നമ്മുടെ സാമൂഹികഭീതി അതിഭീകരമാണ്.

0
353

വിസ്മയയുടെ ആത്മഹത്യാ വാർത്തക്ക് താഴെ ഉപദേശങ്ങൾ ആണ്. അച്ഛനും അമ്മയ്ക്കുമെതിരെ കേസ് കൊടുക്കണം. സ്ത്രീധനം കൊടുത്ത പൈസക്ക് ആ കൊച്ചിന് ഒരു വീട് കൊടുത്തുകൂടായിരുന്നോ? ഒരു ജോലിക്ക് ശ്രമിച്ചൂടെ? എന്തിനു ജീവിതം അവസാനിപ്പിക്കണം?

ഒന്ന് ചോദിച്ചോട്ടെ? നമ്മുടെയൊക്കെ അയൽവക്കത്തോ ബന്ധുക്കളിലോ വിവാഹ ബന്ധം വേർപെടുത്തിയതോ, ഭർത്താവ് മരണപെട്ടതോ ആയ സ്ത്രീകൾ ഉണ്ടോ? ഉണ്ടെങ്കിൽ അവരെ ശ്രദ്ധിച്ചാൽ അറിയാം സ്വന്തം വീട്ടിലും നാട്ടിലും ദിവസവും അവർ യുദ്ധം ചെയ്യണം. ഒരാളോട് സംസാരിക്കുമ്പോ, അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോ, എന്തിനു ഇത്തിരി വൈകി വീട്ടിൽ എത്തിയാൽ പോലും ചുറ്റുമുള്ളവർ പറയുന്ന വൃത്തികേടിനു പരിധിയുണ്ടാകില്ല. കേൾക്കുമ്പോ നമ്മുടെ നാട്ടിലോ എന്നൊന്നും ഓർക്കണ്ട ഇത്തരം അനുഭങ്ങൾ കൊണ്ട് വേദനിക്കുകയും, മുഴുവൻ സ്വപ്നങ്ങളും മാറ്റി വച്ചു ഒരു മുറിയിൽ ആയിപോയവരും നമ്മുടെ ചുറ്റും തന്നെയുണ്ട്.

May be an image of 1 person, ocean, sky and beach

ഇവളാണ് ആ പെൺകുട്ടി

എന്തിനു ഇങ്ങനെ സഹിക്കുന്നതെന്ന് ചോദിച്ചാൽ പല സ്ത്രീകളുടെയും ഉത്തരം ഒരു പട്ടിയുടെ കടി സഹിച്ചാൽ മതിയല്ലോ ഉപേക്ഷിച്ചു പോയാൽ നാട്ടിലെ മുഴുവൻ പട്ടികളും കടിക്കാൻ വരുമെന്നാണ്. സത്യമല്ലേ? ഒരു സ്ത്രീ നമൂഹത്തിന്റെ നടപ്പ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു അഭിപ്രായം പറഞ്ഞാൽ, പ്രതികരിച്ചാൽ ആ പെണ്ണിന് ഈ സമൂഹത്തിലെ സ്ഥാനമെന്തെന്നറിയാൻ സമൂഹ മാധ്യമങ്ങളിലെ തന്നെ വാർത്തയുടെ കമന്റ്‌ ബോക്സ്‌ നോക്കിയാൽ മതി.

ഈ സമൂഹം മാറുന്ന വരെ ഒരച്ഛനും അമ്മയ്ക്കും ധൈര്യമുണ്ടാകില്ല. സ്ത്രീധനം ചോദിച്ചാൽ കല്യാണം വേണ്ടായെന്ന് വെക്കാനും, ബന്ധം ഉപേക്ഷിച്ചു വരുന്ന മകളെ വീട്ടിൽ കയറ്റാനും. ആദ്യം സ്വന്തം വീട്ടിലോ പരിസരത്തോയെങ്കിലും സ്ത്രീകളുടെ ഒപ്പം നിന്ന് തുടങ്ങാം. അതിനെങ്കിലും മനുഷ്യർക്ക് സാധിക്കട്ടെ.
വേദന മാത്രം…

