ആ കുഞ്ഞിനെ ഇത്തരത്തിലാക്കിയ നരാധമനോട് ചേർന്നു നിന്ന് സംസാരിക്കാൻ അവർക്കെങ്ങനെ കഴിഞ്ഞു ?

643

ദീപ നിശാന്ത് എഴുതുന്നു

അച്ഛന്റെ ചെറിയച്ഛൻ മരിച്ച ദിവസമായിരുന്നു അന്ന്. മരണവീടിന്റെ അസ്വസ്ഥതകളിൽ നിന്ന് രക്ഷപ്പെട്ടോടി വീട്ടിലേക്ക് വന്നതാണ്.അച്ഛന്റെ അനിയന്റെ മോളെയും കൂട്ടു വിളിച്ചാണ് പോന്നത്.

ധ്യാനുവന്ന് കൈക്കുഞ്ഞാണ്. മരണവീട്ടിലെ തിരക്കുകൾക്കിടയിൽ നേരാംവണ്ണം ഭക്ഷണം കൊടുത്തിട്ടില്ല. ചെറുതായി പനിക്കുന്നുമുണ്ട്.കഞ്ഞി വെച്ച് ചൂടാറാനായി ഞാൻ കാത്തിരിപ്പാണ്.ഉമ്മറത്തെ പ്ലാസ്റ്റിക് കസേരയിലിരുന്ന് അവനെ കൈകളിൽ മലർത്തിപ്പിടിച്ച് പതുക്കെ അങ്ങോട്ടുമിങ്ങോട്ടും ആട്ടുകയാണ്. ധ്യാനു പാതിമയക്കത്തിലാണ്. ഇടയ്ക്ക് തളർന്ന കണ്ണുകളോടെ എന്നെ നോക്കുന്നുണ്ട്. ഞാനവന്റെ മുഖത്തേക്കുറ്റു നോക്കിയിരിപ്പാണ്. ഇടയ്ക്കെന്റെ കൈകളിലൂടെ ഒരു നീർച്ചാൽ താഴോട്ടൊഴുകി. മോൻ മൂത്രമൊഴിച്ചതാണെന്നു കരുതി ഞാനുയർത്തി നോക്കിയപ്പോഴേക്കും മഞ്ഞ നിറമുള്ള ദ്രാവകം എന്റെ മാക്സി വഴി താഴോട്ടൊഴുകി.

ഞാനമ്പരന്ന് എഴുന്നേറ്റപ്പോഴേക്കും മോന്റെ മുഖം ഒരു വശത്തേക്ക് കോടിപ്പോയിരുന്നു. അവന്റെ കണ്ണുകൾ മലക്കം മറിയുന്നുണ്ടായിരുന്നു. പതുക്കെ അവൻ കുഴഞ്ഞ് എന്റെ കൈകളിലേക്ക് ഒടിഞ്ഞ താമരത്തണ്ടു പോലെ വീണപ്പോഴേക്കും പ്രാകൃതമായ ഒരു ശബ്ദം എന്നിൽ നിന്നും ഉയർന്നു. നിശ ഓടി വന്നതോർമ്മയുണ്ട്.

തുടർന്നുണ്ടായ സംഭവങ്ങളൊക്കെ അറിഞ്ഞത് പിന്നീടാണ്.

ഞാൻ അലറിക്കരഞ്ഞ് പുറത്തേക്കോടുകയായിരുന്നു.

രാത്രിയാണ്.ഒരു പത്തുമണിയായിക്കാണണം.

മെയിൻ റോഡിലൂടെ പാഞ്ഞ് അപ്പുറത്തേക്ക് കുഞ്ഞിനേയുമെടുത്ത് ഞാനോടിയപ്പോൾ ഒരു ലോറി സഡൻ ബ്രേക്കിട്ട് നിർത്തിയത്രേ.

ഞാനൊന്നുമറിഞ്ഞിരുന്നില്ല.

ഞാനാരെയും നോക്കുന്നുണ്ടായിരുന്നില്ല.

ഞാനിട്ടിരിക്കുന്നത് നൈറ്റിയാണെന്നോ, അതിൽ മോന്റെ മലമൂത്രവിസർജ്യാദികൾ ഒഴുകിപ്പരന്നിട്ടുണ്ടെന്നോ എന്റെ തലമുടി മാടിക്കെട്ടിവെച്ചിരിക്കുകയാണെന്നോ നേരം രാത്രിയായെന്നോ ഞാൻ തനിച്ചാണെന്നോ ഒന്നും ഒന്നും ഞാനോർക്കുന്നുണ്ടായിരുന്നില്ല.

ഞാനോടിയത് എന്റെ മോന്റെ ജീവനും പിടിച്ചാണ്.

