കൂടെ നിന്നവരോടുള്ള സ്നേഹം വ്യക്തമാക്കിക്കൊണ്ട് ദീപാനിശാന്തിന്റെ പോസ്റ്റ്

  758

  വീഴ്ചയിൽ കൂടെ നിന്നവരോടുള്ള കടപ്പാട് വ്യക്തമാക്കിക്കൊണ്ട് ദീപാനിശാന്തിന്റെ പോസ്റ്റ് . പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം  (Deepa Nisanth)
  =====
  കഴിഞ്ഞ ദിവസം പ്രേമടീച്ചറെ കണ്ടപ്പോഴാണ് ടീച്ചർ പറഞ്ഞത് .

  “ഇക്കണക്കിന് പോയാ നീയെനിക്ക് വക്കീൽഫീസ്‌ തരേണ്ടി വരും”

  “അതെന്താ ” ന്ന് ചോദിച്ചപ്പോൾ ടീച്ചറുടെ മറുപടി:

  ” നീ കാരണം മനുഷ്യനൊരു മരണവീട്ടിൽ വരെ പോകാൻ പറ്റാണ്ടായി . എണ്ണിപ്പെറുക്കലിനിടേപ്പോലും എന്നെ കാണുമ്പോ നിന്നെപ്പറ്റ്യാണ് ആൾക്കാര് ചോദിക്കണത് ”

  ” ഓ! പിന്നേ ” ന്നും പറഞ്ഞ് ഞാനാ അതിശയോക്തിയെ ന്യൂനോക്തിയാക്കി.

  ” എന്റേം അവസ്ഥ അതാ ടീച്ചറേ ” ന്നും പറഞ്ഞ് ഷെറി എരിതീയിൽ എണ്ണയൊഴിക്കൽ പ്രക്രിയ ആരംഭിച്ചു.

  മരണവീട്ടിലെ കാവ്യരോദനങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ ടീച്ചർ കാറിലിരുന്ന് വർണ്ണിച്ചപ്പോൾ ഞാൻ മണ്ണിടയിലൂടെ പൂണ്ടിറങ്ങാൻ മോഹിക്കുന്ന കുഴിയാനയായി.

  എന്റെ ‘വൈകാരിക പരിസരങ്ങൾ’ മുഴുവൻ കാറിലെ കൂട്ടച്ചിരികളായി.

  ഇറങ്ങിയോടാൻ മോഹിച്ച് ഞാനിരുന്നു.

  ഇടയ്ക്ക് കലഹിച്ചു..

  ‘ചിരിക്കാണ്ട് വണ്ടിയോടിക്കടീ ”ന്നും പറഞ്ഞ് ഷെറിയെ ശകാരിച്ചു.

  ഞാനെത്രത്തോളം പ്രതിരോധിക്കുന്നുവോ അത്രത്തോളം ചിരി ശക്തമായിക്കൊണ്ടേയിരുന്നു.

  ഒടുവിൽ ഞാൻ തോറ്റു.

  ഞാനുമാ ചിരിയിൽ കൂടെച്ചേർന്നു.

  അവർക്ക് ചിരിക്കാനർഹതയുണ്ട്.

  എന്നെ കളിയാക്കാനർഹതയുണ്ട്.

  എന്റെ വീഴ്ചയിൽ എന്നേക്കാൾ വേദനിച്ച അപൂർവം ചിലരിൽ അവരുമുണ്ട്.

  അപ്പോഴൊന്നും അവർ ചിരിച്ചിട്ടില്ല.

  കുത്തിക്കുത്തിച്ചോദിച്ചിട്ടില്ല.

  എന്റെ അർദ്ധവിരാമങ്ങളെ സ്വാഭീഷ്ടപ്രകാരം പൂരിപ്പിച്ചിട്ടില്ല. കഥകൾ മെനഞ്ഞിട്ടില്ല.

  ‘ഒപ്പമുണ്ടെന്ന് ‘ പറയാതെ പറഞ്ഞ് അവരൊപ്പമുണ്ടായിരുന്നു. അവരെപ്പോലുള്ളവരാണ് എന്നെ വലിച്ചെഴുന്നേൽപ്പിച്ചത്.നടക്കാൻ പറഞ്ഞത്…

  ‘അതിഭീകരമായി ‘എന്നെ വിശ്വസിച്ച് എന്നെപ്പോലും ഞെട്ടിച്ചു കളഞ്ഞവരാണവർ.

  എന്റെ മുറിവിനെ തലോടിയുറക്കിയതവരാണ്.

