മനസ്സിൽ അസ്വസ്ഥത നിറയ്ക്കുന്നു ആദിത്യന്റെയും മഞ്ഞക്കിളിയുടേയും ചിത്രം

225

Deepa Nisanth എഴുതുന്നു 

ആദിത്യൻ്റെ ചിത്രമാണ് സിലിയിലേക്കെന്നെ എത്തിച്ചത്. വീടൊഴിപ്പിക്കലിനിടയിൽ ദയനീയമായി കരയുന്ന അവൻ്റെ ആ ചിത്രം ഫിലിപ്പ് ജേക്കബാണ് എടുത്തത്. ആദിത്യന് ഏകദേശം എൻ്റെ മോൻ്റെ പ്രായമാണ്.. എവിടെയൊക്കെയോ അവൻ്റെ ഛായയും തോന്നി. അവൻ്റെ കയ്യിലുള്ള ആ മഞ്ഞക്കിളി, അതിനോടുള്ള അവൻ്റെ കരുതൽ .ആ കരുതൽ ആർക്കും അവനോടില്ലായിരുന്നു. ഉണ്ടെങ്കിൽ ആ വീട്ടിൽ നിന്ന് 80 വയസ്സുള്ള വൃദ്ധനും പതിനാറും പന്ത്രണ്ടും പത്തും വയസ്സുള്ള ആ കുട്ടികളും ഇറങ്ങേണ്ടി വരുമായിരുന്നില്ലല്ലോ. അവൻ്റെ അച്ഛനും അമ്മയും എറണാകുളം ഹൈക്കോടതിയിൽ പോയിരിക്കുന്ന സമയത്ത് ഉടുതുണി മാത്രമായി ആ വീട്ടിൽ നിന്നിറക്കാൻ എത്ര ദയാരഹിതമായ ഒരു ലോകമാണ് അവനു ചുറ്റും നിരന്നത്!


Deepa Nisanth

ഈ വിഷയത്തെപ്പറ്റി ഒന്നും എഴുതില്ലെന്നാണ് കരുതിയത്.. ആ കുരുന്നുമുഖത്തിൻ്റെ ദൈന്യത ഉള്ളുലച്ചെങ്കിലും ലോണെടുത്താലുണ്ടാകുന്ന നിയമപരമായ സ്വാഭാവികനടപടി എന്നതിലപ്പുറം അതിൽ നമുക്കിടപെടേണ്ട കാര്യമില്ലെന്നായിരുന്നു കരുതിയത്. കുന്ദംകുളം ടൗണിനടുത്ത് മെയിൻ റോഡിനു സമീപം സെൻ്റിന് 20 ലക്ഷത്തിലധികം മതിപ്പുവിലയുള്ള 27 സെൻ്റ് സ്ഥലത്ത് 4500 സ്ക്വയർ ഫീറ്റുള്ള വീട്ടിൽ താമസിക്കുന്ന കുടുംബം 4 ലക്ഷം ലോണെടുത്ത് ഇത്ര വലിയ കുടുക്കിൽ വന്നു വീഴേണ്ട കാര്യമെന്തായിരുന്നു എന്നാണ് സ്വാഭാവികമായും ചിന്തിച്ചത്.

ദൂരക്കാഴ്ചകളൊക്കെ അങ്ങനായിരിക്കുമല്ലോ .നമ്മുടെ മുൻവിധികളൊക്കെ തെറ്റായിരുന്നെന്ന് ബോധ്യമാകുക പിന്നീടായിരിക്കും. ആദിത്യനും മഞ്ഞക്കിളിയും ഇപ്പോൾ എവിടെയായിരിക്കും എന്ന ചിന്തയാണ് ഫിലിപ്പിനോട് അവരെപ്പറ്റി അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഫിലിപ്പാണ് സിലിയുടെ നമ്പർ തന്നത്. സിലിയെ വിളിച്ചപ്പോൾ സിലി തിരക്കുകളിലായിരുന്നു. വീട്ടിലുണ്ടായിരുന്ന 11 നായ്ക്കളെ സംരക്ഷിക്കാനായി ഒരു സംഘടനയെ ഏൽപ്പിക്കുകയാണെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നതിൻ്റെ തിരക്കിലാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞു. ഫോൺ വെച്ചപ്പോൾ 11 നായ്ക്കളെ വളർത്തുന്ന ആ കുടുംബത്തിൻ്റെ വരുമാനത്തെക്കുറിച്ച് വെറുതെ ചിന്തിച്ചു. ചിലപ്പോൾ വീടൊഴിപ്പിക്കാതിരിക്കാനുള്ള മുൻകരുതലാകാം ആ നായ്ക്കളെന്ന് വിധി നിർണയവും നടത്തി.

