സത്യം പറയാമല്ലോ രമ്യ ഹരിദാസിനെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്കിപ്പോ പേടിയാണ്

89

Deepa Nisanth

സത്യം പറയാമല്ലോ രമ്യ ഹരിദാസിനെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്കിപ്പോ പേടിയാണ്. ആ പേടി അതിനു കീഴെ വരുന്ന തെറികളെപ്പറ്റിയോർത്തല്ല.’സൈബർ സ്കങ്കറിയ ‘കളുടെ മഞ്ഞപ്പത്രത്തിൽ എന്റെ പത്ത് ഫോട്ടോയും വെച്ച് അത് വാർത്തയാകുമെന്നോർത്തുമല്ല. രമ്യയെപ്പറ്റി ഏതെങ്കിലും പരാമർശമോ വിമർശനമോ നടത്തുമ്പോഴേക്കും ഇരിക്കക്കുത്തനെ ദളിത് വാദത്തിലേക്ക് ക്രാഷ് ലാന്റിംഗ് നടത്തുന്ന ആളുകളെ ഭയന്നാണ് എഴുതാത്തത്. അവരാൽ എന്റെ ഒ ബി സി സ്വത്വമൊക്കെ റദ്ദ് ചെയ്യപ്പെട്ട് കുത്തനെ എനിക്ക് ‘സവർണ’ എന്ന പ്രൊമോഷനും കിട്ടും. അതെനിക്ക് കേൾക്കാനിഷ്ടമല്ല. അതിനെ നമുക്ക് പ്രതിരോധിക്കാനും എളുപ്പമല്ല.Strawman Argument (Fallacy) പോലെയാണ് പിന്നതിന്റെ പോക്ക്.

എതിരാളിയുടെ വാദത്തെ വല്ലാതെ പെരുപ്പിച്ചു കാണിക്കുക, അല്ലെങ്കില്‍ എതിരാളി ഉന്നയിച്ചിട്ടില്ലാത്ത വാദങ്ങളെ പ്രതിരോധിച്ചു സംസാരിക്കുകവഴി, എതിരാളി അങ്ങനെ ഒരു വാദം ഉന്നയിച്ചു എന്ന ധാരണ കാഴ്ചക്കാരില്‍ സൃഷ്ടിക്കുക. അതാണ് സ്ട്രോമാൻ ആർഗ്യുമെന്റ്.അത്തരം വാദങ്ങളെ എതിര്‍ക്കാന്‍ നമുക്ക് സാധിക്കുകയില്ല. കാരണം, മുമ്പ് നമ്മൾ തന്നെ ഉന്നയിച്ച വാദത്തെ എതിര്‍ക്കുന്നു എന്ന തോന്നലോ അല്ലെങ്കിൽ നമ്മളതിനെ ന്യായീകരിക്കുന്നു എന്ന തോന്നലോ ആകും അതുവഴി നമ്മളെഴുതിയത് വായിക്കാതെ ‘മലനാടൻവാർത്തകൾ’ മാത്രം പിന്തുടരുന്ന കാഴ്ചക്കാരില്‍ ഉണ്ടാവുക.ഞാനതനുഭവിച്ചതാണ്.അതൊരു സ്ട്രാറ്റജി കൂടിയാണ്. രാഷ്ട്രീയം പറയാനില്ലാതെ വരുമ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് അത്തരം തന്ത്രങ്ങൾ സ്വാഭാവികമാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അത്തരം മലനാടൻ തന്ത്രങ്ങളുടെ കൃപയ്ക്ക് നന്ദി പറയാൻ സ്ഥാനാർത്ഥി നേരിട്ടു പോകുകയും ‘എല്ലാം അങ്ങയുടെ കൃപ !’ എന്ന് പരസ്യമായി പറയുകയും ചെയ്യും..(‘ന്യായപ്രമാണത്തിൽ നീതീകരിക്കാൻ ആഗ്രഹപ്പെടുന്നുണ്ടെങ്കിൽ കൃപയിൽ വീണു പോകുന്നത് ‘അത്ര വല്യ കുറ്റമൊന്നുമല്ല കേട്ടോ..😊 )

രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണരീതിയെ വസ്തുനിഷ്ഠമായി വിമർശിച്ചപ്പോൾ അതേപ്പറ്റി വന്ന വാർത്തകളിൽ മിക്കതിന്റെയും തലക്കെട്ട് രമ്യയെ ഞാൻ ‘അമ്പലപ്പറമ്പിലെ പാട്ടുകാരി ‘ എന്ന് ആക്ഷേപിച്ചു എന്നായിരുന്നു. ഞാനങ്ങനെ എവിടെയും പറഞ്ഞിട്ടില്ല. പറയുകയുമില്ല.

