മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു സുബ്രു . അദ്ദേഹം ഇന്നലെ അന്തരിച്ചു. ദീപാനിശാന്ത് സുബ്രുവിനെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം.

Deepa Nisanth

പൂങ്കുന്നത്തിനടുത്ത് ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപം ഒരാൽമരച്ചുവട്ടിൽ കഴിഞ്ഞിരുന്ന വടാശ്ശേരി സുബ്രഹ്മണ്യനെക്കുറിച്ചുള്ള കൗതുകകരമായ ഒരു ഫീച്ചർ വർഷങ്ങൾക്കു മുമ്പ് പത്രത്തിൽ ഒരു ഞായറാഴ്ചപ്പതിപ്പിലാണ് ആദ്യം കണ്ടത്.’മമ്മുട്ടി സുബ്രു’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അയാൾ മമ്മുട്ടിയുടെ ഒരു ‘കടുത്ത’ആരാധകനായിരുന്നു..

‘അമര’വും ‘വടക്കൻ വീരഗാഥ’യും ‘മൃഗയ’യുമെല്ലാം തിയേറ്ററിൽ പോയി നൂറിലധികം തവണ കണ്ട ‘മമ്മുട്ടി സുബ്രു’വിനെ ആ പത്രവാർത്തയിലൂടെ ഓർമ്മയിൽ അന്നേ തളച്ചിട്ടു..അയാളെയൊന്ന് കാണണമെന്നുള്ള ആഗ്രഹം നടന്നത് പിന്നീട് കേരളവർമ്മയിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോഴാണ്.. ഉച്ചയ്ക്കുള്ള ഷിഫ്റ്റിലായിരുന്നു ഒന്നാം വർഷക്കാർക്ക് അന്ന് ക്ലാസ്സ്. പൂങ്കുന്നത്ത് ബസ്സിറങ്ങി കേരളവർമ്മയിലേക്ക് എന്നും നടക്കും. ആ നടത്തത്തിനിടയിലായിരിക്കണം ശങ്കരംകുളങ്ങര അമ്പലത്തിനടുത്തുള്ള ആ ആൽമരം ശ്രദ്ധിച്ചത്..അതിൽ തൂങ്ങിയാടുന്ന മമ്മുട്ടിയുടെ നിരവധി ചിത്രങ്ങൾ കണ്ടത്.. അതിനു താഴെ എന്നോ ഒരിക്കൽ ഒരു കുറിയ മനുഷ്യനേയും കണ്ടു..

പത്രത്തിൽ വായിച്ച ‘മമ്മുട്ടി സുബ്രു’വിനെ നേരിൽ കണ്ടപ്പോൾ ആദ്യം സന്തോഷം തോന്നിയിരുന്നിരിക്കണം.. ഓർമ്മയില്ല.. സംസാരിച്ചൊന്നുമില്ല.. പിന്നെയും ഇടക്കിടെ അയാളെ കണ്ടു.. പത്രവാർത്ത വായിച്ചപ്പോഴുണ്ടായ കൗതുകം നിത്യേനയുള്ള കാഴ്ചകളിൽ എവിടെയോ നഷ്ടപ്പെട്ടിരിക്കണം…ഒരാൽമരം, അതിനു കീഴെ ഒരാൾ.. അയാൾക്കു ഭ്രാന്തുണ്ടാകുമോ? അല്ലെങ്കിലിങ്ങനെ മഞ്ഞും മഴയും വെയിലുമേറ്റ് കുറേ ചിത്രങ്ങൾക്ക് കാവലാളായി അയാളങ്ങനെ കിടക്കുമോ? കാണപ്പെടാത്ത ദൈവങ്ങൾക്കൊപ്പം അയാളുടെ കൺകണ്ട ദൈവമായ മമ്മുട്ടിയെ വിളക്കുവെച്ച് ആരാധിക്കുന്നത് ഭ്രാന്തല്ലാതെ പിന്നെന്താണ് ?എന്നൊക്കെയുള്ള സംശയങ്ങൾ തോന്നിക്കാണണം.. നമ്മുടേതല്ലാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും ‘ഭ്രാന്താ’ണല്ലോ…

