എത്ര മനോഹരമായ പുഞ്ചിരിയോടെയാണ് അവൾ ജീവിതത്തിൽ നിന്നും യാത്ര പറഞ്ഞു പോകുന്നത്

135

അഹമ്മദാബാദില്‍ 23 കാരി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.ആയിഷ ആരിഫ് ഖാൻ എന്ന യുവതിയാണ് നദിയിൽ ചാടിയത്. മരിക്കുന്നതിന് മുമ്പ് ആയിഷ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആയിഷ ആരിഫ് ഖാന്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നദിയുടെ സമീപത്തു നിന്ന് ആയിഷ മൊബൈലില്‍ പകർത്തിയ വീഡിയോ ഭര്‍ത്താവിന് അയക്കുകയും ചെയ്തു. സ്വയം പരിചയപ്പെടുത്തിയാണ് ആയിഷ വിഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്. നന്നായി ചിരിക്കുന്നുമുണ്ട്. ജീവനൊടുക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ ആരുമില്ലെന്ന് വീഡിയോയില്‍ ആയിഷ പറയുന്നുണ്ട്.

Deepa Seira യുടെ കുറിപ്പ് വായിക്കാം

ഇത് ആയിഷ…❤️ അവൾ യാത്ര പറയുന്നത്, ഈ ലോകംവിട്ടു പോകുന്നത്… എത്ര വേദനയിലും നിസ്സഹായതയിലുമാണ് എന്നു നോക്കൂ!!.😞 ചില മാതാപിതാക്കൾ കാണാനായാണ് ഇതിവിടെ ഇടുന്നത്…വിലപേശുന്നവന് മകളെ കൊടുക്കരുത്… ഇനി മുൻപേ അറിയാതെ അത്തരത്തിലൊന്ന് സംഭവിച്ചു പോയാൽ ആദ്യത്തെ വിലപേശലിനു തന്നെ അവളെ എന്നെന്നേക്കുമായി രക്ഷപ്പെടുത്തി കൊണ്ടുപോരുക… അല്ലാതെ വിറ്റും പെറുക്കിയും കൊടുത്ത് ഒത്തുതീർപ്പാക്കി എങ്ങനെയെങ്കിലും തിരികെ കൊണ്ടുവിടാൻ ശ്രമിക്കരുതെ…മരണപ്പെട്ടവളെക്കാൾ വിവാഹമോചിതയാണ് നല്ലത്!

സ്ത്രീധനപീഡനത്തിന്റെ ഇരയാണ് ആയിഷ. പല തവണ വിലപേശി അവളെ സ്വന്തം വീട്ടിൽ കൊണ്ടാക്കി ഭർത്താവ് ആരിഫ്. ഓരോ തവണയും ചോദിക്കുന്ന പൈസ കൊടുത്ത് അവളുടെ അച്ഛൻ ഒരുവിധം ഒത്തുതീർപ്പാക്കി. ഒടുവിലൊടുവിൽ അവൾക്ക് മടുത്തു. അവൾ ഗാർഹികപീഡനത്തിന് കേസ് കൊടുത്തു. കേസിന്റെ പിറകെ നടക്കുക അവൾക്കതിലും വലിയ പീഡനമായി.

കൂടെ ജീവിക്കണം എന്നു വീണ്ടും ആഗ്രഹിച്ചാവണം ,അവസാനമായി അയാളെ ഒന്നു കൂടി വിളിച്ചു. അപ്പോഴും അയാൾ പറഞ്ഞത് പോയി ചാകാനാണ്.. വിദ്യാഭ്യാസമുള്ളവളാണ്.. ജോലിയുള്ളവളാണ്.. എങ്കിലും പിടിച്ചു നിൽക്കാൻ ആയില്ല അവൾക്ക്..!

വീഡിയോയ്ക്ക് ശേഷം അവൾ അച്ഛനും അമ്മയുമായി സംസാരിക്കുന്നത് കേൾക്കാം..തിരികെ വരാൻ കെഞ്ചുന്ന മാതാപിതാക്കളോട് ഇനി വയ്യ എന്നു പറയുമ്പോൾ എത്രമാത്രം നെഞ്ചു പൊടിഞ്ഞിട്ടുണ്ടാകാം! നിങ്ങളുടെ പെണ്മക്കളെ വിൽക്കരുത്.. കാശ് ചോദിക്കുന്നവന്റെ പിടിയിലേക്ക് അവളെ വിട്ടുകൊടുക്കരുത്. ആയിഷ ജീവനൊടുക്കി. ജീവനോടുക്കാതെ ആത്മാവ് നഷ്ടപ്പെട്ട ഒരുപാട് ആയിഷമാർ നമുക്കിടയിലുണ്ട്.

ആയിഷ പറയുന്നത് ഇതാണ്..
“ഇതെന്റെ തീരുമാനമാണ്. ഇതിനുപിന്നിൽ ആരുടെയും സമ്മർദമില്ല. നല്ല മാതാപിതാക്കൾ , സുഹൃത്തുക്കൾ… പക്ഷേ..ദൈവം എനിക്ക് നൽകിയത് ചുരുങ്ങിയ ജീവിതം മാത്രമാണ്.ആരിഫിനോട് ഇപ്പോഴും സ്നേഹമാണ്.അവനെ ഉപദ്രവിക്കരുതല്ലോ.ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. അത് നല്കിയേക്കാം. അച്ഛാ, എത്രകാലം നമ്മൾ അവരോട് തല്ലുപിടിക്കും..കേസ് ഒക്കെ പിൻവലിക്കണം.. ആയിഷയുടെ പേരിൽ ഇനി വഴക്ക് വേണ്ട..

ദൈവത്തെ കാണുമ്പോൾ എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാൻ ദൈവത്തോട് ചോദിക്കും. ഇപ്പോൾ ഞാനൊരു കാര്യം പഠിച്ചു. ഒരാൾ മാത്രം സ്നേഹിച്ചാൽ ഒന്നും നേടാനാകില്ല. ഞാൻ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാൻ ഏറെ സന്തോഷത്തിലാണ്. ഈ നദി എന്നെ അതിന്റെ ആഴങ്ങളിൽ സുരക്ഷിതയാക്കി വയ്ക്കും.നിങ്ങളെല്ലാം എന്നെ പ്രാർഥനയിൽ ഓർമിക്കണം. സ്വർഗത്തിലേക്കാണോ ഞാൻ പോവുക!?എനിക്കറിയില്ലല്ലോ…”