(എന്റെ സിനിമാനുഭവങ്ങൾ )
ദീപു

പങ്കജാക്ഷന്റെ പ്രണയ ദർശനങ്ങൾ…

“പ്രേമിക്കണ സമയത്ത് ഇമ്മള് സ്നേഹിക്കണ പെണ്ണായിരിക്കും ഈ ലോകത്ത് ഏറ്റവും സുന്ദരി.
അവൾടെ വാവലു ചപ്പിയ പോലത്തെ മൂക്കും റബ്ബർ ബാൻഡ് വലിച്ചു പിടിച്ച പോലത്തെ ചുണ്ടും, കോങ്കണ്ണിനും ഒക്കെ അപാര സൗന്ദര്യമായിരിക്കും.അപ്പൊ ഈ ലോകത്ത് മറ്റാർക്കും ഇല്ലാത്ത പ്രത്യേകത അവൾക്കുണ്ടെന്നു വെറുതെ ഇങ്ങനങ്ങട്‌ തോന്നും.സത്യം പറഞ്ഞാ പെണ്ണിനല്ല പ്രണയത്തിനാണ് സൗന്ദര്യം…”
പ്രണയാർത്ഥികളായ ഒരുപറ്റം ശിഷ്യൻമാരെ ചുറ്റുമിരുത്തി പങ്കജാക്ഷൻ പറഞ്ഞു നിർത്തി.

ഒരു നല്ല കോച്ച് നല്ല കളിക്കാരൻ ആവണം എന്ന് നിർബന്ധമില്ല എന്നത് പോലെ പങ്കജാക്ഷന്റെ പ്രണയം എന്നും കയ്യാലപ്പുറത്തെ തേങ്ങാ പോലെ നിഷ്ഫലമായി തുടരുകയായിരുന്നുവെങ്കിലും പങ്കജാക്ഷന്റെ ശിഷ്യന്മാരുടെ പ്രണയങ്ങളെല്ലാം വിജയ ശ്രീലാളിതമായവയായിരുന്നു .പ്രണയത്തിൽ ജയപരാജയങ്ങളില്ല എന്നായിരുന്നു പങ്കജാക്ഷന്റെ ഭാഷ്യമെങ്കിലും ചിലപ്പോഴൊക്കെ എനിക്ക് മാത്രം ഇഷ്ടപ്പെട്ടേക്കാവുന്നൊരു വിഭവത്തെ മറ്റുുള്ളവർക്ക് വേണ്ടിയും ഓർഡർ ചെയ്യേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അതെ സങ്കോചത്തോടെ ഞാൻ നിങ്ങളോടു പ്രേമസൂത്രത്തെ പറ്റി സംസാരിക്കട്ടെ .

ഇത് പങ്കജാക്ഷന്റെ കഥയാണ് … അയാളുടെ പ്രണയോപസനയുടെ പ്രകാശന്റെയും …ഈ ദീപുവിന്റെയും …
നോക്കൂ, നേരത്തെ പറഞ്ഞത് പോലെ ഇതെല്ലാവർക്കും ഇഷ്ടപ്പെടുന്നൊരു ചലച്ചിത്രമാണെന്നു ഞാൻ കരുതുന്നില്ല, ഒരുപാട് പോരായ്മകൾ ഉള്ള, ചിലപ്പോഴൊക്കെ അപൂർവ്വം നിലവാരത്തിലും താഴെയുള്ള രംഗങ്ങളും സംഭാഷണങ്ങളും ഉള്ള ചിത്രമാണ്.അത് കൊണ്ട് തന്നെ നിങ്ങളാരും ഇത് കാണണം എന്ന് ശുപാർശ ചെയ്യാനും ഞാൻ മുതിരുന്നില്ല …