‘basking in the reflected glory’ എന്നൊരു പരികല്പനയുണ്ട്.. മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഇതിൻ്റെ വിശദീകരണങ്ങൾ കാണാം.. ഒരിക്കൽ ഇതേപ്പറ്റി വായിച്ചപ്പോൾ ഞാൻ മമ്മുട്ടി സുബ്രുവിനെ ഓർത്തു.. ഏതെങ്കിലും തരത്തിൽ പ്രശസ്തനായ ഒരാളെ ആരാധിക്കുന്നതിലൂടെ, ആ വ്യക്തിയുടെ നേട്ടങ്ങളെല്ലാം തൻ്റേതു കൂടിയാണെന്ന് വിശ്വസിക്കുന്ന ഒരു മാനസികാവസ്ഥയാണത്. വ്യക്തിയുടെ ആത്മാഭിമാനം വർദ്ധിക്കാൻ ഇത് സഹായകമാകും എന്നാണ് മനശ്ശാസ്ത്രം പറയുന്നത്. ചലച്ചിത്രതാരങ്ങൾക്കും കായികതാരങ്ങൾക്കുമാണ് ഇത്തരം ആരാധകർ സാധാരണയായി ഉണ്ടാകാറുള്ളത്.

(ഇതിനൊരു മറുവശം കൂടിയുണ്ട്. താനാരാധിക്കുന്ന വ്യക്തിയുടെ വിജയത്തിൽ മതിമറന്നാനന്ദിക്കുന്നവർക്ക് അയാളുടെ പരാജയം താങ്ങാനുള്ള കരുത്തുണ്ടാകണമെന്നില്ല.താനാരാധിക്കുന്ന വ്യക്തിക്കോ ടീമിനോ പരാജയം നേരിട്ടാൽ അതുൾക്കൊള്ളാനാകാതെ, ജീവിതമവസാനിപ്പിക്കുന്ന മാനസികാവസ്ഥയിലേക്ക് തീവ്രാരാധാന വ്യക്തിയെ കൊണ്ടെത്തിച്ചേക്കാം…)

വർഷങ്ങൾക്കിപ്പുറം ശങ്കരംകുളങ്ങര അമ്പലത്തിനടുത്ത് താമസമാക്കിയപ്പോൾ, ഒരിക്കൽ ഉദയനഗറിലുള്ള പ്രിയദർശിനി ഡോക്ടറുടെ വീടന്വേഷിച്ചത് മമ്മുട്ടി സുബ്രനോടാണ്.. അന്ന് പരസ്പരബന്ധമില്ലാത്ത വിചിത്രമായ മറുപടികൾ അയാൾ പറഞ്ഞു.. അതുകേട്ട് അടുത്തുണ്ടായിരുന്ന ഒരാൾ “ചോയ്ക്കണ്ട ടീച്ചറേ.. വെള്ളമാ” എന്ന് പറഞ്ഞു. അപ്പോഴേക്കും അയാൾക്ക് പണ്ടു കണ്ടതിൽ നിന്നും വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു…

ഒരു അമ്പതുകാരൻ്റെ ശരീരമായിരുന്നില്ല അയാൾക്ക്.. അയാളൊരു വൃദ്ധനെപ്പോലെ തോന്നിച്ചു.നിർജീവമായ മിഴികൾ ദൂരേക്കു പായിച്ചുള്ള ആ ഇരിപ്പിൽ നൈരാശ്യം പ്രകടമായിരുന്നു.. എന്നെങ്കിലുമൊരിക്കൽ താനൊരു മമ്മുട്ടിച്ചിത്രത്തിൻ്റെ നിർമ്മാതാവാകുമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാത്തതിൻ്റെ നിരാശയായിരുന്നിരിക്കുമോ? അറിയില്ല…

അയാളാ സ്വപ്നത്തിനു പുറകെയായിരുന്നു തൻ്റെ അമ്പത്തിനാലു വർഷത്തെ ജീവിതം കിതച്ചു തീർത്തത്.. ചുമട്ടുതൊഴിലാളിയായിരുന്ന ‘മമ്മുട്ടി സുബ്രു’ തൻ്റെ നീണ്ട വർഷക്കാലത്തെ അധ്വാനം മുഴുവൻ ലോട്ടറി ടിക്കറ്റെടുക്കാനാണ് വിനിയോഗിച്ചത്.. ഒടുവിൽ സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാതെ അയാളാ ആൽമരച്ചുവട്ടിൽ താമസമാക്കി..16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റെടുത്തു കൂട്ടി.. താൻ കണ്ട സ്വപ്നത്തിനു പുറകെ ഏന്തി വലിച്ചു നടന്നു..ഒടുവിൽ മിനിഞ്ഞാന്നു രാത്രി തൻ്റെ സ്വപ്നത്തോടും ജീവിതത്തോടും അയാൾ വിട പറഞ്ഞു..