‘അമ്പലപ്പറമ്പിലെ പാട്ടുകാരി ‘ എന്ന് രമ്യ ഹരിദാസിനെ ആരെങ്കിലും ആക്ഷേപിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെയാണെങ്കിൽ അതുറപ്പായും അധിക്ഷേപമാണ്. (അത് അമ്പലപ്പറമ്പ് മോശമാണ്, അവിടെ പാടുന്നത് മോശമാണ് എന്ന അർത്ഥത്തിലല്ല.. അമ്പലപ്പറമ്പിലിരുന്ന് അമ്പലത്തിലേക്ക് എന്തെങ്കിലും വാരിയെറിയുന്നത് മോശാണ്. പാടുന്നതൊന്നും മോശം കാര്യമല്ല എങ്കിലും ‘ അമ്പലപ്പറമ്പിലെ പാട്ടുകാരി ‘ എന്ന പ്രയോഗത്തിൽ അപരനിന്ദയുണ്ട്.അതുകൊണ്ടുതന്നെ അത് അധിക്ഷേപവുമാണ്.)
സ്ത്രീ എന്ന നിലയിലോ ദളിത് എന്ന നിലയിലോ അവരെ ആരെങ്കിലും അവഹേളിച്ചിട്ടുണ്ടെങ്കിൽ അത്തരം വ്യക്തികൾക്കനുകൂലമായി ഞാനൊരക്ഷരം എവിടെയും എഴുതിയിട്ടില്ല. എഴുതില്ല.

‘ഞാൻ മാളികപ്പുറത്തമ്മയാവാനുള്ള കാത്തിരിപ്പിലാണ് ‘ എന്നൊക്കെ ഉറപ്പായും ആർക്കും പറയാം. തെരഞ്ഞെടുപ്പുകാലത്തും പറയാം ,അല്ലാത്തപ്പോഴും പറയാം,ചാനലിലെ ന്യൂസ് മേക്കർ ഇന്റർവ്യൂവിലും പറയാം.വിശ്വാസമൊക്കെ സ്വന്തം താൽപ്പര്യമാണ്. പക്ഷേ ഒരു തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥി അക്കാര്യം എടുത്തു പറയുകയും ‘ഞാൻ രാഷ്ട്രീയം പറയില്ല’ എന്ന് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്യുമ്പോൾ ‘അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് .. പാർലമെൻററി തെരഞ്ഞെടുപ്പാണ്.’ എന്ന വാചകം പറയാൻ ഒരു വോട്ടർക്ക് അവകാശമില്ലേ എന്നാണ് എന്റെ ചോദ്യം. പ്രചരണാർത്ഥം ‘റെഡി ടു വെയ്റ്റ് ‘ ഉപയോഗിക്കുന്നത് അതുവഴി ഏകീകരിക്കാവുന്ന ഹിന്ദുവോട്ട് ലക്ഷ്യമാക്കിയാണെന്ന വാദത്തിൽ ഞാനിപ്പോഴും ഉറച്ചു നിൽക്കുന്നു. ദളിത് സ്ത്രീ പാട്ടു പാടുന്നതിനോടായിരുന്നില്ല എതിർപ്പ്. ‘ഞാൻ രാഷ്ട്രീയം പറയാൻ ഉദ്ദേശിക്കുന്നില്ല’ എന്ന കിറുകൃത്യമായ സ്റ്റേറ്റ്മെൻറിനോടായിരുന്നു. അതിനെ എതിർക്കാൻ ഒരു ജനാധിപത്യരാഷ്ട്രത്തിൽ ജീവിക്കുന്ന ഏതൊരു വ്യക്തിക്കും അവകാശമുണ്ട്. ആ എതിർപ്പിനെ പുല്ലുപോലെ അവഗണിച്ച് മുന്നോട്ടു നീങ്ങാൻ സ്ഥാനാർത്ഥിക്കും അവകാശമുണ്ട്.അത്രേള്ളൂ കാര്യം.

കുതിരാനിലെ ബ്ലോക്ക് തീരാൻ തേങ്ങയുടക്കുന്ന ജനപ്രതിനിധി, ചാനൽ ചർച്ചയിൽ വന്നിരുന്ന് യുക്തിസഹമല്ലാത്ത കാര്യങ്ങൾ വിളമ്പിയാൽ ഉറപ്പായും ചോദ്യം ചെയ്യപ്പെടും. അത്തരം ചോദ്യങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടതിനു പകരം ഇരവാദം മുഴക്കുന്നത് ശരിയല്ല. അതവരെ അപമാനിക്കുകയാണ് ചെയ്യുന്നത്.രമ്യ ഹരിദാസിന്റെ ദളിത് സ്വത്വവും സ്ത്രീസ്വത്വവും അല്ല വിമർശിക്കപ്പെടുന്നത്.ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന എം പി ആയ ബഹുമാന്യവ്യക്തിയുടെ വാക്കുകളാണ് വിമർശിക്കപ്പെടുന്നത്. അന്ധമായ ഇടത് വിരോധം മൂത്ത് അതിനെ ദളിത് വിരുദ്ധതയായൊക്കെ ചിത്രീകരിക്കുമ്പോൾ അവിടെ അപഹാസ്യമാകുന്നത് ഇന്നോളമുള്ള ദളിത്ജീവിതസമരങ്ങളാണ്… യഥാർത്ഥ പ്രശ്നങ്ങൾ ആ സാമാന്യവത്കരണത്തിൽ നിസ്സാരവത്കരിക്കപ്പെടുകയും ചെയ്യുന്നു.