വേതനം കൈപ്പറ്റുന്ന ഒരു തൊഴിലിനെ സേവനമായി കണക്കാക്കി മഹത്വവത്കരിക്കേണ്ടതില്ല

154

Deepa Nisanth

വേതനം കൈപ്പറ്റുന്ന ഒരു തൊഴിലിനെ സേവനമായി കണക്കാക്കി മഹത്വവത്കരിക്കേണ്ടതില്ല. ആവശ്യത്തിനും അനാവശ്യത്തിനും ഏറെ മഹത്വവൽക്കരിച്ച് വഷളാക്കിയിട്ടുണ്ട് ‘അധ്യാപകർ ‘ എന്ന വർഗ്ഗത്തെ. പാദപൂജ നടത്തി സാഷ്ടാംഗനമസ്കാരം ചെയ്ത് വീണ്ടും വീണ്ടും വഷളാക്കാതെ ഓഡിറ്റ് ചെയ്യപ്പെടേണ്ട തൊഴിലാണ് അധ്യാപനവും.

അധ്യാപനം ഒരു തൊഴിലാണ്. എന്നാൽ കുറേക്കൂടി ഉത്തരവാദിത്തമുള്ള തൊഴിലാണ്.ആ ഉത്തരവാദിത്തം കാട്ടാതിരുന്നതാണ് ഇന്നലെ വരെ കളിച്ചു ചിരിച്ച് നടന്നിരുന്ന ഒരു കുഞ്ഞിൻ്റെ മരണത്തിന് കാരണവും.ആ വിമുഖത റോഡിൽ രക്തംവാർന്നു കിടന്ന പലരുടേയും ജീവനില്ലാതാക്കിയിട്ടുണ്ട്. എടുത്തോടാൻ മടിച്ച് മറ്റാരെങ്കിലും ചെയ്യുമെന്ന് കരുതി ഒഴിഞ്ഞുമാറി നമ്മൾ നടക്കാറില്ലേ? തിരക്ക് ഭാവിക്കാറില്ലേ?ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ശരാശരിമലയാളിയുടെ വിമുഖത തന്നെയാണ് ആ കുഞ്ഞിനെ ഇല്ലാതാക്കിയത്.

ഞങ്ങളുടെ അഭിഷേകിൻ്റെ മരണവും അങ്ങനെയായിരുന്നു.. ബി എ മലയാളം വിദ്യാർത്ഥിയായിരുന്നു. വാഹനങ്ങൾ നിരവധി പോകുന്ന റോഡിലാണ് ബൈക്കിൽനിന്ന് അവൻ തെറിച്ചു വീണത്. ഒരു പട്ടിയും അവിടെ ചത്തു കിടപ്പുണ്ടായിരുന്നു. അത് മുന്നിൽപ്പെട്ടപ്പോൾ പരിഭ്രമിച്ചു കാണണം .. ആശുപത്രിക്കിടക്കയിലിരുന്ന് ഏകമകൻ്റെ വരവും കാത്ത് നിസ്സംഗമായ മിഴികളോടെ ഇരുന്നിരുന്ന ആ അമ്മ ഇപ്പോഴും നീറുന്ന ഓർമ്മയാണ്. ഐ സി യു വി ലേക്ക് മകനെ കാണണമെന്നു പറഞ്ഞ് വാശി പിടിച്ച അവരെ കൊണ്ടുപോയപ്പോൾ പിടഞ്ഞുയരുന്ന അവൻ്റെ കൈകാലുകളും വെപ്രാളവും കണ്ട് ശരീരം തളർന്ന് ‘മോനേ’ന്നും വിളിച്ച് ആ അമ്മ കൈകളിൽ നിന്നും കുഴഞ്ഞ് താഴേക്കൂർന്നു വീണു.! അവൻ്റെ മരണശേഷം കുറച്ച് മാസങ്ങൾക്കുള്ളിൽ ആ അമ്മ ആത്മഹത്യ ചെയ്തെന്നറിഞ്ഞു.ജീവിതമാണ് വലിയ വേദനയെന്ന് അവർക്ക് തോന്നിക്കാണണം!

