India
സ്വാതന്ത്ര്യപ്രഖ്യാപനം ചരിത്രത്താളുകളിൽ
ഇന്ന് ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യ ദിനം.നിരായുധരായ ഒരു ജനത സഹനസമരത്തിലൂടെ പോരാടി നേടിയ സ്വയാധികാരത്തിൻറെ, സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം മുട്ടു മടക്കിയതിൻറെ, ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികൾ
197 total views

സ്വാതന്ത്ര്യപ്രഖ്യാപനം ചരിത്രത്താളുകളിൽ
ഇന്ന് ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യ ദിനം.നിരായുധരായ ഒരു ജനത സഹനസമരത്തിലൂടെ പോരാടി നേടിയ സ്വയാധികാരത്തിൻറെ, സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം മുട്ടു മടക്കിയതിൻറെ, ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികൾ വരിച്ച ത്യാഗങ്ങളുടെ ഓർമ്മപുതുക്കൽ…
കൊല്ലവർഷം 1122 കർക്കിടകം 30, വെള്ളിയാഴ്ച (15 August, 1947 CE) പുറത്തിറങ്ങിയ ചില മലയാളപത്രങ്ങളുടെ ആദ്യപുറവും, രാജ്യത്തിനകത്തും പുറത്തുമുള്ള വർത്തമാനപത്രങ്ങളിൽ വന്ന വാർത്തകളും ചേർക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ഓഗസ്റ്റ് 15 അർദ്ധരാത്രി തിരഞ്ഞെടുത്തത്തിനു പിന്നിൽ പല അഭിപ്രായങ്ങൾ നിലനിൽക്കുന്നു. അതിലൊന്ന് ഇങ്ങനെയാണ് …
ഇന്ത്യയിലെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന് 1948 ജൂൺ 30 നകം അധികാരം കൈമാറാൻ ബ്രിട്ടീഷ് പാർലമെന്റ് അനുമതി നൽകിയിരുന്നു. പക്ഷേ, രക്തച്ചൊരിച്ചിലും കലാപവും ഒഴിവാക്കാൻ ഒരു വർഷം മുന്നേ തന്നെ അത് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. അതനുസരിച്ച്, ഇന്ത്യൻ സ്വാതന്ത്ര്യ ബിൽ 1947 ജൂലൈ 4 ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കുകയും രണ്ടാഴ്ചയ്ക്കുള്ളിൽ പാസാക്കുകയും ചെയ്തു. ഒരു തീയതി തിരഞ്ഞെടുക്കുക എന്നതു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ഹിരോഷിമ, നാഗസാക്കി അണുബോംബ് വിസ്ഫോടനങ്ങൾക്കു ശേഷം 1945 ലെ ഓഗസ്റ്റ് 15 ന് ജപ്പാൻ, സഖ്യകക്ഷികൾക്ക് കീഴടങ്ങിയിരുന്നു; അതോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്. സിംഗപ്പൂരിലെ ഈ കീഴടങ്ങൽ അംഗീകരിച്ചതാകട്ടെ, അക്കാലത്ത് തെക്ക്-കിഴക്കൻ ഏഷ്യയിലെ പരമോന്നത സഖ്യ കമാൻഡറായിരുന്ന മൗണ്ട് ബാറ്റൺ ആയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏറ്റവും വലിയതും സമ്പന്നവുമായ സ്വത്ത് നഷ്ടപ്പെടുന്നുവെന്ന വസ്തുത മറയ്ക്കുന്നതിനാണ് ഈ ബ്രിട്ടീഷ് വിജയദിനം തന്നെ അദ്ദേഹം തിരഞ്ഞെടുത്തത്.
എന്നിട്ടും പ്രശ്നങ്ങൾ അവിടെ തീർന്നില്ല. രാജ്യമെമ്പാടുമുള്ള ജോത്സ്യർ ഈ തീയതി അശുഭമാണ് എന്നും വെള്ളിയാഴ്ച്ച ഏതൊരു തുടക്കത്തിനും നല്ല ദിനമല്ല എന്നൊക്കെ പറഞ്ഞിട്ടും മൗണ്ട് ബാറ്റൺ തീരുമാനം മാറ്റാൻ കൂട്ടാക്കിയില്ല. അങ്ങനെ പാതിരാത്രി 12 മണിയ്ക്ക് സ്വാതന്ത്ര്യ പ്രഖ്യാപനവും, ത്രിവർണ പതാക ഉയർത്തലും നടത്താമെന്നു ധാരണയായി. (ഹിന്ദു കലണ്ടർ അനുസരിച്ച് സൂര്യോദയത്തോടെയാണ് ദിനം ആരംഭിക്കുന്നത്, പക്ഷേ ഇംഗ്ലീഷുകാർക്ക് 12 മണിയ്ക്കും.)
പാക്കിസ്ഥാന്റെ ഭരണാധികാരം ജിന്നയ്ക്ക് കൈമാറേണ്ടത് കറാച്ചിയിൽ വച്ചായിരുന്നു. പക്ഷേ രണ്ട് സ്ഥലങ്ങളിലും ഒരേ സമയം മൗണ്ട് ബാറ്റണ് ഹാജരാകാൻ കഴിയാത്തതിനാൽ കറാച്ചി സന്ദർശനം ഒരു ദിവസം മുന്നേ നടത്തി. ഓഗസ്റ്റ് 13 ന് കറാച്ചിയിലെത്തിയ അദ്ദേഹം ഓഗസ്റ്റ് 14 ന് പാകിസ്താൻ നിയമസഭയെ അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളിലും ഒരേ സമയം പ്രാബല്യത്തിൽ വരുന്ന അധികാര കൈമാറ്റം പ്രഖ്യാപിച്ചു. മാത്രമല്ല, 1947 ഓഗസ്റ്റ് 14 മുസ്ലീങ്ങൾക്ക് വളരെ പവിത്രമായ തീയതി ആയിരുന്നു – റമദാൻ 27. ഇക്കാരണങ്ങളാൽ പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 14 നാണ്.
**
198 total views, 1 views today