വഞ്ചിയൂർ വിഷയവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു

137

Deepa Nisanth

വഞ്ചിയൂർ വിഷയവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു.

അടിമത്തം ചിലർക്കൊരു ശീലമോ മാനസികാവസ്ഥയോ ഒക്കെയാണ്.അതുകൊണ്ടു കൂടിയാണ് മദ്യപിച്ച് വന്ന് ക്രൂരമായി ഉപദ്രവിക്കുകയും കുട്ടികളെ സംരക്ഷിക്കാതെ പട്ടിണിക്കിടുകയും ദുരഭിമാനമോ രാഷ്ട്രീയവിയോജിപ്പോ മൂലം മറ്റാനുകൂല്യങ്ങൾ കൈപ്പറ്റാൻ വിസമ്മതിക്കുകയും ചെയ്യുന്ന ഭർത്താവിനെപ്പറ്റി ആ സ്ത്രീക്ക് പരാതിയില്ലാത്തത്. അവർക്ക് പരാതിയില്ലെന്ന് കേട്ടപ്പോൾ ഒട്ടും അത്ഭുതം തോന്നുന്നില്ല.അത്തരം സ്ത്രീകൾ ധാരാളമുണ്ട്. അവരുടെയൊക്കെ സ്വരം ഒന്നാണ്. ചുറ്റുമുള്ളവരുടെ സ്വരവും സമാനമാണ്.

“മദ്യപിക്കുന്നത് അവൻ്റെ കാശു കൊണ്ടല്ലേ?മദ്യപിച്ചാലും നാല് തല്ല് തല്ല് കൊടുത്താലും അവൻ അവരെ പട്ടിണിക്കിടുന്നില്ലല്ലോ? ” എന്ന മട്ടിലുള്ള നോർമലൈംസിംഗ് ഇത്തരം വിഷയം വരുമ്പോൾ പലയിടത്തും കാണാം. ഭാര്യയെ മർദ്ദിക്കുന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം തീർത്തും സാധാരണമായ സംഗതിയാണ്. ലിംഗനീതിയൊക്കെ പുറത്ത്! തൻ്റെ കുഞ്ഞുങ്ങളെ പെറ്റിടാനും ശമ്പളമില്ലാതെ വീട്ടുജോലികൾ ചെയ്യിക്കാനും തനിക്കു തോന്നുമ്പോഴൊക്കെ മർദ്ദിക്കാനും മുടിക്കുകുത്തിപ്പിടിക്കാനും ഭോഗിക്കാനുമൊക്കെയുള്ളതാണ് പലർക്കും ഭാര്യ എന്ന വീട്ടുമൃഗം. മുഖ്യമന്ത്രിയായാലും ഭാര്യയെ തല്ലിയാൽ നമ്മൾ സഹിക്കും. വീട്ടിൽ അടക്കിയൊതുക്കി ഇരുത്തേണ്ട ഭാര്യയെയെങ്ങാനും വിദേശയാത്രയ്ക്ക് കൂടെക്കൂട്ടിയാ രോഷാഗ്നി കുമിഞ്ഞൊഴുകും. അതൊക്കെ അത്ര തന്നെ!

ഗാർഹികപീഡനങ്ങളെ അഭിമുഖീകരിക്കാൻ നമ്മളിനിയും പഠിച്ചിട്ടില്ല.