മൂന്നാല് വർഷം മുൻപാണ് സംഭവം. ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുത്ത് കോഴിക്കോട്ടു നിന്ന് മടങ്ങുന്ന വഴിയാണ്. ട്രെയിനിലാണ്.അമലും കൂടെയുണ്ട്. ഷൊർണൂർ എത്തിയിട്ടുണ്ടാകണം.ഒരു സ്ത്രീയെ ആരോ താങ്ങിപ്പിടിച്ചു കൊണ്ടു വരുന്നുണ്ടായിരുന്നു.തല ചുറ്റിയതാവാമെന്ന് തോന്നി. അവരെ അടുത്ത സീറ്റിൽ ഇരുത്തി. പ്രത്യക്ഷത്തിൽ ഒരു പ്രശ്നവുമില്ല.അവർ ആരോഗ്യവതിയാണ്.കൂടെയുള്ളവർ ബന്ധുക്കളാണെന്നാണ് ആദ്യം കരുതിയത്.പിന്നീട് മനസ്സിലായി, ട്രെയിൻ വന്നപ്പോൾ ഇവർ ഓടി വരുന്നതിനിടെ കമഴ്ന്നടിച്ച് പ്ലാറ്റ്ഫോമിൽ വീണപ്പോൾ താങ്ങിയെഴുന്നേൽപ്പിച്ചവരാണെന്ന്.

ഞാനടക്കം പലരും അടുത്തുചെന്ന് അവരോട് വിവരങ്ങളന്വേഷിച്ചപ്പോൾ ‘ഒന്നുമില്ല.. ഒന്നുമില്ല’ എന്ന് അവർ കൈയുയർത്തിക്കൊണ്ടേയിരുന്നു. സംസാരിക്കാൻ അവർ ബുദ്ധിമുട്ടുന്നുമുണ്ടായിരുന്നു. ഓടിയതിൻ്റേയും വീണതിൻ്റേയും അസ്വസ്ഥതയാവാമെന്നും അവർക്ക് അൽപ്പം സ്വൈരം കൊടുക്കാമെന്നും തീരുമാനിച്ച് ഞങ്ങൾ സീറ്റുകളിലേക്ക് മടങ്ങി.

വീട്ടിൽ നിന്ന് ‘ എവിടെത്തി ‘ എന്ന അന്വേഷണങ്ങൾ ഫോണിൽ വന്നു കൊണ്ടേയിരുന്നു. 8 മണിയാവുമ്പോ തൃശ്ശൂരെത്തും എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു. 6 മണി കഴിഞ്ഞാൽ ‘അസമയ’മാണെന്ന കാഴ്ചപ്പാടുള്ള ശരാശരി മലയാളി കുടുംബത്തിൽ ഇത്തരം അന്വേഷണങ്ങൾ സ്വാഭാവികമാണല്ലോ.

ഇടയ്ക്ക് ഞാൻ ഒരുൾവിളി കേട്ടെന്നവണ്ണം ഇരുന്നിടത്തു നിന്നും ഏന്തി വലിഞ്ഞ് അവരെ നോക്കി.. മാളയിലോ മറ്റോ വീടുള്ള സ്മിത എന്നു പേരുള്ള ഒരു ടീച്ചറും ഇടയ്ക്കിടെ അവരെ വന്ന് നോക്കുന്നുണ്ടായിരുന്നു.അവരാണ് അവരെ താങ്ങിയെടുത്ത് ട്രെയിനിലെത്തിച്ചത്.

അവരുടെ മുഖം കണ്ടപ്പോൾ അവർ വല്ലാതെ വേദനിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ശാന്തമായിരിക്കുന്നതിനിടെ ഇടയ്ക്കവരുടെ നെറ്റിയിൽ ചുളിവുകൾ വീഴുന്നുണ്ടായിരുന്നു. കണ്ണുകൾ അവർ മുറുക്കെ അടക്കുന്നുണ്ടായിരുന്നു. അവരീ അവസ്ഥയിൽ എങ്ങനെ വീടെത്തും?ആരെങ്കിലും കൊണ്ടുപോകാൻ വരുന്നുണ്ടോ എന്നന്വേഷിക്കാൻ ഞാനെഴുന്നേറ്റു ചെന്നു.

