മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമേ അയാൾ നിരന്തരം ജനങ്ങൾക്കു കൊടുത്തുള്ളൂ

59

Deepa Nisanth

അയാൾ കൃത്യമായി രാഷ്ട്രീയം പറയുന്ന ആളാണ്. ലിംഗനീതിക്കും ഭരണഘടനയ്ക്കുമൊപ്പം ശക്തമായി നിലകൊണ്ടിട്ടുള്ള ആളാണ്. പക്ഷേ ഏതു സമയത്താണ് രാഷ്ട്രീയം പറയേണ്ടതെന്ന ഔചിത്യബോധം അയാൾക്കുണ്ടായിരുന്നു. ” നാഥുറാം വിനായക് ഗോഡ്സെയെ ദൈവമായി കാണുന്നവരിൽ നിന്ന് ഒരു സമാധാന പാഠവും ഈ നാടിന് പഠിക്കാനില്ല. നിങ്ങളുടെ പണക്കൊഴുപ്പുകൊണ്ടും നിങ്ങൾ ശേഖരിച്ചു വെച്ചിട്ടുള്ള ആയുധങ്ങളുടെ ബലം കൊണ്ടും വിറങ്ങലിച്ചു പോകുന്ന ഒരു നാടല്ല ഇത്. നിങ്ങളുയർത്തുന്നത് ഒരു വെല്ലുവിളിയാണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ എപ്പളേ ഈ നാട് സന്നദ്ധമാണെന്ന് നിങ്ങൾ ഓർത്തോളണം” എന്ന് പരസ്യമായി പറഞ്ഞ് നരേന്ദ്രമോദിക്കെതിരെ ധീരമായ രാഷ്ട്രീയനിലപാട് സ്വീകരിച്ച അതേ വ്യക്തി, കൊറോണ കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ എല്ലാ നിർദ്ദേശങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിച്ചു. രാത്രി വൈദ്യുതി വിളക്കുകൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ അയാൾ ചോദ്യം ചെയ്തില്ല.

“പ്രകാശം പരത്തുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് വിയോജിപ്പില്ല. പ്രശ്‌നം സാധാരണ തൊഴിലാളികള്‍, കച്ചവടക്കാർ അങ്ങനെ സമൂഹത്തിന്റെ തീര്‍ത്തും സാധാരണക്കാരായ ലക്ഷക്കണക്കിന് പേരുടെ മനസ്സില്‍ ശരിയായ പ്രകാശം എത്തിക്കാന്‍ നല്ല സാമ്പത്തിക പിന്തുണ വേണം. അതിനുള്ള നടപടികള്‍ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കാം..ആദ്യം ദീപം തെളിയിക്കല്‍ നടക്കട്ടെ.ആദ്യം പ്രകാശം വരട്ടെയെന്നായിരിക്കും പ്രധാനമന്ത്രി ചിന്തിച്ചത്..രാജ്യം മുഴുവൻ അതിനോട് സഹകരിക്കുമായിരിക്കും.” എന്നാണ് അയാൾ പറഞ്ഞത്. അയാൾക്കറിയാമായിരുന്നു ഇതൊരു ദുരന്തകാലമാണെന്ന്. ‘ദീപം തെളിയിച്ചാലും പാത്രം കൊട്ടിയാലും കൊറോണ ഓടിപ്പോകുമോ?’ എന്നൊന്നും നമ്മളെപ്പോലെ അയാൾ ചോദിച്ചില്ല. .ചന്ദ്രനിലേക്ക് പോകാൻ തയ്യാറെടുക്കുന്ന സമയത്തും അരയിലെ ഏലസ്സ് ഭദ്രമാണെന്നുറപ്പു വരുത്തുന്ന കുറേ മനുഷ്യരോട് അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും പറഞ്ഞ് പടവെട്ടേണ്ട സമയമല്ല ഇതെന്ന ഉത്തമബോധ്യം അയാൾക്കുണ്ടായിരുന്നു. ഒരു മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമേ അയാൾ നിരന്തരം ജനങ്ങൾക്കു കൊടുത്തുള്ളൂ.