പത്തുരൂപയല്ല ജെ എൻ യു വിലെ ഹോസ്റ്റൽ ഫീസ് (അങ്ങനെ ആയിരുന്നെങ്കിൽ എന്നാഗ്രഹമുണ്ട്)

0
284

Deepa Nisanth

” നാൽപ്പതും നാൽപ്പത്തഞ്ചും വയസ്സുള്ളവർ പത്തുരൂപയ്ക്ക് ഹോസ്റ്റലിൽ കഴിയുന്നതിനെ ന്യായീകരിക്കാൻ എനിക്കെന്തായാലും പറ്റില്ല!”

ജെ എൻ യു സമരത്തെപ്പറ്റിയുള്ള ഏറ്റവുമടുത്ത ഒരു സുഹൃത്തിൻ്റെ കമൻ്റാണിത്!

കേട്ടപ്പോൾ വിഷമം തോന്നി. പിന്നീട് പലയിടത്തും ഈ ‘ പത്തുരൂപാക്കമൻ്റ്’ പലരും ആവർത്തിക്കുന്നത് കണ്ടു. ചില അതിനിഷ്കളങ്കർ അത് വിശ്വസിക്കുന്നതും കണ്ടു. വസ്തുനിഷ്ഠമായ തെളിവുകളേക്കാൾ പലർക്കും വിശ്വാസം ഈ കള്ളപ്രചരണങ്ങളെയാണ്. നുണ രാഷ്ട്രീയായുധമാക്കി അതിൻ്റെ ലാഭം കൊയ്യാൻ നടക്കുന്നവരുടെ ലക്ഷ്യം ഫലം കണ്ടെന്നർത്ഥം!

നുണകൾ സത്യമാണെന്ന് തോന്നിപ്പിക്കും വിധമാണ് പ്രചാരണം.ഒരേ കാര്യം തന്നെ ആവർത്തിച്ചു പറഞ്ഞ് സത്യമാക്കുന്ന പഴയ അതേ തന്ത്രം തന്നെ!

പത്തുരൂപയല്ല ജെ എൻ യു വിലെ ഹോസ്റ്റൽ ഫീസ്.(അങ്ങനെ ആയിരുന്നെങ്കിൽ എന്നാഗ്രഹമുണ്ട്)

നിലവിൽ 2700 മുതൽ 3000 രൂപവരെ പ്രതിമാസം ഹോസ്റ്റൽ മെസ്‌ ബിൽ,600 രൂപ റൂം റെൻ്റ്, 1700 രൂപ സർവ്വീസ് ചാർജ്, വൈദ്യുതി, വെള്ളം ഉപഭോഗത്തിന് 1700 രൂപ ,5500 രൂപ സെക്യൂരിറ്റി ചാർജ് എന്നിങ്ങനെയാണ് എൻ്റെ അറിവിൽ ഏകദേശ ചെലവ്.(തെറ്റുണ്ടെങ്കിൽ തിരുത്താം)

10 വർഷക്കാലമായി വർഷാവർഷം ഫീസ് വർദ്ധിപ്പിക്കുന്നുമുണ്ട്.

പത്തു രൂപയാണ് ജെ എൻ യു വിലെ വിദ്യാർത്ഥികൾ ഹോസ്റ്റൽ ഫീസ് കൊടുക്കുന്നതെന്ന പച്ചക്കള്ളം അവിടേമിവിടേം വിളിച്ച് പറഞ്ഞ് നടക്കുന്നത് അത്ര നിഷ്കളങ്കമല്ല. പൊതുജനവികാരം സമരത്തിന് പ്രതികൂലമാക്കാനുള്ള ഹീനതന്ത്രമാണത്.

