“ഒരു കോ‍ഴിക്കാലും കുപ്പിയും ഉണ്ടെങ്കില്‍ എന്തുമെ‍ഴുതാം !”

0
146

Deepa Nisanth

“ഒരു കോ‍ഴിക്കാലും കുപ്പിയും ഉണ്ടെങ്കില്‍ എന്തുമെ‍ഴുതാം !”

കേരളചരിത്രത്തിലെ ഏറ്റവും ക്രൂരമായ മാധ്യമവേട്ടക്കിരയായ ഒരു മനുഷ്യൻ ഇന്നലെ ചാനൽ ചർച്ചയ്ക്കിടെ ധാർമ്മികരോഷം പൂണ്ട് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളിലെ സാമാന്യവത്കരണത്തോട് വേണമെങ്കിൽ നമുക്ക് കലഹിക്കാമെങ്കിലും, ആ മനുഷ്യനു മുന്നിൽ മലയാളിസമൂഹം എക്കാലത്തും കുറ്റബോധത്തോടെ തല കുനിച്ച് നിൽക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
കമ്പോളവത്കരണത്തിന്റെ ഭാഗമായി ഓരോ വാർത്തയ്ക്കിടയിലും ‘ഇക്കിളിയുൽപ്പാദനസാധ്യതകൾ’ തിരഞ്ഞ് അതിലൂടെ സർക്കുലേഷൻ വർദ്ധിപ്പിച്ച് മാധ്യമപ്രവർത്തനം നടത്തുന്നവർ മാത്രമല്ല,സ്ത്രീകൾ ഉൾപ്പെടുന്ന എല്ലാ വിവാദങ്ങളിലും ഇക്കിളി തിരയുന്ന മലയാളിമനസ്സും ആ കുറ്റകൃത്യത്തിൽ തുല്യ പങ്കാളികളാണ്.

രസിപ്പിക്കലിന്റെ ‘ഇക്കിളിയുൽപ്പാദന സൈബർഫാക്ടറികൾ ‘ ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്.. സാമ്പത്തികനേട്ടമുണ്ടാകുമെങ്കിൽ അർധസത്യത്തെയും അസത്യത്തേയും സത്യമാക്കി അവതരിപ്പിച്ചാലും തെറ്റില്ലെന്ന കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന ഒരു കൂട്ടം ‘ജീർണലിസ്റ്റുകളുടെ’ ദുർഗന്ധം അന്തസ്സോടെ മാധ്യമപ്രവർത്തനം നടത്തുന്നവരെക്കൂടി അപമാനിക്കുന്നതാണ്.
ഇന്ന് നമ്പിനാരായണന്റെ ‘ഓർമ്മകളുടെ ഭ്രമണപഥം ‘ എന്ന പുസ്തകം വീണ്ടും വായിക്കാനെടുത്തു. അദ്ദേഹത്തിന്റെ ആത്മകഥയാണത്.

ഞാനടക്കമുള്ളവർ ഒരുകാലത്ത് ആവേശത്തോടെ വായിച്ചു തള്ളിയ ഒന്നായിരുന്നു ഐ എസ് ആർ ഒ ചാരക്കേസ് . മറിയം റഷീദയും ഫൗസിയ ഹസ്സനും ഞങ്ങളുടെ കൗമാരഭാവനകളിലെ ചാരസുന്ദരിമാരായി നിറഞ്ഞു നിന്നത് ഇന്നുമോർമ്മയുണ്ട്.. ‘ മറിയം, കിടപ്പറയിലെ ട്യൂണ ‘ , ‘ചാരസുന്ദരിമാരുടെ കിടപ്പറയിലെ നിത്യസന്ദർശകർ ആരൊക്കെ?’ എന്നൊക്കെയായിരുന്നു അന്നത്തെ വിഖ്യാതമായ തലക്കെട്ടുകൾ.., പിൽക്കാലത്തും അവർ അതേ രീതി തന്നെ തുടർന്നു.’കിടപ്പറയിലെ ട്യൂണ ‘ തലക്കെട്ടിട്ട പത്രക്കാരനാണ് അടുത്തിടെ ഒരു മന്ത്രിയെ കുടുക്കാൻ ‘ഹണി ട്രാപ്പിന് ‘ നേതൃത്വം നൽകിയതും.ചാരക്കേസ് വ്യാജമെന്ന് സിബിഐ കണ്ടെത്തിയപ്പോഴേക്കും മാധ്യമങ്ങളുടെ പഴയ ആവേശം നഷ്ടപ്പെട്ടിരുന്നു. ചാരക്കേസിന്റെ കാറ്റും കോളുമടങ്ങിയപ്പോൾ അവശേഷിച്ചത് കുറേ തകർന്ന കുടുംബങ്ങളാണ്… അതേപ്പറ്റി നമ്പി നാരായണൻ എഴുതുന്നതിങ്ങാന :-

