പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് പള്ളിയിൽ പ്രവേശനം നിഷേധിച്ച സമയത്തു തന്നെ കുറ്റാരോപിതന് മാർപ്പാപ്പാ സന്ദർശനത്തിന് ടിക്കറ്റെടുത്തു കൊടുത്ത നാടാണ് നമ്മുടേത്

280

Deepa Nisanth

വാളയാർ എന്ന വാക്ക് മറന്നു പോകരുത്, വീണ്ടും വീണ്ടും ടൈംലൈനുകളിൽ നിറയണം, കുറ്റക്കാർ കർശനമായി ശിക്ഷിക്കപ്പെടണം.

വാളയാർ സംഭവത്തെ അധികരിച്ചുള്ള ഒരു വീഡിയോ ഇന്ന് കണ്ടു. അതിൽ പെൺകുട്ടികളിലൊരാളുടെ ടീച്ചർ സംസാരിക്കുന്നുണ്ട്.. കുട്ടി അസ്വാഭാവികമായി പെരുമാറിയിരുന്നതായി അവരതിൽ പറയുന്നുണ്ട്. ” നമ്മൾ വിചാരിക്കുന്നതിലധികം ദുരിതമനുഭവിക്കുന്ന കുട്ടിയാണവൾ ” എന്ന കണ്ടെത്തൽ സഹപ്രവർത്തക പങ്കുവെച്ചതായും അവർ പറയുന്നു. കൗൺസലിംഗ് കൊടുത്തതായും വീഡിയോയിൽ പറയുന്നുണ്ട്.

കുട്ടികളുടെ അമ്മ സംസാരിക്കുന്നുണ്ട്. തൻ്റെ കുഞ്ഞ് പീഡിപ്പിക്കപ്പെടുന്നത് നേരിൽ കണ്ട അമ്മ കൂടിയാണ്. ”പ്രായപൂർത്തിയായ പെങ്കുട്ടിയാണല്ലോ.. പുറത്തറിഞ്ഞാ നാണക്കേടല്ലേന്ന് കരുതി മിണ്ടാതിരുന്നതാണെ”ന്ന് ഒരു ചാനൽക്യാമറയ്ക്ക് മുന്നിൽ പറയാൻ മാത്രം ബുദ്ധിശൂന്യതയും അവർക്കുണ്ട്.. ആ ബുദ്ധിശൂന്യത കേരളത്തിൽ പീഡിപ്പിക്കപ്പെടുന്ന പല കുട്ടികളുടേയും മാതാപിതാക്കൾക്കുണ്ട് എന്ന കാര്യം നമ്മൾ അംഗീകരിച്ചേ മതിയാകൂ. നമ്മുടെ ‘കുടുംബഭദ്രത ‘നിലനിർത്തപ്പെടുന്നത് ഇത്തരം നിശ്ശബ്ദ സഹനങ്ങളിലൂടെ തന്നെയാണ്. ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും തീർത്തും യാഥാസ്ഥിതികമായ കാഴ്ചപ്പാടുകൾ വെച്ചു പുലർത്തുന്ന കേരളീയ കുടുംബങ്ങളിൽ അത്തരമൊരു തീരുമാനം അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കില്ലെന്ന് എനിക്കുറപ്പാണ്. അരക്ഷിതത്വബോധത്തിൻ്റെ തടവറകളിൽപ്പെട്ട് എത്രയോ കുഞ്ഞുങ്ങൾ നമ്മുടെ ‘കുടുംബങ്ങളിൽ ‘ഇപ്പോഴും പിടയുന്നുണ്ടാകണം..

Image may contain: one or more peopleഅതേ വീഡിയോയിൽ ഒരാൾ മറ്റൊരു സംഭവത്തെപ്പറ്റി പറയുന്നുണ്ട്.

ഒരു കടപ്പുറത്ത് കൗമാരക്കാരായ കുട്ടികൾ (ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്) സംസാരിച്ചുകൊണ്ടിരിക്കവേ, അവിടെ അടുത്ത് ചീട്ടുകളിച്ചും മദ്യപിച്ചും ഇരുന്നിരുന്ന ചില ആളുകൾ ഇവരുടെ അടുത്തേക്ക് വന്നു. സദാചാരത്തെപ്പറ്റി ആശങ്ക പൂണ്ട് ‘ആങ്ങളമാർ ‘ പെൺകുട്ടികളോട് ഫോൺ നമ്പർ ചോദിച്ചു. വീട്ടിലറിയിക്കാനാണ്. കുട്ടികൾ കൊടുക്കാൻ വിസമ്മതിച്ചു. അടുത്ത ആവശ്യം മറ്റൊന്നായിരുന്നു.” ഫോൺനമ്പർ തരുന്നില്ലെങ്കിൽ നിങ്ങളാ കുറ്റിക്കാട്ടിലേക്ക് വാ!”

നമ്മളൊന്ന് ഞെട്ടും. പക്ഷേ ശരിക്കും ഞെട്ടിയത് അതു കേട്ടപ്പോഴല്ല. അതിലൊരു പെൺകുട്ടി കുറ്റിക്കാട്ടിലേക്ക് ആ വൃത്തികെട്ട മനുഷ്യനോടൊപ്പം പോകാൻ തയ്യാറായി എന്നറിഞ്ഞപ്പോഴാണ്. താൻ ഒരു ആൺ സുഹൃത്തുമായി (കാമുകനോ ആരുമാകട്ടെ ) കടപ്പുറത്ത് വന്നിരുന്നത് വീട്ടിലറിയുന്നതിനേക്കാൾ നല്ലത് കുറ്റിക്കാട്ടിലേക്ക് പോകുന്നതാണെന്ന് ആ പെൺകുട്ടിക്ക് തോന്നി എങ്കിൽ ആ തോന്നലിന് ആരാണ് ഉത്തരവാദി?

വാളയാർവിഷയം ചർച്ച ചെയ്യുമ്പോൾ നമ്മുടെ കുടുംബങ്ങൾ കൂടി വിമർശനവിധേയമാക്കേണ്ടതുണ്ട്. അവിടെ കുട്ടികളനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ഭയങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പേരയ്ക്കാ നീട്ടിക്കൊതിപ്പിച്ച് അയൽക്കാരൻ കൊണ്ടുപോയ നാലാംക്ലാസുകാരിയുടെ മൃതശരീരം ചാക്കിൽ കെട്ടി വീട്ടുമുറ്റത്ത് കൊണ്ടിട്ട കേസിൽ പ്രതിക്ക് എന്തു ശിക്ഷ കിട്ടി എന്നന്വേഷിക്കേണ്ടതുണ്ട്.

പീഡനക്കേസിലെ കുറ്റാരോപിതനെ രാജ്യസഭയിലേക്ക് ഉപാധ്യക്ഷനായി പറഞ്ഞയച്ച ജനാധിപത്യത്തിലെ ഉളുപ്പില്ലായ്മ മറന്നു പോകാതിരിക്കേണ്ടതുണ്ട്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് പള്ളിയിൽ പ്രവേശനം നിഷേധിച്ച സമയത്തു തന്നെ മേൽപ്പറഞ്ഞ വ്യക്തിക്ക് മാർപ്പാപ്പാ സന്ദർശനത്തിന് ടിക്കറ്റെടുത്തു കൊടുത്ത നാടാണ് നമ്മുടേത്.. അത്തരമൊരു നാട്ടിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാം. ഒരു സംശയവും വേണ്ട..