ഈ ചിത്രം സുബ്രമണ്യ പാപ്പനെ പോലുള്ളവർക്ക് വേണ്ടിയുള്ളതാണ് .പ്രണയ സർപ്പത്തിന്റെ ദംശത്താൽ പ്രാണൻ പട്ടു പോയ ദീപുവിനെപ്പോലുള്ളവർക്ക് വേണ്ടി മാത്രമുള്ളത് .തൃപ്രയാർ ഏകാദശിക്ക്‌ തേവരുടെ അമ്പലത്തിൻ്റെ ദിശയിലേക്ക് വീശുന്ന ഒരു പ്രത്യേകകാറ്റ് പോലെ ,വിഷുപ്പിറ്റേന്ന് മാത്രം പെയ്യുന്ന ഒരു മഴയുണ്ട് എന്റെ ഗ്രാമത്തിൽ …അന്ന് മേടമാസത്തിലെ കടുത്ത ചൂടിൽ വാടിക്കുഴഞ്ഞ ചെടികളൊക്കെ ആ കുളിർമയിൽ പുതഞ്ഞ് പുതുജീവനോടെ പിടഞ്ഞുണരും ..അന്നെന്റെ ഗ്രാമം കുളിച്ചീറനണിഞ്ഞ കന്യകയെ പോലെ അതിസുന്ദരിയായ്ച്ചമയും …

അതേ ഗ്രാമഭംഗി നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലമാണ് ഈ ചിത്രത്തിലെ ഓരോ ഫ്രയിമിലും എന്നതാണ് എന്നെ ആകർഷിച്ച ഒരു ഘടകം..കഥ ഇഷ്ടപ്പെട്ടില്ലെങ്കിലും നിങ്ങൾക്കാ പശ്ചാത്തലം ഇഷ്ടപ്പെടാതിരിക്കില്ല എന്നെനിക്കുറപ്പാണ് .അത് പോലെ അത്രമേൽ ആർദ്രമായ പശ്ചാത്തല സംഗീതവും,നാടൻ ശീലിലുള്ള പാട്ടുകളും അതി മനോഹരമെന്നു പറയാതെ വയ്യ…

“മധുവിലും മധുരമായ് ” എന്ന് തുടങ്ങുന്ന ഗാനം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.മറ്റൊന്ന് ഈ ചിത്രം സിംഹഭാഗവും വിദ്യാലയത്തെയും കുട്ടികളെയും പറ്റി നിൽക്കുന്ന ഒന്നാണ്.മധുരിക്കുന്ന ആ ഓർമ്മകളിലേക്കൊരു തിരിച്ചു പോക്കാണ് ഈ ചിത്രമെനിക്കെന്നും സമ്മാനിക്കുന്നത്.എനിക്കറിയാം ഞാനിത്രയൊക്കെ പറയുമ്പോ നിങ്ങളിൽ ചിലർക്കെങ്കിലും ഈ ചിത്രം കാണണം എന്ന് തോന്നുന്നുണ്ട് എന്ന്..
പക്ഷേ ഞാനതാഗ്രഹിക്കാത്തത് കൊണ്ട് മാത്രം ആമ്പൽച്ചിറയെപ്പറ്റിയും അവിടുത്തെ മത്സ്യകന്യകയെപ്പറ്റിയും ഒരിക്കലും നിങ്ങളോട് പറയുയാനേ പോകുന്നില്ല.