“എന്റെ കുടുംബത്തിന് ആത്മാഭിമാനം തിരിച്ചു കിട്ടി. ചാരന്റെ മക്കൾ എന്ന ആരോപണത്തിൽ നിന്ന് മക്കൾക്ക് മോചനം ലഭിച്ചു. മീഡിയ എന്നെ ഫീനിക്സ് പക്ഷിയാക്കി.എന്നാൽ ചിലതൊന്നും എനിക്ക് തിരിച്ചു കിട്ടിയില്ല.. എന്റെ കരിയറും മാനസികാരോഗ്യവും മറ്റും….”
നമ്പി നാരായണൻ എന്ന മനുഷ്യൻ നേരിട്ട ക്രൂരമായ ശാരീരികമാനസികപീഡനങ്ങളുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ആത്മകഥയിലുണ്ട്.. അതിനപ്പുറം ഒരു മതവിഭാഗത്തെ അപരവത്കരിക്കുകയും സംശയത്തിന്റെ മുൾമുനയിൽ എപ്പോഴും പ്രതിഷ്ഠിക്കുകയും പ്രതിസ്ഥാനത്തു നിർത്തുകയും ചെയ്യുന്നതിന്റെ പ്രത്യക്ഷവിവരണം കൂടി നമ്പി നാരായണന്റെ ആത്മകഥയിലുണ്ട്. അദ്ദേഹത്തിന്റെ താടിയിൽ പിടിച്ചു വലിച്ച് ,” നീ മുസ്ലീമാണോ?” എന്ന് ചോദിക്കുന്ന അന്വേഷണോദ്യോഗസ്ഥരെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്:-

