ഡെഡ് മണി – കഥ

0
266

കന്നിമൂലയില്‍ നിന്ന് തറ കീറിത്തുടങ്ങുമ്പോള്‍ ജോലിക്കാരോടൊപ്പം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു .

എങ്കിലും സുഖമുള്ള ഒരു സ്വപ്നത്തിന്റെ ആരംഭം പോലെ കുളിരുണര്‍ത്തുന്ന അദൃശ്യമായ ഏതോ വിരല്‍ത്തലപ്പുകള്‍ ഉള്ളിലെവിടെയോ തഴുകുന്നപോലെ .

ദീര്‍ഘകാലത്തെ മോഹ സാഫല്യത്തിന്റെ ഒന്നാം ഘട്ടം തീര്‍ച്ചയായും സന്തോഷത്തിനുമപ്പുറം മറ്റെന്തൊക്കെയോ സമ്മാനിക്കുന്നുണ്ട് .

പണിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തും അവരെ ശ്രദ്ധിച്ചും ഓടി നടക്കുന്നതിനിടെ ഒരു ബൈക്ക് വീട്ടു പടിക്കല്‍ നിര്‍ത്തുന്നതും

ഓര്‍മ്മയിലെവിടെയോ നിറം മങ്ങിക്കിടന്ന ഒരു മുഖം സമൃദ്ധമായ ചിരിയോടെ ഇറങ്ങിവരുന്നതും കണ്ടു.

”അന്‍വറല്ലേ..’

‘അതെ ‘

‘മനസ്സിലായിക്കാണില്ല. ഞാന്‍ രാമദാസ് . നിന്റെ പഴയ ക്ലാസ് മേറ്റ് ‘

‘ഞങ്ങളുടെ ആസ്ഥാന ഗായകന്‍ ജൂനിയര്‍ യേശുദാസ് ..’?

‘അപ്പൊ ഒന്നും മറന്നിട്ടില്ല ..!!’

‘മറക്കാനാവുമോ നിന്നെയും നിന്റെ പാട്ടുകളേയും …’

‘നീ ആകെ മാറി ‘

‘നിനക്കുമുണ്ട് ഒരു പാട് മാറ്റം ‘

‘എന്തൊക്കെയുണ്ട് പറ നിന്റെ വിശേഷങ്ങള്‍ ‘

‘ദൈവാനുഗ്രഹം കൊണ്ട് വലിയ അല്ലലൊന്നും കൂടാതെ കഴിഞ്ഞു പോകുന്നു ‘

‘നീ എന്ത് ചെയ്യുന്നു ‘?

ഒരു പക്കാ വാധ്യാര്‍ . കൂടെ ചില സൈഡ് ബിസിനസ്സുകളും . ഞങ്ങള്‍ മാഷമ്മാരുടെ ഭാഷയില്‍ ‘എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ‘ ജീവിച്ചു പോണ്ടേ ..?

‘സാവിത്രി’ ?

‘പിന്നീട് ഒന്ന് രണ്ടു തവണ കണ്ടിരുന്നു . ഭര്‍ത്താവ് ഒരു അപകടത്തില്‍ മരിച്ചു . ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികളുമായി ജീവിച്ചു തീര്‍ക്കുന്നു ‘

‘നിന്റെ ശ്രീമതി ?’

‘ഒരു എല്‍ പി സ്‌കൂളില്‍ ടീച്ചറാണ്

‘ മക്കള്‍ ?

രണ്ട് ; മോനും മോളും ..

‘യഥാര്‍ത്ഥ സന്തുഷ്ട കുടുംബം ..’

‘ഇനി നിന്റെ കഥ പറ ‘

‘മക്കള്‍ 2:2’

‘ഈ വീട് നിനക്ക് തന്നെയല്ലേ ? പലപ്പോഴും ഇത് വഴി കടന്നു പോവാറുണ്ട് . ‘

‘വാങ്ങിയിട്ട് രണ്ടു വര്‍ഷത്തോളം ആയി . ഇനി ഇതൊരു വീടായിക്കിട്ടണം ”

‘നല്ല പ്ലോട്ട് ; സൌകര്യമുള്ള സ്ഥലം . വലിയ വിലയായിക്കാണും . സ്ഥലത്തിനൊക്കെ ഇപ്പൊ എന്താ വില ?

