Decoding the tesseract scene in interstellar: The deeper meaning
(ഫിക്ഷൻ വിശദീകരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടുണ്ടാകുന്ന ചെറിയ സയന്റിഫിക്ക് inaccuracies ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു)

കൃഷ്ണകുമാർ

മാനവികത നിലനിൽക്കാൻ പാടുപെടുന്ന ഒരു ഡിസ്റ്റോപ്പിയൻ ഭാവിയിൽ നടക്കുന്ന കഥയാണ് ക്രിസ്റ്റഫർ നോളൻറെ ഇന്റെർസ്റ്റെല്ലർ എന്ന ചിത്രം. 2067 ൽ, വരൾച്ചയും കൊടുങ്കാറ്റുകളും മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയിൽ മനുഷ്യരാശിക്കായി ഒരു പുതിയ ഭവനം തേടി, സാറ്റേൺ അഥവാ ശനി ഗ്രഹത്തിന്റെ അടുത്ത് പ്രത്യക്ഷ പ്പെടുന്ന worm ഹോളിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം ബഹിരാകാശയാത്രികരെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.

  ഇന്റെർസ്റ്റെല്ലർ ഉം ആയി ബന്ധപ്പെട്ടു പലരും ഉന്നയിക്കുന്ന സംശയമാണ്, കഥാന്ത്യത്തിൽ കഥാനായകൻ എങ്ങിനെയാണ് ഒരു ബ്ലാക്ക് ഹോളിനകത്തു നിന്നും രക്ഷപ്പെട്ടു ഭൂതകാലവുമായി സംവദിക്കുന്നതെന്ന്. ഇന്റെർസ്റ്റെല്ലാറിന്റെ കഥ ഒരുവിധം എല്ലാവര്ക്കും അറിയുന്നതിനാൽ അത് കൂടുതൽ വിശദീകരിക്കുന്നില്ല. നേരിട്ട് കഥാന്ത്യത്തിലെ ചില സയൻസും കുറച്ചു ഒളിഞ്ഞു കിടക്കുന്ന സന്ദേശങ്ങളും വിശദീകരിക്കുവാൻ പോവുകയാണ്. സയൻസിനു ഉപരിയായി ചില ഇന്നർ മീനിങ്സ് നോളൻ മനോഹരമായി ഒളിച്ചു കടത്തുന്നുണ്ട്, ഇന്റെർസ്റ്റെല്ലാറിൽ. കഥാ പരിസരം ഏതാണ്ട് ഇങ്ങനെയാണ് :

കഥ നടക്കുന്നതിനു 48 വർഷങ്ങൾക്ക് മുമ്പ്, അജ്ഞാതരായ “അന്യഗ്രഹ ജീവികൾ” (bulk beings, later revealed as future human beings) ശനിയുടെ (saturn) സമീപം ഒരു വേംഹോൾ സ്ഥാപിക്കുകയും ഗാർഗന്റുവ (Gargantua) എന്ന ബ്ലാക് ഹോളിനടുത്ത് സ്ഥിതിചെയ്യുന്ന പന്ത്രണ്ട് ഗ്രഹങ്ങളുള്ള ഒരു വിദൂര ഗാലക്സിയിലേക്കുള്ള പാത തുറക്കുകയും ചെയ്യുന്നു. കഥ നടക്കുമ്പോൾ മുന്നേ തന്നെ പന്ത്രണ്ടു ബഹിരാകാശ യാത്രികർ മനുഷ്യ വാസമായ ഗ്രഹങ്ങളെ പരിശോധിക്കാൻ വേംഹോളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. അതിൽ, ബഹിരാകാശയാത്രികരായ മില്ലർ, എഡ്മണ്ട്സ്, മാൻ എന്നിവർ പോയ മൂന്നു ഗൃഹങ്ങൾ വാസയോഗ്യം എന്ന് റിപ്പോർട്ട് ചെയ്യുന്നു. അവരുടെ ഡാറ്റയെ അടിസ്ഥാനമാക്കി, പ്രൊഫസർ ബ്രാൻഡ് (മൈക്കേൽ കെയ്ൻ ) ആവിഷ്കരിച്ച പദ്ധതി പ്രകാരം, ഈ ഗൃഹങ്ങളിൽ മനുഷ്യ കോളനി സൃഷ്ടിക്കാനായി 5,000 ശീതീകരിച്ച മനുഷ്യ ഭ്രൂണങ്ങളെ വഹിച്ച്‌ കൊണ്ട് സഞ്ചരിക്കുന്ന എൻ‌ഡുറൻസ് എന്ന ബഹിരാകാശ പേടകത്തിന്റെ പൈലറ്റ് ആണ് മാത്യു മക്ക് കോനാഹീ അവതരിപ്പിക്കുന്ന കൂപ്പർ എന്ന കഥാപാത്രം. ആൻ ഹാത്ത് വേ അവതരിപ്പിക്കുന്ന ഡോ. അമേലിയ ബ്രാൻഡ് (പ്രൊഫസർ ബ്രാൻഡിന്റെ മകൾ), ഡോ. റോമിലി, ഡോ. ഡോയൽ, റോബോട്ടുകളായ TARS, CASE ഉം ആണ് കൂപ്പർ ഇന്റെ സഹയാത്രികർ.