” എന്റെ കാലുകളിൽ ചവിട്ടി അമർത്തി നാഭിയിൽ കൈ കുത്തി അയാൾ ചോദിച്ചു.
” ആരൊക്കെയാണ് നിന്റെ കൂട്ടുകാർ? ”
എന്തിനാണ് കൂട്ടുകാരുടെ പേരുകൾ എന്ന് ഞാൻ ചോദിച്ചു.
” നിന്റെ സ്വഭാവമൊക്കെ ഒന്ന് മനസ്സിലാക്കാൻ! ”
ഞാൻ എന്റെ സുഹൃത്തുക്കളുടെ പേരുകൾ പറയാൻ തുടങ്ങി.
അപ്പോൾ ജയപ്രകാശ് പെട്ടെന്ന് ചോദിച്ചു.
“അതല്ല. നിന്റെ കൂട്ടത്തിൽ എത്ര മേത്തന്മാർ ഉണ്ട്?”
എന്റെ മുസ്ലീം സുഹൃത്തുക്കളെയാണ് അറിയേണ്ടതെന്ന് ജോൺ പറഞ്ഞു തന്നു.
ഞാൻ കലാം സാറിന്റെ പേര് പറഞ്ഞു. അദ്ദേഹം എന്റെ സുഹൃത്താണെന്ന് പറയാൻ എനിക്കഭിമാനമായിരുന്നു. പക്ഷേ ആ പേര് വേണ്ട എന്ന് അവർ തന്നെ പറഞ്ഞു. വേറെ മുസ്ലീം കൂട്ടുകാരെയാണ് അവർക്കറിയേണ്ടത്.അങ്ങനെ ഞാൻ ഓർത്തെടുത്തു മറ്റൊരു പേര്.
“മുഹമ്മദ് യൂസഫ് ഖാൻ ”
കേട്ടതും ഏതോ ഒരാൾ വന്ന് സൂക്ഷ്മമായി അത് കടലാസിൽ എഴുതി വെച്ചു വിജയഭാവത്തിൽ ജയപ്രകാശ് എന്റെ അരികിലെത്തി. എന്നിട്ട് ചോദിച്ചു.
“ഇവനിപ്പോ എവിടെയുണ്ട്? ഇവനുമായി നിനക്കെന്താണ് കച്ചവടം?”
ഞാൻ ചിരിച്ചു. അടി കൊണ്ട് ചുവന്ന എന്റെ കവിളിൽ ജയപ്രകാശ് പതിയെ തടവി.
“ആരാ മുഹമ്മദ് യൂസഫ് ഖാൻ?” അയാൾ ഗർജ്ജിച്ചു.
“എനിക്കൊപ്പം ഗവ. ട്രെയിനിങ് സ്കൂളിൽ അഞ്ചു മുതൽ എട്ടുവരെ പഠിച്ച ആളാണ് യൂസുഫ്.ആ ഓർമ്മയിൽ ഞാൻ മറുപടി നൽകി.
“എന്റെ ബാല്യകാല സുഹൃത്താണ്. അവനിപ്പോ ആരാ എന്താ എന്നൊന്നും അറിയില്ല. ഞാൻ കണ്ട, പരിചയപ്പെട്ട എന്റെ ആദ്യ മുസ്ലീം സഹോദരൻ !”
ഐ.ബി.സംഘത്തിന് ആ ഉത്തരം ഒട്ടും രസിച്ചില്ല.അവർ എന്നെ വളഞ്ഞിട്ട് ചവിട്ടി .ഓരോ ചവിട്ടിനും അസഭ്യവർഷം ചൊരിഞ്ഞു കൊണ്ടേയിരുന്നു.
വേറെ മുസ്ലീം പേരുകൾ പറയാൻ പറഞ്ഞു.
…………
അവർ പ്രതീക്ഷിച്ച ഉത്തരങ്ങൾ എന്നിൽ നിന്ന് കിട്ടാതെ വന്നപ്പോൾ അവരെന്നെ പിന്നെയും പിന്നെയും മർദ്ദിച്ചു.അവർ തളർന്നപ്പോൾ, എന്നെ കുറച്ചുനേരം ഇരിക്കാൻ അനുവദിച്ചു.ശീതീകരിച്ച മുറിയിലെ തണുത്തുറഞ്ഞ നിലത്ത് ഞാൻ ഇരിക്കാൻ ശ്രമിച്ചു. എന്നിലെ വേദനയുടെ ചൂടിൽ ഞാനാ തണുത്തു മരവിച്ച തറയിൽ അൽപ്പനേരം ഇരുന്നു.എന്തിനാണ് അവരെന്റെ മുസ്ലീം സുഹൃത്തുക്കളെ തിരയുന്നത്? ഞാനാലോചിച്ചു. എന്റെ മുസ്ലീം സുഹൃത്തുക്കളെല്ലാം നല്ലവരാണ്. അതുകൊണ്ട് അവരെക്കുറിച്ച് എനിക്ക് നല്ലതേ പറയാനുണ്ടാകൂ.ഐ എസ് ആർ ഒ യിലെ എന്റെ നല്ല സുഹൃത്തായിരുന്നു കലാം സാർ. അദ്ദേഹം രാഷ്ട്രപതി ആയ സമയത്ത് ഞാൻ കാണാൻ ദില്ലിയിൽ പോയിരുന്നു. അപ്പോൾ കുറേനേരം കാത്തിരിക്കേണ്ടി വന്നു. എന്നെയൊഴികെ എല്ലാവരേയും വിളിച്ച് കാണുന്നു. എന്നെ മാത്രം അകത്തേക്ക് വിളിച്ചില്ല. എനിക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നി. വന്നത് തെറ്റായിപ്പോയോ എന്ന ചിന്തയിൽ പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ കലാം സാറിന്റെ പി എ വന്നു പറഞ്ഞു ‘സാർ വിളിക്കുന്നു ‘ എന്ന്.

