ആൺമക്കളെ ശ്രദ്ധയോടെ വളർത്താൻ ഒരമ്മ നൽകുന്ന ഏഴു പാഠങ്ങൾ

949

ദീപ സൈറ (Deepa Seira)എഴുതുന്നു

വല്ലപ്പോഴുമൊക്കെ തോന്നാറുണ്ട് … ഒരു കത്തിയെടുത്തു കുത്തിയങ്ങു കൊന്നാലോ എന്ന്… ചിലരെ….
എനിക്കയാളെ കൊല്ലാൻ തോന്നുന്നു .. അരുൺ ആനന്ദിനെ!!

ആ കുഞ്ഞിന്റെ ചിത്രം പലയിടത്തും കണ്ടു..പെൺകുട്ടികളെ കത്തിച്ചു കൊന്ന നിധീഷിന്റെയും അജിന്റെയും ആദർശിന്റെയും മുഖങ്ങൾ പലയിടത്തും കണ്ടു…അവരും ഏതൊക്കെയോ അമ്മമാരുടെ മക്കൾ !!

മരിച്ചു പോയ കുഞ്ഞിന്റെ മുഖം വിങ്ങലായി നെഞ്ചിൽ കിടക്കുന്നു.. ഒപ്പം പ്രണയം നിഷേധിച്ച പെൺകുട്ടികളെ കത്തിച്ചു കൊല്ലുന്ന ചില ആൺകുട്ടികളുടെ മുഖവും !!!!
എന്നാൽ എന്റെ മനസ്സിൽ ഇപ്പോൾ തെളിയുന്നത് എന്റെ മക്കളുടെ മുഖമാണ്…

എനിക്കുമുണ്ട് രണ്ടാൺകുഞ്ഞുങ്ങൾ… ഞാനല്ലാതെ മറ്റാരെങ്കിലും, അത് അവരേ പൊന്നു പോലെ നോക്കുന്ന എന്റെ അമ്മയാണെങ്കിൽ പോലും, കുഞ്ഞുങ്ങളെ ഒരു കമ്പെടുത്ത് തല്ലിയാൽ സഹിക്കാനാവാത്ത അമ്മയാണ് ഞാൻ!

ചേട്ടൻ സ്കൂൾ വിട്ടു വരാൻ കാത്തു നില്ക്കുന്ന ഒരു കുഞ്ഞീതുണ്ട് ഇവിടേം.. അവന്റെ ചാച്ച ഒരല്പം വൈകിയാൽ ” ഈ ചാച്ച എന്ത്യേ,എന്താ വരാത്തെ ” എന്ന് എന്റെ പിറകേ നടന്നു ചോദിക്കുന്ന കുഞ്ഞു!

💓എന്റെ ആൺമക്കളെ ചില കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വളർത്താൻ തീരുമാനിച്ചിട്ടുണ്ട്.അതിൽ ഏഴാമത്തെ കാര്യം ഏറ്റവും പ്രധാനം!!

🔺1. ചൈൽഡ് ലൈൻ എന്നാൽ എന്താണെന്നും, അവരെ ഇങ്ങനെ വിളിക്കണമെന്നും, എങ്ങനെ പരാതിപറയണം എന്നും..

🔺2. അമ്മ നൽകുന്ന ചെറിയ ശിക്ഷയും മറ്റൊരാൾ അവരോട് ചെയ്യുന്ന ദേഹോപദ്രവും എങ്ങനെ തിരിച്ചറിയണം എന്നും പ്രതികരിക്കണം എന്നും.

🔺3. വീടിനുള്ളിലോ പുറത്തോ എന്തൊക്കെ അതിക്രമങ്ങളോട് അവർ പ്രതികരിക്കണം എന്ന്.. വഴിയിലിട്ട് ഒരാളെ തല്ലുന്നത് കണ്ടാൽ, അപകടത്തിൽ പെട്ട് ചോര വാർന്നു കിടക്കുന്ന ഒരാളെ വഴിയിൽ കണ്ടാൽ, നോക്കുകുത്തികളാകുന്ന സമൂഹത്തിന്റെ ഭാഗമാകണ്ട എന്റെ കുഞ്ഞുങ്ങൾ!