അമേരിക്കൻ തിയറിറ്റിക്കൽ ഫിസിസ്റ്റ് ആയ കിപ്പ് തോർൺ ന്റ്റെ സഹായത്തോടെ കഴിയുന്ന അത്രയും സയന്റിഫിക്കലി accurate ആയി തന്നെ ആണ് നോളൻ ഇന്റെർസ്റ്റെല്ലർ ന്റെ കഥ മെനഞ്ഞിരിക്കുന്നത്. കഥാന്ത്യത്തിൽ ഭാവിയിൽ നിന്നുള്ള കൂപ്പറിന്റെ കഥാപാത്രം എങ്ങിനെയാണ് ഭൂതകാലത്തെ കൂപ്പറിന്റെ മകളുമായി സംവദിക്കുന്നതെന്നും തിരിച്ചു ഭാവിയിൽ എത്തുന്നതെന്നും നമ്മൾക്ക് ഒന്ന് നോക്കാം.
അതിനു മുന്നേ ചില അടിസ്ഥാന ശാസ്ത്ര വസ്തുതകൾ പറയേണ്ടതായുണ്ട്.
നമുക്ക് പരിചിതമായ മൂന്നു സ്പേസ് ഡിമെൻഷനുകൾ ഉണ്ട്. അതിനു പുറമെ time എന്ന ഡിമെൻഷൻ കൂടെ ഉണ്ടെന്നു സ്കൂളിൽ ഒക്കെ കേട്ട് പരിചയം കാണും എല്ലാര്ക്കും. നമ്മൾ നാല് ഡിമെൻഷനുകളിലായിട്ടാണ് ജീവിക്കുന്നതെന്ന് സാരം. മനുഷ്യൻ എന്ന ജീവിക്ക് അക്സസ്സ് ചെയ്യാൻ കഴിയുന്ന മൂന്നു സ്പേസ് ഡിമെൻഷനുകളും, മനുഷ്യന് ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു ടൈം ഡിമെന്ഷനും അടക്കം നാല് ഡിമെൻഷനുകൾ.

