വിവാഹം കഴിക്കാനിരിക്കുന്നവരും, കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ആലോചിക്കുന്നവരുമായവർ പ്രത്യേകിച്ച് പുരുഷാരങ്ങൾ എന്തായാലും വായിച്ചിരിക്കേണ്ട പോസ്റ്റ്..

Deepa Mary Thomas എഴുതുന്നു✍️

കൊച്ചു കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തി എന്നുള്ള വാർത്തകൾ വളരെ വികാര വിക്ഷോഭങ്ങളോടെ വായിച്ച്, അമ്മയായാൽ നിർബന്ധമായും ഉണ്ടാവേണ്ട അളവില്ലാത്ത സ്നേഹം, ത്യാഗം, സഹനം എന്നിവയൊക്കെ ചേർത്ത്, എന്നാലും അവളെന്തൊരമ്മയാണെന്നുള്ള ദീർഘ നിശ്വാസവും കഴിയുമ്പോൾ, കണ്ണുടക്കുന്ന വാർത്തയുടെ അവസാന വരികളിൽ ആ സ്ത്രീ മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നൊക്കെ കാണാം. അതൊന്നു നന്നായി ശ്രദ്ധിക്കണം. ഓർത്തു വെക്കണം.

പ്രസവം കഴിഞ്ഞാൽ കുഞ്ഞിനെ കാണുന്ന ആദ്യ നിമിഷം മുതൽ മാതൃത്വത്തിന്റെ അനിർവചനീയ അനുഭൂതിയൊക്കെ അനുഭവിക്കും എന്നായിരുന്നു പ്രസവിക്കുന്നത് വരെ ഞാനും കരുതിയിരുന്നത്. അതങ്ങനെയല്ല എന്ന് മനസ്സിലാക്കിയത് ആദ്യമായി കുഞ്ഞിനെ കാണിച്ചു തന്നു ആൺ കുട്ടിയാണെന്ന് സിസ്റ്റർ പറഞ്ഞപ്പോൾ, ഓക്കേ സിസ്റ്റർ എന്ന് മാത്രം പറഞ്ഞു കണ്ണടച്ച് കിടന്നപ്പോളാണ്. കുഞ്ഞിനൊരുമ്മ കൊടുക്കെടോ എന്ന് അവർ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാനന്നത് ചെയ്തത്.

മൂഡ് സ്വിങ്സ്, എഴുന്നേറ്റിരിക്കാനോ നടക്കാനോ കഴിയാത്ത തരത്തിലുള്ള ശരീര വേദന, കുഞ്ഞു പാലുകുടിക്കാൻ തുടങ്ങുന്നതുമൂലമുള്ള നിപ്പിൾ ക്രാക്സ് , അതിന്റെ വേദന, മുലപ്പാൽ ഇല്ലായ്മ , കുഞ്ഞിന്റെ അഡ്ജസ്റ്റ്മെന്റ്‌ പ്രശ്നങ്ങൾ, കുഞ്ഞു മൂത്രമൊഴിച്ച് നനയുന്ന വസ്ത്രങ്ങൾ, ഇവയെല്ലാം കൊണ്ടുണ്ടാവുന്ന അസ്വസ്ഥതകളല്ലാതെ മറ്റൊന്നും മാതൃത്വത്തിന്റെ ആദ്യ ദിവസങ്ങൾ എന്റെ ഓർമയിലേക്കെത്തിക്കുന്നില്ല. ഏറ്റവും അസഹ്യമായി തോന്നിയത് കുഞ്ഞിന്റെ കരച്ചിൽ തന്നെയായിരുന്നു. കരയുന്ന കുഞ്ഞിനെ നോക്കി ഇതിനെ ഒന്നെടുത്തോണ്ട് പോകൂ എന്നലറിയിരുന്ന ഞാൻ തൊട്ടടുത്ത നിമിഷം അങ്ങനെ പറഞ്ഞല്ലോ എന്ന കുറ്റബോധം കൊണ്ട് കരയും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാവുന്ന ദിവസം കാരണമില്ലാതെ കരയുന്ന എന്നെ പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നും ഇല്ലാതെ നോക്കി നിന്ന അമ്മയോടും, ഇപ്പൊ വീട്ടിൽ പോകാലോ പിന്നെന്താ എന്ന് ആശ്വസിപ്പിക്കാൻ വന്ന നഴ്സിനോടും തട്ടിക്കേറിയത് വ്യകതമായി ഓർമയുണ്ട്.

