മനുഷ്യനെ അടക്കി ഭരിക്കുന്ന അന്ധവിശ്വാസങ്ങൾക്കു കണക്കില്ല. പ്രശ്നപരിഹാരങ്ങൾക്കു യുക്തിപരമായ പ്രവർത്തനങ്ങൾക്കുപകരം ദൈവമെന്ന രക്ഷകനെ കാണുന്നതു മനുഷ്യന്റെ എക്കാലത്തെയും ശീലമാണ്. ഇതുമൂലം മനുഷ്യൻ അനവധി അവസരങ്ങളിൽ നിഷ്ക്രിയനായി കാണപ്പെടുകയും ആ നിഷ്ക്രിയതയെ തലമുറകളിൽ കുത്തിവയ്ക്കുകയും ചെയ്യുന്നു. എഴുത്തുകാരിയും അധ്യാപികയുമായ ദീപാനിശാന്ത് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് മനുഷ്യന്റെ അബദ്ധധാരണകൾക്കെതിരെ ഉള്ളതാണ്. ദീപയുടെ പോസ്റ്റ് വായിക്കാം
Deepa Nisanth :
ഞാനൊരു കടുത്ത വിശ്വാസിയായിരുന്ന ഒരു കാലമുണ്ടായിരുന്നു… വിശ്വാസംന്ന് പറഞ്ഞാ ചില്ലറ വിശ്വാസമൊന്നുമല്ല.. എന്തിനും ഏതിനും ദൈവത്തെ ആശ്രയിക്കുന്ന തരത്തിലുള്ള വിശ്വാസം.കസാന്ത് സാക്കീസിൻ്റെ ഒരു പഴയ കഥാപാത്രമുണ്ട്..
കടുത്ത വിശ്വാസിയായ ഒരാൾ..അയാളൊരിക്കൽ തൻ്റെ സുഹൃത്തിനോട് ഒരു ഉരുക്കുകമ്പി കാട്ടിക്കൊണ്ട് പറയുന്നുണ്ട്, “എൻ്റെ വിശ്വാസം ശക്തമാണെങ്കിൽ ഞാനീ ഉരുക്കു കമ്പി തലകൊണ്ടടിച്ചു പൊട്ടിക്കും ” എന്ന്. തുടർന്ന് അയാൾ ഉരുക്കുകമ്പിയിൽ തല കൊണ്ട് ആഞ്ഞിടിക്കുകയും അയാളുടെ തലപൊട്ടി രക്തം ചീറ്റിത്തെറിക്കുകയും ചെയ്യുന്നു.. ദൗത്യം പരാജയപ്പെട്ട്,ചോരയിൽ കുളിച്ച് നിൽക്കുമ്പോഴും അയാൾ സങ്കടപ്പെടുന്നത്, തൻ്റെ വിശ്വാസത്തിന് ഇപ്പോൾ വേണ്ടത്ര ശക്തി പോരെന്നും ഉരുക്കുകമ്പി അടിച്ചു പൊട്ടിക്കാൻ സാധിക്കാതിരുന്നത് അതുകൊണ്ടാണെന്നുമാണ്. ആ കുഴപ്പം പരിഹരിച്ച് താൻ വീണ്ടും വരുമെന്നും അന്ന് വീണ്ടും ഇതേ തലകൊണ്ട് ഇതേ ഉരുക്കുകമ്പിയിൽ ഇടിക്കുമെന്നും അന്ന് ഉരുക്കുകമ്പി തീർച്ചയായും പൊട്ടും എന്നുമാണ് അയാൾ പ്രതീക്ഷാപൂർവ്വം പറയുന്നത്…
കടുത്ത വിശ്വാസികൾ പലപ്പോഴും ഇങ്ങനെയൊക്കെത്തന്നെയായിരിക്കും… തങ്ങളുടെ പരാജയങ്ങളെ മറികടക്കാൻ യുക്തിഹീനമായ കാരണങ്ങൾ അവർ കണ്ടെത്തും… കെമിസ്ട്രി പരീക്ഷക്ക് മാർക്ക് കുറഞ്ഞത് സ്ഥിരമായി കഴുത്തിൽ കിടന്നിരുന്ന ആലിലക്കൃഷ്ണൻ്റെ ലോക്കറ്റ് അന്നിടാതിരുന്നതുകൊണ്ടാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്കും.. അതിട്ടിരുന്നുവെങ്കിൽ ഞാൻ പഠിച്ച ഭാഗങ്ങളീന്നു മാത്രമേ പരീക്ഷക്ക് ചോദ്യങ്ങളുണ്ടാകുമായിരുന്നുള്ളൂ എന്ന് കരുതി നിരാശപ്പെട്ടിരുന്നു..