുന്നുണ്ട്.
എ.വി.ഗോവിന്ദൻ കുട്ടിയും രാജനും ചേർന്നു നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ കെ.എസ്.നാഥിന്റേതാണ്. തിരക്കഥയൊരുക്കിയത് കിരൺ.സന്തോഷ് ശിവനും ആനന്ദക്കുട്ടനും ചേർന്ന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. 1988 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് ഫലം അറിവില്ല. ഈ ചിത്രം കണ്ടവരും കാണാത്തവരും അഭിപ്രായം പങ്കു വെക്കുക.യു ട്യൂബിലുള്ള പ്രിന്റിന് തലയും വാലും ഇല്ലെന്ന ഗുണമുണ്ട്. ടെലഗ്രാമിൽ ശ്രമിക്കുക. എന്റെ വിലയിരുത്തൽ കാര്യമാക്കേണ്ട. സ്വയം കണ്ട് വിലയിരുത്തുക.
വെറുതെയല്ല സിംഗ് മറ്റു രണ്ടു പേർക്കും ഡേവിഡ് എന്ന പേരു നല്കിയത്. ഒരു ഡേവിഡ് നഷ്ടപ്പെട്ടാൽ മറ്റൊരു ഡേവിഡ് കൈയ്യിലുണ്ടാവണം.
” പുറത്ത് രണ്ടു ഡേവിഡുമാർ വന്ന് അകത്തുള്ള ഡേവിഡിനെ കാണണമെന്നു പറയുന്നു. എനിക്കെന്തോ പന്തികേടു തോന്നുന്നു മാഡം.” – ആനി.