 1. പോസ്റ്റ് പാർട്ടം ബ്ലൂ
  പ്രസവ ശേഷം പ്രത്യേകിച്ച് ആദ്യത്തെ പ്രസവ ശേഷം 70 ശതമാനത്തിലധികം സ്ത്രീകളും കടന്നുപോകുന്ന മനസികാവസ്ഥയാണിത്. പ്രസവ ശേഷം രണ്ടാഴ്ച്ച വരെ നീണ്ടു നിൽക്കാവുന്ന, അകാരണമായ ദേഷ്യവും, സങ്കടവും, കുറ്റബോധവും ഒക്കെയുള്ള ഈ മാനസികാവസ്ഥയെ ന്യൂ പാരന്റൽ ബ്ലൂസ്/ ബേബി ബ്ലൂ / പോസ്റ്റ് പാർട്ടം ബ്ലൂ എന്നൊക്കെയാണ് പറയുന്നത്.
  ആവശ്യത്തിന് വിശ്രമവും ഉറക്കവും മറ്റു വൈകാരിക പിന്തുണയും നൽകിയാൽ ഈ അവസ്ഥ പരിഹരിക്കപ്പെടും. എന്നാൽ കൂടുതൽ തീവ്രമായ ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുകയും അമ്മയുടെയും കുഞ്ഞിന്റെയും ദൈനംദിന ജീവിതത്തെ ദോഷകരമായി ബാധിക്കുയും ചെയ്താൽ പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ഉണ്ടോ എന്നറിയാനുള്ള പരിശോധനകൾ നടത്തേണ്ടതാണ്.
 2. പോസ്റ്റ് പാർട്ടം ഡിപ്രഷൻ
  ഗര്ഭകാലം മുതലോ പ്രസവാനന്തരമോ ഉണ്ടാവുന്ന വിഷാദ രോഗമാണ് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ . ഗൗരവപരമായ എന്നാൽ കൃത്യമായ ചികിത്സാ രീതികളിലൂടെ പരിഹരിക്കാവുന്ന അവസ്ഥയാണിത്.
  *അനിയന്ത്രിതമായ സങ്കടം, കരച്ചിൽ,

* ഉറക്കമില്ലായ്മയോ ഉറക്ക കൂടുതലോ, വിശപ്പില്ലായ്മ- അമിതമായി ഭക്ഷണം കഴിക്കുക, ക്ഷീണം, അസ്വസ്ഥതകൾ (irritability , restlessness ),
*മരണത്തെക്കുറിച്ചോ ആത്മഹത്യയെ കുറിച്ചോ ഉള്ള ചിന്തകൾ,
*കുഞ്ഞിനോടുള്ള താൽപര്യക്കുറവ്, നല്ല അമ്മയല്ല എന്നുള്ള തോന്നലുകൾ, കുറ്റബോധം,
* തന്നെതന്നെയോ കുഞ്ഞിനെയോ ഉപദ്രവിക്കാനുള്ള പ്രവണത അല്ലെങ്കിൽ അങ്ങനെ ചെയ്യുമോ എന്നുള്ള പേടി.
ഇവയൊക്കെ പോസ്റ്റ് പാർട്ടം ഡിപ്രെഷന്റെ ലക്ഷണങ്ങളാണ്.
അമ്മമാർക്ക് മാത്രമല്ല അച്ഛൻമാർക്കും ഇത്തരം മനസികപ്രശ്നങ്ങൾ ഉണ്ടാവാം.

 1. പോസ്റ്റ് പാർട്ടം സൈക്കോസിസ്
  പ്രസവത്തോടനുബന്ധിച്ചുണ്ടാവാൻ സാധ്യതയുള്ള കൂടുതൽ ഗുരുതരമായ മറ്റൊരു മാനസികാരോഗ്യ പ്രശ്നമാണിത് . ഡിസോറിയന്റേഷൻ, ഹാലൂസിനേഷൻസ്, ഡെല്യൂഷൻസ് തുടങ്ങിയ അതി തീവ്ര ലക്ഷണങ്ങൾ ഉള്ള എന്നാൽ വിരളമായ രോഗാവസ്ഥയാണിത്.

