പൗരത്വത്തിനായുള്ള ഔദാര്യത്തിനായി കോടതി വരാന്തകളിൽ ഗതികെട്ടലയുന്ന ഒരു ജനത ആരുടെ അഭിമാനമാണ്?

988

Deepa Nisanth

ഒന്നും രണ്ടും പേരല്ല !

കൃത്യമായി പറഞ്ഞാൽ, 19,06657 മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ നാട്ടിൽ പൗരത്വത്തിനായി പരക്കം പായുന്നത് !!

കോടതി, സ്റ്റേ, കേസ് എന്നീ കാര്യങ്ങളൊക്കെ കേട്ടുകേൾവി മാത്രമുള്ള ഒരു വിഭാഗം ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ പകച്ച കണ്ണുകളോടെ നമ്മെയിനി തുറിച്ചു നോക്കും.

ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പൗരത്വത്തിനായുള്ള ഔദാര്യത്തിനായി കോടതി വരാന്തകളിൽ ഗതികെട്ടലയുന്ന ഒരു ജനത ആരുടെ അഭിമാനമാണ്?

അവരിൽ എത്ര പേർ അതിജീവിക്കും?

എത്ര പേർ ആത്മഹത്യ ചെയ്യും?

എത്ര പേർ ഡിറ്റെൻഷൻ സെന്ററുകളിൽ നിസ്സഹായരായി ഇരിക്കേണ്ടി വരും?

ഭാര്യയുടെ, ഭർത്താവിന്റെ, അമ്മയുടെ, അച്ഛന്റെ, സഹോദരങ്ങളുടെ, മറ്റ് പ്രിയപ്പെട്ടവരുടെ പേര് പൗരത്വരജിസ്റ്ററിൽ കാണാതെ, ആ രജിസ്റ്റർ എന്താണെന്നു പോലുമറിയാതെ പകച്ചു നിൽക്കുന്ന പത്തൊൻപതു ലക്ഷത്തിലധികം നിസ്സഹായരായ മനുഷ്യരെ നോക്കി ‘വംശീയാധിഷ്ഠിത ദേശീയവാദികൾ’ ആർത്തട്ടഹസിക്കുന്നുണ്ട്.’വ്യാജ നമ്മൾബോധ’ത്തിൽ കൈയടിച്ച് രസിക്കുന്നുണ്ട്. അഹൈന്ദവമായ മത സാംസ്കാരികസ്വത്വം ചോദ്യം ചെയ്തു കൊണ്ടു മാത്രം, അപരവത്കരണത്തിലൂടെ മാത്രം ,അധികാരമുറപ്പിക്കുന്ന ആ പഴയ തന്ത്രം തന്നെ അവരിനിയും പയറ്റും.ഈ വ്യാജ ദേശീയതയിൽ ഭൂരിപക്ഷം ആകർഷിക്കപ്പെടും. മൃദുഹിന്ദുത്വ സമീപനങ്ങളിലൂടെ അവരെ വളർത്തിയ പ്രഖ്യാപിതപ്രതിപക്ഷം സ്വന്തം നേതാക്കന്മാരുടെ ഇറ്റലിയിലേക്കുള്ള വരുംകാലപലായനങ്ങൾ പോലും നോക്കി നിന്ന് നെടുവീർപ്പിടും.

അരാഷ്ട്രീയതയ്ക്കാണ് ഇപ്പോ മാർക്കറ്റ് .അവരെപ്പറ്റി ഓട്ടോറെനേ കാസ്റ്റിലോ പണ്ടേ എഴുതിയിട്ടുണ്ട്. ആ വരികൾക്കിപ്പോഴും പ്രസക്തിയുണ്ട്.

“ഒരുദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍െറ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും!!

ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ
രാജ്യം ക്രമേണ മരിച്ചുകൊണ്ടിരുന്നപ്പോള്‍
എന്തുചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും!

അവരുടെ വസ്ത്രങ്ങളെപ്പറ്റി,
ഉച്ചയൂണിനു ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റി
അവരോടാരും ചോദിക്കില്ല.

‘ശൂന്യത ‘യെച്ചൊല്ലിയുള്ള
അവരുടെ പൊള്ളത്തർക്കങ്ങളെപ്പറ്റി
അവരോടാരും ചോദിക്കില്ല.
….
ഭീരുവെപ്പോലെ,
അവരിലൊരുത്തൻ തൂങ്ങിച്ചാവുമ്പോൾ
അവരനുഭവിക്കുന്ന ആത്മവിദ്വേഷത്തെപ്പറ്റി
അവർ ചോദ്യം ചെയ്യപ്പെടില്ല.

ഒരുദിവസം
ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍
എന്‍െറ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും!

അന്ന്,
ദരിദ്രരായ മനുഷ്യര്‍ വരും!

ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കവിതകളിലും കഥകളിലും
ഒരിക്കലും ഇടംകിട്ടിയിട്ടില്ലാത്തവര്‍!
എന്നാല്‍, ദിവസവും അവര്‍ക്ക്
അപ്പവും പാലും കൊടുത്തവര്‍!
ഇറച്ചിയും മുട്ടയും കൊടുത്തവർ !
അവരുടെ വസ്ത്രങ്ങളലക്കിക്കൊടുത്തവര്‍!
അവരുടെ കാറോടിച്ചവര്‍!
അവരുടെ പട്ടികളെ വളര്‍ത്തിയവര്‍!
അവരുടെ ഉദ്യാനങ്ങള്‍ കാത്തുസൂക്ഷിച്ചവര്‍!

അവര്‍ വരും!

വന്നുചോദിക്കും!

യാതനകളില്‍ ദരിദ്രന്‍െറ ജീവിതവും സ്വപ്നവും
കത്തിയെരിയുകയായിരുന്നപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍??”

അതെ !

ഓരോ തീവ്രവാദിയെയും സൃഷ്ടിക്കുന്നത് ഭരണകൂടമാണ്!

ഭരണകൂടം തന്നെയാണ്!