അവരോട് ചോദിച്ചപ്പോൾ അവർ ‘ ഇല്ലെ’ന്ന മട്ടിൽ കൈയുയർത്തി.’ ആരെയെങ്കിലും അറിയിച്ച് വരാൻ പറയട്ടെ ‘ എന്ന് ഞാൻ വീണ്ടും ചോദിച്ചപ്പോഴും അവർ ‘ വേണ്ടെ’ന്നു വിലക്കി. അവരുടെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു. ഞാനതെടുത്ത് അവർക്ക് കൊടുത്തപ്പോൾ അവർ അത് ‘മോളാ’ണെന്ന് എന്നോട് പറഞ്ഞൊപ്പിച്ചു. ‘മോളോട് പറയട്ടെ?’ എന്ന് ഞാൻ ചോദിച്ചു. അവർ തലയാട്ടി.’പേടിപ്പിക്കണ്ടാ ‘ എന്നു കിതച്ചു കൊണ്ട് പതുക്കെ പറഞ്ഞു. ഞാൻ ഫോണെടുത്ത് അങ്ങോട്ടു വിളിച്ചു. അമ്മയല്ലെന്നറിഞ്ഞപ്പോൾത്തന്നെ അപ്പുറത്ത് പരിഭ്രമം വ്യക്തമായിരുന്നു.’പേടിക്കണ്ടാ പേടിക്കണ്ടാ..’ എന്ന് ഞാൻ ഒരുപാടു പ്രാവശ്യം ആവർത്തിച്ചപ്പോഴാണ് ആ കുട്ടി കരച്ചിൽ നിർത്തിയത്.’എന്തെങ്കിലും സംസാരിക്കൂ’ എന്നു പറഞ്ഞ് ഞാൻ ഫോൺ അവരുടെ ചെവിയോടടുപ്പിച്ചു. പതുക്കെ അവരെന്തോ ഫോണിൽ പറഞ്ഞു. ഫോൺ തിരികെ വാങ്ങി ഞാൻ കുട്ടിയെ വിവരങ്ങൾ ധരിപ്പിച്ചു.കുട്ടി അമല മെഡിക്കൽ കോളേജിൽ എംബിബിഎസ്സിന് പഠിക്കുകയാണ്.കോഴിക്കോടാണ് വീട്. അച്ഛൻ മരിച്ചു.അമ്മ എൽ ഐ സി ഏജൻ്റാണ്. മകളുടെ പഠനാർത്ഥം തൃശ്ശൂരിലേക്ക് വന്നതാണ്.വാടകയ്ക്ക് അമല ഹോസ്പിറ്റലിനു സമീപം താമസിക്കുന്നു. അടുത്ത് ബന്ധുക്കളാരുമില്ല . ഇത്രയും കാര്യങ്ങൾ മനസ്സിലായി.ആ അവസ്ഥയിൽ ആ കുട്ടിയോട് റെയിൽവേ സ്റ്റേഷനിലേക്ക് വരാൻ പറയാൻ തോന്നിയില്ല. ഞാനും സ്മിത ടീച്ചറും കൂടി അവരെ കൊണ്ടുപോയാക്കാൻ തീരുമാനിച്ചു.. തനിച്ചു പൊയ്ക്കോളാമെന്ന മട്ടിൽ അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. ഞങ്ങളത് അവഗണിച്ചു. ട്രെയിനിൽ ഡോക്ടർമാരുണ്ടോന്ന് അന്വേഷിച്ചു. (അധികാരികളെ വിവരമറിയിച്ചില്ല എന്ന അനാസ്ഥയും ഞങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായി. ഒന്നു വീണതല്ലേ? തല ചുറ്റിയതിൻ്റെ ക്ഷീണമാവാം എന്നൊക്കെയേ അപ്പോൾ ചിന്തിച്ചുള്ളൂ എന്നതാണ് സത്യം.)

