ഒരു ഫേക്ക് ഐഡിയുടെ മറവിൽ സ്വന്തം മനസ്സിന്റെ അശ്ലീലം വെളിച്ചത്തിടുന്ന ഇത്തരം പെർവേർട്ടുകളെ നിയമപരമായി നേരിടേണ്ടതുണ്ട്

56

Deepa Nisanth

താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന – മനസ്സിന്റെ താളം തെറ്റിയ ഒരു വൃദ്ധയെ ‘സ്വയംവരം’ എന്ന കഥയിൽ മാധവിക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്ത് മൂന്നു ‘തെമ്മാടികൾ ‘ ( പ്രയോഗം മാധവിക്കുട്ടിയുടേതാണ്) അവരെ ബലാത്സംഗം ചെയ്തു കൊല്ലുന്ന ആ കഥ എഴുതിയ കാലത്ത് വലിയ വിവാദമുണ്ടാക്കിയതായി വായിച്ചിട്ടുണ്ട്. ‘തെമ്മാടികൾ ‘വൃദ്ധയെ സമീപിക്കുന്നത് ചക്രവർത്തിമാരാണെന്നു പറഞ്ഞു കൊണ്ടാണ്.സ്വയംവരാനന്തരവേഴ്ചയുടെ പാരമ്യത്തിൽ, ഭ്രാന്തിൽ നിന്നു പോലും അവർ ദയനീയമായി ബോധത്തിലേക്കു വീഴുന്നുണ്ട്. ” ഞാൻ അവന്തി രാജകുമാരിയല്ല.. എന്നെ കടിച്ചു കൊല്ലരുതേ” എന്ന നിലവിളി ആര് കേൾക്കാനാണ്?

“ഇതൊക്കെ എവിടെ നടക്കാനാണ്? അവനവന്റെ മനസ്സിലെ വൃത്തികേടെഴുതി വെച്ച് അതിനെ കഥയെന്ന് പേരിട്ട് വിളിക്കുകയാണെന്ന് ” അന്നത്തെ (എന്നത്തെയും) സോ കോൾഡ് സദാചാരസമൂഹം ആ കഥയെ വിലയിരുത്തി.1968ൽ എഴുതിയ കഥയാണ്. അമ്പത്തിരണ്ട് വർഷങ്ങൾക്കിപ്പുറം അതേ സംഭവം അതിലും ക്രൂരമായി കോലഞ്ചേരിയിൽ ആവർത്തിക്കപ്പെട്ടു.. പുകയില നൽകാമെന്ന വാഗ്ദാനം നൽകി 75കാരിയായ ഒരു സ്ത്രീയെ കൊണ്ടു പോയി ക്രൂരമായി ഉപദ്രവിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്…
ആ വാർത്ത പങ്കുവെച്ചതിന്റെ താഴെയുള്ള ഒരു കമൻറാണിത്.

”ഉഫ് ! ചരക്കായിരിക്കും!” എന്ന കമന്റിട്ട ഈ വ്യക്തിയെ നിയമപരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ശിക്ഷ ലഭിക്കുന്നത് ഒരാൾക്കാണെങ്കിലും അത് ഒരുപാടു പേർക്കുള്ള താക്കീതായിരിക്കും. ഒരു ഫേക്ക് ഐഡിയുടെ മറവിൽ സ്വന്തം മനസ്സിന്റെ അശ്ലീലം വെളിച്ചത്തിടുന്ന ഇത്തരം പെർവേർട്ടുകളെ നിയമപരമായി നേരിടേണ്ടതുണ്ട്.ഒരു ‘ചരക്ക്’ മാത്രമായി സ്ത്രീയെ കാണുന്ന ഇത്തരം മനുഷ്യർ നമുക്കു ചുറ്റും പതിയിരിപ്പുണ്ടാകാം. ‘പുതുമകൾ ‘തേടിയുള്ള നിർദ്ദയമായ ക്രൂരരതിപ്രയാണങ്ങൾ സൂര്യൻ പോലുമുദിക്കാൻ മടിക്കുന്ന പാതാളഗർത്തങ്ങളിലേക്ക് നമ്മുടെ നാടിനെ തള്ളിയിടും.ശ്രദ്ധിക്കുക! നമ്മുടെ കുഞ്ഞുങ്ങളെ… പ്രായമായവരെ…അത്രയ്ക്കും നികൃഷ്ടരായ സൈക്കോപാത്തുകൾ ഇവിടുണ്ട്.