മനസ്സിലാക്കേണ്ടതും ഓർത്തുവെക്കേണ്ടതുമായ കാര്യം വളരെ നിസ്സാരമാണ്. പ്രസവ ശേഷമോ ഗർഭകാലത്തോ അതുമൂലമുണ്ടാവുന്ന ശാരീരിക, വൈകാരിക, സാമൂഹിക, സാമ്പത്തികമായുള്ള മാറ്റങ്ങൾ മൂലം സ്ത്രീകൾക്ക് പല തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാവാം. ഗർഭധാരണം പ്രസവം എന്നീ അവസ്ഥകളിലൂടെ കടന്നു പോകുന്ന ഏതൊരു സ്ത്രീക്കും ഇതുണ്ടാവാം. നിങ്ങളുടെ ഭാര്യക്കോ, മകൾക്കോ, സുഹൃത്തിനോ, സഹോദരിക്കോ ഇത്തരമൊരു പ്രയാസമുണ്ടെന്ന് തോന്നിയാൽ മെഡിക്കൽ സഹായം ലഭ്യമാക്കുക. ആവശ്യമായ കരുതലും, പരിചരണവും, പിന്തുണയും ആവശ്യമെങ്കിൽ ചികിത്സയും നൽകുക.
വാൽ : ഇങ്ങനെ പ്രയാസമനുഭവിക്കുന്ന ‘അവളെ’ കണ്ടു കഴിയുമ്പോൾ ‘ശ്രീദേവിയെ പൂട്ടിയിടണം എന്നൊന്നും പറഞ്ഞു കളയരുത്’ . അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാർത്തയ്ക്കു കീഴെ ‘ഇത്’ സ്കിസോഫ്രീനിയ ആണെന്നൊക്കെ കമെന്റുകൾ കണ്ടു. എന്നാൽ ‘ഇത് അതല്ല’. ശ്രദ്ധിക്കുക മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ്. ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നിയാൽ ചികിത്സ തേടുക.

Deepa Mary Thomas
Psychologist

You May Also Like

കാലുകൾക്കിടയിൽ തലയിണ വെച്ച് ഉറങ്ങുന്നത് കൊണ്ട് ഇത്രയധികം ഗുണങ്ങളുണ്ടോ ?

രാത്രി കാലുകൾക്കിടയിൽ തലയിണ വെച്ച് ഉറങ്ങുന്നതിൻ്റെ ഗുണങ്ങൾ പകൽ മുഴുവൻ ഓഫീസും വീട്ടുജോലിയും ചെയ്ത ശേഷം…

പാല് കുടിക്കാന്‍ മടിയാണെങ്കില്‍ ഇതൊക്കെ കഴിക്കണം !

മുതിര്‍ന്നവര്‍ക്കും പ്രത്യേകിച്ചു കുട്ടികള്‍ക്കും എല്ലിനും പല്ലിനുമെല്ലാം മികച്ച ഒരു ഭക്ഷണപദാര്‍ത്ഥമാണ് പാല്‍

തൊണ്ട വേദന മാറാന്‍ ചില പൊടിക്കൈകള്‍

തൊണ്ട വേദന കാരണം വെള്ളം കുടിക്കാന്‍ പോലും പാടുപെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടോ ? . എന്നാല്‍ ഇനി വിഷമിക്കേണ്ട. ചില പൊടിക്കൈകള്‍ ഇതാ …

കൊവിഡ് മൂലം തീവ്രപരിചരണ വിഭാഗങ്ങ ളിൽ വെന്റിലേറ്റർ സൗകര്യങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ രോഗികളുടെ ചിത്രങ്ങളിൽ മിക്കവാറും ഐസിയു ബെഡിൽ മലർന്ന് കിടക്കാതെ കമഴ്ന്ന് കിടക്കാൻ കാരണം എന്ത് ?

ഇത് ഒരു പഴയ ടെക്നിക്കാണ്. ഇതിനെ വൈദ്യശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത് ‘പ്രോണിങ് ‘എന്നതാണ്.കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്കെല്ലാം തന്നെ വളരെ ആശ്വാസം പകരുന്ന ഒരു സവിശേഷ വിധിയാണ് ‘പ്രോണിങ്’എന്നറിയപ്പെടുന്നത്.