ഈ നാല് സ്പേസ് ഡിമെൻഷനുകൾക്ക് അപ്പുറം ഉള്ള ഡിമെൻഷനുകൾ അക്സസ്സ് ചെയ്യാൻ മനുഷ്യന് എന്നെങ്കിലും സാധിച്ചാൽ, അന്ന് , അവിടെ ഒരു പക്ഷെ ടൈം എന്ന ഡിമെന്ഷനും കൈകാര്യം ചെയ്യാൻ സാധിച്ചെന്നു വരും. അതായത് മൂന്നു ഡിമെൻഷനിലും നമ്മൾ സഞ്ചരിക്കുന്ന പോലെ സമയം എന്ന ഡിമെൻഷനിലൂടെ നമ്മൾക്ക് സഞ്ചരിക്കാം- അതായത് ഭൂതം, ഭാവി വർത്തമാനം എന്ന ഏതു സമയത്തിലേക്കും നമ്മൾക്ക് എത്തി ചേരാം (ടൈം ട്രാവൽ).
അങ്ങനെ ഒരു അവസ്ഥയിൽ ടൈം എന്നത് വെറും റിലേറ്റീവ് ആയി മാറുന്നു: ഉദാഹരണത്തിന് നിങ്ങൾ എപ്പോളാണ് സ്കൂളിൽ പോയത് എന്നതിന് എപ്പോളും പോയിക്കൊണ്ടേ ഇരിക്കുകയായിരുന്നു എന്നും, അയാൾ ഇപ്പോളാണ് മരിച്ചത് എന്നതിന് എപ്പോളും മരിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു എന്നും ഉത്തരം പറയേണ്ടി വരും.

ഇനി തിരിച്ചു ബ്ലാക്ക്ഹോൾ സീനിലേക്ക് വരാം. മൂന്നു പ്ലാനറ്റുകളാണ് ഇവർ സഞ്ചരിക്കുന്നത്: ഡോ മില്ലർ (millers planet), ഡോ എഡ്മണ്ട് (Edmunds planet) , ഡോ മാൻ (Mann’s planet) എന്നിവർ പോയ പ്ലാനറ്റുകൾ. ഈ മൂന്നു പ്ലാനറ്റുകളും Gargantua എന്ന ഭീമൻ ബ്ലാക്ക്ഹോളിനു സമീപം ആണെന്നത് ഓർക്കുക. ഇതിൽ gargantua ബ്ലാക്ക് ഹോളിനു ഏറ്റവും അടുത്തത് മില്ലേഴ്സ് പ്ലാനറ്റ് ആണ്.

ഗുരുത്വാകർഷണ പ്രഭാവം അഥവാ ഗ്രാവിറ്റേഷണൽ ഫീൽഡ് എന്നത് സ്പേസ് ടൈം ഡിമെൻഷനുകളുടെ ഒരു ഡിസ്ട്രിബ്യുഷൻ ആണെന്ന് ഒരർത്ഥത്തിൽ പറയാം. ഫിസിക്സ് ഇൽ ഗ്രാവിറ്റേഷനൽ ടൈം ഡയലേഷൻ എന്നൊരു കോൺസെപ്റ് ഉണ്ട്. അതായത്, അതി ശക്തമായ ഗുരുത്വാകർഷണം ഉണ്ടാക്കാൻ സാധിക്കുന്ന ഭീമാകാരമായ വസ്തുക്കൾക്ക് (ബ്ലാക്ക് ഹോൾസ് ഒക്കെ ഇതിൽ പെടും) ടൈം ഡിമെൻഷനിൽ സാധാരണയിൽ അധികം വ്യതിയാനങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. മില്ലേഴ്സ് പ്ലാനെറ്റിൽ ഉണ്ടാകുന്ന ഭീമൻ സുനാമി കാരണം ഉണ്ടാകുന്ന അപകടം നഷ്ടപ്പെടുത്തുന്ന ചില മണിക്കൂറുകൾ ഭൂമിയിലെ 23 വർഷത്തിന്റെ അത്രയും വരാൻ കാരണം ബ്ലാക്ക് ഹോൾ സമീപത്തു ഉണ്ടാകുന്നതു കൊണ്ടുള്ള എക്സ്ട്രാ ഗ്രാവിറ്റേഷനൽ ടൈം ഡയലേഷൻ കൊണ്ടാണ്. ആ സുനാമിയും ഉണ്ടാകാൻ കാരണം യഥാർത്ഥത്തിൽ gargantua ഉണ്ടാക്കുന്ന അധിക ഗുരുത്വകർഷണം തന്നെയാണ് എന്നത് വേറൊരു കാര്യം.

