പേടിക്കേണ്ട, സംഘം കാവലുണ്ട് ! സംഘം തന്നെയാണ് കാവൽ നിന്നത്

376

Deepa Nisanth

‘പേടിക്കേണ്ട ,സംഘം കാവലുണ്ട്! ‘ എന്നതൊരു വെറുംവാക്കല്ല..
സംഘം തന്നെയാണ് കാവൽ നിന്നത്.

പത്മരാജൻ എന്ന ആ ജീവിയെ പിന്തുണച്ചു കൊണ്ട്,”ഈ നടന്ന സ്ഥലം എന്റെ നാടാ.. മാഷിന്റെ നിരപരാധിത്വം തെളിയും…wait and see ” എന്ന് പരസ്യമായി സോഷ്യൽ മീഡിയയിൽ വെല്ലുവിളിച്ചത് ബി ജെ പി യിലെ പ്രമുഖ വനിതാനേതാവാണ്. എ ബി വി പി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിന്നുമാണ് 1 മാസമായി ഒളിവിൽ കഴിയുകയായിരുന്ന പത്മരാജനെ പിടികൂടിയത്.അവർ മുൻപ് സഹഭഗിനിപ്രമുഖയായിരുന്നെന്ന് അവരുടെ പ്രൊഫൈലിൽ പറയുന്നു. അതെന്താ സംഭവമെന്ന് മനസ്സിലായില്ല. അവരുടെ ഭർത്താവ് യുവമോർച്ച പ്രവർത്തകനാണ്. പ്രമുഖ ബി ജെ പി നേതാക്കന്മാരുമായി അടുത്ത ബന്ധമുള്ളവരാണെന്ന് തെളിയിക്കുന്ന ധാരാളം ചിത്രങ്ങളും കാണുന്നുണ്ട്. ഭർത്താവ് ഈ പീഡന വിഷയത്തെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. അതിൽ കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്താനും ശിക്ഷ ഉറപ്പുവരുത്താനും ഗദ്ഗദകണ്ഠനായി പറയുന്നുണ്ട്. ഭാര്യ ആ പോസ്റ്റ് സ്വന്തം വാളിൽ പങ്കുവെച്ചിട്ടുമുണ്ട്.. രണ്ടാളും ഇപ്പോൾ പോസ്റ്റ് കളഞ്ഞിട്ടുണ്ട്.

ക്രിമിനല്‍ കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ഒളിവില്‍ത്താമസിക്കാന്‍ സൗകര്യം കൊടുക്കുന്നവരേക്കൂടി കേസില്‍ പ്രതിചേർക്കേണ്ടതാണെന്നു നിയമവിദഗ്ദർ പറയുന്നു.പോക്സോ കേസാവുമ്പോ അതിന്റെ ഗൗരവം കുറേക്കൂടി കൂടും.പോലീസ് അവരെക്കൂടി പ്രതിപ്പട്ടികയിൽ ചേർക്കുമായിരിക്കും.ഒരു മാസക്കാലമായി കണ്ണൂരിൽ ഇത്ര സുരക്ഷിതമായി കഴിയാനുള്ള സാഹചര്യം അയാൾക്കുണ്ടായതിന് അന്വേഷണോദ്യോഗസ്ഥർ ഉത്തരം പറയേണ്ടതുണ്ട്. അത് വലിയ വീഴ്ചയായി പരിഗണിക്കേണ്ടതുമുണ്ട്.ഇത്തരം അലംഭാവങ്ങൾ ഇനിയൊരിക്കലും ആവർത്തിച്ചുകൂടാ.

പോക്സോ കേസ് അന്വേഷിക്കുമ്പോൾ പാലിക്കേണ്ട പല കാര്യങ്ങളിലും ഈ കേസിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിക്രമത്തിനിരയായ കുട്ടിയെ തെളിവെടുപ്പിനായി പലയിടങ്ങളിലേക്കായി കൊണ്ടുപോകരുതെന്നും ഒരിക്കൽ മൊഴിയെടുത്ത് അതിന്റെ വീഡിയോ മറ്റിടങ്ങളിൽ ഉപയോഗിച്ചാൽ മതിയെന്നുമാണ് നിയമം.അന്വേഷണം നടത്തുമ്പോള്‍ കുട്ടിയിൽ നിന്നും ഒരു പ്രാവശ്യം മാത്രമേ മൊഴിയെടുക്കാവൂവെന്ന നിർദ്ദേശം പ്രധാനമാണ്. ‘കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട് ‘ എന്ന പോലീസ് വെളിപ്പെടുത്തൽ നിയമലംഘനമായിത്തന്നെ കാണണം.ഒന്നിലേറെ തവണ മൊഴിയെടുക്കുമ്പോള്‍ കുട്ടി മാനസികസമ്മർദ്ദത്തിലാകും .