🔺4. പ്രണയം, സൗഹൃദം, അത് തെറ്റോ ശരിയോ ആവട്ടെ തുടങ്ങി എല്ലാം എന്നോട്, അവരുടെ അമ്മയായ എന്നോട് പറയാമെന്നും, അവരെ തിരുത്താൻ , അവർക്ക് സാന്ത്വനം നൽകാൻ അവർക്ക് വേണ്ടി സംസാരിക്കാനോക്കെ ഞാനുണ്ട് എന്ന്..

🔺5. അവന് അനുവാദമില്ലാത്ത , അവകാശമില്ലാത്ത പെണ്ണിടങ്ങളിൽ നിന്നകന്നു നിൽക്കണമെന്ന്.. അവന്റെ അമ്മയ്ക്കുള്ളതെല്ലാം തന്നെയാണ്, അതെ ശരീരവും മനസ്സുമാണ് ഓരോ പെണ്ണിനുമെന്നും അവനറിയണം..

🔺6.അവനെ വേണ്ടെന്നു പറയുന്ന സ്നേഹത്തെ വേണ്ടെന്നു വയ്ക്കാനും
അവയിൽ നിന്ന് സ്വയം അകലാനും ഉള്ള മനക്കരുത്ത്, പ്രണയമെന്തെന്നു അറിയുന്നതിന് മുൻപേ അവൻ നേടണം എന്ന്..

🔺7. ഇനി ഏറ്റവും പ്രധാനപ്പെട്ടത്…
അവന്റെ ഓരോ ചെയ്തിയിലും എന്റെ കണ്ണുണ്ടാവും.. അതിന് അവന്റെ സ്വാതന്ത്ര്യത്തിൽ ഉള്ള കൈകടത്തൽ എന്നർത്ഥമില്ല. മറിച്ച്, അവന്റെ ശാരീരികമായ വളർച്ചയിൽ എത്രത്തോളം അമ്മ ശ്രദ്ധിക്കുന്നോ, അത്ര തന്നെ അവന്റെ മനസിന്റെ പക്വമായ വളർച്ചയിലും മാനസികനിലയിലും അമ്മയുടെ ശ്രദ്ധയുണ്ടാകുമെന്നാണ്.. തെറ്റ് കണ്ടാൽ തിരുത്താൻ വേണ്ട സഹായവും ഉപദേശവും നൽകുമെന്നാണ്.. . ഇനി അതിൽ നീ തിരുത്തപ്പെടുന്നില്ലെങ്കിൽ….?

അതായത്.. സ്ത്രീയെ ബഹുമാനിക്കാതിരിക്കുക ,അവളോട് മോശമായി പെരുമാറുക, മയക്കുമരുന്ന് തുടങ്ങി വലിയ കുറ്റകൃത്യങ്ങൾക്ക്‌ വശംവദനായി നടക്കുക തുടങ്ങിയ തെറ്റിന്റെ വഴിയേ ആണ് അവന്റെ പോക്കെങ്കിൽ?

‘തെളിവുകൾ സഹിതം അവനെ നിയമത്തിന്റെ മുന്നിലേക്ക് ആദ്യം പിടിച്ചിടുന്നത് ഈ അമ്മ തന്നെയായിരിക്കും … നിയമം അവനെ ശിക്ഷയ്ക്കുമെന്നും സമൂഹത്തിനു വിപത്തായി അവൻ വളരില്ലെന്നും ഞാൻ ഉറപ്പിക്കും!’

ഓരോ അമ്മയും അത് ചെയ്തിരുന്നെങ്കിൽ….!!!

(സെയ്‌റ)

Advertisements