രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് കിങ്കരന്മാർ മാപ്പിളമാരെ ചരിത്രത്തിൽനിന്ന് എടുത്തുമാറ്റാൻ ശ്രമിക്കുമ്പോൾ അവരോട് പറയാനുള്ളത് മറ്റൊന്നുമല്ല .

135
Deepa Nisanth
രാത്രിയിൽ സിഗരറ്റ് ടിന്നിൽ നാല് വറ്റ് ചോറുമായി പട്ടാളക്കാർ ഞങ്ങളെ വിളിച്ചുണർത്തി. എന്റെ ജീവിതത്തിൽ ഇത്രയും സ്വാദുള്ള ഭക്ഷണം ഞാൻ മുമ്പൊരിക്കലും കഴിച്ചിട്ടില്ല.
വൈകുന്നേരം ഏഴ് മണിയോടെ മദ്രാസ് സൗത്ത് കമ്പനിയുടെ വാഗൺ ട്രെയിൻ ഞങ്ങളുടെ മുന്നിലേക്ക് നിരങ്ങി വന്നു.കണ്ണിൽ ചോരയില്ലാത്ത ബ്രിട്ടീഷ് പട്ടാളം
ആളുകളെ കുത്തി നിറക്കാൻ തുടങ്ങി.തലയണയിൽ ഉന്നം നിറക്കുന്ന ലാഘവത്തോടെ തോക്കിൻ ചട്ടകൾ കൊണ്ട് മുതുകിൽ കുത്തീട്ട് വളരെ ഭദ്രമായി വാതിലടച്ചു. കൂരാക്കൂരിരുട്ട് !
അകത്തുള്ളവരുടെ കാലുകൾ നിലത്ത് അമർന്നില്ല. ഒറ്റക്കാലിൽ മേൽക്കുമേൽ നിലം തൊടാതെ ശ്വാസം മുട്ടാൻ തുടങ്ങി .തൊണ്ട വരണ്ടു. ഒരിറ്റു വെള്ളത്തിനായി .അല്പം വായുവിനായി.
ഇതൊക്കെ കേൾക്കാൻ ആരുണ്ട് ഇവിടെ ?
അപ്പോഴേക്കും അറിയാതെ മലമൂത്രവിസർജനം നടന്നുകഴിഞ്ഞിരുന്നു. ഞങ്ങളന്യോന്യം മാന്തിപ്പറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. സഹോദരന്റെ വിയർപ്പിനാൽ ഉപ്പ് പറ്റിയ നഖങ്ങൾ പിന്നെയും ഉരസാൻ തുടങ്ങി. പെട്ടെന്ന് ഒരു ആണി വലിച്ചു പറിച്ചു ആ ദ്വാരത്തിൽ മൂക്കിന്റെ ഒരു ഭാഗം വെച്ച് ശ്വാസം വലിക്കാൻ തുടങ്ങി. ഞങ്ങളുടെ മേലെ ഈ നാടിനു വേണ്ടി പൊരുതിയ വീരന്മാരുടെ മയ്യിത്തുകൾ ഓരോന്നായി വീഴാൻ തുടങ്ങി .ആരുടെയൊക്കെയോ കടാക്ഷത്താൽ രാത്രി എങ്ങനെയൊക്കെയോ കഴിഞ്ഞു പോയി. പുലർച്ചെ നാലു മണിക്ക് വണ്ടി പോത്തന്നൂരിൽ എത്തി .സർവരും ഞെട്ടിത്തരിച്ചു .അറുപത്തിനാല് മയ്യിത്തുകൾ !
മരിച്ച വിപ്ലവകാരികളുടെ ജഡങ്ങൾ ഏറ്റെടുക്കാതെ അവരെ തിരൂരിലേക്ക് മടക്കിയയച്ചു .തിരൂരിൽ നിന്ന് വാതിൽതുറന്ന വൈദേശിക കോമരങ്ങൾ ആദ്യമൊന്ന് ഞെട്ടി! കണ്ണു തുറിച്ച് നാക്ക് നീട്ടി അന്യോനം കെട്ടിപ്പിണഞ്ഞ് മൂർധാവ് പൊട്ടി തൊലിയുരിഞ്ഞ് നാക്ക് നീട്ടി കണ്ണു തുറിച്ചു നോക്കുന്ന മയ്യിത്തുകൾ ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിവിശേഷം! പട്ടിണി കിടന്നതും പീഡനങ്ങൾ സഹിച്ചതും ശ്വാസമടക്കിപ്പിടിച്ച് ഇരുട്ടിൽ ഇരുന്നതും ഈ മഹത്തായ നാടിനുവേണ്ടി ! എന്നിട്ടും വിപ്ലവകാരികളുടെ ജഡങ്ങൾ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല .ഒരൊറ്റ മനുഷ്യ ജീവിയേയും നോക്കിയിട്ട് കാണുന്നില്ല. എല്ലാവരും ഒളിവിൽ ആയിരുന്നത്രേ!
