ദീപാനിശാന്തിന്റെ പ്രണയക്കുറിപ്പ്

1044

” ശ്രീറാം….,

വല്ലാത്ത അപരിചിതത്വമുണ്ട് കേൾക്കുമ്പോൾ.. .. അല്ലേ?

അങ്ങനെയൊന്ന് വിളിച്ചിട്ട് എത്ര കാലമായി!

വർഷങ്ങൾക്കു മുൻപ് മഞ്ഞ നിറമുള്ള ലെറ്റർ പാഡിൽ’എന്റെ ശ്രീറാമിന് ‘ എന്ന് തുടങ്ങിയിരുന്ന എന്റെ അക്ഷരങ്ങൾ ഇപ്പോൾ എന്നെ നോക്കി പല്ലിളിച്ച് ചിരിക്കുകയാണ് ..

22 വർഷങ്ങൾ!

കിതച്ചും ചുമച്ചും നമ്മളെത്ര ദൂരം പിന്നിട്ടിരിക്കുന്നു!

കോളേജിൽ ആൽമരച്ചുവട്ടിലിരിക്കുമ്പോൾ ,ആ പൂഴിമണ്ണിൽ നിന്റെ പേരെഴുതി മായ്ക്കുന്ന ആ പഴയ കളി എത്ര പ്രിയമുള്ളതായിരുന്നു!

അമ്മയുടെ പഴയ തയ്യൽ മെഷീന്റെ പലകയ്ക്കു മുകളിൽ ആണികൊണ്ട് അമർത്തിച്ചുരണ്ടി എത്രയോ തവണ ഞാൻ നിന്റെ പേര് വരച്ചിട്ടിരിക്കുന്നു!

കോളേജിൽ ഞാനിരുന്നിരുന്ന സ്ഥലത്തെ ഡസ്ക്കിൽ വ്യാകരണം ക്ലാസ്സിനിടയിൽ പേനകൊണ്ട് നിന്റെ പേരെഴുതിയിരുന്നപ്പോഴാണ് മാഷ് ‘അം അംഗ പ്രത്യയമോ ലിംഗ പ്രത്യയമോ?’ എന്ന വ്യാകരണാശങ്ക എന്റെ നേരെ വലിച്ചെറിഞ്ഞത്. ഗത്യന്തരമില്ലാതെ ഞാനെഴുന്നേറ്റ് തലകുനിച്ചു നിന്നപ്പോൾ മാഷ് പതുക്കെ അടുത്തുവന്നു.ഡസ്ക്കിലെഴുതിയ നിന്റെയും എന്റെയും പേര് വായിച്ച് ഒന്ന് ഊറിച്ചിരിച്ചു. എന്നിട്ട് തിരിച്ചു നടന്നു.സംവൃതോകാരം ലോപിക്കുന്നതിനെപ്പറ്റിയാണ് മാഷന്ന് ക്ലാസ്സെടുത്തതെന്നു തോന്നുന്നു.

ശ്രീറാം !

അതൊരു വെറും പേരല്ലായിരുന്നു.

വിളിച്ചു പഴകിയ ഏറ്റവും പ്രിയമുള്ളൊരു ശബ്ദമായിരുന്നു!

ആ പേര് എന്നാണ് നമുക്കിടയിൽ നിന്നും ഊർന്നു താഴെ വീണത്?

വിവാഹത്തിന്റെ നാലാംനാൾ ഞാൻ നിന്റെ വീട്ടിലേക്ക് വന്ന ദിവസം. അമ്മ നിറഞ്ഞു തൂവിയ മിഴികളോടെ കാറിലിരുന്ന് വീണ്ടും വീണ്ടും എന്നെ തിരിഞ്ഞു നോക്കി മടങ്ങിയ ദിവസം.. അച്ഛൻ എന്നെ നോക്കാതെ എതിർദിശയിലേക്ക് കണ്ണുകൾ പായിച്ച് അകത്തേക്ക് കണ്ണീരൊഴുക്കി വണ്ടിയിലിരുന്ന ദിവസം..

അന്നാണ് നിന്റെ വീട്ടിലെ ഊണുമേശയിൽ നിന്നും ഒരു ചില്ലുപാത്രം കണക്കേ നിന്റെ പേര് എന്റെ കയ്യിൽ നിന്നും ഊർന്ന് താഴെവീണുടഞ്ഞത്!

