എങ്ങനെയാണ് ഒരു വേശ്യ ജനിക്കുന്നത് ?

547

എഴുതിയത് : Deepa Seira

ഉന്നതവിദ്യാഭ്യാസമുള്ള ഒരു ഓഫീസർ സബോർഡിനേറ്റ് ആയ സ്ത്രീയെ ‘SLUT’ എന്നുറക്കെ വിളിക്കുന്നത് കേട്ടു ഒരിക്കൽ. മുഖഭാവത്തിൽ അല്പം പോലും വ്യത്യാസം വരാതെ പുഞ്ചിരിച്ചു കൊണ്ട് “Happy to have the honour sir” എന്നവൾ തിരിച്ചു പറഞ്ഞതും, വാതിൽ വലിച്ചടച്ചു ഇറങ്ങി പോന്നതും, കൺകുളിർക്കേ കണ്ടു!!
(മറ്റൊന്ന് വിദ്യാഭ്യാസവും വിവരവുമായി യാതൊരു ബന്ധവും ഇല്ലെന്ന് അന്നുറപ്പായി).

ഇതിന് മുൻപ് ഫിറോസിനെതിരായി വന്ന വർത്തകളിലൊന്നും പ്രതികരിക്കണം എന്ന് തോന്നിയിട്ടില്ല… ചെയ്യുന്ന നന്മകൾക്ക് മുകളിലല്ല ആ വന്ന ആരോപണങ്ങൾ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നത് കൊണ്ടാണത്… പക്ഷെ ഇന്നലത്തെ ലൈവിൽ ” നീയൊക്കെ എന്ത് ചെയ്താലും ഫിറോസ് കുന്നുംപറമ്പിലിന് ഒന്നും വരാനില്ല ” എന്ന് ആവർത്തിച്ചു പറയുന്നിടത്ത് വേദനയോടെ ആ മനുഷ്യന്റെ പതനത്തിന്റെ തുടക്കം കണ്ടു… എളിമയുടെ തെളിമയില്ലാതെ ആ പെൺകുട്ടിയെ പറ്റി പറഞ്ഞ ചില വാക്കുകൾ ! ആ പെൺകുട്ടിയെ എനിക്കറിയില്ല.. എങ്കിലും സ്ത്രീ എന്ന നിലയിൽ ഞാൻ ഇന്ന് അവൾക്കൊപ്പമാണ്..

🔺1.”പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്നവൾ”

ഇതാണ് ഹൈലൈറ്റ്… തിരിച്ചൊരു ചോദ്യം ചോദിക്കാം..
എങ്ങനെയാണ് ഒരു വേശ്യ ജനിക്കുന്നത്? പുരുഷന്റെ കാമപൂർത്തീകരണത്തിന്, അവനാൽ ഉപയോഗിക്കപ്പെടുന്നതിനു കാശു മേടിക്കുന്നവൾ വേശ്യ… അതൊരു വരുമാനമാർഗമായി സ്വീകരിക്കുന്നവർ… അധ്വാനം തന്നെയാണ് ഹെ !! അതും ഒരിക്കൽ പോലും കണ്ടു പരിചയമില്ലാത്ത,മനസ്സ് കൊണ്ട് യാതൊരു അടുപ്പവും ഇല്ലാത്ത ഒരുവന് വേണ്ടി ശരീരം നൽകുന്നത് അത്യധ്വാനം തന്നെയാണ്…

ഇരുട്ടിന്റെ മറവിൽ അവളെ അന്വേഷിച്ചു ചെല്ലുന്നവൻ, എവിടെ വെച്ച് കണ്ടാലും അവളുടെ വിയർപ്പിനുള്ളിൽ തിരുകി വച്ചിരിക്കുന്ന ചില്ലറ നോട്ടുകൾ തട്ടിപ്പറിക്കുന്ന ഇടനിലക്കാരും പോലീസും… ഇവരെല്ലാം ഫിറോസ് ഉൾപ്പെടുന്ന പുരുഷസമൂഹത്തിന്റെ പ്രതിനിധികളാണ്… അപ്പോൾ വേശ്യയുടെ ജനനം നിങ്ങളുടെ കൈകളിലൂടെയാണ്…നിങ്ങളല്ലെ അവളുടെ ശില്പി… അവളെങ്ങെനെ മോശമാകും?
പരസ്യമായി വേശ്യാ വൃത്തി ചെയ്യുന്നവൾ എന്നൊരു കൊച്ചു പെൺകുട്ടിയെ വിളിച്ചപ്പോൾ നിങ്ങൾ അവളെ ആക്ഷേപിച്ചു എന്നല്ല ഞാൻ കരുതുന്നത്. വേശ്യാവൃത്തിയെന്ന മഹത്തായ ആ ജോലിയെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ലെന്നും, നിങ്ങളെ പോലുള്ളവർ തന്നെയാണ് വേശ്യയ്ക്ക് ജന്മം നൽകുന്നവർ എന്ന വാസ്തവം കണ്ടില്ലെന്നു നടിയ്ക്കുന്നുവെന്നുമാണ് എനിക്ക് തോന്നിയത്…

🔺2.”ഒരു മനുഷ്യനും ഉപകാരമില്ലാത്ത സ്വന്തം ശരീരത്തിന്റെ സുഖത്തിനു വേണ്ടി ജീവിക്കുന്നവൾ…. !!”