ഇന്നലെ രാത്രിയിലാണ് സിലി വിളിച്ചത്. ഇന്ന് സിലി വീട്ടിലേക്കു വന്നു. ഒരുപാടു നേരമിരുന്നു. സംസാരിച്ചു. ആകെ തളർന്ന് തലകുനിച്ച് എൻ്റെ വീട്ടിലേക്ക് വിളറിയ ചിരിയോടെ കടന്നു വന്ന സിലി എൻ്റെ മുൻധാരണകളെയെല്ലാം തകർത്തു കളഞ്ഞു. മനുഷ്യർ സഞ്ചരിക്കുന്ന തീരാദുരിതങ്ങൾ എത്ര വിചിത്രമാണ്.’പഴകിയൊരു ശീലം പോലെ ‘ ദുരിതങ്ങളോടും നമ്മൾ ചിലപ്പോൾ പൊരുത്തപ്പെട്ടു കളയും.സിലിയെ കണ്ടപ്പോഴും എനിക്കങ്ങനെ തോന്നി.ഭർത്താവ് ബിന്നിയെപ്പറ്റി “പാവമാ ടീച്ചറേ ”ന്ന് ആവർത്തിച്ചു പറയുമ്പോൾ സിലിയുടെ വാക്കുകളിൽ തുളുമ്പുന്ന സ്നേഹം കണ്ടെനിക്ക് സിലിയെ പാവം തോന്നി.

Image may contain: 2 peopleഡോക്ടർ-എഞ്ചിനീയർ ദമ്പതികളുടെ ദത്തുപുത്രനായിരുന്നു ബിന്നി .ബിന്നിക്ക് മൂന്ന് വയസ്സെത്തും മുൻപേ ദത്തെടുത്തു വളർത്തിയ പിതാവ് മരിച്ചു. ദത്തെടുക്കലിൻ്റെ നിയമപരമായ കീഴ്‌വഴക്കങ്ങളൊന്നും പാലിക്കപ്പെടാത്തതു കൊണ്ടാകണം പിന്നീട് ജീവിതം ഒട്ടും സുരക്ഷിതമല്ലായിരുന്നു.[ വ്യക്തമായി എഴുതാൻ ബുദ്ധിമുട്ടുണ്ട്.നിയമപ്രശ്നങ്ങളുമുണ്ട് ]

കുന്ദംകുളം എംഡി കോളേജിൽ നിന്ന് പ്രീഡിഗ്രിക്ക് ഏറ്റവും ഉയർന്ന മാർക്കോടെ വിജയിച്ച ബിന്നി തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ ബി കോം പൂർത്തിയാക്കി. വിവിധ പാരലൽ കോളേജുകളിൽ പഠിപ്പിച്ചു. (ഇപ്പോഴും ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.) വർഷങ്ങൾക്കു മുൻപ് ബിന്നിക്ക് ഓസ്ട്രേലിയയിൽ പോകാൻ ഒരവസരം കിട്ടി. അതിനുള്ള പണം കണ്ടെത്താനാണ് കുന്ദംകുളം സഹകരണ ബാങ്കിൽ നിന്നും 4 ലക്ഷം രൂപ ലോണെടുക്കേണ്ടി വന്നത്.ആ പൈസ ആധാരം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാൽ തിരിച്ചടക്കേണ്ടതായും വന്നു. ഫലത്തിൽ ഇവർക്ക് പൈസ ഉപകാരപ്പെട്ടില്ലെന്ന് ചുരുക്കം. സ്വത്ത് സംബന്ധിയായ തർക്കം നിലനിൽക്കുന്നതിനാൽ സ്ഥലം വിൽക്കാൻ സാധ്യമായിരുന്നില്ല. (നിയമപരമായ തടസ്സമുള്ളതിനാൽ എനിക്ക് കൂടുതൽ വിശദീകരിക്കാൻ കഴിയില്ല. ) എനിക്ക് വിഷമമുണ്ട്. മിടുമിടുക്കരായ ആ മൂന്നു മക്കളെപ്പറ്റിയോർത്ത്. ആദിത്യൻ ഇളയവനാണ്. അവൻ്റെ കയ്യിലുള്ള മഞ്ഞക്കിളിയെപ്പറ്റി ചോദിച്ചപ്പോൾ സിലി പറഞ്ഞു വീട്ടിൽ ഇനിയും കിളികളുണ്ടെന്ന്.. വിൽപ്പനയ്ക്കായിട്ടാണ് വളർത്തുന്നത്. (സിലി നായ്ക്കളെ വളർത്തുന്നതും അതിനാണ്.)