ഞാൻ കരഞ്ഞുകൊണ്ട് റോഡിലൂടെ വരുന്ന ഓരോ വാഹനത്തിനും നേരെ കൈനീട്ടി.ഒരാളും നിർത്തിയില്ല.

എന്റെ പ്രാകൃതരൂപം കണ്ട് ഏതോ ഭ്രാന്തിയാണെന്ന് കരുതിക്കാണും.

ഞാൻ മോനെ കുലുക്കി വിളിച്ച് ആ റോഡരികിൽ ദീനമായി കരഞ്ഞുകൊണ്ട് നിൽക്കുമ്പോഴാണ് ശശി പാപ്പനും മുരളിയേട്ടനും വണ്ടി നിർത്തി എന്റടുത്തേക്ക് പാഞ്ഞ് വന്നത്. എന്റെ കയ്യീന്ന് പാപ്പൻ മോനെ വാങ്ങിയപ്പോഴേക്കും ഞാൻ ദയനീയമായി പാപ്പന്റെ നെഞ്ചിലേക്ക് വീണിരുന്നു.

”എന്റെ മോൻ.. എന്റെ മോൻ…” എന്ന് ഞാൻ പേർത്തും പേർത്തും പറഞ്ഞു കൊണ്ടേയിരുന്നു.

പാപ്പൻ എന്നെയും മോനെയും ചേർത്തണച്ച് വണ്ടിയിലേക്ക് കയറി.

അമല ഹോസ്പിറ്റലിലെത്തി.

മോനെ ഐ സി യു വിലാക്കി.

“പത്തു മിനിറ്റ് വൈകിയിരുന്നെങ്കിൽ…”എന്ന് ഡോക്ടർ സുനിൽ എന്നോട് അർധോക്തിയിൽ നിർത്തി.

Image may contain: outdoorജീവിതത്തിൽ നിമിഷങ്ങൾക്ക് പോലും വലിയ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞത് അന്നാണ്.

തിരിച്ച് ഡ്രസ് മാറാനായി വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് ഞാൻ ചുറ്റുപാടുകളെക്കുറിച്ചോർത്തത്. അതൊരു പൊതുസ്ഥലമാണെന്നോർത്തത്. ഞാനൊരു ടീച്ചറാണെന്നും പഠിപ്പിക്കുന്ന കുട്ടികളോ സഹപ്രവർത്തകരോ പരിചയക്കാരോ എന്നെ കണ്ടാൽ എന്തു വിചാരിക്കുമെന്നുമോർത്തത്..

എന്റെ പ്രാകൃത രൂപം എന്നെ ലജ്ജിപ്പിച്ചത്..

“ടീച്ചറേ… എന്താ ഇവടേ?”ന്നും ചോദിച്ച് നിയാസ് ഓടി അടുത്തേക്ക് വന്നപ്പോൾ ഞാൻ ചൂളിച്ചുരുങ്ങിപ്പോയി.

“മോന് വയ്യ നിയാസേ… രാത്രീലായിരുന്നു. ഇട്ട വേഷത്തിൽ ഇറങ്ങിയോടീതാ..വീട്ടിലേക്കൊന്ന് പോവാണ് ” എന്ന് പറഞ്ഞ്, ”ശരിക്കുംഞാൻ ഇതല്ലാ!” ന്ന് നിയാസിനെ ബോധ്യപ്പെടുത്താൻ നോക്കിയപ്പോൾ നിയാസ് അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

“മോനെവിടെ ടീച്ചറേ?” ന്ന് ആകാംക്ഷയോടെ ചോദിച്ച് നിയാസെന്റെ രൂപത്തെ പാടെ അവഗണിച്ചു.

“ടീച്ചർക്ക് വണ്ടിണ്ടാ? വീട്ടീക്കൊണ്ടാക്കണാ?”ന്ന് നിയാസ് തിടുക്കപ്പെട്ടപ്പോൾ ‘വേണ്ടെ’ന്ന് ഞാൻ പറഞ്ഞു.

ഞാൻ തിടുക്കത്തിൽ നിയാസിനോട് യാത്ര പറഞ്ഞ് കാർപാർക്കിംഗിനടുത്തേക്ക് നടന്നു. ആരും കാണാതിരിക്കാൻ പ്രാർത്ഥിച്ചു കൊണ്ട്. മാക്സിയിലെ വിസർജ്യം ഉണങ്ങിപ്പിടിച്ചിരുന്നു. നേരത്തെ പൈപ്പിൽ കഴുകിയിട്ടും വിട്ടുമാറാൻ കൂട്ടാക്കാതെ അവശിഷ്ടങ്ങൾ അതിൽ പറ്റിപ്പിടിച്ചിരുന്നു.

പിന്നീട് ഇതേ അനുഭവം ഒരിക്കൽക്കൂടി ആവർത്തിച്ചിട്ടുണ്ട്.