ബാല്യകാലത്തു നേരിടുന്ന പീഡനങ്ങളുടെ ഫലമായുണ്ടാകുന്ന ആഘാതം പിന്നീട് ഗുരുതരമായ മാനസികാരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ശാരീരികമായി നേരിടുന്ന കടന്നാക്രമണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും സ്ഥിരമായ വിഷാദരോഗത്തിനു കാരണമായി തീരുകയും ചെയ്യുമെന്ന് ഗവേഷണങ്ങളും സൂചിപ്പിക്കുന്നു. ഇരയാക്കപ്പെട്ട കുട്ടികള്‍ക്ക് നല്ല കൗണ്‍സിലിംഗും സൈക്കോതെറാപ്പിയും ലഭ്യമാക്കണം എന്നും പോക്സോ നിയമം അനുശാസിക്കുന്നു.കുട്ടിയുടെ പേരോ, ഫോട്ടോയോ, മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല. അതായത് പൊതുമാധ്യമങ്ങളില്‍ ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഒരു വാര്‍ത്തയും വരാന്‍ പാടില്ല. കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുകയും വേണം. ഇക്കാര്യങ്ങളിൽ പലതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.

ഈ കേസിന്റെ ചരിത്രത്തിൽ മറക്കാൻ പാടില്ലാത്ത ഒരു പേരാണ് നൗഫൽ ബിൻ യൂസഫ് എന്ന ഏഷ്യാനെറ്റ് റിപ്പോർട്ടറിന്റേത്. ഈ വിഷയത്തിൽ ഏഷ്യാനെറ്റിന്റെ ആ റിപ്പോർട്ട് തന്നെയാണ് ഫലപ്രദമായി ഈ കേസിനെ പൊതുശ്രദ്ധയിലെത്തിച്ചത്. ആവേശപ്രകടനങ്ങളില്ലാതെ തീർത്തും ശാന്തനായി അയാൾ കുട്ടിയുടെ ബന്ധുക്കളോടും സഹപാഠിയോടും ഇടപെട്ട രീതി തീർത്തും മാതൃകാപരമാണ്. ആ കുട്ടിക്ക് മാനസികാരോഗ്യം നൽകാനും ജീവിതത്തിന്റെ ആനന്ദങ്ങളിലേക്ക് മടങ്ങിവരാനും സുഹൃത്തുക്കൾക്കും ബന്ധുമിത്രാദികൾക്കും സാധിക്കട്ടെ.. എത്ര തള്ളിയകറ്റിയാലും പിന്നെയും മടങ്ങിയെത്തി തട്ടി വീഴ്ത്തുന്ന ഊഞ്ഞാലുപോലെയാണ് ചില സങ്കടങ്ങൾ.. എങ്കിലും അതിനെ മറികടക്കാൻ ആ കുട്ടിക്കു കഴിയട്ടെ.

2019 ഒക്ടോബര്‍ വരെ 2834 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു നാടാണ് നമ്മുടേത്. രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങൾ ഇനിയും കാണും.നമ്മുടെ കുട്ടികൾ അത്രയ്ക്കൊന്നും സുരക്ഷിതരല്ല. വീട്ടിൽ, വിദ്യാലയങ്ങളിൽ, ആരാധനാലയങ്ങളിൽ എല്ലാം അവർ സുരക്ഷിതരാണെന്നത് നമ്മുടെ വ്യാജപ്രതീക്ഷയാണ്. അവിടെയെല്ലാം കുട്ടികളനുഭവിക്കുന്ന അരക്ഷിതാവസ്ഥയും ഭയങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും തീർത്തും യാഥാസ്ഥിതികമായ കാഴ്ചപ്പാടുകൾ വെച്ചു പുലർത്തുന്ന കേരളീയ കുടുംബങ്ങളിൽ പല കുട്ടികളും നിശ്ശബ്ദസഹനങ്ങളിലൂടെ മുന്നോട്ടു പോകുന്നുണ്ടാകാം. കുറേക്കൂടി ജാഗ്രതയോടെ നമ്മുടെ കുട്ടികളെ ശ്രദ്ധിക്കുക.