  ” അശ്വത്ഥാമാ: ഹത: ” എന്നുറക്കെപ്പറഞ്ഞു കൊണ്ട്, “കുഞ്ജര: ” എന്ന് പതുക്കെ മന്ത്രിക്കുന്ന യുധിഷ്ഠിരതന്ത്രങ്ങളൊന്നും അവർക്കറിയില്ലായിരുന്നു.

  സ്വന്തം ദേഹത്ത് ചെളി പുരളാതിരിക്കാൻ മനുഷ്യർ നടത്തുന്ന അതിവിദഗ്ധമായ നിഷ്കളങ്കനാട്യങ്ങളിലും വിചാരണകളിലും അവർ പങ്കാളികളായിരുന്നില്ല.

  എന്റെ മൗനം കൊണ്ട് വെളുക്കെ ചിരിക്കുന്ന.. ഇപ്പോഴും തലയുയർത്തിപ്പിടിച്ചു നടക്കുന്ന … പലരേയും പോലായിരുന്നില്ല അവർ.

  അവരെന്നിൽ പ്രതീക്ഷയുടെ വിത്ത് നട്ട് നനച്ചു വളർത്തി വിളവെടുപ്പിനായി കാത്തുനിന്നവരായിരുന്നില്ല.

  ഞാനൊരു അസാധാരണവ്യക്തിയല്ലെന്നും, പ്രശ്നങ്ങൾ വരുമ്പോൾ പതറുന്ന, കരയുന്ന, കുറേ കരഞ്ഞ് കഴിഞ്ഞാൽ കണ്ണുതുടച്ച് എണീക്കുന്ന, നടക്കുന്ന, ചിരിക്കുന്ന ,മനുഷ്യസഹജമായ എല്ലാ പിഴവുകളും വരുത്തുന്ന ഒരു സാധാരണ ജീവിയാണെന്ന് അവർക്കറിയാമായിരുന്നു.

  അവർക്കെന്നെ മനസ്സിലാകുമായിരുന്നു.

  അതിബുദ്ധിമാന്മാരുടെ ലോകത്ത് വിഡ്ഢികൾക്കും ഇടമുണ്ടെന്ന് അവർക്കറിയാമായിരുന്നു.

  അവർക്ക് ഞാനൊരിക്കലുമൊരു ‘മാർക്കറ്റിംഗ് ടൂളാ’യിരുന്നില്ല.

  “ചിതയിൽ നിന്നു ഞാനുയിർത്തെഴുന്നേൽക്കും
  ചിറകുകൾ പൂപോൽ വിടർത്തെഴുന്നേൽക്കും”

  എന്ന് പ്രതീക്ഷിച്ച് അവർ കൂട്ടിരുന്നു.

  അവർക്കല്ലാതെ മറ്റാർക്കാണ് എന്നെ നോക്കി തുറന്ന് ചിരിക്കാനാകുക?

  മനുഷ്യരെ കൂടുതൽക്കൂടുതൽ അടുപ്പിക്കുന്നത് ആഹ്ലാദാനുഭവങ്ങളല്ല.

  വിഷാദവലയങ്ങളിലാണ് മനുഷ്യർ കുറേക്കൂടി ഒട്ടിച്ചേരുക.

  തിരിഞ്ഞു നോക്കുമ്പോൾ എനിക്കും ചിരി വരുന്നുണ്ട്. എന്റെയന്നത്തെ വിഡ്ഢിത്തങ്ങൾ എന്നെയും ലജ്ജിപ്പിക്കുന്നുണ്ട്.

  അങ്ങനെയായിരുന്നില്ല ഞാൻ പെരുമാറേണ്ടിയിരുന്നത്.

  കണ്ണാടി മുഖത്തിനോടു ചേർത്തു പിടിച്ചാൽ നമുക്ക് മുഖം കാണാനാകില്ല.

  നിശ്ചിത അകലം വേണം ഏതു കണ്ണാടിക്കും.

  എന്നാലേ മുഖം കാണൂ.

  അനുഭവത്തിൽ വീണു പിടയുന്ന ആളുകൾക്കും സ്വന്തം മുഖം കാണാനാകില്ല.

  അവരുടെ വാക്കുകളുടെ വ്യാകരണപ്പിഴവുകൾ അവർക്കുമാത്രം മനസ്സിലാകില്ല.

  അവരാ അനുഭവത്തിനകത്താണ്.

  അതിൽ വീണു കിടന്ന് പിടയുകയാണ്.

  എഴുന്നേൽക്കാനുള്ള വെപ്രാളത്തിലാണവർ.

  അവർ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളായിരിക്കും.

  എങ്കിലും അവരാണ് ശരിയെന്ന് അവർ വിശ്വസിക്കും.

