മധ്യവർഗ്ഗമലയാളികുടുംബത്തിൻ്റെ സദാചാരമൂല്യങ്ങളിലിപ്പോഴും ‘പ്രണയം’ എന്ന വാക്ക് പടിക്കു പുറത്തു തന്നെയാണ്

0
265

ദീപാ നിശാന്തിന്റെ സോഷ്യൽമീഡിയ കുറിപ്പ്

വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് ആദ്യം സമ്മതം മൂളുകയും, പിന്നീട് ഫോൺ വഴിയുള്ള സംഭാഷണങ്ങൾക്കൊടുവിൽ വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്ത ഒരു പെൺകുട്ടിയുടെ അനുഭവം പങ്കുവെച്ചിരുന്നു. അതിനു താഴെ എന്തൊക്കെ തരം ദീനരോദനങ്ങളും പുരുഷവിലാപങ്ങളുമായിരുന്നു!!
നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ഒഴിയുമ്പോൾ, വിവാഹത്തലേന്ന് പെൺകുട്ടി “ഒളിച്ചോടി”പ്പോകുമ്പോൾ പുരുഷനുണ്ടാകുന്ന അപമാനം, സാമ്പത്തികനഷ്ടം എന്നിത്യാദി ചർച്ചകളാണ് പലരും നടത്തിയത്..

“പെൺകുട്ടിക്ക് ചെറുക്കനോടെങ്കിലും ഇക്കാര്യം മുൻപേ പറയാരുന്നല്ലോ” എന്ന ചോദ്യം ഉയരുന്നത് കേരളത്തിലെ ഗൃഹാന്തരീക്ഷം കൃത്യമായി മനസ്സിലാക്കാത്തതു കൊണ്ടാണ്. അവിടെ എത്രത്തോളം ജനാധിപത്യാന്തരീക്ഷം ഉണ്ടെന്നറിയാത്തതുകൊണ്ടാണ്. ” പോലീസ് സ്റ്റേഷനിൽ പറഞ്ഞില്ലേ?”, “നിയമമുണ്ടെന്നറിയില്ലേ?” എന്ന ചോദ്യമൊക്കെ ഗാർഹികപീഡനത്തെപ്പറ്റി ദയനീയമായി പറയുന്ന പെൺകുട്ടിയോടു ചോദിക്കുന്നതും അതുകൊണ്ടൊക്കെത്തന്നെയാണ്.

മധ്യവർഗ്ഗമലയാളികുടുംബത്തിൻ്റെ സദാചാരമൂല്യങ്ങളിലിപ്പോഴും ‘പ്രണയം’ എന്ന വാക്ക് പടിക്കു പുറത്തു തന്നെയാണ്. പെൺകുട്ടിയുടെ ഭാവിയോർത്തു മാത്രമല്ല പ്രണയം പലപ്പോഴും മാതാപിതാക്കൾ എതിർക്കുന്നത്. തങ്ങളുടെ ‘അഭിമാന’ത്തിന് ക്ഷതമേൽക്കുന്നു എന്ന ഈഗോയും അതിനു കാരണമാണ്. നമ്മുടെ ഉള്ളിലുള്ള കടുത്ത ജാതിബോധവും അതിനു പിന്നിലുണ്ട്.

ബഹുഭൂരിപക്ഷവും പെൺകുട്ടികൾ പഠിക്കുന്ന ഒരു കോളേജിൽ ജോലി ചെയ്യുമ്പോൾ അധ്യാപകരക്കം പ്രണയത്തോടെടുക്കുന്ന സമീപനങ്ങൾ കണ്ടാൽ അന്തംവിടും. “കുട്ടീടെ പഠിപ്പുഴപ്പുമോ?” എന്ന നിർദ്ദോഷമായ ആശങ്ക മാത്രമൊന്നുമല്ല അതിനു കാരണം.”പ്രേമം’ ഒരു ഗുരുതരമായ കുറ്റമായി പരിഗണിച്ച്, വീട്ടിലേക്കറിയിക്കുന്ന ഈ അഭ്യുദയകാംക്ഷികളാരും സാമ്പത്തികമോ മറ്റേതെങ്കിലുമോ കാരണം കൊണ്ട് ഒരു കുട്ടിയുടെ പഠനം മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യങ്ങൾ വരുമ്പോൾ അതിൽ സക്രിയമായി ഇടപെടുന്നത് ഇതേവരെ കണ്ടിട്ടില്ല.