”ഇതൊരു വീടായിക്കിട്ടണമെങ്കില്‍ റിയാല്‍ കുറച്ചെങ്ങാനും കുഴിച്ചിടെണ്ടി വരുമല്ലോ ..”

”നോക്കട്ടെ , അടുത്ത വെക്കേഷനില്‍ കുടിയിരിക്കണം എന്നാണു ആഗ്രഹം . നടക്കുമോ എന്നറിയില്ല ..”

വല്ലാത്ത ഒരാവേശത്തോടെ വീടിന്റെ പ്ലാന്‍ അവനു കാണിച്ചു കൊടുത്തു .

‘നിങ്ങള്‍ പ്രവാസികളുടെ ഒരു കുഴപ്പം ഇതാണ് .വീടിനു വേണ്ടി കണ്ടമാനം കാശ് തുലച്ചു കളയും . ഇതൊക്കെ വെറും ഡെഡ് മണിയാണ് .ഡെഡ് മണി . ആഢംബരത്തിനും പൊങ്ങച്ചത്തിനും നിങ്ങളൊക്കെ കത്തിച്ചു കളയുന്ന കാശിനു വല്ല പ്രോപര്‍ട്ടിയും വാങ്ങിയിട്ടാല്‍ അതങ്ങനെ വളരും . പന പോലെ .. കൂട്ടത്തില്‍ പറയട്ടെ ,അങ്ങനെ വല്ല മോഹവുമു ണ്ടെങ്കില്‍ ഒന്നറിയിക്കണേ ഞാനിപ്പോള്‍ ആ രംഗത്ത് കൂടി ഒരു കൈ നോക്കുന്നുണ്ടേ .ക്ലിക്കായാല്‍ നിങ്ങളൊക്കെ രണ്ടും മൂന്നും കൊല്ലം കൊണ്ട് ഉണ്ടാക്കുന്നത് ഒന്നോ രണ്ടോ മാസം കൊണ്ട് കയ്യിലെത്തും തീരെ വിയര്‍ക്കാതെ..’

അല്പം ജാള്യതയോടെയാന്നെങ്കിലും ഞാന്‍ പറഞ്ഞു : ‘ദാസേ, ഇത് വളരെ കാലത്തെ ഒരു സ്വപ്നമാണ്.

നിനക്കറിയുമോ,ദാരിദ്ര്യത്തിന്റെയും തീരാത്ത വിശപ്പിന്റെയും ചോര്‍ന്നൊലിക്കുന്ന വൈക്കോല്‍ കൂരക്കു കീഴെ പത്തുമക്കളുമായി എന്റെ ഉമ്മ.

ചോരാത്ത ഇത്തിരിയിടത്ത് ചുരുണ്ടു കുടിയിരുന്ന് നേരം വെളുപ്പിച്ചിരുന്ന എത്രയെത്ര മഴക്കാല രാവുകള്‍ … കാറ്റും മഴയും വരുമ്പോള്‍ , തള്ളക്കോഴി ചിറകുകള്‍ക്കുള്ളിലേക്ക് കുഞ്ഞുങ്ങളെ ഒളി പ്പിക്കുന്ന പോലെ ഉമ്മ അവരിലേക്ക് ഞങ്ങളെ ചേര്‍ത്ത് പിടിക്കും.ഒരു ഇമ പോലും പൂട്ടാതെ, ചോരാത്ത ഇത്തിരിയിടത്ത് കീറച്ചാക്കുകള്‍ കൊണ്ട് ഞങ്ങളെയൊക്കെ പുതപ്പിച്ച് കാവലിരിക്കും… അന്നേ, മനസ്സില്‍ വല്ലാത്തൊരു മോഹമുണ്ടായിരുന്നു. എല്ലാ സൗകര്യമുള്ള ഒരു വീട്. അതാണിപ്പോള്‍ ദൈവാനുഗ്രഹം കൊണ്ട് സഫലമാവാന്‍ പോവുന്നത്. ദാസേ, ഒരു കാര്യത്തില്‍ മാത്രമേ എനിക്ക് സങ്കടമുള്ളൂ.. ഇതൊന്നും കാണുകയോ അനുഭവിക്കുകയോ ചെയ്യും മുമ്പേ, ഇല്ലായ്മ യിലൂടെ നീന്തി നീന്തി ആശ്വാസത്തിന്റെ ഒരു തുരുത്തിലെത്തും മുമ്പേ അവരങ്ങ് പോയി.. ”