ഷാർജയിലെ റോളയിൽ വെച്ച്.

ഞാനും നിശാന്തും മോനെ നടുവിൽ കിടത്തി ഉറക്കുന്നതിനിടെയാണ് കിടക്കയിൽ മഞ്ഞ നിറമുള്ള വെള്ളം പോലുള്ള ദ്രാവകം പരന്നൊഴുകിയത്. നിശാന്ത് മോനെയെടുത്ത് പുറത്തേക്കോടി. ഞാൻ പഴയ അതേ അവസ്ഥയിൽ. നൈറ്റിക്കു പകരം ചുരിദാർ . മോൻ നിശാന്തിന്റെ കൈകളിൽ ആണെന്ന വ്യത്യാസം മാത്രം.

താഴെ വരിവരിയായുള്ള തുണിക്കടകൾക്കിടയിലൂടെ നിശാന്തിന്റെ പുറകെ ഞാൻ പാഞ്ഞു.

ഒടുവിൽ നിശാന്ത് കാറെടുത്ത് വരുമ്പോഴേക്കും ആ പൂഴിമണ്ണിലേക്ക് ഞാൻ വീണു കഴിഞ്ഞിരുന്നു.


ഈ സംഭവങ്ങളൊക്കെ ഞാനോർത്തത് ഇന്നലെ ആ വീഡിയോ കണ്ടപ്പോഴാണ്. ആ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന രംഗം ഏതോ ചാനൽ പുറത്തുവിട്ടിരിക്കുന്നു.

അതു കാണുന്നതു വരെ എനിക്കാ സ്ത്രീയോട് നേർത്തൊരു അനുതാപം ബാക്കി നിന്നിരുന്നു.

അവരുടെ നിസ്സഹായത കൊണ്ടോ കഠിന പീഡനങ്ങളേറ്റുവാങ്ങുന്ന മനുഷ്യർക്കുണ്ടാകുന്ന നിസ്സംഗത കൊണ്ടോ പ്രാണഭയം കൊണ്ടോ ആകാം അവർ നിശ്ശബ്ദയായതെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിച്ചിരുന്നു.

പക്ഷേ ആ വീഡിയോ കണ്ടപ്പോൾ മുതൽ എനിക്കവരോട് വെറുപ്പ് തോന്നുന്നു.

ആ കുഞ്ഞിന്റെ ശരീരം സ്ട്രക്ച്ചറിൽ കിടക്കുമ്പോൾ, ജീവിതത്തിനും മരണത്തിനുമിടയിലൂടെ അവനിഴയുമ്പോൾ എത്ര അലക്ഷ്യവും നിരുത്തരവാദപരവുമായാണ് അവർ പെരുമാറുന്നത്! ചുറ്റുമുള്ളവരുടെ യാചന വകവെക്കാതെ ഫോൺ വിളിച്ചു നടക്കുന്നത്. ആംബുലൻസിലേക്ക് ആ കുഞ്ഞിനെ കയറ്റുമ്പോൾ അവിടേക്കൊന്നു തിരിഞ്ഞു നോക്കാതെ കാറെടുക്കാൻ പോകുന്നത് ! തർക്കിക്കുന്നത്!

ആ കുഞ്ഞിനെ ഇത്തരത്തിലാക്കിയ നരാധമനോട് ചേർന്നു നിന്ന് സംസാരിക്കാൻ അവർക്കെങ്ങനെയാണ് കഴിയുന്നത് ?

വിപദിധൈര്യം എന്നൊന്നുണ്ട്. മനുഷ്യന് പ്രതിസന്ധിഘട്ടങ്ങളിൽ അത്യാവശ്യമാണത്. അതുള്ളവരോട് ബഹുമാനം തന്നെയാണ്.

പക്ഷേ ഇതങ്ങനെയല്ല.

ഉറപ്പായും അല്ല.

അവരാ കുഞ്ഞിന്റെ ചികിത്സ ഒന്നര മണിക്കൂറാണ് തർക്കിച്ച് വൈകിപ്പിച്ചത്.

എനിക്കതറിഞ്ഞപ്പോൾ, സുനിൽ ഡോക്ടറുടെ വാക്കുകൾ ഓർമ്മ വന്നു.

“ഒരു പത്തു മിനിറ്റുകൂടെ കഴിഞ്ഞിരുന്നെങ്കിൽ…!”

ചിലപ്പോ അവൻ ആ ഒന്നര മണിക്കൂർ കിട്ടിയാലും രക്ഷപ്പെടില്ലായിരിക്കും.

എന്നാലും ആ ഒന്നരമണിക്കൂറിന്റെ കുറ്റബോധത്തിൽ നിന്ന് ഈ ജീവിതത്തിൽ അവർക്ക് മോചനം ലഭിക്കുമോ?