എഡ്മണ്ട്സ് പ്ലാനറ്റ് ആയിരുന്നു യഥാർത്ഥത്തിൽ മെച്ചപ്പെട്ട ഡാറ്റ ഉള്ള സ്ഥലം. പക്ഷെ ഡോ മാൻ (മാറ്റ് ഡയ്മൻ) തന്റെ സ്വാർത്ഥ ലാഭത്തിനു വേണ്ടി തെറ്റായ ഡാറ്റ അയച്ചു കൊടുത്തു അവരെ മാൻസ് പ്ലാനെറ്റിലേക്ക് വിളിച്ചു വരുത്തുന്നു. Dr mann അവരെ ഉപേക്ഷിച്ചു എൻഡ്യൂറൻസ് ഇൽ രക്ഷപെടാൻ ശ്രമിക്കുമ്പോൾ അപകടത്തിൽ കൊല്ലപ്പെടുകയും എൻഡ്യൂറൻസിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. മുക്കാൽ ഭാഗത്തോളം ഇന്ധനം mann ന്റെ പ്ലാനെറ്റിലേക്ക് പോകുന്നതിനു ഉപയോഗിച്ച് തീർന്നു (കൂടെ കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ് ശ്രദ്ധിക്കുക, ഒരു ഏകദേശ രൂപം മാത്രമാണ്, തെറ്റുണ്ടെങ്കിൽ തിരുത്തുക). അതിനാൽ, എൻഡ്യൂറൻസ് ഉപയോഗിച്ച് മൂന്നാമത്തെ പ്ലാനറ്റ് ആയ edmunds പ്ലാനെറ്റിലേക്ക് പോകാൻ gargantua യുടെ ഗുരുത്വകര്ഷണം ഉപയോഗിച്ച് ഒരു gravitational slingshot റൂട്ട് ഉണ്ടാക്കുക മാത്രമേ കൂപ്പറിനും ബ്രാൻഡിനും നിർവാഹം ഉണ്ടായിരുന്നുള്ളു . (Relative motion ഉപയോഗിച്ച് ഒരു പ്ലാനെറ്റിന്റെ ഗുരുത്വകര്ഷണം മുതലാക്കി ഒരു കവണ പോലെ ബഹിരാകാശ പേടകത്തെ ചുഴറ്റി എറിയുന്ന പരിപാടിയാണ് slingshot maneuver). സ്ലിങ് ഷോട്ട് ഉണ്ടാക്കാനായി എൻഡ്യൂറൻസിനു gargantua യുടെ വളരെ സമീപത്തു കൂടെ സഞ്ചരിക്കേണ്ടി വരുന്നു. (ചിത്രത്തിൽ പ്രകാശമയമായി കാണുന്നത് ബ്ലാക്ക് ഹോളിനടുത്തുള്ള ലൈറ്റിന്റെ ഡോപ്ലർ പ്രഭാവം ആണെന്നും യഥാർത്ഥ ബ്ലാക്ക് ഹോൾ ഒത്ത നടുക്കുള്ള കൂരിരുട്ടാണെന്നും മനസിലാക്കുക). ഈ സ്ലിങ് ഷോട്ട് നേടിയെടുക്കാൻ ആവശ്യത്തിന് പ്രൊപ്പൽഷൻ ഉണ്ടാക്കാനും gargantua യുടെ ഗ്രാവിറ്റിയിൽ നിന്നും എൻഡ്യൂറൻസ് പേടകത്തെ രക്ഷപ്പെടുത്താനും ആണ് കൂപ്പറും TARS ഉം ഒരു കുഞ്ഞു പേടകത്തിൽ എതിർ ദിശയിലേക്ക് കുതിക്കുന്നത്. ആ കുതിപ്പിൽ അവർ ബ്ലാക്ക്ഹോളിന്റെ ഗ്രാവിറ്റിക്ക് അടിമപ്പെടുകയും gargantua യുടെ event horizon വഴി ബ്ലാക്ക്ഹോളിനകത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു ടെസ്സറാക്റ്റിനകത്തു (tesseract) പെടുകയും ചെയ്യുന്നു. ബ്ലാക്ക്ഹോളിന്റെ അകത്തു ഉള്ള അവസ്ഥക്ക് singularity എന്ന് പറയും – അതായത് ഗ്രാവിറ്റിയും സാന്ദ്രതയും അനന്തമായതിനാൽ സ്പേസ്ടൈം- എന്നത് നിർവചിക്കാനാവാത്ത അവസ്ഥ. ഈ സിംഗുലാരിറ്റിയിൽ ആണ് ടെസ്സറാക്ട് നിൽക്കുന്നത്.

