Karthik Shajeevan
Decision To Leave (2022)
Director : Park Chan Wook
Cinematographer : Kim Ji Yong
Genre : Drama
Country : South Korea
Duration : 140 Minutes
🔸പാർക്ക് ചാൻ വുക് എന്ന സംവിധായകനോടും അയാളുടെ ഫിലിമോഗ്രഫിയോടും ഒരു പ്രത്യേക ഇഷ്ടം എല്ലാ കാലത്തും ഉണ്ടായിരുന്നു. ജോയിന്റ് സെക്യൂരിറ്റി ഏരിയ, വെഞ്ചിയൻസ് സീരീസ്, തേർസ്റ്റ് തുടങ്ങി അധികം ആരും പരാമർശിക്കാത്ത ത്രീ എക്സ്ട്രീംസ് വരെയുള്ള സിനിമകൾ വളരെ പ്രിയപ്പെട്ടവ തന്നെയാണ്. അത് കൊണ്ട് തന്നെ ഒരു മിസ്ട്ടറിയുടെ പശ്ചാത്തലത്തിൽ പുള്ളി അവതരിപ്പിക്കുന്ന ഒരു റൊമാന്റിക് ചിത്രം കാൻസിൽ കയ്യടി നേടിയപ്പോഴും, റിലീസ് ആയപ്പോഴും ഒന്നും അത്ഭുതം ഒട്ടുമേ തോന്നിയില്ല, പോയ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന സിനിമകളിൽ ഒന്നായിരുന്നു ഡിസിഷൻ ടു ലീവ്.
🔸ഒരേ സമയം മർഡർ മിസ്റ്ററി ചിത്രവും, അതിനോടൊപ്പം തന്നെ അല്പം ട്രാജിക് ആയ റൊമാൻസ് ചിത്രം കൂടിയാണ് ഡിസിഷൻ ടു ലീവ്. രണ്ട് വളരെ വ്യത്യസ്തമായ ജോണർ ആണെങ്കിൽ കൂടിയും രണ്ടിനോടും നീതി പുലർത്താനും, രണ്ടും കൂടി ചേർത്ത് മികച്ച ഒരു എൻഡ് പ്രോടക്റ്റ് നല്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഹയെ ജുൻ എന്ന നമ്മുടെ നായക കഥാപാത്രം ഒരു അന്വേഷകൻ ആണ്, വ്യക്തി ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന ഡിപ്രഷന്റെ പിടിയിൽ അകപ്പെട്ട ഒരു കഥാപാത്രം. ഒരുനാൾ അയാളെ അന്വേഷിച്ച് ഒരു കൊലപാതക കേസ് വരികയാണ്, നഗരത്തിൽ നിന്നും അല്പം മാറിയുള്ള ഒരു താഴ്വരയിൽ ഒരു പവർ പ്ലാന്റ് ജോലിക്കാരൻ കൊല്ലപ്പെട്ടിരിക്കുകയാണ്, അതിന്റെ കാരണവും, ഘാതകനെയും കണ്ടെത്തുക എന്നതാണ് ജൂനിന്റെ ലക്ഷ്യം.
🔸അന്വേഷണത്തിന്റെ ഭാഗമായി ആ നാട്ടിൽ എത്തിയ ജുൻ അവിടെ വെച്ചാണ് കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ ആയ സൊറെയെ കണ്ട് മുട്ടുന്നത്. കൊലപാതകത്തിന് പിന്നിൽ അവരാണ് എന്ന് കരുതാൻ ജൂനിന്റെ പക്കൽ തെളിവുകളും മറ്റുമൊക്കെ ഉണ്ടായിരുന്നു എങ്കിലും കഥ പോവുന്നത് ആ വഴിക്ക് അല്ല, നായക കഥാപാത്രത്തിന് അവരോട് പ്രണയം തോന്നുന്നിടത്ത് കഥ ട്രാക്ക് മാറ്റുന്നു. പിന്നീട് ഈ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കും എന്നതും, കൊല ചെയ്തത് ആരാണെന്നും ഒക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമാണ് ഈ സിനിമ. വളരെ മെജസ്ടിക് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സിനിമാട്ടോഗ്രാഫി ആണ് ഈ സിനിമയുടേത്, അത് പോലെ തന്നെ ഫൈനൽ ഷോട്ടും. പോയ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായി തീർച്ചയായും ഉണ്ടാവും ഡിസിഷൻ ടു ലീവ് എന്ന ചിത്രവും.