Image may contain: table and indoorപറക്കാൻ ചിറകുകളില്ലാത്ത കിളിക്കുഞ്ഞിനെയാണ് ആ ഭീകരമായ അന്തരീക്ഷത്തിലും അവൻ വിടാതെ പിടിച്ചതെന്നറിഞ്ഞപ്പോൾ ആ കുരുന്നിനോട് ബഹുമാനം തോന്നി. എന്തുമാത്രം ആർദ്രതയുള്ള മനസ്സായിരിക്കും അവൻറേത് ! അവനെ വിളിച്ചു സംസാരിച്ചപ്പോഴും അവനാ കിളിക്കുഞ്ഞിനെപ്പറ്റിയാണ് പറഞ്ഞതത്രയും.ചിറകുകളില്ലാത്തവർക്കാണ് കൂട്ടു വേണ്ടതെന്ന് ഏതു പുസ്തകത്തിൽ നിന്നാവും അവൻ പഠിച്ചത്? ‘പ്രണയശൂന്യമായൊരു വെറും ബന്ധന’മല്ല സിലിയ്ക്ക് ദാമ്പത്യം .പരസ്പരം ആഴത്തിൽ സ്നേഹിക്കുന്ന രണ്ടു പേർ വളർത്തിയ ആ മക്കൾ എങ്ങനെ ലോകത്തെ സ്നേഹിക്കാതിരിക്കും? പറക്കാൻ പറ്റാത്ത കിളിയെ കൈയിലെടുത്ത ആ കുഞ്ഞിൽ നിന്നും നമ്മളൊരുപാട് പഠിക്കേണ്ടതുണ്ട്. ഒരുപാട് ! അവൻ്റെ കരുതലിൻ്റെ തണലിൽ നിൽക്കാൻ ലോകത്തിലിനിയും ആളുകളുണ്ട്‌..
അവൻ ആത്മശ്വാസത്തോടെ അന്തസ്സോടെ തന്നെ ജീവിക്കേണ്ടതുണ്ട്.

Image may contain: 4 people“ഇന്ന് അപ്പൂൻ്റെ പിറന്നാളാ ടീച്ചറേ “ന്ന് പറഞ്ഞപ്പോൾ സിലിയുടെ കണ്ണുകൾ നിറഞ്ഞു. മൂത്ത മകനാണ് അപ്പു.പ്ലസ് വണ്ണിന് പഠിക്കുന്നു.മനോഹരമായി ചിത്രം വരയ്ക്കുന്ന, നൃത്തം ചെയ്യുന്ന കുട്ടിയാണ്. ചായക്കൂട്ടുകളൊക്കെ കലങ്ങി മറിഞ്ഞ് ജീവിതം മുന്നിൽ നിൽക്കുമ്പോൾ ആ പതിനാറുകാരൻ ഇനി എന്തു ചിത്രം വരയ്ക്കാനാണ്? ആ കുട്ടികളെ ജീവിതത്തിലേക്ക് കൊണ്ടുവരണം നമുക്ക്. അതിനാവശ്യമായ നിയമ സഹായങ്ങൾ ചെയ്യണം. അവരെ പഠിപ്പിക്കണം. ജീവിതയോഗ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കണം.നിയമപരമായി എന്താണ് ചെയ്യാൻ കഴിയുക? [50 ലക്ഷത്തിന് ബാങ്കിൽ നിന്നു ലേലം വിളിച്ചെടുത്ത 27 സെൻ്റ് സ്ഥലവും 4500 സ്ക്വയർ ഫീറ്റ് വീടും ഇന്ന് ചോദിക്കുന്നത് 15 കോടിക്കാണ് എന്ന് അനൗദ്യോഗികമായി അറിഞ്ഞു. ]

* ആറേഴ് വർഷം മുൻപ് സിലിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ നോക്കിയതിന് ഒരു കേസും ഉണ്ടായിരുന്നു. സിലിയുടെ കാലിനിപ്പോഴും പ്രശ്നമുണ്ട്. എല്ലാമൊന്ന് കൂട്ടി വായിച്ചാൽ ചില ചോദ്യങ്ങൾക്കൊക്കെ ഉത്തരം കിട്ടും. കൂടുതലൊന്നും എഴുതുന്നില്ല. സിലിയോടൊപ്പം നിൽക്കും. അതിൻ്റെ പേരിൽ എന്തു തന്നെ സംഭവിച്ചാലും കൂടെയുണ്ടാകും. അത്രമാത്രം പറയുന്നു.