ഒരു സമചതുരത്തിൻ്റെ 3 D വേർഷൻ ആണ് ക്യൂബ്. അത് പോലെ, ഒരു ക്യൂബിന്റെ 4 D വേർഷൻ ആണ് ടെസ്സറാക്ട്. നമ്മൾ ഒരു ക്യൂബ് ഉണ്ടാക്കി ഒരു ഉറുമ്പിനെയോ ഒരു ഏക കോശ ജീവിയെയോ പിടിച്ചിട്ടാൽ ഉണ്ടാകുന്ന അവസ്ഥയിലൂടെ ആണ് കൂപ്പറും കടന്നു പോകുന്നത്. നമ്മൾക്ക് അക്സസ്സ് ഇല്ലാത്ത ഡിമെൻഷനിലൂടെ സഞ്ചരിക്കുന്ന അവസ്ഥ. ടെസ്സറാക്ട് എന്താണെന്നു മനസ്സിലാക്കാൻ കാൾ സെഗാൻ വിശദീകരിക്കുന്ന ഈ വീഡിയോ കണ്ടാൽ മതിയാകും : https://www.youtube.com/watch?v=N0WjV6MmCyM
ടെസ്സറാക്റ്റിനകത്തെ സിംഗുലാരിറ്റി യിൽ സമയം എന്ന ഡിമെൻഷൻ അക്സസ്സ് ചെയ്യാൻ കഴിയും എന്നത് കൂപ്പർ മനസിലാക്കുന്നു. ടെസ്സറാക്റ്റിലൂടെ പല വിധത്തിൽ നീങ്ങി ഒരു തരത്തിൽ ഗ്രാവിറ്റി മാറ്റുകയാണ് കൂപ്പർ ചെയ്യുന്നത്. അത് വഴി ഭൂതകാലത്ത് സംഭവിച്ച കാര്യങ്ങൾ സ്വാധീനിക്കാൻ ശ്രമിക്കുകയാണ് കൂപ്പർ. ടെസ്സറാക്റ്റിലെ പല അരികുകളും കൂപ്പറിന്റെ തന്നെ ഭൂതകാലത്തിലേക്കുള്ള പോർട്ടലുകൾ ആണെന്ന് ഒരു തരത്തിൽ പറയാം.