ദീപാ നിശാന്തിന്റെ കുറിപ്പ് ചുവടെ വായിക്കാം

ഒരു പെൺകുട്ടി കൂടി ജീവിതമവസാനിപ്പിച്ച് കടന്നു പോയിട്ടുണ്ട്.ആത്മഹത്യ ചെയ്ത വിസ്മയക്ക് ഭർത്താവായ കിരണിൽ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണെന്ന് വാർത്തകൾ പറയുന്നു.അതേപ്പറ്റിയുള്ള വാർത്തകളിതാണ് :-👇

“നൂറ് പവൻ സ്വർണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം രൂപ വിലവരുന്ന ഒരു കാറുമായിരുന്നു വിസ്മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ കാറ് ഭർത്താവ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനത്തിന് തുടക്കമായത്.കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു ഭർത്താവായ കിരണിന്റെ ആവശ്യമെന്നും അത് മകൾ തന്നോട് പറഞ്ഞെന്നും, എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും മകളോട് താൻ പറഞ്ഞതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു..

സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിൽ രാത്രി 1 മണിയോടെ കിരൺ മകളുമായി വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാൻ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പരാതി നൽകി. പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരൺ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

തുടർന്ന് കുറേനാൾ സ്വന്തം വീട്ടിൽ നിന്നതിനു ശേഷം വീണ്ടും ഭർതൃഗൃഹത്തിൽ വിസ്മയ തിരിച്ചെത്തി. പീഡനങ്ങൾ തുടർന്നു.അതേപ്പറ്റി വിസ്മയ ബന്ധുക്കൾക്ക് കാര്യങ്ങൾ തുറന്നു പറഞ്ഞ് മർദ്ദിച്ചതിൻ്റെ ചിത്രമടക്കം അയച്ചുകൊടുത്തിട്ടുമുണ്ട്.”

ഇത്രയും കാര്യങ്ങൾ സത്യമാണെങ്കിൽ ആ പെൺകുട്ടിയുടെ മരണത്തിന് വീട്ടുകാർക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്വന്തം കൺമുമ്പിൽ മകൾ മർദ്ദിക്കപ്പെട്ടിട്ടും അപമാനിക്കപ്പെട്ടിട്ടും അതേ വീട്ടിലേക്ക് തിരികെ അയച്ചത് എന്ത് കുന്തത്തിനാണ്?ആ സ്ത്രീധനം കൊടുത്ത തുകയുടെ പകുതി മതിയല്ലോ അതിനൊരു വീടോ ഫ്ലാറ്റോ ഫ്ലാറ്റ് വാങ്ങിക്കൊടുത്ത് അവിടെ തനിച്ചായാലും ജീവിച്ചോളാൻ പറയാൻ. സ്വന്തമായി വരുമാനമുള്ള ഒരു ജോലിക്കായി ശ്രമിക്കാൻ അതിനോടു പറഞ്ഞിരുന്നെങ്കിൽ ആ പെൺകുട്ടി മരിക്കില്ലായിരുന്നുവല്ലോ…

നമ്മുടെ സാമൂഹികഭീതി (Social fear ) അതിഭീകരമാണ്.തൻ്റെ പ്രണയം പരാജയപ്പെട്ടെന്ന് പറയാൻ,തൻ്റെ വിവാഹമൊരു പരാജയമാണെന്ന് സമ്മതിക്കാൻ..,താൻ മകൾക്കായി ‘നേടിക്കൊടുത്ത’ ഭർത്താവ് ഒരു പരാജയമാണെന്ന് ബന്ധുക്കൾക്കു മുന്നിൽ സമ്മതിക്കാൻ….ഒന്നും ഒന്നും നമ്മൾ തയ്യാറാവില്ല.. സാമൂഹികഭീതി മൂലം നമ്മൾ നിശ്ശബ്ദരാകും..അതുകൊണ്ടൊക്കെത്തന്നെയാണ് ഇതൊക്കെ വീണ്ടും വീണ്ടും നടക്കുന്നതും…