അമ്പത്തിനാലാം വയസ്സിൽ ഈ ലോകത്തു നിന്ന് വിടപറയുമ്പോൾ മമ്മുട്ടി സുബ്രൻ ബാക്കി വെച്ചതെന്താണ്?കുറേ നഷ്ടസ്വപ്നങ്ങൾ…ഒരാൽമരത്തിൻ്റെ ശിഖരങ്ങളിൽ തൂക്കിയിട്ട കുറേ മമ്മുട്ടിച്ചിത്രങ്ങൾ. ഭാഗ്യപരീക്ഷണത്തിൽ പരാജയപ്പെട്ടു പോയ കുറേ ലോട്ടറി ടിക്കറ്റുകൾ…ഒപ്പം ‘മമ്മുട്ടി സുബ്രു’ എന്ന വിളിപ്പേരും..ആരാധനയുടെ വെള്ളിവെളിച്ചത്തിൽ വിഭ്രമിച്ച്, യാഥാർത്ഥ്യങ്ങളിൽ നിന്നകന്ന് സ്വപ്നങ്ങളിൽ ജീവിച്ച ‘മമ്മുട്ടി സുബ്രു’വിനെപ്പോലുള്ള മനുഷ്യർ ഇനിയുമുണ്ടാകാതിരിക്കട്ടെ എന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നത്. അത് മമ്മുട്ടിയോടോ ‘മമ്മുട്ടി സുബ്രു’വിനോടോ ഉള്ള അനാദരവല്ല..സ്വയം മറന്നുള്ള ആരാധന ഏതൊരു വ്യക്തിയെയും ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നകറ്റും എന്ന ബോധ്യമാണത്.
‘മമ്മുട്ടി സുബ്രു’വിന് ലഭിച്ച വലിയൊരു നേട്ടം അയാളുടെ ആരാധന അയാളാരാധിക്കുന്ന മനുഷ്യൻ തിരിച്ചറിയുകയും ഏതാൾക്കൂട്ടത്തിനിടയിലും അയാളെ പരിഗണിക്കുകയും ചെയ്തിരുന്നു എന്നതാണെന്നു തോന്നുന്നു..

താനാരാധിച്ച വെള്ളിനക്ഷത്രത്തെ തൊടാൻ ‘മമ്മുട്ടി സുബ്രന്’ സാധിച്ചിട്ടുണ്ട്.മമ്മുട്ടിയെ ചെന്നു കാണാനും സംസാരിക്കാനും ഒന്നിച്ചിരിക്കാനും അയാൾക്കു കഴിഞ്ഞിട്ടുണ്ട്..”വിസ്തൃതഭാഗ്യത്തണലില്‍ എന്നെ
വിസ്മരിച്ചേയ്ക്കൂ നീ മേലില്‍, ഞാനൊരധ:കൃതനല്ലേ – എന്റെ സ്ഥാനവും നിസ്സാരമല്ലേ…” എന്ന വിലാപം അയാൾക്കുയർത്തേണ്ടി വന്നില്ല.. മകൻ്റെ വിവാഹത്തിനു പോലും ക്ഷണിക്കുന്നത്രയ്ക്കും അടുപ്പം മമ്മുട്ടി അയാളോടു കാണിച്ചിരുന്നു.അത് അയാളുടെ ആരാധനയ്ക്കു കിട്ടിയ അംഗീകാരം തന്നെയാണ്.. അയാളതിൽ ഒരുപക്ഷേ തൃപ്തനായിരുന്നിരിക്കാം.. ജീവിതത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പലർക്കും പലതാണല്ലോ..