ചിത്രത്തിന്റെ ആരംഭത്തിൽ, ഒരു പൊടി കൊടുങ്കാറ്റിന് ശേഷം, മകളായ മർഫിയുടെ കിടപ്പുമുറിയിൽ വിചിത്രമായ പൊടി പാറ്റേണുകൾ കാണുന്ന കൂപ്പർ അവയുണ്ടായത് ഗുരുത്വാകർഷണ വ്യതിയാനങ്ങൾ (ഗ്രാവിറ്റി variations) മൂലമാണ് എന്നും, ബൈനറി കോഡിലേക്ക് അവയെ മാറ്റിയാൽ അത് ജോഗ്രഫിക്ക് കോർഡിനേറ്റുകളെ പ്രതിനിധീകരിക്കുന്നുവെന്നും മനസ്സിലാക്കുന്നുണ്ട്. കൂപ്പറിന് ഭൂമിയിലെ മർഫിയുടെ പഴയ മുറിയുടെ ബുക്ക്‌കേസുകളിലൂടെ വ്യത്യസ്ത ടൈം പിരീഡുകളിൽ കാണാനും അവിടത്തെ ഗുരുത്വാകർഷണവുമായി ഒരു weak interaction ഉണ്ടാക്കുവാനും കഴിയും. മർഫി ഇതിനെ ghost എന്നാണ് വിളിക്കുന്നത്. മർഫിയുടെ ghost താൻ തന്നെ ആയിരുന്നു എന്ന് കൂപ്പറിന് മനസ്സിലാവുന്നത് ഇവിടെ വെച്ചാണ്. ബുക്കുകൾ മറിച്ചിടുവാനും, മർഫിനു കൊടുത്ത വാച്ചിന്റെ സെക്കന്റ് ഹാൻഡ് ഉപയോഗിച്ച് മോർസ് കോഡ് വഴി TARS collect ചെയ്ത quantum ഡാറ്റ തന്നെ അയച്ചു കൊടുക്കാൻ സാധിക്കുന്നതും ഇങ്ങനെയാണ്.
അപ്പോൾ ഈ ടെസ്സറാക്റ്റ് ഒരു ബ്ലാക്ക്ഹോളിനകത്ത് വന്നത് എങ്ങിനെയാണ് ? അത് അവിടെ ഉണ്ടാക്കി വെച്ചത് ആരാണ് ??

ഡോക്ടർ അമേലിയ ബ്രാൻഡ് ഇടയ്ക്കിടെ ഉപയോഗിക്കുന്ന പദമാണ് “they”, “the bulk people ” എന്നത്. ഇത് ഉദ്ദേശിക്കുന്നത് അഞ്ചാമത്തെ ഡിമെൻഷനിലേക്കുള്ള അക്സസ്സ് കിട്ടിയ ഭാവിയിലെ മനുഷ്യർ ആണെന്ന് അമേലിയ തന്നെ പറയുന്നുണ്ട്. (അതിൽ “he”, “she” എന്നത് ഉപയോഗിക്കാതെ, “they, them”എന്ന പ്രൊനൗൺ ഉപയോഗിച്ചത് ശ്രദ്ധിക്കുക. ഭാവിയിലെ മനുഷ്യർ ജൻഡർ ഫ്ലൂയിഡ് ആണെന്നും നോളൻ ഉദ്ദേശിക്കുന്നുണ്ട്). അവർക്ക് ടൈം എന്നത് വെറും അടുത്ത ഒരു ഡിമെൻഷൻ മാത്രമാണ്. അതായത് പരന്ന റോഡിലൂടെ നടക്കുന്ന ഒരു മനുഷ്യൻ ഒരു മല കയറുന്ന പോലെ അവർക്ക് ടൈം അക്സസ്സ് ചെയ്യുവാൻ സാധിക്കും. ഇവരെ bulk beings എന്നാണ് പറയുന്നത്. സാധാരണ മനുഷ്യന് bulk beings നെ കാണുവാൻ സാധിച്ചെന്നു വരില്ല, കാരണം അവർ വേറെ ഡിമെൻഷനിലാണ്. പക്ഷെ അവരുടെ പ്രഭാവം തിരിച്ചറിയാൻ സാധിക്കും, സ്പേസ് ടൈം ഡിമെൻഷനിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളിലൂടെ (space-time distortions). അതാണ് ബ്ലാക്ക്ഹോളിനകത്തെ ഒരു സീനിൽ അമേലിയ bulk beings കൈ കൊണ്ട് തൊടുന്നതായി കാണിക്കുന്ന സീനിലും പറയാൻ ശ്രമിക്കുന്നത്. ഇത് യഥാർത്ഥത്തിൽ ടെസ്സറാക്ട് collapse ആകുമ്പോൾ കൂപ്പർ കൈ നീട്ടുന്നതാണെന്നു പിന്നീട് കാണിക്കുന്നുണ്ട്. അതായത് ടെസ്സറാക്റ്റിനകത്ത് കൂപ്പറും ഒരു 5th ഡിമെൻഷനൽ being പോലെയാണെന്ന് നമ്മൾക്ക് മനസ്സിലാക്കാം. bulk beings ടൈം അക്സസ്സ് ചെയ്യുന്നത് പോലെ ഗ്രാവിറ്റി മാറ്റി ടൈം അക്സസ്സ് ചെയ്ത ഭൂതകാലത്തെ സ്വാധീനിക്കാൻ കൂപ്പറിന് സാധിക്കുന്നത് ടെസ്സറാക്റ്റിനുള്ളിൽ ആയതു കൊണ്ടാണ്.