വീട്ടിൽ നിന്നും അപ്പോഴേക്കും ഫോൺ വന്നു കൊണ്ടേയിരുന്നു. എൻ്റെ മോളന്ന് ചെറുതാണ്. പാലു കുടിക്കുന്ന പ്രായമാണ്. ഫോണിലൂടെ പശ്ചാത്തലസംഗീതമായി അവളുടെ കരച്ചിൽ കേൾക്കുന്നുണ്ട്. എന്നെ അമ്മ വഴക്കു പറഞ്ഞുകൊണ്ടേയിരുന്നു.പതിവുപോലെ എൻ്റെ ‘ഉത്തരവാദിത്തമില്ലായ്മ ‘യെ ചോദ്യം ചെയ്യാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ‘ഒരാളെ ഹോസ്പിറ്റലിൽ കൊണ്ടോണം. എന്നിട്ടേ വരൂ’ന്ന് പറഞ്ഞതും ‘നീ മാത്രേ ആ ട്രെയിനിലുള്ളൂ?’ എന്ന പതിവ് ചോദ്യം കേട്ടു .’വല്യ ആളാവാൻ നടക്കുന്നു അവനോൻ്റെ പിള്ളേരെ നോക്കാണ്ട് ‘ എന്ന കുറ്റപ്പെടുത്തൽ കേട്ടപ്പോൾ ഞാൻ ഫോൺ ഓഫാക്കി. അവരുടെ കൈയും പിടിച്ച് വെറുതെ തലോടി ഇരുന്നു. എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. ട്രെയിൻ ലേറ്റാണെന്ന് പറഞ്ഞാൽ മതിയായിരുന്നെന്ന് എനിക്കപ്പോൾ തോന്നി.

തൃശ്ശൂരെത്തിയപ്പോഴേക്കും അവർക്ക് തീരെ വയ്യായിരുന്നു. നിരന്തരം അവരുടെ മകൾ ഫോണിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു.. ” അമ്മയെ ഞങ്ങൾ കൊണ്ടുവരാം.. പേടിക്കേണ്ട ” എന്ന് പറഞ്ഞ് ആ കുട്ടിയെ ആശ്വസിപ്പിച്ചു. സ്മിത ടീച്ചറോട് വേണമെങ്കിൽ പൊയ്ക്കോളാൻ പറഞ്ഞു. അവർക്ക് തൃശ്ശൂരിൽ നിന്നും മാളയിലേക്ക് പോകേണ്ടതല്ലേ.. അവർ കൂട്ടാക്കിയില്ല.’ ഇട്ടിട്ടു പോവാൻ തോന്നുന്നില്ലാ ‘ന്ന് പറഞ്ഞ് അവര് കൂടെ നിന്നു.. ഞങ്ങൾ ട്രെയിനിൽ നിന്നും അവരെ പതുക്കെ ഇറക്കി.. ആദ്യം കണ്ട വണ്ടിയിൽ ഞാനും അവരും സ്മിത ടീച്ചറും അമലും കയറി. നേരെ അമലയിലേക്ക്.. ആ യാത്രയ്ക്കിടെ അവർ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു. ഇപ്പോ ഓർക്കുമ്പോൾ കുറ്റബോധം തോന്നും ആംബുലൻസ് വിളിക്കേണ്ടതായിരുന്നു എന്ന്. അമലയിലേക്ക് എത്തിയപ്പോഴേക്കും അവരുടെ മകളും മറ്റു ഡോക്ടർമാരും ഓടിയെത്തി.. കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. ആകെ തിരക്കായി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഡ്യൂട്ടി ഡോക്ടർ വന്നു പറഞ്ഞു. അവർക്ക് ഇൻ്റേണൽ ബ്ലീഡിങ്ങുണ്ടെന്നും ഐ സി യുവിലേക്ക് മാറ്റുകയാണെന്നും.. അവരുടെ ബന്ധുക്കളെ അറിയിച്ചു. .. . സ്മിത ടീച്ചറുടെ ഭർത്താവും മറ്റും അപ്പോഴേക്കും എത്തി. ഞാൻ അമലിനെ അവിടെ നിർത്തി വീട്ടിലേക്ക് പോന്നു..ഇഷ്ടം പോലെ വഴക്കു കേട്ട് അന്നുറങ്ങി.

