death-main

‘ടാ കണ്ണാ…ദീപു….എണീറ്റു വാ..’ ഈ വിളി എന്നും കേള്‍ക്കരുതെ എന്നു ഞാനും ചേട്ടനും പലപ്പോഴും പ്രാര്‍ഥിച്ചു കാണും. കാരണം വെറൊന്നുമല്ല, രാവിലെ ചുരൂണ്ടു കൂടി കിടന്നുറങ്ങാനുള്ള സമയത്ത് എണീറ്റ് പോയി കിളയ്ക്കണം എന്നു പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ…? പക്ഷെ മനസ്സില്ലാ മനസ്സോടെ ഞാനും ചേട്ടനും എണീക്കും , സമയം ഒരു ആറു മണ്ണി ആയിട്ടുണ്ടാകില്ല.എന്നിട്ടു ചേട്ടനു പിക്കാക്‌സും എനിക്കു മണ്‍ വെട്ടിയും അച്ചന്‍ തരും .വയ്യെ വയ്യെന്നു പറഞ്ഞു കിളക്കുന്ന കാണൂമ്പോള്‍ അച്ചന്‍ പറയും ..’ടാ..ചവിറ്റൂന്ന മണ്ണിനെ അറിയണം …മാത്രമല്ല, നിന്റെയൊക്കെ മസിലങ്ങോട്ടു പോരട്ടെ…’

ഇങ്ങനെ മിക്ക ദിവസവും രാവിലെ കിളപ്പിക്കുന്നതിനു പകരം വീട്ടുക അമ്മയോടാ.രാവിലെ ഒന്നും കഴിക്കാന്‍ വേണ്ടെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുക, കടയില്‍ പോകാന്‍ പറഞ്ഞാല്‍ പോകാതിരിക്കുക തുടങ്ങി പല രീതിയിലും. ഇതൊക്കെ അമ്മ അച്ചനോടു പറയും .അച്ചന്‍ ചിരിക്കും .’ഹഹ..അതൊന്നും സാരമില്ല…’

സ്‌കൂളില്‍ കരാട്ടെ ക്‌ളാസ്സ് തുടങ്ങിയപ്പൊ ഞാനും ചേട്ടനും ചേര്‍ന്നു. മക്കളുടെ ശരീരം മെലിഞ്ഞു പോയാലോ എന്നു വിചാരിച്ചിട്ടാവണം ഒരീസം ‘ടാ…. രണ്ടവന്‍മാരും …എന്നും വൈകിട്ടു റോയീടെ ഹോട്ടലീന്നു എന്താന്നു വച്ച വാങ്ങി തിന്നോണം .’ എന്നു പറഞ്ഞത്.

ചേച്ചിയെ അച്ചന്‍ ഒത്തിരി സ്‌നേഹിച്ചിരുന്നെങ്കിലും എന്റെയും ചേട്ടന്റെയും കാര്യത്തില്‍ ഒരു കുറവും വരുത്തിയിരുന്നില്ല. വൈകിട്ടു ക്രിക്കറ്റ് കളിക്കാന്‍ പോയി , താമസിച്ചു വരുന്നതിനു എന്നും അമ്മയുടെ കയ്യില്‍ നിന്നു തല്ലു കിട്ടിയിരുന്നു , എങ്കിലും അച്ചന്‍ വരുമ്പോ കൊണ്ടു വരുന്ന ചിക്കന്‍ ഫ്രൈയൊക്കെ തട്ടുമ്പൊ എല്ലാ വേദനയും പോകും .