ഒന്ന് ചോദിക്കട്ടെ? ശരീരത്തിന്റെ സുഖം എന്നുദ്ദേശിച്ചത് എന്താണ്? തിന്നുകയും കുടിക്കുകയും, നല്ല വസ്ത്രങ്ങൾ അണിയുകയും ചെയ്യുന്നതാണെങ്കിൽ നമ്മളും അതിനൊക്കെ തന്നെയല്ലേ മാഷേ ഈ രാപകൽ ഓടുന്നത്? പിന്നെ ജെസ്ല അവളുടെ മാതാപിതാക്കൾക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? അന്വേഷിച്ചു തന്നെ അറിയണം.. കാരണം അവൾ ലൈവ് വരാറില്ല… വിളിച്ചു കൂവാതെ ചെയ്യുന്നവ അന്വേഷിച്ചു തന്നെ അറിയണം… എന്നിട്ട് സംസാരിക്കണം..

🔺3.”മാനം കാക്കുക എന്ന് പറഞ്ഞാൽ ശരീരം കാക്കുക എന്നാണത്രെ 🙄😲
ഒരാളുടെ മാനം മണ്ണിനടിയിൽ പോകേണ്ട ഈ ശരീരത്തിന്റെ ഏത് ഭാഗത്താണ് ഇരിക്കുന്നത് എന്നൊന്നു കാണിച്ചു തരാമോ?

🔺4.”എന്നെയും പ്രവാചകനെയും ഒരുപോലെ…”
ധത് ഇഷ്ടപ്പെട്ടു ട്ടാ…😜😜 അതിബുദ്ധി…അതിബുദ്ധി….

ഇനി.. ന്റെ പെണ്ണുങ്ങളെ… 🥰🥰

ഞാനുൾപ്പെടുന്ന പെൺസമൂഹത്തോടാണ്… ഒരല്പം ശബ്ദമുയർത്തി സംസാരിക്കുന്ന, വേറിട്ട രീതിയിൽ ജീവിക്കുന്ന ഏതൊരുത്തിയും ഒരിക്കലെങ്കിലും കേൾക്കേണ്ടി വന്നിട്ടുള്ളതാണ് പെണ്ണുങ്ങളെ ഈ വിളി… നമുക്ക് മാത്രം കല്പിച്ച ചില മാമൂലുകൾ ഉണ്ടല്ലോ..
കുടുംബത്തിൽ പിറന്നതിന്റെ സർട്ടിഫിക്കറ്റ് കാണിക്കണം, സംസ്കാരമുണ്ടാവാൻ ശബ്ദം താഴ്ത്തണം , നല്ല തന്തയ്ക്ക് ജനിച്ചെന്ന് തെളിയിക്കണം , അടക്കം വിത്ത്‌ ഒതുക്കം കാണിക്കാൻ തട്ടം, ഷാൾ ആദിയായവ ഉപയോഗിക്കണം… അതിനിടയിൽ മാട് പോലെ പണിയെടുക്കണം.. ശരീരവും മനസ്സും ചത്ത അവസ്ഥയിലും പുരുഷന്, അത് കെട്ട്യോനായാലും കാമുകനായാലും അവന് സെക്സ് നിഷേധിക്കാൻ പാടില്ല… അതവന്റെ ആണത്തത്തോടുള്ള ബഹുമാനക്കുറവാണത്രേ !! നമ്മളിതൊക്കെ എത്ര കേട്ടിരിക്കുന്നു.. എത്ര തരണം ചെയ്തിരിക്കുന്നു !! നിവർന്നു നിൽക്കാനും ശബ്ദമുയർത്താനുമുള്ള ആർജ്ജവം നമുക്കിന്നുണ്ട്.. വേശ്യ എന്ന ഒറ്റ വിളിയിൽ നമ്മൾ തളരും എന്നാ കലഹരണപ്പെട്ട അടവ് മൂർച്ചയില്ലാത്ത വാളാണ് എന്ന് സ്ത്രീയെ “ചരക്ക്” മാത്രമായി കാണുന്ന ആ ഒരു കൂട്ടം തിരിച്ചറിയുന്ന കാലം വിദൂരമല്ല…

(സെയ്‌റ)