ചാണകം ചവിട്ടിയാൽ സ്കൂളീന്ന് അടി കിട്ടുമെന്ന് കരുതിയിരുന്നപ്പോൾ, അബദ്ധത്തിലെങ്ങാനും ചാണകം ചവിട്ടിയാൽ ഒപ്പമുള്ളവരെക്കൂടി ഉന്തി ചാണകത്തിൽ ചവിട്ടിച്ച് സ്കൂളിലെ അടിക്ക് കൂട്ടാളികളെ ചേർക്കാറുള്ള ഒരു കാലമുണ്ടായിരുന്നു… ഒറ്റക്കേറ്റു വാങ്ങേണ്ടി വരുന്ന അടിയായിരുന്നു അന്നൊക്കെ ഏറ്റവും വലിയ ശിക്ഷ..ആനപ്പിണ്ടം അറിയാതെ ചവിട്ടിയാൽ മുടി പനങ്കുല പോലെ വളരുമെന്ന് പണ്ട് പറഞ്ഞു തന്നത് സുഷയാണ്.. ആ കാലത്ത് വഴിയിലെങ്ങാനും ആനപ്പിണ്ടം കണ്ടാൽ അറിയാത്ത മട്ടിൽ ചവിട്ടി ദൈവത്തെ പറ്റിക്കാൻ നോക്കിയിരുന്നു എന്ന് മാത്രമല്ല, ഞാൻ മാത്രം അതിൽ ചവിട്ടി ഇളയച്ഛൻ്റെ മകൾ സോജയെ ആനപ്പിണ്ടത്തിൽ ചവിട്ടിക്കാതിരിക്കാൻ പരമാവധി ജാഗ്രത പാലിച്ചിരുന്നു..
പഠിക്കാതിരുന്നതു കൊണ്ടല്ല, ഒറ്റമൈനയെ കണ്ടതുകൊണ്ടു മാത്രമാണ് മുകുന്ദൻ മാഷിൻ്റെ കയ്യീന്ന് അടി കിട്ടിയതെന്ന് കരുതി പിറ്റേന്ന് ട്യൂഷൻ ക്ലാസ്സിലേക്ക് പോകുമ്പോ ഇടവഴിയിലൂടെ തല കുനിച്ച് പിടിച്ച് കാലടികളിൽ മാത്രം നോക്കി നടന്ന് ഒറ്റമൈനക്കാഴ്ചയിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു…ഒരിക്കൽ ഗുരുവായൂരമ്പലത്തിൽ തൊഴുതു നിൽക്കുന്ന സമയത്ത് അടുത്തു നിന്നിരുന്ന അമ്മ കരയുന്നത് കണ്ട് ഞാനമ്പരന്നു.. കരഞ്ഞു പ്രാർത്ഥിക്കുന്ന ശീലമൊന്നും അമ്മയ്ക്കുണ്ടായിരുന്നില്ല.. ” അമ്മേ ” ന്നു വിളിച്ച് ഞാൻ അമ്മയെ പിടിച്ചപ്പോഴാണ് അമ്മ ഭയം കൊണ്ട് വിറച്ച ശബ്ദത്തിൽ എന്നോട് പറഞ്ഞത്.. “ചെരുപ്പൂരിയിടാൻ മറന്നു ” എന്ന്.. എല്ലാവരുടേയും ചെരുപ്പ് കൗണ്ടറിൽ സൂക്ഷിക്കാൻ കൊടുത്തപ്പോൾ സ്വന്തം കാലിലുള്ള ചെരുപ്പിൻ്റെ കാര്യം അമ്മ മറന്നു പോയി. അക്ഷരാർത്ഥത്തിൽ ഞാനും പിടച്ചു പോയി. ഗുരുവായൂരപ്പൻ ശപിച്ചു ഭസ്മമാക്കിക്കളയുമോ എന്നോർത്തായിരുന്നില്ല, ചുറ്റുമുള്ള മനുഷ്യരെ പ്പറ്റിയോർത്തായിരുന്നു കൂടുതൽ ഭയം.. ദൈവം ക്ഷമിച്ചാലും മനുഷ്യരത് ക്ഷമിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു.ആ തിരക്കിനിടയിൽക്കൂടി അമ്മയും ഞാനും പുറത്തേക്കൂർന്നിറങ്ങി..