അച്ചന്റെ പഴയ ബജാജ് സ്‌കൂട്ടര്‍ ഗേറ്റിനു വെളിയില്‍ കണ്ടാല്‍ പിന്നെ കളിക്കുന്ന ഗ്രൌണ്ടില്‍ നിന്നും ഒരു ഓട്ടമാ ഞാനും ചേട്ടനും .അച്ചന്‍ ദൂരെ എവിടെയെങ്കില്‍ പോകുമ്പൊ എന്നെയോ ചേട്ടനെയോ കൂടെ കൂട്ടും , പോകുന്ന വഴിക്കു പറയും , ‘മക്കളെ, അച്ചനു ദേഷ്യമുണ്ടായിട്ടല്ല തല്ലുന്നെ, നല്ലതാവാന്‍ വേണ്ടിയല്ലെ…നിങ്ങള്‍ പഠിച്ചു നല്ലതായിട്ടു വേണ്ടെ എന്നെം നിന്റെ അമ്മയേം ഒക്കെ നോക്കാന്‍…’

വര്‍ഷങ്ങള്‍ കഴിഞ്ഞു. ചേട്ടന്‍ പത്താം ക്‌ളാസ്സില്‍ ആയി. ഞാന്‍ ഒന്‍പതിലും . എല്ലാ തിങ്കളാഴ്ച രാത്രിയിലും ഓം നമ ശിവായ സീരിയല്‍ കാണുന്നതു ഞങ്ങളുടെ പതിവായിരൂന്നു.ഇങ്ങനെ ടി വിയില്‍ എന്തെങ്കിലും കണ്ടു കൊണ്ടു കിടക്കുമ്പോള്‍ , അച്ചന്‍ ഉടനെ എന്നെ വിളിക്കും , എന്നിട്ടു കാല്‍ സെറ്റിയില്‍ നീട്ട് വച്ചിട്ടു തടവാന്‍ പറയും , അച്ചന്‍ മതി എന്നു പറയുന്നതു വരെ ഞാന്‍ തടവും .

എനിക്കു ഒന്‍പതാം ക്‌ളാസ്സിലെ കൃസ്തുമസ് എക്‌സാം നടക്കുന്ന സമയം . ഒരു തിങ്കളാഴ്ച ഓം നമ ശിവായ കാണുന്നതിനിടയില്‍ അച്ചന്‍ എന്നെ വിളിച്ചു. ഞന്‍ കരുതി, കാല്‍ തടാനായിരിക്കുമെന്ന്.
‘ടാ എന്റെ മുതുകൊന്നു തടവിക്കെ…ചെറിയ വേദന, മസിലു പിടിച്ചതായിരിക്കും …’ഞാന്‍ ഇരുന്നു തടവി. 15 മിനുട്ട് കഴിഞ്ഞപ്പൊ അച്ചന്‍ പറഞ്ഞു, ‘ ഇനി നീ പോയിരുന്നു പഠിച്ചോ..’

ഞാന്‍ പിറ്റേ ദിവസം എക്‌സാമിനു പോയി. വൈകിട്ടു തിരിച്ചു വീട്ടില്‍ വന്നപ്പൊ അവിടെ ചേച്ചിയുടെ കൂട്ടുകാരിയും അമ്മയുമൊക്കെ ഉണ്ട്. എന്റെ അമ്മയും ചേച്ചിയും ചേട്ടനും ഇല്ല.

‘അവരെവിടെ…?’ ഞാന്‍ തിരക്കി..

‘മോന്റച്ചനു വയ്യാതെ ഹോസ്പിറ്റലില്‍ ആകിയേക്കുവ…മോനു ചോറെടുക്കട്ടെ..’ സ്മിതചേച്ചിയുടെ അമ്മ പറഞ്ഞു.

‘എന്തു പറ്റി ആന്റി..?’ ഞാന്‍ ചോദിച്ചു.

‘ഒന്നുമില്ലെടാ…ചെറിയ മുതുകു വേദന എന്നാ പറഞ്ഞെ…കഴിച്ചിട്ടു നീ പോയിരുന്നു പഠിക്ക്..അവരു ചിലപ്പൊ ഇന്നു രാത്രി തന്നെ എത്തും .’

ഞാന്‍ രാത്രി വൈകി ഇരുന്നു പഠിച്ചു. അമ്മയൊന്നും വന്നില്ല. ആന്റിയോടു അവര്‍ വരുമ്പോ വിളിക്കണേ എന്നു പറഞ്ഞിട്ടു ഞാന്‍ കിടന്നു. പിറ്റേ ദിവസം രാവിലെ എണീറ്റതും ആന്റി പറഞ്ഞു.

‘മോന്റെ അമ്മയും ചേട്ടനും വന്നിരുന്നു…അച്ചന്റെ ഡ്രസ്സൊക്കെ എടുത്തിട്ടു പോയി..എക്‌സാം ആയതു കൊണ്ടു മോനെ വിളിക്കാണ്ടാന്നു പറഞ്ഞു..ഇന്നു വൈകിട്ടു വരും എന്നു പറഞ്ഞു…’

അന്നത്തെ എക്‌സാം കഴിഞ്ഞു. പിറ്റേന്നു ജിയോഗ്രഫി എക്‌സാമാണ്. അവരൊക്കെ വൈകിട്ടു വരും എന്നു വിചാരിച്ച് പഠിക്കാനായി ഞാന്‍ എന്റെ റൂമിലേയ്ക്ക് പോയി.പിറ്റേന്നു രാവിലെ കുളിച്ച് അംബലത്തില്‍ പോയി തൊഴുത് ഞാന്‍ എക്‌സാമിനു പോയി. ക്രിത്യം പത്തു മണിക്ക് എക്‌സാം തുടങ്ങി. ഒരു പതിനൊന്നു മണി ആയപ്പൊ മൈക്കില്‍ കൂടി പ്രിന്‌സിപ്പാളിന്റെ അനൌന്‍സ്‌മെന്റ്.

‘കരിയത്തു നിന്നു വരുന്ന കണ്ണന്‍ എന്ന ദീപക്ക് എത്രയും പെട്ടെന്നു ഓഫീസിലേയ്ക്ക് വരണം ..’

എന്റ മനസ്സിലെന്തോ മിന്നി മാഞ്ഞു. എല്ലാ കുട്ടികളും എന്നെ അന്തം വിട്ടു നോക്കി. ഞാന്‍ ടീച്ചറോട് അനുവാദം വാങ്ങി ഓഫീസിലേക്ക് ഓടി.ഓടുന്ന സമയം എന്റെ മനസ്സു നിറയെ എന്തിനായിരിക്കും വിളിപ്പിച്ചത് എന്നുള്ള ചിന്ത ആയിരുന്നു.

ഓഫീസിനു മുന്നില്‍ എന്റെ വലിയമാമന്റെ മകന്‍ ലാലുചേട്ടന്‍ കാത്തു നില്‍ക്കുന്നതു കണ്ടപ്പോഴേ എനിക്കു സംശയം തോന്നി.

‘ടാ..അതെ നിന്നെ അത്യാവശ്യമായ് വീട്ടിലോട്ട് കൂട്ടിക്കൊണ്ടു ചെല്ലാന്‍ പറഞ്ഞു..’

കാര്യം എന്താണെന്നു ചോദിക്കാതെ തന്നെ എന്തോ പ്രതീക്ഷിച്ച പോലെ ഞാന്‍ ലാലു ചേട്ടന്റെ ബൈക്കിനു പിന്നില്‍ കയറി.

വീട്ടിലേക്കുള്ള വളവിന്റെ അവിടെ വച്ചു എന്നെ കണ്ട ആള്‍ക്കാര്‍ സഹതാപത്തോടെ നോക്കി.ഞാന്‍ പോലും അറിയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞു.എന്നിട്ടും മനസ്സില്‍ ഒരു പ്രതീക്ഷ.വീട് അടുക്കുന്തോറും ആള്‍ക്കാരുടെ എണ്ണം കൂടി കൂടി വന്നു. എല്ല പേരുടെയും മുഖത്ത് ഒരേ ഭാവം .ബൈക് നിര്‍ത്തിയതും അവിടെ കൂടി നിന്നിരുന്ന ആള്‍ക്കാരുടെ ഇടയിലൂടെ ഓടി ഞാന്‍ വീട്ടിനുള്ളിലേക്ക് കയറി.

അവിടെ കണ്ട കാഴ്ച, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഏങ്ങല്‍ എനിക്ക് സമ്മാനിച്ചു.

അച്ചന്‍, അച്ചനെ വെള്ള മുണ്ടില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു…

‘കണ്ണാ…അ…അച്ചന്‍ ….’എന്നു ചേച്ചി പറഞ്ഞു കരയുന്നതു മാത്രെ ഞാന്‍ കണ്ടുള്ളു.

അമ്മയെ അവിടെയെങ്ങും കണ്ടില്ല. ഞാന്‍ പതുക്കെ വീടിനു പുറത്തിറങ്ങി. എന്റെ ഉള്ളില്‍ എന്താണു സംഭവിക്കുന്നതെന്നു എനിക്കു പോലും അറിയാന്‍ പറ്റാത്ത അവസ്ഥ.ദിവസങ്ങള്‍ കഴിഞ്ഞു. പതുക്കെ ആളുകളും ഒഴിഞ്ഞു. ആ വീട്ടില്‍ ഞാനും അമ്മയും ചെട്ടനും ചേച്ചിയും മാത്രമായി. അച്ചന്റെ ഓര്‍മ്മക്ക് ആ പഴയ ബജാജ് സ്‌കൂട്ടറും .പലപ്പോഴും അമ്മയുടെ നിശബ്ദമായ തേങ്ങലുകള്‍ അച്ചന്റെ ഓര്‍മ്മകള്‍ എനിക്ക് സമ്മാനിച്ച് കൊണ്ടിരുന്നു. പലപ്പോഴും, സംഭവിച്ചത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ ചുമരില്‍ ആഞ്ഞിടിച്ചു. സാധാരണ ജീവിതം എന്താണെന്ന് തന്നെ മറന്നുപോയ ദിവസങ്ങള്‍ .മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം തൊട്ടടുത്ത ഗ്രൌണ്ടില്‍ കുട്ടികള്‍ കളിക്കുന്നതു നോക്കി നിന്ന എന്നോടു അമ്മ പറഞ്ഞു.

‘മക്കളെ…നീയും പോയി കളിച്ചോ..’

കേള്‍ക്കേണ്ട താമസം ഞാന്‍ ഓടി. ഗ്രൌണ്ടിലേയ്ക്ക് ഓടുന്നതിനിടയില്‍ ചേട്ടന്‍ അച്ചന്റെ ബജാജ് സ്‌കൂട്ടര്‍ കഴുകുന്നതു കണ്ടു. വൈകിട്ടു നാലു മണീക്കു തുടങ്ങിയ കളി, തീര്‍ന്നപ്പൊ ആറു മണി. തിരിച്ചു വീട്ടിലേയ്ക്ക് മടങ്ങും വഴി അച്ചന്റെ സ്‌കൂട്ടര്‍ ഗേറ്റിനു മുന്നില്‍ ഇരിക്കുന്നതു കണ്ട് എന്റെ കാലുകള്‍ക്ക് അറിയാതെ സ്പീഡ് കൂടി. എന്റെ ചങ്കിടിച്ചു, ‘ദൈവമേ, അച്ചന്‍ . ഇന്നു കിട്ടിയതു തന്നെ’. ഓടാന്‍ തുടങ്ങിയ എന്നെ പെട്ടെന്നു ആ സത്യം പിടിച്ചു നിര്‍ത്തി, അച്ചന്‍ ഇനി ഇല്ല എന്ന സത്യം ….

ആ ഒരു നിമിഷം ഇപ്പോഴും മായാതെ എന്റെ മനസ്സില്‍ കിടക്കുന്നു. അച്ചന്‍ മരിച്ചു എന്നു ഞാന്‍ മറന്ന നിമിഷം .