എന്തായാലും ‘മമ്മുട്ടി സുബ്രു’ ഇനിയില്ല..ആ ആൽമരത്തിനു കീഴെ തൂങ്ങിയാടുന്ന മമ്മുട്ടിച്ചിത്രങ്ങൾ നാളെ അനാഥമാകും… മഴയിൽ കുതിരും.. വെയിലിൽ നിറം മങ്ങും…എല്ലാവരുടേയും ഓർമ്മകളും നിറംമങ്ങി പതിയെ വിസ്മൃതമാകുന്നതു പോലെ.

You May Also Like

അതെ ആ ചോരയുടെ മണം..

വീട്ടിലിരുന്നു മടുത്തത് കൊണ്ടാണ് അന്നയാള്‍ വെളിയിലേക്ക് ഇറങ്ങിയത്. മക്കള്‍ വിദേശത്ത് ആയതിനാല്‍ വീട്ടിലെ വേലക്കാരോട് മാത്രം പറഞ്ഞാല്‍ മതി. വേലക്കാര്‍ എന്നല്ല ശരിക്കും അവരാണ് അവിടത്തെ യഥാര്‍ത്ഥ മുതലാളിമ്മാര്‍. അവര്‍ പറയുന്നതിനപ്പുറം ആ വീട്ടില്‍ കാര്യങ്ങള്‍ പോകില്ല അങ്ങനെയാണ് അയാളുടെ മക്കള്‍ അവരെ ഏല്‍പ്പിച്ചിരിക്കുന്നത്. ഒരു വിധം അവരോട് സമ്മതം വാങ്ങി വെളിയിലോട്ട് ഇറങ്ങി.

ചരിത്ര തൊപ്പി

കവല പുരാണങ്ങള്‍ കേള്‍ക്കാത്ത നാടായിരുന്നു എന്റേത്. പക്ഷെ അമ്മയുടെ നാട് അങ്ങനെ ആയിരുനില്ല. ധാരാളം കവലകളും മറ്റും ഉള്ള ഒരു ഗ്രാമം. അവിടെ സന്ധ്യ ആയി കഴിഞ്ഞാല്‍ പിന്നെ ഒരു തരം കൊലഹലമാണ്. കാക്കകൂട് പൊട്ടിയത് പോലെ അവിടന്നും ഇവിടെന്നും ആളുകള്‍ വന്ന് ചായകടയിലും കലിങ്കുകളിലും മറ്റും സ്ഥാനം പിടിക്കും. പിന്നെ തിരക്കിട്ട ചര്‍ച്ചകളാണ്, അന്താരാഷ്ട്രകച്ചവടങ്ങള്‍, ശാസ്ത്രം, ചരിത്രം, മതം എന്ന് തുടങ്ങി അടുക്കള രഹസ്യങ്ങള്‍ വരെയാണ് ഇവിടെ ചര്‍ച്ച ചെയ്യപെടുന്നത്.

സാരംഗ പക്ഷികളുടെ കഥ

പാണ്ഡവര്‍ കാടുപോലെ കിടന്ന ഖാണ്ഡവപ്രസ്ഥം തെളിക്കാനായി തീവയ്ക്കുമ്പോള്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു സാരംഗപ്പക്ഷിയും അവളുടെ കുഞ്ഞുങ്ങളൂം ഉള്‍പ്പെടുന്നു. അവരുടെ കഥ രസകരമാണ്. അവിടെ ഒരു കൂട്ടില്‍ ഒരു തള്ളക്കിളിയും അവളുടെ നാലുമക്കളും വസിച്ചിരുന്നു. തന്തക്കിളി മറ്റൊരു പെണ്‍കിളിയോടൊപ്പം വിളയാടിക്കളിച്ചുകൊണ്ട് വനത്തില്‍ മറ്റൊരിടത്ത് സുഖമായി വിലസുകയും!

പ്രണയവും പകയും ഭ്രാന്തും എല്ലാംനിറഞ്ഞാടിയ ഒരു വ്യത്യസ്ത കഥാപാത്രം

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ വട്ട് ജയൻ എന്നൊരു കഥാപാത്രം മതി ഇന്ദ്രജിത് എന്ന നടന്റെ റേഞ്ച് മനസിലാക്കാൻ