” ശ്രീറാം.. !” എന്ന വിളി എന്റെ വായിൽ നിന്നും വീണ ആ നിമിഷം!

” ശ്രീറാമോ !!?” എന്ന അത്യത്ഭുതത്തിൽ അവരെല്ലാവരും വാ പൊളിച്ച നിമിഷം !

“ഭർത്താവിനെ പേരാ വിളിക്യാ?”ന്ന ആശ്ചര്യപ്പേച്ചിൽ അച്ഛമ്മ മൂക്കത്തു വിരൽ വെച്ച നിമിഷം!

അമ്മ ആദ്യമായി കേൾക്കും മട്ടിൽ വാ പൊളിച്ച നിമിഷം!

നീ പൂർവ്വാധികം ശ്രദ്ധയോടെ ഊണിൽ വ്യാപൃതനായ അതേ നിമിഷം!.

ഞാൻ മാത്രമാണ് ആ നിമിഷത്തിൽ കിതച്ചു നിന്നത്.

ഞാൻ മാത്രം!

ഒരടി മുന്നോട്ടോ പിന്നോട്ടോ നടക്കാനാകാതെ !

” ഇനി മുതൽ പേര് വിളിക്കണ്ടാ. ചേട്ടാന്ന് വിളിച്ചാ മതീ”ന്ന തീർപ്പിൽ അമ്മ ഒരു പപ്പടം കൂടി എടുത്തു എന്റെ പ്ലേറ്റിലേക്ക് വെച്ചു.

ഞാനൊന്നും മിണ്ടാതെ സൂക്ഷിച്ച് പപ്പടത്തിന്റെ അരികു പൊട്ടിച്ചു.

നീയായിരുന്നു മിണ്ടേണ്ടിയിരുന്നത്!

ഞാൻ നവവധുവിന്റെ അച്ചടക്കം പാലിക്കേണ്ടിയിരുന്നു!

അന്ന് മുഴുവൻ ഞാൻ എന്റെ കയ്യിൽ നിന്നും വീണുപോയ നിന്റെ പേരും തേടി ആ വീട്ടിലലഞ്ഞു.

എനിക്കപ്പോ അച്ഛനേയും അമ്മയേയും കാണാൻ തോന്നി.

ആ വലിയ വീട്ടിൽ ഞാനാ നിമിഷം തീർത്തും തനിച്ചായി.

നിന്റെ പേര് അറിയാതെയെങ്ങാനും വായിൽ നിന്നും വഴുക്കി വീഴാതിരിക്കാൻ ഞാൻ ചുണ്ടുകൾ കൂട്ടിയടച്ച് നിശ്ശബ്ദയായി!

നീ കടന്നു പോകുമ്പോഴൊക്കെ ഞാൻ ഉറക്കെയുറക്കെ നിന്റെ പേര് എന്റെയുള്ളിൽ വിളിച്ചു.

അന്നു രാത്രി നമ്മുടെ മുറിയിലേക്ക് നീയും ഞാനും ഒന്നിച്ച് നടക്കുമ്പോഴും ഞാൻ നിന്റെ പേര് വീഴാതെ മുറുകെ പിടിച്ചു.

അടച്ച കതകിന്നുള്ളിൽ ശ്വാസം മുട്ടിപ്പിടഞ്ഞ നിന്റെ പേര് പുറത്തേക്ക് വെമ്പിയോടാൻ വിഭ്രമം പൂണ്ടപ്പോൾ ഞാൻ നിന്റെ കൈത്തണ്ടയിൽ നഖങ്ങളാഴ്ത്തി ചോദിച്ചു:

“ഞാനിനി എന്ത് വിളിക്കണം?”

” എങ്ങനെ ഞാൻ പേരു വിളിക്കും?” എന്ന പഴയ സിനിമാപ്പാട്ടിലെ പെണ്ണിന്റെ ലജ്ജയായിരുന്നില്ല എന്റെയുള്ളിൽ..

തിക്കുമുട്ടിയ നിസ്സഹായതയായിരുന്നു!