നാലിരട്ടിയിലധികം ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് ജെ എൻ യുവിലെ ഇപ്പോഴത്തെ സമരം. ഈ ഭാരിച്ച ഫീസ് താങ്ങാനുള്ള കഴിവ് അവിടെയുള്ള 50% വിദ്യാർത്ഥികൾക്കും ഇല്ല. ഈ വിദ്യാർത്ഥികളെ ജെ എൻ യുവിലേക്ക് നൂലിൽ കെട്ടിയിറക്കിയതല്ല. താമരക്കുളം നീന്തി അവിടേക്ക് വലിഞ്ഞുകയറിയവരുമല്ല അവർ.മെറിറ്റിലൂടെ കടന്നു വന്നവരാണ്. അഖിലേന്ത്യാതലത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന എൻട്രൻസ് പരീക്ഷ പാസായാണ് അവരവിടെ എത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകൾക്ക് മൂർച്ച കൂടും. ധൈഷണികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളുള്ള പിള്ളേരാണ്. മൈക്കും നീട്ടിച്ചെന്നാൽ വയറുനിറച്ചു കിട്ടും.

ജെ എൻ യു വിൽ പഠിക്കുന്ന മലയാളിയായ ഗവേഷകവിദ്യാർത്ഥിയുടെ സമരത്തെപ്പറ്റിയുള്ള ഒരു വീഡിയോ കണ്ടു.

എത്ര കൃത്യമായാണ് അയാൾ കാര്യങ്ങൾ പറയുന്നത്.

തെളിച്ചമുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്!

11000 കോടി രൂപയുടെ SC/ST സ്കോളർഷിപ്പ് കഴിഞ്ഞ മൂന്ന് വർഷമായി വിതരണം ചെയ്തിട്ടില്ലത്രേ.

2018ൽ ഇന്ത്യയിലെ കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളാൻ മാറ്റിവെച്ച തുക 1 ലക്ഷത്തി 97000 കോടി രൂപയാണ്.

അതിൻ്റെ നാലിലൊന്ന് ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു വേണ്ടി ചെലവഴിച്ചുകൂടേ എന്നാണ് ചോദ്യം.

2989 കോടി രൂപയ്ക്ക് ഗുജറാത്തിൽ യൂണിറ്റി സ്റ്റാച്യു നിർമ്മിച്ചത് ഗവൺമെൻറിൻ്റെ പണം കൊണ്ടല്ലേ എന്നാണ് ചോദിക്കുന്നത്.

ഈ ചോദ്യങ്ങൾക്ക് എന്താണ് മറുപടിയുള്ളത്?

പണമില്ല എന്നതല്ല രാജ്യം നേരിടുന്ന പ്രശ്നം.
അത് മനുഷ്യർക്കു വേണ്ടി / വിദ്യാഭ്യാസത്തിനു വേണ്ടി /ആരോഗ്യത്തിനും തൊഴിലിനും വേണ്ടി ചെലവഴിക്കുന്നില്ല എന്നതാണ്. പ്രതിമ നിർമ്മാണത്തിനു ചെലവഴിക്കുന്ന ജനങ്ങളുടെ നികുതിപ്പണം ഇത്തരം കാര്യങ്ങൾക്കു വേണ്ടിയുള്ളതാണെന്നാണ് ആ വിദ്യാർത്ഥികൾ നമുക്ക് പറഞ്ഞു തരുന്നത്.

ആ സമരം ഏതു വിധേനയും തടഞ്ഞേ പറ്റൂ!

പിള്ളേര് വളർന്നാൽ ആപത്താണ്!

‘വർത്തമാനം വിളിച്ചു കൂവും ചെക്കൻ്റെ ‘ (പെണ്ണിൻ്റേം) നാവരിഞ്ഞാണല്ലോ നമുക്കു ശീലം!

ചോദിക്ക് മുതലാളീ!

” മൾട്ടിപ്ലസ്സിൽ പോയി സിനിമേം കണ്ട് പോപ്കോൺ വാങ്ങിത്തിന്നുമ്പോൾ ഇൗ ബുദ്ധിമുട്ടൊന്നുമില്ലല്ലോ?മെസ് ഫീസ് മാത്രം ലാഭിച്ചാ മതിയോ?” എന്ന മട്ടിലുള്ള അരാഷ്ട്രീയച്ചോദ്യങ്ങൾ ഛർദ്ദിച്ചിട് ..

ഏതുവിധേനയും സമരം പൊട്ടിക്കണം!

പറ്റുമെങ്കിൽ ആ സർവകലാശാലേടെ പേരും

മാറ്റണം!

 

Previous articleഇനിയും വെളിവ്‌ വരാത്ത ജനത
Next articleകേരളം നമ്പർവൺ തന്നെയാണ്…
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.