അമ്മുക്കുട്ടിയായി വന്ന ലിജോമോള് ജോസ് ..പ്രകാശനെ പോലെ എനിക്കും പ്രണയമാണിന്നവളോട് .
നിങ്ങളാരും ഈ ചിത്രം കാണാൻ ഞാൻ താത്പര്യപ്പെടാത്തതിൻ്റെ മറ്റൊരു കാരണം അതാണ്.ചില ഫ്രെയിമിലൊക്കെ ഓളെ കാണുമ്പോ ണ്ടല്ലോ ൻ്റെ സാറേ.അമ്മുക്കുട്ടിയെ ഒന്നു പ്രണയിക്കാൻ തോന്നാതെ ഒരുത്തനും ആ ചിത്രം മുഴുവനാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.വെറുതെ എന്തിനാ ഒരു കോമ്പറ്റീഷൻ..????
ഈ പടം എത്ര തവണ കണ്ടുവെന്ന് എനിക്ക് തന്നെ തീർച്ചയില്ല .ഓരോ തവണ കാണുമ്പോഴും ഈ ചിത്രം വന്ദനത്തിലെ ഗാഥയെപ്പോലെ പോലെ എന്നോട് ചോദിക്കും നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഉള്ള ഒരു ചിത്രമല്ല ഞാൻ .നിങ്ങളുടെ സങ്കല്പത്തിലുള്ള ഒരു സിനിമയാവാൻ എത്ര ശ്രമിച്ചാലും എനിക്കാവില്ല ..
അതെ, എന്റെ കഥ അത്ര പോരാ .പിന്നെ എന്റെ ക്ളൈമാക്‌സും പോരാ.തീരെ ലോജിക്കില്ല എന്ന് ഞാൻ പറയാതെ തന്നെ അറിയാലോ …

ഇങ്ങനെയുള്ള ഒരു സിനിമയാണോ നിങ്ങൾക്ക് വേണ്ടത് ? tell me..ഒരു കുഞ്ഞു ദേഷ്യം മുഖത്തു ഫിറ്റ് ചെയ്ത് അവളെന്നെ നോക്കും .ഞാനപ്പോൾ ലാലേട്ടന്റെ വാക്കുകൾ കടമെടുക്കും എന്നിട്ടു പറയും ”
still i love you…..♥️

Leave a Reply
You May Also Like

ബോക്സ്‌ ഓഫീസിൽ മാത്യൂസും നസ്ലെനും പുലർത്തുന്ന ആധിപത്യം പോലും ഇന്ന് ഇവർക്ക് ഇല്ല എന്നതാണ് സത്യം

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് പ്രത്യേകിച്ച് ഒരു കരിയർ പ്ലാനിങ്ങും ഇല്ലാതെ സിനിമ ചെയ്യുന്ന യുവ താരങ്ങൾ…

‘കെജിഎഫ്’ ഒരു സുനാമിയായിരുന്നെങ്കിൽ ‘ഉഗ്രം’ സുനാമി മുന്നറിയിപ്പായിരുന്നു

ഇപ്പോൾ കെജിഎഫിലൂടെ നമ്മെ ഏവരെയും ഞെട്ടിക്കുന്ന സംവിധായകനാണ് പ്രശാന്ത് നീൽ. ആള് പെട്ടന്നൊരു ദിവസം ഒരു…

മനസ്സിൽ പ്രണയമഴ പെയ്യിക്കാൻ കൊതിച്ചവൾ, ‘പുംശ്ചലി’

നിഷാ നായർ സംവിധാനം ചെയ്ത മനോഹരമായൊരു ഷോർട്ട് മൂവിയാണ് പുംശ്ചലി. പരപുരുഷന്മാരെ സ്വീകരിക്കുന്നവള്‍, വ്യഭിചാരിണി എന്നൊക്കെ…

തോക്കുകളും ബോംബുകളും വാഴുന്ന ഹോളിവുഡില്‍ മനുഷ്യത്വത്തിന്റെ വെളിച്ചം ഉയര്‍ത്തിപ്പിടിച്ച സംവിധായകനാണ് ജെയിംസ്‌ കാമറൂണ്‍

അനൂപ് കിളിമാനൂർ Avatar “നട്ടുനനച്ചൊരു സംസ്കാരത്തരുവെട്ടിച്ചിതനിര തീര്‍ത്തീടും, തണലുതരുന്ന മഹാവൃക്ഷം നാംചുവടു മുറിക്കുകയാണിന്ന്, ഇത് ബാഗ്ദാദാണമ്മ…