ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പാട്ടുപാടിയുള്ള പ്രചാരണ പ്രവർത്തനങ്ങളെ ഒരു കാരണവുമില്ലാതെ ദീപാ നിശാന്ത് വിമർശിച്ചിരുന്നു. സ്ഥാനത്തും അസ്ഥാനത്തും അഭിപ്രായം പറയുകയും പ്രതിയോഗികൾക്കു മുൻ‌തൂക്കം നേടിക്കൊടുക്കുകയും ചെയുന്ന സംസ്‌കാരികകേരളത്തിലെ ഈ പുത്തൻ പ്രതിഭാസം വിരസതയുടെ ‘പരിസരങ്ങൾ’ സൃഷ്ടിച്ചാണ് മുന്നേറുന്നത്. സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരത്തിന് അർഹനായ പ്രശസ്തകവി കലേഷിന്റെ കവിത സ്വന്തംപേരിൽ പ്രസിദ്ധീകരിച്ചു സമൂഹത്തിന്റെ വിമർശനത്തിന് പാത്രമായ ദീപ കേരളവർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിവൽ സംഭവത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. എക്കാലവും സാംസ്കാരികമേഖലകളെ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയാക്കുന്നതിൽ മുന്നിട്ടു നിന്നിരുന്നത് ഇടതുപക്ഷമാണ്. പാട്ടുപാടിയും നാടകം കളിച്ചും നൃത്തമാടിയും രാഷ്ട്രീയപ്രചാരണം നടത്താമെന്നിരിക്കെ വിവാദങ്ങൾ സൃഷ്ടിക്കാനും മാധ്യമശ്രദ്ധ നേടാനുമുള്ള ഒന്നായേ ഇപ്പോഴത്തെ ഈ സംഭവ വികാസങ്ങളെ കാണാൻസാധിക്കൂ. ഇന്നസെന്റിനെ പോലെയുള്ള നടൻമാർ പാർലമെന്റിൽ എന്തുചെയ്യുന്നു എന്നുനാം ശ്രദ്ധിക്കേണ്ടതുണ്ട്. അവിടെ ദീപയുടെ രാഷ്ട്രീയ സദാചാരം പഠിപ്പിക്കൽ ഉണ്ടാകുന്നില്ല. പക്ഷം നല്ലതാണ്, എന്നാൽ അനാവശ്യ വിവാദങ്ങൾ അസംബന്ധങ്ങൾ എഴുന്നള്ളിച്ചു സൃഷ്ടിക്കുന്നത് സ്വതവേ മലിനമായ കേരളരാഷ്ട്രീയത്തെ കൂടുതൽ മലിനമാക്കാനേ ഉപകരിക്കുകയുള്ളൂ. ഇതിന്റെ തുടർച്ചയെന്നോണം കോൺഗ്രസ് എമ്മെല്ലെ അനിൽ ഐക്കര ആലത്തൂർ എംപിയായ പി.കെ.ബിജു ഡോക്ടറേറ്റ് കോപ്പിയടിച്ചു നേടിയതെന്ന് ആരോപിക്കുകയുണ്ടായി. ഇതൊന്നും നല്ല രാഷ്ട്രീയ പ്രവർത്തനമല്ല. ഇടതുപക്ഷമെന്നു സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ദീപയെ പോലുള്ളവരെ താങ്ങുന്നതിലൂടെ ഇടതുപക്ഷം കൂടുതൽ നാണംകെടുകയേ ഉള്ളൂ എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ നിന്നും ആദ്യമായി ലോക്സഭയിലെത്താൻ പോകുന്ന ദളിത് വനിതാ എംപി രമ്യ ഹരിദാസ് ആകുമെന്ന അഭിപ്രായത്തെ എതിർത്തുകൊണ്ട് അത് ഭാർഗ്ഗവിതങ്കപ്പൻ ആയിരുന്നെന്നു ദീപ മറുപടി പറയുന്നു. അവിടെയാണ് എഴുത്തുകാരനായ ലിജീഷ് കുമാറിന്റെ ഈ മറുപടി ശ്രദ്ധിക്കേണ്ടത്. പൂർണ്ണമായ പോസ്റ്റ് താഴെ വായിക്കാം.