അവർ ഭർത്താവ് മരിച്ച് മൂന്നാം ദിവസം , മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായി വായിച്ചു.

ചിലപ്പോഴത് പച്ചക്കള്ളമായിരിക്കും.

മഞ്ഞമാധ്യമങ്ങളുടെ ഭാവനാസൃഷ്ടിയാകാം.

സത്യമായാലും അത് വിചാരണ ചെയ്യേണ്ട കാര്യം പൊതു സമൂഹത്തിനില്ല.

ഭർത്താവ് മരിച്ച ഒരു സ്ത്രീക്ക് തീർച്ചയായും ജീവിക്കാനവകാശമുണ്ട്. ചിരിക്കാനവകാശമുണ്ട്.ആനന്ദങ്ങൾക്കവകാശമുണ്ട്.

” ഇത്ര പെട്ടെന്ന് !! ” എന്ന ആശ്ചര്യത്തിനൊന്നും ഒരു പ്രസക്തിയുമില്ല.

അതവരുടെ ചോയ്സാണ്.

അവരുടെ ജീവിതമാണ്.

നിങ്ങളുടെ സദാചാരക്കണ്ണട മാറ്റി വെച്ച് അവരെ നോക്കുക.

തനിച്ചായിപ്പോകുന്നതിനേക്കാൾ ഭീകരമായ ഒരവസ്ഥ വേറെയില്ല.

അതിൽ നിന്നു കരകയറാൻ മനുഷ്യൻ പല മാർഗ്ഗവും സ്വീകരിക്കും.

ലൈംഗികതക്കപ്പുറം പോകുന്ന സ്നേഹാന്വേഷണങ്ങളുണ്ട്.. ഏകാന്തതയുടേയും പീഡനത്തിന്റെയും സൂക്ഷ്മാനുഭവങ്ങൾ മറ്റൊരാളെ ബോധ്യപ്പെടുത്താൻ മനുഷ്യർക്കാകണമെന്നില്ല.

അതിലൊന്നും തെറ്റില്ല.

അതിലൊന്നും പരാതിയുമില്ല.

പരാതി മറ്റു ചില കാര്യങ്ങളിലാണ്. അവർ സാക്ഷിയാക്കപ്പെടേണ്ട ആളല്ല.കുറ്റകൃത്യത്തിലെ പങ്കാളി തന്നെയാണ്. ആ കുഞ്ഞിന്റെ മരണത്തിന് അവർ കൂടി കാരണമാണ്.

അവരുടെ ശരീരഭാഷ ‘mental arrest ‘വരിച്ച ഒരു സ്ത്രീയുടേതല്ല.

പ്രാകൃതമായി ഒരു കുഞ്ഞ് -അത് സ്വന്തമോ മറ്റാരുടേതോ ആയിക്കൊള്ളട്ടെ – ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ടും മൗനം പാലിക്കുന്നവർ എന്ത് മനുഷ്യരാണ്!

അതിനെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടിട്ടും മിണ്ടാതിരിക്കുന്നവർ പോക്സോ നിയമപ്രകാരം തന്നെ ശിക്ഷാർഹരാണ്.

ഒരു ഏഴുവയസ്സുകാരനെ തനിച്ച് തിരക്കേറിയ റോഡിലൂടെ നടത്തി സ്കൂളിലേക്കയക്കുന്നത് ‘ധൈര്യപരിശീലന ‘ത്തിനാണെന്ന് ഒരു ക്രിമിനൽ പറഞ്ഞാൽ അത് കേട്ട് നിശ്ശബ്ദയായി നിൽക്കുന്നത് ഏത് കുലസ്ത്രീപ്പട്ടത്തിനു വേണ്ടിയാണ്?

സ്കൂളിൽ വിശന്നു തളർന്ന് കൂട്ടുകാരോട് ബിസ്കറ്റിനായി ഇരക്കുന്ന ആ കുഞ്ഞ് ഉള്ള് പൊള്ളിക്കുന്നുണ്ട്.

തനിച്ച് ഒരു പാതിരാവിൽ രക്തം തളം കെട്ടി നിൽക്കുന്ന ഒരു വലിയ വീട്ടിൽ തനിച്ചായിപ്പോയ മൂന്നര വയസ്സുകാരനെ ഓർക്കുമ്പോൾ എനിക്കവരോട് വെറുപ്പു തന്നെയാണ്.

നിലത്തെ ചോരക്കറ തുടച്ചു മാറ്റി സോഫയിൽ തളർന്നു മയങ്ങുന്ന ആ മൂന്നര വയസ്സുകാരൻ എന്തൊരു പൊള്ളലാണ് തരുന്നത്!

എന്തൊരു നശിച്ച ലോകമാണിത്!

“മകൻ മരിച്ച ദുഃഖം പോലിരുന്നേനിറയത്തു ഞാൻ!”