ജാതി ഒരു മരം തന്നെയാണ്, വീടിനകത്തും പുറത്തും അവരിപ്പോഴും ആ മരം നട്ടുനനച്ച് വളർത്തുന്നുണ്ട് !

65

Deepa Nisanth

ചേച്ചിയെ ‘പെണ്ണുകാണാൻ ‘ (ഇതെവിടുന്നു കിട്ടിയ വാക്കാണാവോ?) ഒരാൾ വന്നു മടങ്ങിയ ആ ദിവസമാണ് ‘ മറയന്മാര് ‘ എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്. അതു വരെ അങ്ങനൊരു ജാതി എന്റെ തലച്ചോറിൽ രേഖപ്പെടുത്തിയിട്ടില്ല…
” എത്ര പൈസക്കാരായാലും എത്ര നല്ല ജോലിയുണ്ടായാലും ശരി മറേമ്മാർക്ക് കെട്ടിച്ച് കൊടുക്കില്ല” എന്ന വാശിയിൽ അന്ന് കാരണന്മാർ കുലമഹിമ സിമൻറിട്ടുറപ്പിച്ചു.ഈഴവർക്കിടയിൽ മറയന്മാരുണ്ടെന്നും അവർ 916 ഈഴവരുടെ പട്ടികയിൽ പെടില്ലെന്നും തീരെ നിവൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ മാത്രം (രണ്ടാം വിവാഹമോ മൂന്നാം വിവാഹമോ ആകുമ്പോൾ! ) അവരെ പരിഗണിക്കാമെന്നും ‘കുടുംബ ‘ത്തിന്റെ പിൽക്കാലചരിത്രം തെളിയിച്ചു.

അച്ഛനടക്കം ആറ് മക്കളുള്ള വീട്ടിലെ മക്കളോ പേരക്കുട്ടികളോ ആരും മതം പോട്ടെ,’ജാതി വിട്ട് ‘ പോലും കളിച്ചിട്ടില്ല. പ്രണയിക്കുന്ന സമയത്ത് ജാതീം മതവുമൊന്നും നോക്കാത്ത പുരോഗമനവാദികളാകുകയും പിന്നീട് വിവാഹസമയത്ത് ഈഴവമാട്രിമോണിയിൽ രജിസ്റ്റർ ചെയ്ത് വിവാഹം കഴിക്കുകയും ചെയ്യുന്ന പ്രത്യേകതരം പുരോഗമനവീക്ഷണമായിരുന്നു പലർക്കും.അമ്മയുടെ വീട്ടിൽ ഏഴ് പെൺകുട്ടികളും ഒരു സഹോദരനുമാണുളളത്. അവിടെയും സ്ഥിതി ഇതുതന്നെ! ഞാനടക്കമുള്ള 19 പേരക്കുട്ടികളിൽ ‘കുരുത്തക്കേട്’ കാട്ടിയ ഒറ്റ ആൾ ഞാനാണ്.. ഇപ്പോഴും അതിന് വല്യ മാറ്റമൊന്നുമില്ല!

എന്റെ വിവാഹത്തിന് നാലഞ്ചു മാസം മുൻപാണ് ദീർഘനാളായി അസുഖബാധിതയായി അവശയായിരുന്ന അമ്മാമ (അമ്മയുടെ അമ്മ ) മരിച്ചത്.18 വയസ്സ് കഴിഞ്ഞിട്ടും ഞാനിങ്ങനെ പുരനിറഞ്ഞ് 23 വയസ്സുവരെ പഠിച്ചോണ്ടിരിക്കുന്നതിൽ അമ്മാമയ്ക്ക് വലിയ ആശങ്കയുണ്ടായിരുന്നു.. എന്റെ എം എ യും റാങ്കും നെറ്റും ബിഎഡ്ഡുമൊന്നും രണ്ടു വീടുകളിലും വല്യ ചലനമൊന്നുമുണ്ടാക്കിയിട്ടില്ല.. മലയാളത്തിൽ റാങ്ക് കിട്ടുന്നത് അത്ര വല്യ സംഭവമൊന്നുമല്ലല്ലോ! മലയാളം പഠിച്ചാൽ റാങ്ക് കിട്ടാതെ പുറത്തിറങ്ങാനാണ് പാട് എന്ന മട്ടൊക്കെയാണ് പലർക്കും! പ്രീഡിഗ്രിക്ക് എൻട്രൻസിനു വിട്ട ഞാൻ ,ഡോക്ടറാവാൻ വേണ്ടത്ര ബുദ്ധിയില്ലാത്തതിനാൽ മലയാളമെടുത്തതാണെന്ന കാഴ്ചപ്പാടൊക്കെയാണ്. റാങ്ക് കിട്ടിയപ്പോൾ പുറത്തു തട്ടി ഒരാൾ പോലും എന്നെ അഭിനന്ദിച്ചിട്ടില്ല. കെട്ടിപ്പിടിച്ചിട്ടില്ല.റാങ്കിനെപ്പറ്റിയുള്ള ഏകസുന്ദരസ്മരണ സരളമേമ (പാപ്പന്റെ ഭാര്യയാണ്.ഗൾഫിലന്ന് മലയാളം ടീച്ചറാണ്.) അയച്ച ഒരു കത്തു മാത്രമാണ്.. അതിലെനിക്ക് മേമ ‘നൂറുമ്മകൾ ‘ തന്നിരുന്നു. ആ കത്ത് ഇപ്പോഴും ഞാനെടുത്തു വെച്ചിട്ടുണ്ട്.ഞാനത് കുടുംബത്തിലെ ഓരോരുത്തർ എനിക്ക് തരുന്നതായി സങ്കൽപ്പിച്ച് നിർവൃതി കൊണ്ടു.