‘അതൊക്കെ പോകട്ടെ, നീ വീടൊക്കെ വെച്ചോ ‘?

‘ഒരു ചെറിയ വീട് ഞാനും വെച്ചു. രണ്ടു ബെഡ് റൂം, അടുക്കള, ഡൈനിങ്ങ് ഹാള്‍ , ഒരു ബാത്ത് റൂം .തീര്‍ന്നു. ആ കൊച്ചു സാമ്രാജത്തില്‍ ഭാര്യയും മക്കളുമൊത്ത് ഞാനങ്ങനെ സുഖമായി കഴിയുന്നു… വലിയ വീടല്ലല്ലോ പ്രധാനം .മനസ്സമാധനമല്ലേ…’

‘നിന്റെ പഴയ അസുഖമൊക്കെ ഇപ്പോഴുമുണ്ടോ? നമ്മുടെ കൂട്ടത്തിലെ ‘കപി’യായിരുന്നല്ലോ നീ?’

‘അതൊക്കെ ജീനിലുള്ളതല്ലേ? എവിടെപ്പോയാലും കൂടെക്കാണുമല്ലോ.. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ എഴുതാറുണ്ട്..’

‘ചോദിക്കാന്‍ വിട്ടു പോയി.നിന്റെ ഉണ്ടക്കണ്ണി സുഹ്‌റയെക്കുറിച്ച് വല്ല വിവരവും ഉണ്ടോ’?

‘അവളെയൊക്കെ ഏതോ പണച്ചാക്ക് നേരത്തെ കൊത്തിപ്പറന്നില്ലേ?ഇപ്പോള്‍ ഗള്‍ഫിലാണെന്നു തോന്നുന്നു…?

‘നിന്റെ പാട്ടും സംഗീതവും..’?

”അതൊക്കെ ഞാനന്നേ വിട്ടു.ഇപ്പോള്‍ മോള്‍ നന്നായി പാടുന്നുണ്ട്. നമ്മുടെ കാലത്തെ പോലയോന്നും അല്ലല്ലോ ഇപ്പോള്‍ . അവസരങ്ങള്‍ക്കൊരു പഞ്ഞവുമില്ല..’

‘തറവാട് കുറച്ചപ്പുറത്താണ് . വാ, അവിടെയൊന്ന് കേറിയിട്ട് പോവാം. എന്റെ ‘താത്ത’യേയും മക്കളേയും ഒന്ന് കാണാമല്ലോ..? ‘അത് പിന്നീടൊരിക്കലാവാം.ഇത്തിരി തിരക്കുണ്ട്…? ‘സൗകര്യം കിട്ടുമ്പോള്‍ നീയും മക്കളും ഒന്ന് വരണം..’ ”തീര്‍ച്ചയായും ..” ‘ഏതായാലും സന്തോഷം.വളരെക്കാലങ്ങള്‍ക്ക് ശേഷം ഒന്ന് കാണാനായല്ലോ..?

അവന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുക്കുമ്പോള്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് എന്ന രാമദാസിന്റെ മാസ്‌റ്റെര്‍പീസ് നാടക ഗാനം വിദൂരതയില്‍ നിന്ന് ഒഴുകി വരുന്നത് പോലെ തോന്നി.