  ‘അമ്പിളി എന്റെ പറമ്പിലാണെന്ന ‘ മൂഢവിശ്വാസം പോലെ!

  അവർ നഷ്ടപ്പെടുന്നവയുടെ പുറകെ പരക്കം പാഞ്ഞുകൊണ്ടേയിരിക്കും.

  ആ പഴയ ലോറൽ-ഹാർഡി സിനിമയിലെപ്പോലെ.

  ഓർമ്മയില്ലേ?

  ലോറലും ഹാർഡിയും തീയണയ്ക്കാൻ പെടുന്ന പെടാപ്പാടുകൾ ?

  ശാന്തസുന്ദരമായ ഒരു അരുവിയുടെ തീരത്ത് കൂടാരം കെട്ടി താമസിക്കുമ്പോഴാണ് പുകയുയരുന്നത്.

  കൂടാരത്തിന് തീപിടിക്കുകയാണ്.

  ലോറലും ഹാർഡിയും അമ്പരക്കുന്നു.

  ഷേവിംഗ്കപ്പുമായി ലോറലിന്റെ ഓട്ടം!

  വെള്ളമെടുക്കാനാണ്. തീയണയ്ക്കാൻ .മറുകരയാണ് ലക്ഷ്യം. ഓടുന്നത് അരുവിയിലൂടെയാണ്. ഈർക്കിലു പോലൂർന്നു വീഴുന്ന ജലത്തിനായുള്ള കാത്തിരിപ്പ്! ആ ജലവുമായി അരുവിയിലൂടെയുള്ള തിരിഞ്ഞോട്ടം. പാതിയിലേറെ ജലവും തുളുമ്പിപ്പോവുകയാണ്. എന്നാലും അയാളാ പ്രയത്നം തുടരുകയാണ്. തീയണയുമെന്ന വ്യാജപ്രതീക്ഷയിൽ.

  ലോറൽ ഉറക്കെയുറക്കെ ഊതിക്കൊണ്ടിരിക്കുകയാണ്.

  ലോറലിന്റേയും പ്രതീക്ഷ ഒരു മെഴുകുതിരിനാളം ഊതിക്കെടുത്തും പോൽ തീനാളങ്ങളണയ്ക്കാമെന്നാണ്.

  തീയണയ്ക്കുകയല്ല ആളിക്കത്തിക്കുകയാണ് താൻ ചെയ്യുന്നതെന്ന് അയാൾ മാത്രം തിരിച്ചറിയില്ല.

  ‘മുക്കുവന് കടൽ കാണാനാവില്ല’ എന്ന് പറയാറുണ്ടല്ലോ.കടൽ അയാൾക്കൊരു കാഴ്ചവസ്തുവല്ല .അനുഭവമാണ്. അതുപോലെ അനുഭവത്തിൽ നിന്ന് വേറിട്ടാൽ മാത്രമേ ആ അനുഭവത്തെപ്പറ്റി നമുക്ക് പറയാനാവൂ.. വിലയിരുത്താനാകൂ. അനുഭവപ്പിടച്ചിലുകളിൽ മനുഷ്യർ ചിലപ്പോൾ ഭ്രാന്തനെപ്പോൽ പെരുമാറിക്കളയും.

  ജലം തേടി ഓടിയതൊക്കെയും ജലത്തിലൂടെയായിരുന്നെന്ന് തിരിച്ചറിയുക പിന്നീടായിരിക്കും.

  അപ്പോഴേക്കും തീനാളങ്ങൾ എല്ലാം വിഴുങ്ങിക്കഴിഞ്ഞിരിക്കും.

  അപ്പോൾ മുഖത്തോടു മുഖം നോക്കി അവർ നിരാശപ്പെടും. ചിലപ്പോൾ ചിരിക്കും.

  ചിലപ്പോൾ ‘ഇദം ന മമ :’ എന്ന ദാർശനികയുക്തിയിൽ അവരാശ്വാസം കൊള്ളും.

  കത്തിയമർന്നതൊന്നും എന്റേതല്ല ! എനിക്ക് കൊണ്ടു പോകേണ്ടവയല്ല എന്ന് ചിന്തിക്കാൻ സമയമെടുക്കും.

  “സുഖദുഃഖപുണ്യപാപങ്ങൾ നീളെ വിരിഞ്ഞു നിൽക്കുന്ന നീണ്ട വഴികൾ പദങ്ങളാലളക്കുന്ന കളി” തന്നെയാണ് ജീവിതമെന്ന് മനസ്സിലാകുന്ന സമയം മുതൽക്കാണ് നാം വീണ്ടും നടക്കാൻ തുടങ്ങുക.

  Advertisements