അഞ്ചാമത്തെ ഡിമെൻഷനിലേക്കുള്ള അക്സസ്സ് കിട്ടിയ, ടൈം ട്രാവലും ടൈം ആൾട്ടർനേഷനും ചെയ്യാൻ കഴിവുള്ള ആളുകൾ എന്ത് കൊണ്ട് കൂപ്പറിന്റെ ജോലി എളുപ്പമാക്കുന്നില്ല എന്ന് തോന്നിയേക്കാം. യഥാർത്ഥത്തിൽ ശനി ഗ്രഹത്തിനടുത്തു പ്രത്യക്ഷപ്പെടുന്ന വേം ഹോൾ തന്നെ “they” എന്ന് അഭി സംബോധന ചെയ്യുന്ന മനുഷ്യരാണ് സൃഷ്ടിച്ചത് എന്നത് അമേലിയ ആരംഭത്തിൽ പറയുന്നുണ്ട്. അവർക്ക് 3 ഡിമെൻഷനിൽ ജീവിക്കുന്ന നമ്മളെ പോലെ ഉള്ളവരോട് സംവദിക്കാൻ നേരിട്ട് സാധിക്കില്ല. നമ്മൾ ഒരു ഉറുമ്പിനോട് സംസാരിക്കുന്നത് ചിന്തിച്ചു നോക്കൂ, മനുഷ്യനെ പോലെ വളരെ ബുദ്ധിപരമായി മുന്നിൽ നിൽക്കുന്ന ജീവികളോട് സംവദിക്കാനുള്ള കഴിവില്ലാത്ത കൊണ്ട് ഉറുമ്പ് നമ്മൾ പറയുന്നതൊന്നും മനസ്സിലാക്കില്ല. എന്നാൽ, നമ്മൾ പറയുന്നത് മനസ്സിലാക്കുന്ന ഏതെങ്കിലും ഒരു ഉറുമ്പ് ഉണ്ടെങ്കിൽ ആ ഉറുമ്പു വഴി ബാക്കി ഉള്ള ഉറുമ്പുകളെ സ്വാധീനിക്കാൻ നമ്മൾ ശ്രമിക്കില്ലേ ? അതാണ് bulk beings കൂപ്പർ വഴി സാധിച്ചെടുക്കുന്നത്. കൂപ്പറും TARS ഉം ടെസ്സറാക്റ്റിൽ നിന്നും eject ചെയ്യപ്പെടുന്നതിന് ശേഷം, കൂപ്പർ അബോധാവസ്ഥയിൽ നിന്നും എഴുന്നേൽക്കുന്നത് ഭാവിയിലെ ശനി ഗൃഹത്തിനടുത്തു സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സ്പേസ് ഹാബിറ്റാറ്റിൽ ആണ്. വേം ഹോൾ വഴി കൂപ്പറിനെ അവിടെ എത്തിച്ചതും bulk beings ആയിരിക്കണം.

