ആവറേജ് അമ്പിളിയെ പരിചയമുണ്ടോ ?
അന്നും ഇന്നും ഈ വിഷയത്തിൽ ആദ്യം ഓർമ വരുന്ന ഒരു വാക്കുണ്ട്. “ഷോക്കേസിങ്”.. ഇത്തിരിയൊക്കെ പാടാൻ കഴിയുമെന്ന് കരുതിയിരുന്ന എനിക്ക് പണ്ട് സ്റ്റേജിൽ
199 total views, 1 views today

Deepa Seira
ആവറേജ് അമ്പിളിയെ പരിചയമുണ്ടോ? എനിക്ക് പരിചയമുണ്ട്…അങ്ങനെ ‘പ്രതേകിച്ചു കഴിവൊന്നൂല്ലാത്ത’ ആവറേജുകൾ!!!!
അന്നും ഇന്നും ഈ വിഷയത്തിൽ ആദ്യം ഓർമ വരുന്ന ഒരു വാക്കുണ്ട്. “ഷോക്കേസിങ്”.. ഇത്തിരിയൊക്കെ പാടാൻ കഴിയുമെന്ന് കരുതിയിരുന്ന എനിക്ക് പണ്ട് സ്റ്റേജിൽ കയറി ഒരു പാട്ട് പാടാൻ ധൈര്യമില്ലായൊരുന്നു…എനിക്ക് ചുറ്റും കഴിവുള്ളവരുടെ ഒരു കൂമ്പാരമായിരുന്നു. തിളക്കങ്ങളായിരുന്നു. അതിനിടയിൽ ഞാൻ എന്നെ സ്വയം വലിച്ചുതാഴ്ത്തിയിട്ടിരുന്നു ഒരിക്കൽ. ഒടുവിൽ സ്കൂളിലെ ഒരു cultural പ്രോഗ്രാം വന്നപ്പോൾ മാറി നിന്ന എന്നെ വിളിച്ച് നീ ഈ കവിത ആ വേദിയിൽ പാടണം എന്നു പറഞ്ഞ ഒരു സിസ്റ്റർ ഉണ്ടായിരുന്നു – സിസ്റ്റർ ജൂലിയറ്റ് . പാടിയ കവിത യുറീക്കയുടെ “മരം ” ആയിരുന്നു.. അന്ന് സിസ്റ്റർ എന്നോട് പറഞ്ഞ വാക്കാണ്.. “ഷോക്കേസിങ്”. എനിക്കങ്ങനെ ഒരു കഴിവും ഇല്ല സിസ്റ്റർ എന്നു പറഞ്ഞു ഒഴിയാൻ എനിക്ക് കാരണങ്ങളുണ്ടായിരുന്നു. എന്റെ കഴിവുകൾക്ക് വേദിയുണ്ടായിരുന്നില്ല. ഉണ്ടായപ്പോഴും എന്നെ ഷോക്കേസ് ചെയ്യാൻ എനിക്ക് ധൈര്യമില്ലായിരുന്നു. ആ ഒരു സ്റ്റിഗ്മയാണ് സിസ്റ്റർ എടുത്ത് കളഞ്ഞത്. അവിടെ നിന്ന് മുൻപോട്ട് ഒന്നിനും പിന്നോട്ട് ഞാൻ മാറി നിൽക്കാറില്ലായിരുന്നു.
ആവരെജ് അമ്പിളി എന്ന വെബ്സീരിസിലെ അമ്പിളിയെപ്പോലെ ഒരുപാട് പേരെ എനിക്ക് പരിചയമുണ്ട്.
“അവക്കങ്ങനെ പ്രത്യേകിച്ചു കഴിവൊന്നൂല്ല…ഇവടെ മൂത്തവള് നല്ല പോലെ പഠിക്കും, പാട്ടൊക്കെ പാടും” കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ അവളുടെ അച്ഛൻ അവളെ മുന്നിൽ നിർത്തി എന്നോട് പറഞ്ഞതാണ്..നിർദോഷമെന്ന് ഒറ്റത്തവണ കേൾക്കുമ്പോൾ തോന്നുന്ന ഈ വാചകം അന്നു ചിരിച്ചങ്ങു വിട്ടു. പക്ഷെ അടുത്ത് നിന്ന എന്റെ കൂട്ടുകാരിയുടെ വിളറിയ മുഖം ഇപ്പോഴെനിക്ക് വ്യക്തമായി ഓർക്കാനാവുന്നുണ്ട്…
നമ്മുടെ കോണവന്റ് സ്കൂളുകളിൽ പണ്ടൊരു രീതിയുണ്ടായിരുന്നു. ഒന്നെങ്കിൽ പഠിക്കണം, അല്ലെങ്കിൽ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കത്തക്ക വിധം എന്തെങ്കിലും കഴിവ് വേണം..അങ്ങനെയുള്ളവർക്ക് ഒരു പ്രത്യേക പരിഗണനയാണ് സ്കൂൾ അധികൃതർ നൽകുക.. സ്കൂൾ അസംബ്ലിയിലും സ്കൂൾ ഡെയ്ക്കുമൊക്കെ തിളങ്ങി നിൽക്കുന്ന ഈ കുട്ടികളുടെ ഓരംപറ്റി അങ്ങനെ “പ്രത്യേകിച്ചു കഴിവൊന്നൂല്ലാത്ത” കുറച്ച് കുട്ടികളുണ്ട് എന്നത് പോലും പലപ്പോഴും ചിന്തിക്കപ്പെടാറില്ല. അവസരങ്ങൾ വീണ്ടും വീണ്ടും അവർക്ക് നിഷേധിപ്പെടും. “ഒന്നിനും കൊള്ളില്ല”കുത്തിനോവിക്കാനും മടിക്കാത്ത ചില അധ്യാപകരുണ്ടാകും.