ഒടുവിൽ ബ്രിട്ടീഷ് പട്ടാളം ജഡങ്ങൾ ട്രെയിനിൽ നിന്നും മാറ്റാൻ മാപ്പിളമാരുടെ സഹായം തേടി. പക്ഷേ ആരും പേടിച്ചുവിറച്ച് പുറത്തേക്ക് വരാൻ താൽപര്യം കാട്ടിയില്ല .കോരങ്ങത്ത് മുഹമ്മദും കൈനിക്കര മമ്മുക്കയും ആരെയും അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന ഉറച്ച ഉപാധിയിൽ അറുപത്ത്നാല് മയ്യത്തുകൾ അവർ ഏറ്റെടുത്തു .അതിൽ ഹിന്ദുവും മുസൽമാനും ഒരേപോലെ ശ്വാസംകിട്ടാതെ പിടഞ്ഞ് മരിച്ചിരുന്നു.
മതം നോക്കി ആരും ഇവിടെ ജഡങ്ങൾ സ്വീകരിക്കാതെ നിന്നിട്ടില്ല ആചാരാനുഷ്ഠാനപ്രകാരം ജഡങ്ങൾ മുഴുവൻ കോരങ്ങത്ത് മുഹമ്മദ് ഹാജിയാരും കൈനിക്കര മമ്മൂക്കയും ചേർന്നു അടക്കം ചെയ്തു .
നിരനിരയായി കിടത്തിയ മയ്യത്ത്കളിൽ നാൽപത്തിനാല് എണ്ണം ജുമാഅത്ത് പള്ളിയിലും എട്ടെണ്ണം കോരങ്ങത്ത് പള്ളിയിലും അടക്കം ചെയ്തു.നാല് തീയ്യൻന്മരാരെ അടുത്തുള്ള കല്ലുവെട്ടു കുഴിയിൽ ആചാരാനുഷ്ഠാന പ്രകാരം അടക്കം ചെയ്യേണ്ടിവന്നു .ജനകീയ പ്രവർത്തനങ്ങളും ധീരമായ നടപടിയും കണ്ട് ആലിമുസ്ലിയാരെ തിരൂരങ്ങാടിയിലെ ജനങ്ങൾ ഹൃദയത്തിനകത്ത് പ്രതിഷ്ഠിച്ചു. തിരൂരങ്ങാടിയിൽ തെളിവുണ്ട്.ബ്രിട്ടീഷ് പട്ടാളം ആലിമുസ്‌ലിയാരെ അറസ്റ്റ് ചെയ്യാനും വധിക്കാനും രഹസ്യമായി ഉത്തരവിറക്കി.
പള്ളി റെയ്ഡ് ചെയ്യാൻ പോലീസ് എത്തുമെന്ന രഹസ്യവിവരം തിരൂരങ്ങാടിയിലെ ഹൈന്ദവജനത ആലിമുസ്ലിയാരുടെ സഹചാരികൾക്ക് ചോർത്തി നൽകി ഒരു നാടിൻറെ ജനകീയ സ്വഭാവം പ്രതിഫലിപ്പിച്ചു. ആലി മുസ്ലിയാരെ അറസ്റ്റു ചെയ്തു എന്ന കിംവദന്തി നാടാകെ പരിഭ്രാന്തി ഉണ്ടാക്കുന്നു.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ അവിടെ നടന്ന ഏറ്റുമുട്ടലിൽ നിരവധി പേർ ജീവൻ നൽകി !”
മതം പറഞ്ഞ് ഈ രാജ്യത്തെ രാജ്യസ്നേഹത്തെ അളന്നു തിട്ടപ്പെടുത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭീകരൻമാരോട് …,
മലബാറിലെ മാപ്പിളമാരുടെ വീര സാഹസത്തിന്റെ സമരവീര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് ബ്രിട്ടീഷ് മേധാവികളായ ബില്യൺ റുഥർഫോർഡ് ജോൺസ്‌റ്റൺ , രംഗംറൗളി എന്നിവരുടെ ശവക്കല്ലറകൾ …………
യഥാർത്ഥത്തിൽ ദേശീയ വികാരം എന്നാൽ ഇതൊക്കെയാണ്. അല്ലാതെ തെരുവീഥികളിൽ ആരെയൊക്കെയോ സന്തോഷിപ്പിക്കാൻ വേണ്ടി ഭാരതാംബയെ ഉറക്കെ വിളിച്ചു കാഹളം മുഴക്കലോ സഹോദര തുല്യരായ അന്യമതസ്ഥരെ വേട്ടയാടലോ ജാതി നോക്കി ദളിതരെ ചവിട്ടി അരക്കുന്നതോ അല്ല ദേശീയത !യഥാർത്ഥ ഭാരതീയൻ ആത്മാവിൽ തൊട്ടുണർത്തിയ സത്യമാണ് ദേശീയത എന്ന് നാം മനസ്സിലാക്കണം ! രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് കിങ്കരന്മാർ മാപ്പിളമാരെ ചരിത്രത്തിൽനിന്ന് എടുത്തുമാറ്റാൻ ശ്രമിക്കുമ്പോൾ അവരോട് പറയാനുള്ളത് മറ്റൊന്നുമല്ല .
തൂലികകൊണ്ട് പുസ്തകത്താളുകളിൽ എഴുതി വച്ച ചരിതം ഒരുപക്ഷേ നിങ്ങൾക്ക് മാറ്റാൻ കഴിയും .പക്ഷേ ഇടനെഞ്ചിനകത്ത് ജീവരക്തം കൊണ്ട് ഞങ്ങൾ കുറിച്ചിട്ട ചരിത്രസത്യങ്ങളെ നിങ്ങൾക്ക് എങ്ങനെ മായ്ക്കാൻ കഴിയും?