വീട്ടിലെ മറ്റംഗങ്ങളൊന്നും അതിക്രൂരമനസ്കരായതുകൊണ്ടല്ല എന്റെ നേട്ടങ്ങൾ അവരിൽ ചലനങ്ങളുയർത്താതിരുന്നത്…ഞാനൊരു ‘കൊടുംപാപം’ ചെയ്തു നിക്കുന്ന ആളായതുകൊണ്ടാണ്. ജാതി മാറി ഒരാളെ പ്രണയിച്ച് ‘കുലമഹിമ ‘യ്ക്ക് ഭംഗം വരുത്തിയ ആളാണ് ഞാൻ. ആ പ്രണയത്തിൽ ഉറച്ചു നിൽക്കുന്ന ആളാണ്. ആ ‘പ്രണയപ്പിഴ’ തിരുത്താൻ പലരും ആവതും ശ്രമിക്കുന്ന കാലമാണ്… ഞാനിളകിയിട്ടില്ല. 18 വയസ്സിൽ നിന്ന് 23 ലേക്കുള്ള ദൂരം ആ വീട്ടിൽ ചെലവഴിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. വീട്ടിലേക്കൊരു കല്യാണബ്രോക്കർ കടന്നു വരുമ്പോൾ, കുടുംബവീടുകളിലെ കല്യാണങ്ങൾക്ക് പോകുമ്പോൾ ഞാൻ റാങ്ക് വാങ്ങി പത്രത്തിൽ പേരും ഫോട്ടോയും വന്ന പെൺകുട്ടിയൊന്നുമായിരുന്നില്ല. അന്യജാതിക്കാരനെ പ്രേമിച്ച്, കല്യാണത്തിന് കൂട്ടാക്കാണ്ടെ അച്ഛനമ്മമാരെ വിഷമിപ്പിച്ചു നിൽക്കുന്ന ‘അസത്താ’യിരുന്നു.

പറഞ്ഞു വന്നത് വിട്ടു പോയി.. അമ്മാമ മരിച്ചപ്പോഴുണ്ടായ ഒരു സംഭാഷണമാണ്. അമ്മയും മേമയും (അമ്മയുടെ അനിയത്തി) തമ്മിലാണ്.. അമ്മ മരിച്ച വേദന പരസ്പരം പങ്കുവെക്കുകയാണവർ..അത്തരം സന്ദർഭങ്ങളിൽ സ്വയമാശ്വസിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനും മനുഷ്യർ പല കാരണങ്ങളും കണ്ടെത്തുമല്ലോ. അമ്മാമ അധികം കിടന്ന് നരകിക്കാതിരുന്നത് നന്നായി, അധികം വേദന സഹിക്കേണ്ടി വന്നില്ലല്ലോന്നൊക്കെ ആശ്വസിപ്പിക്കൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.അതിനിടയ്ക്ക് ഞാനും ചർച്ചാവിഷയമായി. നിശാന്തന്ന് ഷാർജയിലാണ്. നിശാന്ത് വന്നാൽ കല്യാണം നടത്താമെന്ന് വീട്ടുകാർ വിമനസ്സോടെയാണെങ്കിലും സമ്മതിച്ചിട്ടുണ്ട്. അതിന് കടമ്പകൾ ഏറെയുണ്ടായിരുന്നു. അതൊന്നും പറഞ്ഞാൽ തീരില്ല. അതു കൊണ്ട് പറയുന്നുമില്ല. കല്യാണമെന്നൊക്കെ പറയുന്നത് കിടിലൻ സംഭവമാണെന്ന് കരുതി സമീപഭാവിയിൽ വിവാഹം സ്വപ്നം കണ്ട് ഞാൻ കഴിയുന്ന കാലമാണ്.അങ്ങനെയിരിക്കുന്ന സമയത്താണ് ആ സംസാരം..