പുറത്തെവിടെയോ ചെരുപ്പഴിച്ചിട്ടപ്പോഴും അമ്മയുടെ കിതപ്പ് നിന്നിരുന്നില്ല. അതിനു പ്രായശ്ചിത്തമായി അമ്മ ഒറ്റയടിപ്രദക്ഷിണം നടത്തിയപ്പോൾ ഞാനും കൂടെ കൂടി.. അപ്പോഴേക്കും മനുഷ്യരെക്കുറിച്ചുള്ള ഭയം വിട്ടൊഴിയുകയും ദൈവം ശപിച്ചേക്കുമോ എന്ന ഭയം തിരികെയെത്തുകയും ചെയ്തു. ആദ്യത്തെ ഗർഭകാലത്ത് എൻ്റെ കാലിലൂടെ ഒരു പാമ്പിഴഞ്ഞ് കടന്നു പോയപ്പോൾ, ഞാനമ്പരന്ന് നിലവിളിച്ചപ്പോൾ ,നാഗദൈവങ്ങളുടെ അനുഗ്രഹമാണതെന്ന് പറഞ്ഞ് പലരും ആശ്വസിപ്പിച്ചപ്പോഴാണ് എൻ്റെ ഭയം വിട്ടകന്നത്.. ആ പാമ്പെങ്ങാനും എന്നെ കൊത്തിയിരുന്നെങ്കിൽ ഇവരെന്തു പറയുമായിരുന്നു എന്ന് പിന്നീടോർത്തിട്ടുണ്ട്..
ഏതു കാലത്താണ് കടുത്ത വിശ്വാസങ്ങളിൽ നിന്നും ഞാൻ വിട്ടകന്നതെന്നോർമ്മയില്ല..എത്ര വികസിച്ച സമൂഹത്തിലും ഏതെങ്കിലും തരത്തിലുള്ള ആത്മീയതയ്ക്ക് പ്രാധാന്യമുണ്ടാകാറുണ്ട്. മനുഷ്യജീവിതത്തെ സംബന്ധിച്ച് ‘വിശ്വാസം’ എന്ന വാക്ക് സങ്കീർണ്ണമാണല്ലോ..വിശ്വാസമെന്നത് ഒരു വ്യക്തിയുടെ സ്വയംബോധ്യമാണെന്നും അത് യാതൊരുതരത്തിലുള്ള അധികാര മുപയോഗിച്ചുള്ള അടിച്ചേൽപ്പിക്കലാകരുതെന്നും മനസ്സിലാക്കിയ കാലത്ത് എൻ്റെ വിശ്വാസങ്ങളുടെ അതിർവരമ്പുകളും കംഫർട്ട് സോണുകളും ഞാൻ സ്വയം നിശ്ചയിച്ചിരുന്നു..
മുതിർന്നവരുടെ പാവക്കരടിയാണ് ദൈവമെന്നു പറഞ്ഞത് ഓഷോയാണ്.. കുട്ടികൾ ടെഡ്ഡി ബെയറിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ, അവർ വിശ്വസിക്കുന്നത് എല്ലാ പേടികളിൽ നിന്നും ആപത്തുകളിൽ നിന്നും ടെഡ്ഡി തങ്ങളെ രക്ഷിക്കുമെന്നാണ്.. അതുപോലെ തന്നെയാണ് മുതിർന്നവർ ദൈവത്തെ വിശ്വസിക്കുന്നതും.. വലിയ സങ്കടങ്ങളിൽ നിന്നും പിടിച്ചു കയറ്റാൻ ഒരാൾ, തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ ഒരാൾ, ചുറ്റുമുള്ള മനുഷ്യരോട് പങ്കുവെക്കാനാകാത്ത സങ്കടങ്ങൾ പങ്കുവെക്കാൻ ഒരാൾ.. അതൊക്കെ മനോഹരമാണ്.. അതിലപ്പുറം ഏത് തെറ്റും മൂടി വെക്കുന്ന ,തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന, തങ്ങളെ മാത്രം രക്ഷിക്കുന്ന, അപരനെ ദ്രോഹിക്കുന്ന ഒരു ക്രൈമിൻ്റെ കൂട്ടുപ്രതിയായാണ് നിങ്ങൾ നിങ്ങളുടെ ദൈവത്തെ കാണുന്നതെങ്കിൽ അതിനോളം വൃത്തികെട്ട ഒരു സങ്കൽപ്പം വേറെയില്ല!