ദീപടീച്ചർക്ക് കനയ്യകുമാറിനെ അറിയുമോ ?
………………………………………………………………
2000 ഒക്റ്റോബർ 21, നായനാർ ഭരണത്തിന്റെ അവസാന സമയം. പറഞ്ഞ് വരുന്നത് കല്ലുവാതുക്കലിനെക്കുറിച്ചാണ്. വ്യാജമദ്യ ദുരന്തത്തിൽ 33 പേരുടെ മരണം നടന്ന, അതിലേറെപ്പേർക്ക് കാഴ്ച്ച നഷ്ടപ്പെട്ട കല്ലുവാതുക്കലിനെക്കുറിച്ച്. മുഖ്യപ്രതി – മണിച്ചൻ. മണിച്ചനിൽ നിന്ന് മാസപ്പടി വാങ്ങി എന്ന് കല്ലുവാതുക്കൽ മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്ററിസ് വി.പി.മോഹൻകുമാർ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്ന് 2002 ൽ സി.പി.ഐക്ക് ജില്ലാ കൗൺസിലിൽ നിന്ന് പുറത്താക്കേണ്ടി വന്ന ഒരു മഹിളാ നേതാവുണ്ട്, സഖാവ് ഭാർഗവി തങ്കപ്പൻ !!

തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം.പി ആവും രമ്യ എന്ന് അവകാശവാദമുന്നയിച്ച യൂത്ത്‌ കോൺഗ്രസ്, 1971 ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എം.പിയായി ലോകസഭയിൽ എത്തിയ ഭാർഗവി തങ്കപ്പന്റെ മഹത്തായ ചരിത്രം മറന്നിട്ടുണ്ടാകണം എന്ന് ദീപ നിശാന്ത് എഴുതിയത് വായിക്കവെയാണ് ആ പുകൾപെറ്റ ചരിത്രം ഞാനോർത്തത്. എന്റെ ടീച്ചറേ, സി.പി.ഐ പോലും അതൊക്കെ മറക്കാൻ നോക്കുകയാണ്, എന്നിട്ടല്ലേ യൂത്ത് കോൺഗ്രസ്.

ടീച്ചറേതായാലും കല്ലുവാതുക്കലിനെയും മണിച്ചനെയുമെല്ലാം തിരിച്ച് കൊണ്ടുവന്നതല്ലേ, നമുക്ക് അതിന്റെയൊക്കെ സമീപചരിത്രം കൂടി പരിശോധിച്ചേക്കാം. ഗവൺമെന്റ് തയ്യാറാക്കിയ ശിക്ഷായിളവ് കൊടുക്കേണ്ട നല്ലവരായ പ്രതികളുടെ ലിസ്റ്റ് ഗവർണർ മടക്കിയത് ടീച്ചറോർക്കുന്നുണ്ടാകും. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ 11 പ്രതികള്‍, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍, ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം എന്നീ പ്രമുഖർക്കൊപ്പം പിണറായി സർക്കാർ ശുപാർശ ചെയ്തവരിൽ സഖാവ് ഭാർഗവി തങ്കപ്പന്റെ മണിച്ചനുമുണ്ടായിരുന്നു. ഭാർഗവി തങ്കപ്പൻ, ഒരൊറ്റ ഭാർഗവി തങ്കപ്പനല്ല എന്ന് സാരം. എങ്കിലും മണിച്ചനെ മേപ്പറഞ്ഞ കൂട്ടാളികൾക്കൊപ്പം ഞാൻ കൂട്ടിവായിക്കുന്നില്ല. അയാൾ ദീർഘകാലം ശിക്ഷയനുഭവിച്ചു എന്നതും, ജയിൽ അയാളിൽ മാറ്റമുണ്ടാക്കി എന്നതും നേരാണ്.

മത്സരാർത്ഥിയുടെ ക്വാളിറ്റിയെക്കുറിച്ച് ടീച്ചർക്കുള്ള ആശങ്ക കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ, ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായിരുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആദിവാസി – ദളിത് സമരങ്ങളിൽ പങ്കെടുത്ത, യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്ററായ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ, ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ വരെ പങ്കെടുത്ത രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചാവില്ല എന്നറിയാം. അത് പെട്ടന്ന് രാഷ്ട്രീയക്കാരായ ചരിത്ര ബോധമേതുമില്ലാത്ത മനുഷ്യരെക്കുറിച്ചാവണം. പിന്നെന്തിനാവും ടീച്ചറത് രമ്യയെക്കുറിച്ചുള്ള പോസ്റ്റിലെഴുതിയത്. ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം ഇന്നസെന്റിനും മുകേഷിനുമൊക്കെ വേണ്ടി വോട്ടഭ്യർത്ഥന നടത്തുന്നവരല്ലേ ടീച്ചർ പുലർത്തേണ്ടത് ?

പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരായവരാണ് മത്സരിക്കേണ്ടത് എന്ന ടീച്ചറുടെ വിമർശനം കാമ്പുള്ളതാണ്. അങ്ങനെ ജാഗരൂഗരായ പി.ജയരാജനെയും സുധാകരനെയും പോലുള്ള മനുഷ്യസ്നേഹികൾ മാറ്റുരയ്ക്കുന്ന ജനാധിപത്യപ്രക്രിയ ഒരറ്റത്ത് നടക്കുന്നുണ്ടല്ലോ ടീച്ചർ. കവിയൂർ – കിളിരൂർ കേസിലെ വി.ഐ.പികളൊക്കെ നമ്മുടെ തെരഞ്ഞെടുപ്പ് ഗോദയിൽ നവോത്ഥാനം കൊണ്ടു വന്നിട്ടുണ്ടല്ലോ. പോരാട്ടങ്ങളുടെ ചരിത്ര കാണ്ഡങ്ങൾ പേറുന്ന വീണ ജോർജുമാരുമുണ്ടല്ലോ ടീച്ചർ, ആ പാവം കുട്ടി അവരുടെ ചെറിയ ലോക പരിചയമൊക്കെ വെച്ച് അങ്ങനങ്ങ് പൊക്കോട്ടെന്നേ. അത്തരം കുട്ടികളും കേരളവർമയിലെ ക്ലാസ് റൂമിലുണ്ടായിരുന്നില്ലേ ? പാട്ട് പാടാത്ത, ഡാൻസ് കളിക്കാത്ത, ഗൗരവമുള്ള കുട്ടികളുടെ ചേരിയിൽ നിന്ന് മാറി, പാടിയും ആടിയും രാഷ്ട്രീയം പറഞ്ഞ ഗൗരവം കുറഞ്ഞ കുഞ്ഞുങ്ങൾ. അവരെ ടീച്ചർക്കിഷ്ടമായിരുന്നില്ലേ ?

വ്യക്തിപരമായി സഖാവ് ബിജുവേട്ടനെ എനിക്കിഷ്ടമാണ്. അതിനർത്ഥം രമ്യ ഹരിദാസിനോട് വെറുപ്പാണ് എന്നല്ല. നിനക്കിവിടെ വരാൻ എന്തവകാശം, വണ്ടി വിട് മോളേ – വീട്ടിൽ പോയി പാട് എന്ന യുക്തി ഫാസിസത്തിന്റേതാണ്. ആ യുക്തി ദീപട്ടീച്ചറിൽ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി !
ഭൂഖ് മാരീ സേ ആസാദീ,
സംഘ് വാദ് സേ ആസാദി,
ആസാദി ആസാദീ; എന്ന പാട്ട് കേട്ടിട്ടില്ലേ. ആ പാട്ട് പാടിയാണ് ടീച്ചർ പുതിയ കുട്ടികൾ ഫാസിസത്തോട് മുഖാമുഖം നിന്നത്. കെ.പി.എ.സിയുടെ നാടകങ്ങളും പാട്ടുകളും ഏഷ്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയായി രൂപം മാറിയ കഥകൾ ടീച്ചർക്കും അറിവുണ്ടാകില്ലേ ? വിപ്ലവഗാനങ്ങൾ മാത്രമല്ല ടീച്ചർ, സിനിമാപ്പാട്ടുകളും നാടൻപാട്ടുകളും നാടോടി നൃത്തങ്ങളുമൊക്കെ പ്രസക്തമാണ്. മനുഷ്യനും മനുഷ്യനും തമ്മിലെ വിനിമയങ്ങൾ ബഹുരൂപിയായതുകൊണ്ടാണ് അതിനിത്ര സൗന്ദര്യം. സഫ്ദർ ഹാശ്മി മുതൽ കനയ്യ കുമാർ വരെ നിങ്ങളെ നോക്കിച്ചിരിക്കുന്നുണ്ട്. തീർച്ചയായും ഭാർഗവി തങ്കപ്പനല്ല ടീച്ചർ, കനയ്യകുമാറാണ് പുതിയ കുട്ടികളുടെ മാതൃക.

Lijeesh Kumar

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.