” അമ്മ മരിച്ചു പോയത് നന്നായി ചേച്ചീ… ദീപേടെ കല്യാണം കാണേണ്ടി വന്നില്ലല്ലോ” എന്ന ആശ്വസിപ്പിക്കൽ കേട്ട് ഞാൻ അന്തം വിട്ടു പോയി. അമ്മാമയ്ക്ക് സങ്കടപ്പെടാൻ നിരവധി കാരണങ്ങൾ വേറെയുണ്ടായിരുന്നു. അച്ചാച്ചനെ കണ്ട ഓർമ്മ എനിക്കില്ല. എന്റെ ഒന്നോ രണ്ടോ വയസ്സിൽ അച്ചാച്ചൻ മരിച്ചിട്ടുണ്ട്. അച്ചാച്ചൻ മരിച്ചതിനു ശേഷം അഞ്ച് പെൺമക്കളെ വിവാഹം കഴിപ്പിച്ചയക്കാൻ അമ്മാമ ചെറുതല്ലാത്ത ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.. മറ്റ് വ്യക്തിപരമായ വേദനകൾ പലതുമുണ്ട്. പക്ഷേ അവയെല്ലാം നിസ്സാരവത്കരിച്ച് എന്റെ ‘പ്രണയപാപം’ മാത്രം ഉയർത്തിക്കാട്ടപ്പെട്ടു! ഞാനൊരു അന്യജാതിക്കാരനെ വിവാഹം കഴിക്കുന്ന ദയനീയദൃശ്യം കണ്ട് ഹൃദയം പൊട്ടി മരിക്കേണ്ട ഗതികേട് അമ്മാമയ്ക്കുണ്ടായില്ല! അങ്ങനെ ആശ്വസിക്കൂ എന്ന് സഹോദരിമാർ പരസ്പരം ആശ്വസിപ്പിച്ചപ്പോൾ ദേഹത്ത് തേരട്ട ഇഴയും പോലെ തോന്നിയത് ഇന്നും ഓർമ്മയിലുണ്ട്.

സമാനമായ മറ്റൊരനുഭവം ഡിഗ്രിക്കാണുണ്ടായത്. എന്നെ എം എ ക്ക് വിടാനുള്ള ‘വിപ്ലവകരമായ ‘ തീരുമാനം അച്ഛനെടുത്ത ദിവസമാണ്. അതിനെനിക്ക് അച്ഛനോടിപ്പോഴും നന്ദിയുണ്ട്… എനിക്ക് നിൽക്കാനൊരു തറയൊരുക്കിത്തന്നത് ആ തീരുമാനമാണ്. എന്റെ തുടർപഠനത്തിന്റെ ചർച്ചകൾ അനുജന്മാരുമായി നടത്തുന്നതിനിടെ എന്റെ മനം മാറ്റാനും പഠിക്കാനുള്ള എന്റെ തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാവശ്യപ്പെടാൻ അച്ഛന്റെ അനിയന്മാരിലൊരാൾ എന്റെ അടുത്ത് വന്നിരുന്നു.കല്യാണത്തിന് സമ്മതിച്ച് കുടുംബത്തിന്റെ മാനം രക്ഷിക്കൽ പദ്ധതിയിൽ സഹകരിക്കാൻ എന്നോടഭ്യർത്ഥിച്ചു. അവരുടെ ഈഴവത്വം വ്രണപ്പെടുത്തി ‘മാനഭംഗ’പ്പെടുത്തരുതെന്ന് താണുകേണു. ഞാനൊട്ടും വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ഒരഭ്യർത്ഥന!
കല്യാണമാലോചിച്ചു കൊണ്ടിരിക്കുന്ന സ്വന്തം മകളുടെ കല്യാണം കഴിഞ്ഞേ ഞാനെന്തെങ്കിലും ‘കടുംകൈ ‘യ്ക്ക് മുതിരാവൂ എന്ന്. കടുംകൈ എന്നുദ്ദേശിച്ചത് ഒളിച്ചോട്ടമാകണം. ഞാനത്തരം തീരുമാനമൊന്നും ഒരിക്കലും എടുത്തിട്ടില്ലായിരുന്നു. പഠിക്കണം. ജോലിയാകണം. എന്നതിൽക്കവിഞ്ഞ ലക്ഷ്യങ്ങളൊന്നും അന്നെനിക്കില്ലായിരുന്നു. വിവാഹം അതിനിടയിലോ ശേഷമോ നടക്കേണ്ടുന്ന സംഗതി മാത്രമായേ കണ്ടിരുന്നുള്ളൂ. അതിനിടയ്ക്കാണ് ഈ ഉപദേശം.