ആരെയൊക്കെ പരിചയപ്പെടുന്നു..സൗഹൃദം മൊട്ടിടുന്നു ..പിന്നീടെപ്പോഴോ, പല വഴി വേര്‍പിരിയുന്നു.. ഒരു നിയോഗമെന്നോണം ചിലരെ വീണ്ടും കണ്ടു മുട്ടുന്നു.

മറ്റു ചിലരെ പിന്നീടൊരിക്കലും കാണാതെ.. ജീവിത യാത്രയിങ്ങനെയിങ്ങനെ..

രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഈ അവധിക്കാലത്തിന് മുമ്പത്തേക്കാളേറെ മധുരമുണ്ട് . നാട്ടിലെത്തിയതിന്റെ നാലാം നാള്‍ പാലു കാച്ചല്‍ ചടങ്ങ്. വിളിക്കേണ്ടവരെയും പറയേണ്ടവരെയും നേരത്തെ നിശ്ചയിച്ചു കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം. പണി മുഴുവനും തീര്‍ന്നില്ല. ഇനിയുമുണ്ട് ഒരു പാട് ചെയ്ത് തീര്‍ക്കാന്‍ . എല്ലാം സാവധാനം പൂര്‍ത്തിയാക്കാം. ഇവിടം വരെ എത്തിയില്ലേ? അതു തന്നെ ഭാഗ്യം. ഈ അവധിക്കാലം മക്കളോടും ഭാര്യയോടുമൊപ്പം ഞങ്ങളുടേതായ ലോകത്ത്…

നാട്ടിലെത്തിയ പാടെ ക്ഷണിക്കാനിറങ്ങി. അടുത്ത സുഹൃത്തുക്കളുടെ പട്ടികയില്‍ രാമദാസിനെയും ഉള്‍പ്പെടുത്തിയിരുന്നു . കഴിഞ്ഞ വെക്കേഷന്‍ തീരും മുമ്പ് അവന്റെ വീട്ടിലൊന്ന് പോവണമെന്ന് കരുതിയതാണ്. അവന്‍ ക്ഷണിച്ചതുമാണ്. പക്ഷേ, ഒരവധിക്കാലം മുഴുവനും ‘തറ പ്പണി’യില്‍ മുങ്ങിപ്പോയി. പുരപ്പണിയെന്നൊക്കെ പറയാനെളുപ്പമാണ്. അതൊന്ന് പൂര്‍ത്തീകരിച്ചു കിട്ടുമ്പോഴേക്കും മനുഷ്യനാകെ നട്ടം തിരിയും. പ്രത്യേകിച്ച് ഇക്കാലത്ത്.. ഗള്‍ഫുകാരന്റെറതാണെങ്കില്‍ പിന്നെ പറയാനുമില്ല.

അന്ന് നേരില്‍ കണ്ടപ്പോള്‍ രാമദാസ് പറഞ്ഞു തന്ന ഒരേകദേശ ധാരണ വെച്ചാണ് അവന്റെ നാട്ടില്‍ ചെന്നത്.

പക്ഷെ, അവന്‍ പറഞ്ഞ പോലുള്ള ഒരു കൊച്ചു വീട് അവിടെയെങ്ങും കണ്ടില്ല.

എല്ലാം വലിയ വലിയ മണി മാളികകള്‍ .സ്ഥലം മാറിപ്പോയോ?

അടുത്തുകണ്ട ഒരാളോട് ചോദിച്ചു:

‘രാമദാസിന്റെ വീടേതാണ്..?

‘ദാസ് മാഷെയല്ലേ…?

‘അതെ..’

‘അതാ ആ കാണുന്നത് തന്നെ…

‘ആ പുതിയ വീട് ‘ ‘

‘രാമദാസ് നിലയം’ എന്ന് സ്വര്‍ണ്ണ ലിപിയിലെഴുതിയ വലിയ ഗേറ്റിനു മുമ്പില്‍, ആ മണി മന്ദിരം നോക്കി ഞാന്‍ നിന്നു. വിശ്വാസം വരാതെ.