നോളന്റെ ഒരു പാട് സിനിമകളിൽ ഉള്ള പോലെ നായക/നായികാ തുല്യരായ ആളുകൾക്ക് ഉള്ള വേർപാടിന്റെ വേദന തന്നെയാണ് ഇന്റെർസ്റ്റെല്ലാറിന്റെയും ബാക്ക്ബോൺ. മകളോടുള്ള സ്നേഹം ത്യജിച്ചു മനുഷ്യ രാശിയെ രക്ഷിക്കാൻ ഇറങ്ങുന്ന ആളാണ് കൂപ്പർ. കൂപ്പറിനെ ഭൂതകാലം അക്സസ്സ് ചെയ്യുവാൻ സഹായിക്കുന്നത് മകളോടുള്ള സ്നേഹമാണ്.
മനുഷ്യരാശി യുടെ ഉന്മൂലനത്തിൽ രക്ഷയാകുന്നത് ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹം ആണ്. ഒരു മൊമെന്റ്‌ ഓഫ് realisation ഇൽ കൂപ്പർ റോബോട്ടായ TARS നോട് പറയുന്നതും അത് തന്നെയാണ്
“I am gonna find a way to tell Murph, just like I found this moment”
“how, cooper?”
“Love, TARS… Love !”
അമേലിയ ബ്രാൻഡ് പറയുന്ന വാക്കുകളും സൂചിപ്പിക്കുന്നത് അത് തന്നെയാണ്:
“Love is one thing that we are capable of perceiving that transcends the dimensions of time and space. Maybe we should trust that even if we don’t understand it ! ”

മാറ്റ് ഡയ്മൻ അവതരിപ്പിച്ച ഡോക്ടർ മാൻ ന്റെ കഥാപാത്രം ഇതിനു വിപരീതമാണ്. സ്വന്തം ഭാവി ആണ് മാൻ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നത്. അതിനു കൂപ്പറിനെ കൊല്ലുവാൻ പോലും അയാൾ മടിക്കുന്നില്ല. ഈ യുഗത്തിലെ നമ്മളെ പോലെ ഉള്ള സ്വാർത്ഥരായ മനുഷ്യരെ പോലെ, ഈ മൊമെന്റിൽ എന്താണോ വേണ്ടത് അത് മാത്രം മതി എന്നുള്ള ചിന്താഗതിയും വെച്ചാണ് ഡോക്ടർ മാൻ ജീവിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ , ഇന്റെർസ്റ്റെല്ലാറിൽ നോളൻ പറയാതെ പറയുന്ന സന്ദേശം എന്നത്, മനുഷ്യ രാശിയെ ഭാവിയിൽ നിലനിൽപ്പിനു സഹായിക്കുന്ന ഏതെങ്കിലും ഒരു ശക്തി ഉണ്ടെങ്കിൽ, അത് സ്നേഹമാണ് എന്നതാണ് !

You May Also Like

മാത്തനും മിന്നൽ മുരളിയും മണവാളൻ വസീമും ഒക്കെ ആകുന്നതിന് മുൻപ് അയാൾ

മാത്തനും, മിന്നൽ മുരളിയും, മണവാളൻ വസീമും ഒക്കെ ആകുന്നതിന് മുൻപ് അയാൾ.. ടോവിനോ തോമസ് ഒരുപാട്…

മാന്നാർ മത്തായി സ്പീക്കിങ്ങിൽ അരമണിക്കൂർ മുൻപേ ഇറങ്ങാൻ ഇന്നസെന്റിനോട് പറഞ്ഞ കടുവാക്കുളം ആന്റണി

നാടക- ചലച്ചിത്ര അഭിനേതാവ് കടുവാക്കുളം ആന്റണിയുടെ 86-ാം ജന്മവാർഷികം മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയിൽ…

പൃഥ്വിരാജ് വില്ലനായെത്തുന്ന, അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ട്രെയ്‌ലർ

പൃഥ്വിരാജ് വില്ലനായെത്തുന്ന, അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന ‘ബഡേ മിയാൻ ഛോട്ടേ…

ലൈക പ്രൊഡക്ഷൻസുമായ് വീണ്ടും കൈകോർക്കാൻ ശ്രീ ഗോകുലം മൂവീസ് !

ലൈക പ്രൊഡക്ഷൻസുമായ് വീണ്ടും കൈകോർക്കാൻ ശ്രീ ഗോകുലം മൂവീസ് ! തെന്നിന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ…