മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി, ആശയ ദാരിദ്ര്യം കൊണ്ടുള്ള ആയുധമെടുക്കൽ 

35

പ്രശസ്ത സംഗീത സംവിധായകൻ Vijay Karun ന്റെ കുറിപ്പ്

മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി, ആശയ ദാരിദ്ര്യം കൊണ്ടുള്ള ആയുധമെടുക്കൽ 

എല്ലാ വിഭാഗം ജനങ്ങളുടേയും കാവ്യാസ്വാദനത്തെ കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടുകാലം പ്രചോദിപ്പിച്ച ഒരു ജനകീയ കവിയാണ് ശ്രീ.മുരുകൻ കാട്ടാക്കട. തൻ്റെ രാഷ്ട്രീയ നിലപാടുകൾ വെളിപ്പെടുത്തിക്കൊണ്ടു തന്നെ ഒരു കവിയുടെ കണ്ണെത്താവുന്ന എല്ലാ കാവ്യ പരിസരങ്ങളേയും അടയാളപ്പെടുത്തി കലാകേരളത്തിനൊപ്പം തന്നെയാണ് ഇക്കാലമത്രയും ഈ കവി സഞ്ചരിച്ചു പോന്നത്. മുരുകൻ സാർ എനിക്ക് സുഹൃത്തും ഗുരുതുല്യനുമാണ്.

“ചോപ്പ് ” എന്ന സിനിമയ്ക്കു വേണ്ടി കവി എഴുതി ആലപിച്ച ‘മനുഷ്യനാകണം’ എന്ന മാർക്സിസ കവിതയുടെ പിന്നണി പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് മലയാളക്കരയാകെ ഈ കവിത മുഴങ്ങി കേട്ടു.അതിൽ പ്രകോപിതനായൊരു അക്ഷര വിരോധിയാണ് ഈ ഭീഷണിയ്ക്കു പിന്നിൽ.ഒരു സിനിമാഗാന രചയിതാവിൻ്റെ ധർമ്മം ആ സിനിമയുടെ കഥാപശ്ച്ചാത്തലം ആവശ്യപ്പെടുന്ന വരികൾ എഴുതിക്കൊടുക്കുക എന്നതാണ്. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്നെഴുതിയ വയലാർ തന്നെയാണ് ശബരിമലയിൽ തങ്ക സൂര്യോദയം എന്ന ഗാനവുമെഴുതിയത് എന്നുകൂടി ഓർക്കുക.

നാമോരോരുത്തർക്കും അവരവരുടേതായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ഉണ്ടായിരിക്കും അതിനോട് ജനാധിപത്യപരമായി യോജിക്കുകയും വിയോജിക്കുകയും ചെയ്യാം .അങ്ങനെ നിന്നുകൊണ്ടു തന്നെ പരസ്പ്പരാശ്രിത സമൂഹമായി ജീവിക്കുന്നതിലാണ് ഉദാത്തമായ മാനവികത ഉടലെടുക്കുന്നത്. അതല്ലാതെ അതിനെ വ്യക്തി ജീവിതവുമായി കൂട്ടിക്കുഴക്കുന്ന വികല വിദ്വേഷ ചിന്തകൾ വെറുപ്പിൻ്റെ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്.ഭീരുക്കളുടെ ഭീഷണി സ്വരങ്ങൾ പരാജിതൻ്റെ പരിദേവനം മാത്രമാണ്.ശക്തമായ പ്രതിക്ഷേധം.. …..കവിയോടൊപ്പം.