പിറ്റേന്ന് ഹോസ്പിറ്റലിലേക്ക് ചെന്നപ്പോൾ അവിടെ അവരുടെ സഹോദരങ്ങളും മറ്റു ബന്ധുക്കളും എല്ലാവരുമുണ്ട്. അവരെ കാണാൻ കഴിഞ്ഞില്ല. ഒരു ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ്.. ഇനിയും ഓപ്പറേഷൻ വേണം. ജീവന് നിലവിൽ ആപത്തില്ല. വൈകിയിരുന്നെങ്കിൽ അപകടമാകുമായിരുന്നു ,ആ കുട്ടി ഒറ്റക്കാകുമായിരുന്നു എന്ന് പറഞ്ഞ് നിറകണ്ണുകളോടെ അവരുടെ സഹോദരൻ എൻ്റെ കൈകൾ കൂട്ടിപ്പിടിച്ച് നന്ദി പറഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു.

ഇപ്പോ ഓർക്കുമ്പോ തോന്നാറുണ്ട്.പോകും വഴി അവർക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ? ആരുടെയൊക്കെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമായിരുന്നു ?ഏതെല്ലാം തരത്തിലുള്ള വിചാരണകൾ നേരിടേണ്ടി വരുമായിരുന്നു?

നമ്മൾ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമായിരിക്കില്ല. മനുഷ്യർ സഹജീവികളോട് കാട്ടേണ്ട
ഒരു ഉത്തരവാദിത്തം മാത്രമാണത്. അതിനെ മഹത്വവൽക്കരിക്കേണ്ട കാര്യവുമില്ല. നമ്മുടെ ചില നിസ്സംഗതകൾക്ക് പകരം കൊടുക്കേണ്ടി വരുന്നത് ഒരു ജീവനായിരിക്കും എന്നുള്ളിടത്താണ് നിസ്സംഗത ക്രിമിനൽ കുറ്റമായി മാറുന്നത്.

വിചാരണകളൊക്കെ സ്വാഭാവികമാണ്. നമ്മുടെ ഏതു പ്രവൃത്തിയേയും വിചാരണ ചെയ്യാൻ ഒരു വിഭാഗമുണ്ടാകും. ആ വിചാരണ ഒരു വഴിക്ക് നടക്കും. അതു കേട്ട് ഒരുതരത്തിലുള്ള സാമൂഹ്യബാധ്യതകളുമേറ്റെടുക്കാതെ ഉണ്ടും ഉറങ്ങിയും മാത്രം കഴിയുന്ന ‘സ്വസ്ഥജീവിത’ത്തേക്കാൾ അന്തസ്സുണ്ട് ചില അസ്വസ്ഥതകൾക്ക്.അങ്ങനെ അസ്വസ്ഥമായി ജീവിച്ച് ഒരു ദിവസം പെട്ടന്നങ്ങ് ചത്താലും, ചീഞ്ഞ് മണ്ണടിഞ്ഞാലും ആരെങ്കിലുമൊക്കെ ഹൃദയത്തിൽ ഒരിടമൊരുക്കും.. മാനവികത ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാണ്. പലിശ കിട്ടുന്നത് മരണശേഷമായിരിക്കും.

“മരണപ്പെട്ടാൽ അന്ത്യവിശ്രമസ്ഥാനം ഭൂമിയിൽ അന്വേഷിക്കാതിരിക്കുക. അവ മനുഷ്യഹൃദയങ്ങളിൽ കാണുക!” എന്ന് പറഞ്ഞ റൂമിയെ ഓർക്കുന്നു.

 

Advertisements