” നമ്പീ, നിങ്ങളുടെ കൂടെ കുറേ നേരം ചെലവഴിക്കാൻ വേണ്ടി ഞാൻ ബാക്കിയുള്ളവരെയൊക്കെ കണ്ടു വേഗം മടക്കി. അതാണ് വൈകിയത് ” എന്നു പറഞ്ഞ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങൾ കുറേ സംസാരിച്ചു.
കലാം സാർ മരിക്കുന്നതിന് ഒരു വർഷം മുമ്പ് തിരുവനന്തപുരത്തു വന്നപ്പോൾ കാണണമെന്നു പറഞ്ഞിരുന്നു.അങ്ങനെ ഞാൻ രാജ്ഭവനിൽ പോയി കണ്ടു. അദ്ദേഹം എന്നെ സ്വീകരിച്ചിരുത്തി.ഞങ്ങൾ പഴയ കുറേ ഓർമ്മകൾ പങ്കുവെച്ചു.
“എനിക്ക് നിങ്ങളുടെ കാര്യത്തിൽ വല്ലാത്ത വിഷമം ഇപ്പോഴുമുണ്ട്. നമ്മുടെ സിസ്റ്റം… അത് നേരെയാവില്ല. എല്ലാം ദൈവത്തിന് വിടൂ..റിലാക്സ് ആവൂ”
” ഞാൻ എന്റെ ആത്മകഥ എഴുതുന്ന തിരക്കിലാണ്. അതിൽ സാറിനെ ചിലയിടങ്ങളിൽ വിമർശിക്കുന്നുണ്ട്. ചില സത്യങ്ങൾ തുറന്നു പറയും ഞാൻ.” -ഞാൻ പറഞ്ഞു.
” അതിന്റെ അവതാരിക ഞാനാകും എഴുതുക.”
പുഞ്ചിരിയോടെ പറഞ്ഞിട്ട് അദ്ദേഹം തുടർന്നു.
“നമ്പീ നമ്മുടെ ഗ്രൂപ്പിൽ ഞാൻ വളരെ ലക്കിമാൻ ആണ്. അല്ലേ?”
” ശരിയാണ് സർ. എനിക്ക് അഭിമാനമുണ്ട്. താങ്കൾ ഈ ലോകത്തെ ഏറ്റവും ലക്കിയസ്റ്റ് മാൻ ആണ് എന്നതിൽ. മൈ ലക്കിയസ്റ്റ് ഫ്രണ്ട്!”
ഞാൻ പറഞ്ഞു. അപ്പോൾ കലാം സാർ എന്റെ മുഖത്തു നോക്കി ചിരിക്കാൻ ശ്രമിച്ചു.
ഞാൻ തുടർന്നു.
“ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനും ഏറ്റവും നിർഭാഗ്യവാനും തമ്മിലുള്ള കൂടിക്കാഴ്ചയാണിത്. സോ താങ്ക് യൂ വെരി മച്ച് ഫോർ ദ വാല്യുബിൾ ടൈം.. ”
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം കലാം സാർ എന്നെ കെട്ടിപ്പിടിച്ചു.
“പ്രിയസുഹൃത്തേ… ദൈവമുണ്ടാകും നിങ്ങൾക്കൊപ്പം…”
അദ്ദേഹം കണ്ണുകൾ തുടച്ചു.
അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, ഞങ്ങൾ രണ്ടു പേരും കരയുകയായിരുന്നെന്ന്…!
[ ഓർമ്മകളുടെ ഭ്രമണപഥം – നമ്പി നാരായണൻ പ്രസാധനം – കറന്റ് ബുക്സ്, തൃശ്ശൂർ ]
സത്യാനന്തരനുണകളുടെ കാലത്ത് ആവർത്തിച്ച് വായിക്കേണ്ട പുസ്തകമാണ് നമ്പി നാരായണന്റെ ആത്മകഥ. അതവസാനിക്കുന്നതിങ്ങനെയാണ്.
”സത്യത്തിന് ഒരുനാൾ പുറത്തു വരാതെ സാധിക്കില്ലല്ലോ… ?കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും…. “