Unni Pazhookara
ഓരോ സിനിമയും ഓരോ തരത്തിലാണ് നമ്മളെ സ്വാധീനിക്കുന്നത്. നമ്മളുടെ ഇഷ്ടങ്ങൾക്കും ഇഷ്ടക്കേടുകൾക്കും അനുസരിച്ചിരിക്കും അതിലെ വേരിയേഷൻ. ഞാനീപ്പൊ ഇങ്ങനെ വാതോരാതെ സംസാരിക്കുന്നത് ‘ഡിയർ വാപ്പി’ എന്ന ചിത്രം കണ്ടതിന്റെ ആഫ്റ്റർ ഇഫക്ടിനാലാണ്. വളരെ ലളിതമായി ചിത്രീകരിച്ചൊരു സിനിമയാണിത്. എന്നാൽ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഇതൊരു വല്യ സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. ബഷീർ, ആമിറ, ജുവൈനിയ, റിയാസ്, എന്നീ നാല് കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തയ്യൽക്കാരനായ ബഷീറിന്റെ വലിയൊരു സ്വപ്നം സാക്ഷാത്ക്കരിക്കാൻ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഭാര്യയും മകളുമാണ് ചിത്രത്തിന്റെ കാതൽ. ഒരുപാട് സ്വപ്നങ്ങളുള്ള ഒരു മനുഷ്യനാണ് ബഷീർ എങ്കിൽ ഇതൊരു സാധാരണ ചിത്രമാവുമായിരുന്നു. ഒരേ ഒരു സ്വപ്നമേ ബഷീറിനുണ്ടായിരുന്നൊള്ളൂ. ചെറുപ്പം മുതലുള്ള ആഗ്രഹം.
വഴിയരികിലൂടെ നടക്കുമ്പോൾ പലതരം കടകൾ കാണാറുണ്ട്. ഒരിക്കൽ പോലും ആ കടകളെല്ലാം ഒരാളുടെ സ്വപ്നമാണെന്നും പലരുടെയും വിയർപ്പാണെന്നും ഓർത്തിരുന്നില്ല. ഒരു ഷോപ്പ്, അത്രയേ കരുതിയിരുന്നൊള്ളൂ. ‘ഡിയർ വാപ്പി’ എന്റെ ചിന്തകളെ മാറ്റിമറിച്ചൊരു സിനിമയാണ്. ഞാൻ എന്നിലേക്ക് നോക്കി, എന്റെ മാതാപിതാക്കളിലേക്ക് നോക്കി, എന്തിന് വഴിയിലൂടെ എനിക്കൊപ്പവും എനിക്കെതിരെയും നടന്നുപോവുന്ന ഒരോ മനുഷ്യരുലേക്കും ഞാൻ നോക്കി. സ്വപ്നം എന്നത് വെറും മൂന്നക്ഷരമല്ല, അതിനുള്ളിൽ വല്ലാത്തൊരു വികാരമുണ്ടെന്ന് എനിക്ക് മനസ്സിലായി. പലരും പലതും നേടിയെടുത്തിട്ടുണ്ടേൽ അതവരുടെ പരിശ്രമത്തിന്റെ ഫലമാണ്. ചിലർ ഒന്നുമാവാതെ പോയിട്ടുണ്ടേൽ അത് കൂടെ നിൽക്കാൻ ഒരു മനുഷ്യനവർക്ക് ഇല്ലാതിരുന്നതുകൊണ്ടാണ്. ഇത്തരത്തിൽ ഒരുപാട് ചിന്തകൾ എന്റെ ഉള്ളിലേക്ക് കോരിയിട്ടൊരു സിനിമയാണ് ‘ഡിയർ വാപ്പി’.
മാതാപിതാക്കളുടെ സ്വപ്നങ്ങൾ നിറവേറ്റി കൊടുക്കുന്ന മക്കൾ ഈ ലോകത്തുണ്ടെങ്കിൽ അക്കൂട്ടത്തിൽ ഞാൻ ഉണ്ടോ എന്ന ചോദ്യം സിനിമ കണ്ടിറങ്ങുന്നേരം നമ്മൾ നമ്മളോട് ചോദിക്കും. അവിടെയാണ് ‘ഡിയർ വാപ്പി’ എന്ന ചിത്രത്തിന്റെ പ്രസക്തി പ്രകടമാവുന്നത്. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ എന്ന് തന്നെ ഞാൻ പറയും. ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയിൽ നമ്മൾ മറന്നുപോയ കുഞ്ഞു കാര്യങ്ങളുണ്ടാവും. അതൊന്നും അത്ര ചെറുതല്ല എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന ചിത്രമാണിത്.