മകൾ ‘ഒളിച്ചോടി’പ്പോയതിലുള്ള അപമാനഭാരം താങ്ങാനാകാതെ ട്രെയിനിൻ്റെ മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഒരു പിതാവിനെ പരിചയമുണ്ട്.. ആ പെൺകുട്ടി തൻ്റെ പ്രണയം വീട്ടിൽ പറഞ്ഞിരുന്നു.പ്രണയത്തിന് ‘പരിഹാരമായി ‘ മറ്റൊരു വിവാഹം വീട്ടുകാർ ഉടൻ നിശ്ചയിച്ചു.കടുത്ത എതിർപ്പുകളും വീട്ടുതടങ്കലും നേരിട്ട പെൺകുട്ടി അനുകൂലമായ ഒരു സാഹചര്യത്തിൽ താൻ പ്രണയിച്ച യുവാവിനോടൊപ്പം പോയി. ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും രക്ഷപ്പെടാൻ ആ കുട്ടിക്കു മുന്നിൽ വേറെ വഴിയൊന്നുമില്ലായിരുന്നു..

അഞ്ചെട്ടു കൊല്ലം മുമ്പ് ഈ സംഭവം കേട്ടപ്പോൾ ആ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല. മരിച്ച മനുഷ്യനെയോർത്തായിരുന്നു വേദന മുഴുവൻ. അച്ഛനെ അവസാനമായൊന്നു കാണാൻ പോലും ആ പെൺകുട്ടിയെ ബന്ധുക്കൾ അനുവദിച്ചില്ല. ആ തീരാദുഃഖത്തിൽ നീറുന്ന ആ പെൺകുട്ടിയെ ഒരിക്കൽ കണ്ടിരുന്നു. എപ്പോഴും കിലുക്കാംപെട്ടി പോലെ ചിരിച്ചിരുന്ന ആ പെൺകുട്ടി ‘ചിരി മറന്നു പോയിരിക്കുമോ?’ എന്ന് തോന്നിപ്പോയി… നിരന്തരമായ കൗൺസലിംഗും ഭർതൃവീട്ടുകാരുടെ പിന്തുണയും മറ്റുമായി അവളുടെ ജീവിതം മുന്നോട്ടു പോകുന്നു.എന്തൊരു ക്രൂരമായ ശിക്ഷയായിരുന്നു ആ ആത്മഹത്യ!

ഇഷ്ടമുള്ള ജീവിതം മകൾ (മകനല്ല ) തിരഞ്ഞെടുത്തതിലുള്ള ‘അപമാനഭാരം’ താങ്ങാനാകാതെ മരിച്ച ഈ മാതാപിതാക്കളാരും, ഭർതൃഗൃഹത്തിൽ സ്വന്തം മകൾ ഗ്യാസ് പൊട്ടിത്തെറിച്ചോ, തീ പിടിച്ചോ, തൂങ്ങി മരിച്ചോ ,കിണറ്റിൽച്ചാടിയോ, കൈഞരമ്പ് മുറിച്ചോ മരിക്കുമ്പോൾ സ്വന്തം തെരഞ്ഞെടുപ്പിൻ്റെ പരാജയത്തിലുള്ള ‘അപമാനഭാര’ത്താലോ വേദനയാലോ ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല.
ചില വേദനകളൊക്കെ നമുക്ക് നമ്മളെയോർത്തു മാത്രമാണ്.. കടുത്ത സാമൂഹികഭീതിയെ വേദനയായി നമ്മൾ തെറ്റിദ്ധരിക്കുകയാണ്….

ദുരന്തമുഖങ്ങളിൽ നിന്നും പടിയിറങ്ങിപ്പോരാൻ പെൺകുട്ടികൾ മടിക്കുന്നതും അതുകൊണ്ടൊക്കെത്തന്നെയാണ്.. വിവാഹമോചിതയായ പെൺകുട്ടിയായി ഈ സമൂഹത്തിൽ ജീവിക്കുന്നതിലും ഭേദം ആത്മഹത്യയാണെന്ന് പെൺകുട്ടികൾക്ക് തോന്നും വിധമൊരു സാമൂഹികാന്തരീക്ഷത്തിൽത്തന്നെയാണ് നമ്മളിപ്പോഴും ജീവിക്കുന്നത്..