നീയാ ചോദ്യത്തെ ഒരു ചിരിയിൽ മുക്കി പാടേയങ്ങ് അവഗണിച്ചു കളഞ്ഞു:

“ഇതാണോ മൈഥിലീ ഇത്ര വല്യ കാര്യ” മെന്ന് പുച്ഛിച്ച് നീ എന്റെ എല്ലാ ഒച്ചകളേയും ചുംബനം കൊണ്ടടച്ച് നിശ്ശബ്ദയാക്കി!

ശബ്ദിക്കുമ്പോഴൊക്കെ നീയെന്നെ നിശ്ശബ്ദയാക്കിയിരുന്ന അതേ തന്ത്രം!!

എനിക്ക് പിന്നീടൊരിക്കലും നിന്റെ പേര് വിളിക്കാൻ പറ്റിയിട്ടില്ല.

എന്നേക്കുമായി ആ പേരെനിക്ക് നഷ്ടപ്പെട്ടു.

ഇടയ്ക്ക് ഞാനാവലാതിപ്പെട്ടപ്പോൾ
” നിന്റച്ഛനെ നിന്റമ്മ പേരാണോ വിളിക്കാറെ” ന്ന ആൺചോദ്യത്താൽ നീ തടയിട്ടു.

“എന്റമ്മ അച്ഛനെ പത്ത് കൊല്ലം പേര് വിളിച്ച് പഴകിയിരുന്നില്ല” എന്ന എതിർ ചോദ്യം ഞാനുളളിലടക്കി.

വഴക്കിടാൻ വയ്യായിരുന്നു എനിക്ക്.

പൊരുതി നേടിയ ഒരു ജീവിതത്തെ മറ്റുള്ളവർക്ക് നിസ്സാരമെന്നു തോന്നുന്ന വഴക്കുകൾക്കിടയിൽ കൊളുത്തി വലിച്ച് മുറിവേൽപ്പിക്കാൻ എനിക്കിഷ്ടമല്ലായിരുന്നു.

എന്റെ ഉള്ളിലായിരുന്നു ചോര പൊടിഞ്ഞത്:

ആ ചോര ആരും കണ്ടില്ല!

ഇടയ്ക്കിടെ അത് വാർന്നൊഴുകി!

ഞാനപ്പോൾ പൂർവ്വാധികം ഉറക്കെ ചിരിച്ചു.

കരച്ചിൽ പുറത്തേക്ക് വരാതിരിക്കാൻ ഉറക്കെയുറക്കെ വർത്തമാനം പറഞ്ഞു:

എനിക്ക് മനസ്സിലായിരുന്നു.

നീയും ഞാനും ഇരുസമാന്തരരേഖകളാണെന്ന്.

വിജാതീയധ്രുവങ്ങളാണ് പരസ്പരം ആകർഷിക്കപ്പെടുകയെന്ന ഭൗതികശാസ്ത്ര നിയമത്തിൽ ഞാനഭയം പൂണ്ടു.

ഒഴിഞ്ഞ പൂപ്പാത്രങ്ങളിൽ പൂവുകൾ നിറച്ചു.

പ്ലാസ്റ്റിക് പൂവുകളാണെന്ന് ആർക്കും തോന്നാത്ത വിധം !

ഇപ്പോഴും നമ്മുടെ വീട്ടിനകം നിറയെ പ്ലാസ്റ്റിക് പൂക്കൾ…

ചിരികൾ…

മണ്ണില്ലാത്ത മുറ്റത്ത് കടുത്ത വേനലിൽ പൊള്ളുന്ന എന്റെ കാൽപ്പാദങ്ങൾ…

വളർച്ചയ്ക്കനുപാതമില്ലാത്ത ബോൺസായ് മരങ്ങൾ….

“മലവെള്ളം സ്വപ്നം കണ്ടുറങ്ങിയ പുഴ പിന്നിൽ ചോര വാർന്നു വീണ ശരീരം പോലെ ചലനമറ്റ് കിടക്കുന്നു!”

ഒരു പേരിലൊക്കെ എന്തിരിക്കുന്നു! അല്ലേ?

Previous articleചൂടുകുരു വരുത്തിയ വിന
Next articleസോഷ്യൽ മീഡിയയിലെ തീവ്രവലതുപക്ഷ മേധാവിത്വം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.