You May Also Like

പുറമേ നിന്ന് നോക്കുമ്പോൾ എന്ത് മര്യാദക്കാർ , ഒന്ന് ചുഴിഞ്ഞു നോക്കിയാലോ ഭീകരത !

ക്ലബ്ഹൗസിൽ അത്ര ആക്റ്റീവ് അല്ലെങ്കിലും സുഹൃത്തുക്കൾ ലിങ്ക് ഷെയർ ചെയ്തത് കൊണ്ട് കേൾക്കാൻ ഇടയായ ചർച്ചകളിൽ ചിലത് exclusively toxic relationships

ഓടക്കുഴലില്ലാതെ..

രാവിലെ ഒരു അഞ്ചു അഞ്ചരയായി കാണും… രണ്ടു മണിക്കൂര്‍ പോലും ആയില്ല ഒന്ന് കണ്ണടച്ചിട്ട്.. പെട്ടെന്ന്, ആരോ വിളിക്കുന്നത് പോലെ തോന്നി.. ‘ ആര്‍ശേ, ആര്‍ശേ ‘, അതെ അങ്ങനെ തന്നെയാണ് വിളിച്ചത്, പണ്ട് സ്‌കൂളില്‍ പോകാന്‍ മടിച്ച് പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി കിടക്കുമ്പോള്‍ വരാന്തയിലെ കസേരയില്‍ നിന്നും വരുന്ന അതേ വിളി ‘ ആര്‍ശേ, ആര്‍ശേ ‘ … അച്ഛനല്ലാതെ വേറെയാരും അങ്ങനെ വിളിക്കാറില്ല … ഞാന്‍ വേഗം പോയീ മുന്‍വശത്തെ വാതില്‍ തുറന്നു. ആരും ഇല്ല.

കൂടോത്രം സ്വാഹ !

”ഹലോ, ഞാന്‍ പയ്യോളീന്നു അശോകനാണ്…കാനാച്ചി മഠമല്ലേ…?” ”അതെ…. രാജന്‍ പണിക്കര്‍ സംസാരിക്കുന്നു.” ”ഞാന്‍ പണിക്കരുടെ പരസ്യം കണ്ടിട്ടാണ് വിളിക്കുന്നത്.. എന്റെ ഹോട്ടലില്‍ തീരെ കച്ചോടമില്ല , കൂടോത്രമാണോന്നൊരു സംശയമുണ്ട്.., ഒന്ന് നോക്കീറ്റ് പറയോ ?” ” അതൊന്നും ഫോണില്‍ പറയാന്‍ പറ്റില്യ, ദക്ഷിണയുമായി ഇങ്ങട് വരിക .”

ചെറുകഥ . പ്രതിബന്ധം – റഷീദ് തൊഴിയൂര്‍..

“അദൃശ്യ ശക്തിഎഴുതി തയ്യാറാക്കിയ, തിരുത്തുവാന്‍ കഴിയാത്ത തിരകഥയില്‍ നടനമാടുന്ന അനേകായിരം പേരില്‍ താനും നടനമാടുന്നു . അതായിരുന്നു സൂസന്റെ വിശ്യാസം. സൂസന് കുഞ്ഞുനാള്‍ മുതല്‍ക്കേ ആഗ്രഹങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്നു .ആഗ്രഹിക്കുന്നത് ഒന്നും തന്നെ നിറവേറാതെയായപ്പോള്‍ സൂസന്റെ ആഗ്രഹങ്ങള്‍ക്ക് അവള്‍ പ്രാധാന്യം നല്‍കാതെയായി.” പ്രശസ്ത ബ്ലോഗര്‍ ശ്രീ. റഷീദ് തൊഴിയൂര്‍ എഴുതിയ ചെറുകഥ – പ്രതിബന്ധം……