Riyas Pulikkal
ബ്രേക്കിങ് ബാഡിലെ ഏറ്റവും ഡിസ്റ്റർബിങ് എപ്പിസോഡ് ഏതാണെന്ന് ചോദിച്ചാൽ എനിക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ, “ഡെഡ് ഫ്രെയ്റ്റ്.” ഏറ്റവുമധികം അസ്വസ്ഥത സമ്മാനിച്ച കഥാപാത്രം ഏതെന്നു ചോദിച്ചാൽ അത് “ഡ്രൂ ഷാർപ്പ്” എന്ന പതിനാല് വയസ്സുകാരനും. ബ്രേക്കിങ് ബാഡിൽ ഏതാനും മിനിറ്റുകൾ മാത്രമേ ഉള്ളുവെങ്കിലും ഡ്രൂ ഷാർപ്പ്, സീരീസിലെ കീ റോളുകളിൽ ഒന്ന് തന്നെയായിരുന്നു എന്നുവേണമെങ്കിൽ പറയാം. ‘ദി ബെസ്റ്റ് സീരീസ് എവർമെയ്ഡ്’ എന്നൊരു ടാഗ് ലൈൻ ബ്രേക്കിങ് ബാഡിന് ലഭിക്കാൻ കാരണം അതിന്റെ ക്ലാസ്സിക്കൽ എൻഡിങ് ആണെങ്കിൽ ഡ്രൂ ഷാർപ്പ് തന്നെയാണ് ആ ക്ലാസിക്കൽ എൻഡിങ്ങിന്റെ തുടക്കം.
ക്യാൻസർ രോഗബാധിതനായ വെറുമൊരു സാധാരണക്കാരനായ കോളേജ് പ്രൊഫസർ ആയിട്ടുള്ള തന്റെ മരണം, തന്റെ കുടുംബത്തിന്റെ ഭാവി അവതാളത്തിലാക്കുമെന്ന് ഭയന്ന വാൾട്ടർ വൈറ്റ്, ഒരു മയക്കുമരുന്ന് നിർമ്മാതാവായി മാറിയത് അയാളുടെ ‘കുടുംബത്തിനു വേണ്ടി’യായിരുന്നെങ്കിൽ, “സ്വന്തം മാനസിക സന്തോഷത്തിന് വേണ്ടി മാത്രം” ക്രൈം ചെയ്യുന്നൊരു മോസ്റ്റ് ക്രുവൽ ക്രിമിനലായിട്ടുള്ള ഹെയ്സൻബർഗിലേക്കുള്ള അയാളുടെ ട്രാൻസ്ഫോമേഷനാണ് ബ്രേക്കിങ് ബാഡിന്റെ നട്ടെല്ല് എന്നുതന്നെ പറയാം. “വാൾട്ടർ, യൂ ആർ ഇൻ ഡെയ്ഞ്ചർ” എന്ന മുന്നറിയിപ്പിനെ തിരുത്തിക്കൊണ്ട് “ഐയാം ദി ഡെയ്ഞ്ചർ” എന്ന് അയാളെക്കൊണ്ട് പറയിക്കാനുള്ള സ്വബോധം അയാൾക്ക് നൽകിയ “ദി മോസ്റ്റ് ഡ്രഡ്ഫുൾ ഇൻസിഡന്റ്” ആണ് ഡ്രൂ ഷാർപ്പിന്റേത്. വാൾട്ടർ വൈറ്റ് എന്ന നായകനിൽ നിന്നും ഹെയ്സൻബർഗ് എന്ന വില്ലനിലേക്കുള്ള പരകായപ്രവേശം.
വാൾട്ടർ വൈറ്റിനെ മാത്രമല്ല, പണത്തിനും മയക്കുമരുന്നിനും പിറകെ നടന്നിരുന്ന ജെസ്സി പിങ്ക്മാൻ എന്ന വെറുമൊരു നിർഗുണനെ മാറ്റിയെടുക്കുന്നതും ദി ഹോൾ സ്റ്റോറിയെത്തന്നെ മാറ്റിയെഴുതുന്നതും ഡ്രൂ ഷാർപ്പിന്റെ അപ്പിയറൻസാണ്. ബ്രേക്കിങ് ബാഡ് ഒരിക്കലും ക്രൈമിനെ സെലിബ്രേറ്റ് ചെയ്യുകയായിരുന്നില്ല എന്ന് അടിവരയിടുകയായിരുന്നു ഇവിടെ. ജെസ്സിയുടെ കുറ്റബോധം പ്രേക്ഷകരുടെയും കുറ്റബോധമായിത്തീർക്കുന്ന ഒരു മായാജാലമാണ് യഥാർത്ഥത്തിൽ വിൻസ് ഗിലിഗൻ ഇവിടെ കാണിക്കുന്നത്. ജെസ്സിയുടെ കുറ്റബോധം, ഡ്രൂ ഷാർപ്പിന് വേണ്ടി പ്രതികാരം ചെയ്യാനായുള്ള അയാളുടെ പോരാട്ടങ്ങൾ തുടങ്ങിയവയൊക്കെയാണ് എൽ കമീനോ എന്ന ബ്രേക്കിങ് ബാഡ് മൂവിയിലേക്ക് നയിക്കുന്നത്. എൽ കമീനോ എനിക്ക് സംതൃപ്തി നൽകിയില്ല എന്നത് വേറെക്കാര്യം.
അച്ഛനും അമ്മയും ഉണ്ടായിരുന്ന, സ്കൂളിൽ പോയിരുന്ന, ധാരാളം കൂട്ടുകാർ ഉണ്ടായിരുന്ന ഒരു കുട്ടി തന്നെയായിരുന്നു ഡ്രൂ ഷാർപ്പ്. അവനും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കണം. പക്ഷേ, ഒരിക്കൽ.. ഒരു ദിവസം തന്റെ കൊച്ചു ബൈക്കിൽ ചിലന്തിയെയും പെറുക്കി നടന്ന അവൻ പൊടുന്നനെ അപ്രത്യക്ഷമാകുന്നു. അവനെന്തു സംഭവിച്ചെന്നോ, മരിച്ചോ ജീവിച്ചിരിപ്പുണ്ടെന്നോ ഒരിക്കലും തിരിച്ചറിയാൻ അവന്റെ മാതാപിതാക്കൾ കഴിയുന്നില്ല. കാരണം, അവന്റെ മൃതദേഹം പോലും പിന്നെ ഭൂമിയിലില്ലായിരുന്നു! ഒരു ബാരലിൽ അൽപ്പം ആസിഡിനോടൊപ്പം ഇഴുകിച്ചേരാനായിരുന്നു അവൻ വിധിക്കപ്പെട്ടത്. ഇതൊരിക്കലും യാഥാർഥ്യമല്ല, ഒരു സീരീസിന്റെ ഭാഗം മാത്രമാണെന്ന് അറിയാം. പക്ഷേ, ആ ഒരു രംഗം എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടേയിരിക്കുന്നു..!!