ഇത്തരം നിരവധി ഉപദേശങ്ങൾ കുടുംബത്തിലെ പലരിൽ നിന്നായി ലഭിച്ചിട്ടുണ്ട്. ഇതര ജാതിയിൽപ്പെട്ട ഒരാളെ പ്രണയിക്കുന്ന എന്നെ എന്തു ധൈര്യത്തിലാണ് വീട്ടുകാർ തുടർന്നു പഠിക്കാൻ പുറത്തുവിടുന്നതെന്നും പെൺകുട്ടികൾ പഠിച്ചിട്ടിപ്പോ (അതും മലയാളം !)എന്താക്കാനാ എന്നും മൂക്കത്തു വിരൽ വെച്ച് ചോദിച്ചിട്ടുണ്ട്.’കുടുംബ ‘ത്തെപ്പറ്റി ഒരു ഏകദേശചിത്രം തന്നതാണ്. അതൊരു കുടുംബത്തിന്റെ ചിത്രമല്ല എന്നെനിക്കുറപ്പുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും അങ്ങനെ തന്നെയാണ്.. അതിനിപ്പോഴും വലിയ മാറ്റമൊന്നുമില്ലെന്ന്, ടി വി യിൽ സിനിമ കാണുന്നതിനിടയ്ക്ക് അടിക്കടി പ്രത്യക്ഷപ്പെടുന്ന നായർ മാട്രിമോണിയുടേയും ഈഴവ മാട്രിമോണിയുടേയും ധീവര മാട്രിമോണിയുടേയും ക്രിസ്ത്യൻ മാട്രിമോണിയുടേയും മുസ്ലീം മാട്രിമോണിയുടേയും പരസ്യങ്ങൾ എന്നെ ബോധ്യപ്പെടുത്തുന്നുണ്ട്. പത്രത്തിലെ മാട്രിമോണിയൽ പേജിലെ ‘വിവാഹനിബന്ധനകൾ ‘ വായിച്ച് ഞാനിപ്പോഴും ഊറിച്ചിരിക്കാറുണ്ട്. ഇതൊക്കെത്തന്നെയാണ് ‘നവോത്ഥാനം’ സംഭവിച്ച(തായി വിശ്വസിക്കപ്പെടുന്ന ) ഒരു നാടിന്റെ യഥാർത്ഥ അവസ്ഥയെന്ന് തിരിച്ചറിയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ മകളുടെ ‘താലികെട്ടുകല്യാണ ‘ത്തെപ്പറ്റിയുള്ള വിവിധതരം വാട്സപ്പ്ചർച്ചകൾ കണ്ടപ്പോ പെട്ടെന്നോർമ്മ വന്നതാണ്.. താലികെട്ടീത് ശരിയായില്ലാത്രേ!ശ്ശൊ ! ഈ മനുഷ്യർക്ക് എന്തോരം പുരോഗമനമാണെന്ന് തോന്നിപ്പോകും.രാവിലെ എഴുന്നേറ്റ് കോട്ടുവായിട്ട് വീടിന്റെ മുൻവാതിൽ തുറന്ന് പുരോഗമനവായു അകത്തേക്കും പുറത്തേക്കും വിട്ട് രസിക്കുന്ന ഒരു ‘ജാതി’മനുഷ്യർ തന്നെ! സമ്മതിക്കണം!ബൈ ദി വേ,അന്ന് വാളെടുത്ത പലരുടേം വാട്സപ്പ് വാളൊക്കെ കിടിലനാണ് കേട്ടോ
“ജാതി ഒരു മരമല്ലേ” ന്നൊക്കെയാണ്😆😆ശരിയാണ്!വീടിനകത്തും പുറത്തും അവരിപ്പോഴും ആ മരം നട്ടുനനച്ച് വളർത്തുന്നുണ്ട്!

Advertisements