എങ്ങനെയാണ് ഈ ഒന്നിനും കൊള്ളാത്ത ഒരു കൂട്ടം ഉണ്ടാക്കപെടുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ?
കഴിവുകൾ ഇല്ലായ്മയല്ല പ്രശനം. അത് പുറത്തേക്ക് പ്രൊജെക്ട് ചെയ്യാനുള്ള ധൈര്യമില്ലായ്മയും അവസരമില്ലായ്മയുമല്ലേ “ഒന്നിനും കൊള്ളാത്ത” ആ ഒരു കൂട്ടത്തെയുണ്ടാക്കി വയ്ക്കുന്നത്?? ഇന്നത്തെ ലോകത്ത് ജീവിക്കാൻ സ്വയം ഷോക്കേസ് ചെയ്യുക എന്നത് വളരെ അത്യാവശ്യമാണല്ലോ. അത് സത്യവുമാണ്.
എന്നാൽ എന്തെങ്കിലുമൊരു കഴിവുണ്ടെങ്കിലെ ഈ ലോകത്ത് ജീവിക്കാൻ യോഗ്യതയുള്ളൂ എന്ന മട്ടും മാതിരിയും വീട്ടിലും സ്കൂളിലും കണ്ട് വളരുന്ന കുട്ടികളിൽ “ഞാൻ വെറും ആവറെജ്” എന്നു സ്വയം ധരിക്കുന്നു. ആ തലത്തിൽ ഒരിക്കൽ സ്വയമൊതുങ്ങുന്നവർ സ്റ്റേജിൽ കയറി പ്രൈസ് വാങ്ങുന്ന, എന്നും ഒന്നാം റാങ്ക് വാങ്ങുന്ന ഒരു പറ്റം കുട്ടികളൾക്കിടയിൽ തങ്ങളെ തികച്ചും ഇൻഫീരിയറായി കാണുന്നു. പിന്നീട് തങ്ങളെ തേടിവരുന്ന അവസരങ്ങളിൽ പോലും തിളങ്ങാൻ കഴിയാതെ അവർ തളരുന്നു…
മാതാപിതാക്കളോടും അധ്യാപകരോടുമാണ്.
-
അങ്ങനെ പ്രത്യേകിച്ചു കഴിവൊന്നും ഇല്ലെങ്കിലും ഈ ലോകത്ത് അവർക്കൊരു സ്ഥാനമുണ്ട് എന്നു കുഞ്ഞുങ്ങളെ മനസിലാക്കി കൊടുക്കുക. പാടുന്നവരും നൃത്തം ചെയ്യുന്നവരും പഠിക്കുന്നവരും മാത്രമല്ല, നല്ല മനസുള്ള ഏത് മനുഷ്യന്റേതുമാണ് ഈ ലോകമെന്ന് പറഞ്ഞു കൊടുക്കുക.
-
Above average, average , below average എന്ന വാക്കുകൾ പഠനത്തിൽ മാത്രം ഒതുക്കി നിർത്തുക.. അവരുടെ വ്യക്തിത്വമളക്കാൻ ആ വാക്കുകൾ ഉപയോഗിക്കാതിരിക്കുക.
-
ഒരു ക്ലാസ്സിൽ , അല്ലെങ്കിൽ വീട്ടിൽ ഒരു കുഞ്ഞ് സ്വയമൊതുങ്ങി പോകുന്നുണ്ടെങ്കിൽ അത് തിരിച്ചറിയുക. മാനസികമായി വേണ്ട സഹായങ്ങൾ നൽകുക. ഈ ലോകത്ത് ജീവിക്കാൻ അവരെ equipped ആക്കുക.
-
ഷോക്കേസിങ് പഠിപ്പിക്കുക. അവസരങ്ങൾ ഉപയോഗിക്കാൻ , കഴിവുകളെ തിരിച്ചറിയാൻ ,അത് മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കാൻ അവരെ പ്രാപ്തരാക്കാൻ ഒരു ചെറിയ ചേർത്തുപിടിക്കൽ മതിയാകും.
ഓർക്കുക… ആവറേജ് അമ്പിളിമാർക്ക് കൂടിയുള്ളതാണ് ഈ ലോകം.❤️
200 total views, 2 views today
